എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണ്. ഗവര്‍ണര്‍ ഡല്‍ഹിയില്‍ ആരോപിച്ചു.
തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാറില്‍ ഇടിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ നിസാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത് പോലീസ്. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്ന കുറ്റമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. 12 എസ്എഫ്‌ഐക്കാര്‍ക്കെതിരെയാണു കേസ്. പെരുമ്പാവൂരില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ ഷൂ എറിഞ്ഞ യൂത്ത് കോണ്‍ഗ്രസുക്കാര്‍ക്കെതിരെ പൊലീസ് വധശ്രമക്കുറ്റമാണ് ചുമത്തിയത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ ഒരു കോളജ് കാമ്പസിലും പ്രവേശിപ്പിക്കില്ലെന്നു ഭീഷണിയുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. കരിങ്കൊടി പ്രതിഷേധം തുടരും. അതു ജനാധിപത്യപരമാണ്. ഗവര്‍ണറുടെ വാഹനം ആക്രമിച്ചിട്ടില്ല. വാഹനത്തിനു മുന്നില്‍ ചാടുകയുമില്ല. ആര്‍ഷോ പറഞ്ഞു.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ജനുവരി ഒന്നു മുതല്‍ ഇന്ധനം നല്‍കില്ലെന്നു പമ്പുടമകള്‍. ആറു മാസമായി പണം തന്നിട്ടില്ല. അഞ്ചു മുതല്‍ 25 വരെ ലക്ഷം രൂപ ഓരോ പമ്പിനും കിട്ടാനുണ്ടെന്ന് ഉടമകള്‍ പറഞ്ഞു. സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നല്‍കിയ വകയിലും കോടികള്‍ കുടിശ്ശികയുണ്ടെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് വ്യക്തമാക്കി.
തിരക്കുമൂലം ശബരിമല ദര്‍ശനം സാധ്യമാകാതെ പന്തളത്തെ ക്ഷേത്രത്തില്‍ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീര്‍ത്ഥാടകര്‍ മടങ്ങുന്നു. മണിക്കൂറുകള്‍ കാത്തു നിന്നിട്ടും ദര്‍ശനം ലഭിക്കാതായതോടെയാണ് തീര്‍ത്ഥാടകര്‍ മാലയൂരി മടങ്ങുന്നത്.
ശബരിമലയിലെ തിരക്കും തീര്‍ത്ഥാടകരുടെ പ്രയാസങ്ങളും പാര്‍ലമെന്റില്‍ ഉന്നയിച്ച്ന്‍ കോണ്‍ഗ്രസ്. ശബരിമലയില്‍ 650 പോലീസുകാരെ മാത്രമേ നിയോഗിച്ചിട്ടുള്ളൂ. മുഖ്യമന്ത്രിക്കു മന്ത്രിമാര്‍ക്കും സംരക്ഷണം നല്‍കാന്‍ നവകേരള സദസിന് 2,500 പോലീസുകാരെ നിയോഗിച്ചിരിക്കുകയാണ്. ആന്റോ ആന്റണി ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണ് ഭക്തജനങ്ങള്‍ യാതന അനുഭവിക്കുന്നതെന്ന് ആരോപിച്ച് ടി.എന്‍ പ്രതാപന്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി.
ഡോ. അഖില എന്ന ഹാദിയയെ കാണാനില്ലെന്ന് അച്ഛന്‍ അശോകന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതി ഡിജിപിക്കു നോട്ടീസയച്ചു. 16 നു കേസ് വീണ്ടും പരിഗണിക്കും. തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ ഇസ്‌ലാം മതം സ്വീകരിച്ച് മലപ്പുറം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം ചെയ്ത യുവതിയാണു ഹാദിയ. മകളുടെ ഫോണ്‍ സ്വിച്ച് ഓഫാെണ്. മലപ്പുറത്തെ ക്ലിനിക് പൂട്ടി. മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവര്‍ മകളെ തടങ്കലിലാക്കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
റബറിന് 250 രൂപ വില ലഭ്യമാക്കിയാല്‍ എല്‍ഡിഎഫിനു വോട്ട് നല്‍കുമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കേന്ദ്ര സര്‍ക്കാര്‍ റബ്ബറിന് 300 രൂപ വില ലഭ്യമാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നു പ്രസംഗിച്ച് വിവാദത്തിലായ ആര്‍ച്ച്ബിഷപ് കണ്ണൂരില്‍ കര്‍ഷക അതിജീവന യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. റബറിന് 250 രൂപയാക്കുമെന്ന് നവകേരള സദസില്‍ പ്രഖ്യാപിച്ച് വാഗ്ദാനം പാലിച്ചാല്‍ നവ കേരള സദസും യാത്രയും ഐതിഹാസികമെന്ന് പറയാമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ പറയുന്നതും ചെയ്യുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സുപ്രീം കോടതിക്കു മുന്നില്‍ ഗവര്‍ണര്‍ക്ക് ഉത്തരം പറയേണ്ടി വന്നു. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും ഗോവിന്ദന്‍.
സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ കാറില്‍നിന്നു പുറത്തിറങ്ങിയ ഗവര്‍ണര്‍ അനാവശ്യ പ്രകോപനമുണ്ടാക്കുകയാണെന്ന് മന്ത്രി പി. രാജീവ്. ഗവര്‍ണര്‍ക്കെതിരെയുളള സമരവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും ഒരേ തട്ടിലുളളതല്ലെന്നും രാജീവ് പറഞ്ഞു. കാമ്പസിലെ കാവിവല്‍ക്കരണത്തെ ചെറുക്കാനാണ് എസ്എഫ്‌ഐ സമരമെന്നാണ് മന്ത്രി റിയാസിന്റെ പ്രതികരണം.
കോടഞ്ചേരിയില്‍ കാണാതായ നൂറാംതോട് സ്വദേശി നിതിന്റെ (25) ആളൊഴിഞ്ഞ പറമ്പില്‍ കൊലപ്പെടുത്തിയതിനു സുഹൃത്ത് അഭിജിത്തിനെയും രണ്ടു കൂട്ടുകാരേയും അറസ്റ്റു ചെയ്തു. കോടഞ്ചേരി പോലീസില്‍ കീഴടങ്ങിയ അഭിജിത്തിന്റെ ഭാര്യയുമായി നിതിന്റെ സൗഹൃദമാണ് കൊലയിലേക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
തിരുവമ്പാടി സ്വദേശി അഫ്‌സല്‍, മുക്കം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടു പേര്‍.
കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ നാലുവയസുകാരനെ ബന്ധുവും മനോരോഗിയുമായ യുവതി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമല സ്വദേശി മധുസൂദനന്‍-ആതിര ദമ്പതികളുടെ മകന്‍ റിത്വിക്കാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അച്ഛന്റെ ചേട്ടന്‍ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസ് (29) ജീവനൊടുക്കാന്‍ ശ്രമിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തന്റെ ഫോണിലേക്ക് വിദേശത്തുള്ള നമ്പരില്‍നിന്ന് അശ്ലീല ദൃശ്യം അയച്ചയാളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. ഇയാളെ പിടികൂടാന്‍ സഹായിക്കണമെന്ന് അരിത ബാബു സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചു.
കണ്ണൂരിലെ ജ്വല്ലറിയില്‍നിന്ന് ഏഴരക്കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതിയായ വനിതാ ചീഫ് അക്കൗണ്ടന്‍് ചിറക്കല്‍ സ്വദേശി സിന്ധുവിനെ പൊലീസ് ചോദ്യം ചെയ്തു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസിനു മുന്നില്‍ ഹാജരായത്. കൃഷ്ണ ജൂവല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ നല്‍കിയ പരാതിയിലാണു പൊലീസ് കേസെടുത്തത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് അപകീര്‍ത്തികരമായ സന്ദേശം അയച്ചെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് അധ്യാപകന് സസ്പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം അദ്ധ്യാപകനെയാണ് സസ്പെന്‍ഡ് ചെയ്തത്.
വൃക്ക രോഗിയായ ഭര്‍ത്താവിന് വൃക്ക ദാനം ചെയ്തശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസി പിടിയില്‍. പൂന്തുറ സ്വദേശി സുഗുണനെയാണ് അറസ്റ്റു ചെയ്തത്. അഞ്ചു മാസം മുമ്പാണ് ഇവര്‍ ഭര്‍ത്താവിന് വൃക്ക ദാനം ചെയ്തത്.
മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും കൂട്ടത്തല്ല്. സിഗററ്റ് വലിച്ച് പുക മുഖത്തേക്ക് ഊതി വിട്ടെന്നാരോപിച്ചാണ് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പൊലീസ് എത്തിയപ്പോഴേക്കും എല്ലാവരും ചിതറിയോടി. മൂന്നു പേരെ മ്യൂസിയം പൊലിസ് കസ്റ്റഡിയിലെടുത്തു.
കര്‍ണാടക ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ ബംഗളുരുവിലെ രാജ്ഭവനു വ്യാജ ബോംബ് ഭീഷണി. അര്‍ദ്ധരാത്രിയോടെയാണ് അജ്ഞാത നമ്പറില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ കോള്‍ എത്തിയത്.
ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് വിവാഹമോചനമില്ല. അകന്നു കഴിയുന്ന ഭാര്യ പായല്‍ അബ്ദുള്ളയില്‍നിന്നു വിവാഹമോചനം വേണമെന്ന ഒമര്‍ അബ്ദുള്ളയുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. ആരോപണങ്ങള്‍ അവ്യക്തമെന്നു ചൂണ്ടിക്കാട്ടി കുടുംബ കോടതിയും നേരത്തെ ഹര്‍ജി തള്ളിയിരുന്നു.
രാജസ്ഥാനില്‍ രജുപുത്ര സംഘടനയായ കര്‍ണിസേനയുടെ പ്രസിഡന്റ് സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ കൊലയാളികള്‍ക്ക് ആയുധവും ലക്ഷം രൂപയും നല്‍കിയ സ്ത്രീയും ഭര്‍ത്താവും പിടിയിലായി. പൂജാ സെയ്‌നി എന്ന പജാ ബത്ര, ഭര്‍ത്താവ് മഹേന്ദ്രകുമാര്‍ മേഘ് വാള്‍ എന്ന സമീര്‍ എന്നിവരാണു പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ബാങ്കുകളിലെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തട്ടിപ്പാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പയെടുത്തവരെ പ്രലോഭിപ്പിച്ചു പണം തട്ടിയെടുക്കാനാണു തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചാരണമെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പു നല്‍കി.