ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിലുള്ള റോവര്‍ ചന്ദ്രനില്‍ ഇറങ്ങി പര്യവേഷണം തുടങ്ങി. മണ്ണ് അടക്കമുള്ളവ ശേഖരിച്ച് അവയിലെ സവിശേഷതകളാണു പരിശോധിക്കുന്നത്. 14 ദിവസം നീളുന്നതാണു റോവറിന്റെ ദൗത്യം. റോവര്‍ കടന്നു പോകുന്ന പ്രദേശത്തുടനീളം രാജ്യമുദ്രയായ അശോകസ്തംഭം പതിയുന്നുണ്ട്. റോവറിന്റെ ഒരു ചക്രത്തില്‍ അശോകസ്തഭവും രണ്ടാമത്തെ ചക്രത്തില്‍ ഐഎസ്ആര്‍ഒയുടെ ലോഗോയുമാണു മുദ്രണം ചെയ്തിരിക്കുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ബിനാമി വായ്പകള്‍ക്കു പിന്നില്‍ മുന്‍മന്ത്രിയും സിപിഎം തൃശൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമായ എ.സി മൊയ്തീനാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സംഘം. ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്കു വായ്പ അനുവദിച്ചത് പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ ബാങ്കില്‍ പണയപ്പെടുത്തിയാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ റെയിഡില്‍ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി. ഇവയ്ക്ക് 15 കോടി രൂപയുടെ മൂല്യമുണ്ട്.
മതിയായ ഈടില്ലാതെയാണ് വലിയ തുക വായ്പ നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്.
കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10 ാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കണം. കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ വകുപ്പാക്കണമെന്നുമുള്ള ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു ഹര്‍ജി നല്‍കിയത്.
ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ ഇറങ്ങിയ ചരിത്ര മുഹൂര്‍ത്തത്തെ മലയാളം പത്രങ്ങള്‍ വിശേഷിപ്പിച്ചത് ആവേശകരമായ തലക്കെട്ടുകളോടെ. ‘ഭാരത് ചന്ദ്രന്‍ ഐഎസ്ആര്‍ഒ’എന്നാണു മലയാള മനോരമയുടെ തലക്കെട്ട്. ‘ഇന്ദു തൊട്ട് ഇന്ത്യ’ എന്നു മാതൃഭൂമിയും ‘ഇന്ത്യയാന്‍’ എന്നു ദേശാഭിമാനിയും തലക്കെട്ടാക്കി. ‘ത്രിവര്‍ണ ചന്ദ്രിക’ എന്നു ചന്ദ്രികയും ‘ഭാരതചന്ദ്രിക’ എന്നു കേരള കൗമുദിയും ‘ത്രിവര്‍ണ നിലാവ്’ എന്നു മാധ്യമവും ‘ഹണിമൂണ്‍’ എന്നു ദീപികയും ‘സൂര്യതേജസ്സോടെ ഇന്ത്യ ചന്ദ്രനില്‍’ എന്നു മംഗളവും ചന്ദ്രോല്‍സവം എന്നു ജന്മഭൂമിയും തലക്കെട്ടാക്കി. മെട്രോ വാര്‍ത്ത ഭാരത് ചന്ദ്രന്‍ എന്ന തലക്കെട്ടാണു നല്‍കിയത്.
തുറമുഖ വകുപ്പിന്റെ കോഴിക്കോട്ടെ ബംഗ്ലാവ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും പാര്‍ട്ടി പ്രവര്‍ത്തകരും വാടക നല്‍കാതെ ഉപയോഗിക്കുന്നതായി വിവരാവകാശ രേഖ. ഏഴു ലക്ഷത്തോളം രൂപ വാടകയിനത്തില്‍ കുടിശ്ശിക ഉണ്ട്. വിവാദമായതോടെ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥനോട് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.
എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ചയില്ലാത്ത അധ്യാപകനെ അവഹേളിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ മാപ്പു പറയണമെന്ന് കോളേജ് കൗണ്‍സില്‍. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറു വിദ്യാര്‍ഥികളും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് അധ്യാപകനായ സി.യു പ്രിയേഷനോടു മാപ്പു പറയേണ്ടത്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ കെകെ ശൈലജ എംഎല്‍എയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ ഉള്‍പ്പെടുത്തിയെന്നു സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം. ആത്മകഥയായ മൈ ലൈഫ് ആസ് എ കോമ്രേഡ് പാഠഭാഗമാക്കിയെന്നു സിലബസ് പ്രസിദ്ധീകരിക്കുന്നതിനു മുമ്പേ പ്രചരിച്ചത് വിവാദമായി. സിലബസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന ആരോപിച്ചു.
കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അനുവദിച്ച മിനി മാസ്റ്റ് തെരുവ് വിളക്ക് വേണ്ടെന്ന് മടിക്കൈ പഞ്ചായത്ത്. വൈദ്യുതി ബില്ലടയ്ക്കാന്‍ പണമില്ലെന്നു പറഞ്ഞാണ് വിളക്കു വേണ്ടെന്ന് പഞ്ചായത്ത് പറയുന്നത്. എന്നാല്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയം കളിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണൂര്‍ പട്ടുവത്ത് ക്രെയിന്‍ ഓപ്പറേറ്റര്‍ കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. മുതുകുട എല്‍പി സ്‌കൂളിനു സമീപത്താണ് അപകടം നടന്നത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണവുമായി മൂന്നു പേര്‍ പിടിയിലായി. കാസര്‍കോട് സ്വദേശി അഷറഫ്, മലപ്പുറം സ്വദേശി ഫൈസല്‍, കോഴിക്കോട് സ്വദേശി ആളൂര്‍ ഹുസൈന്‍ എന്നിവരാണ് സ്വര്‍ണവുമായി പിടിയിലായത്.
തിരുവനന്തപുരം പേട്ടയില്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡിവൈഎഫ്‌ഐ നേതാവിനു പിഴയിട്ട പൊലീസ് എസ്‌ഐക്കെതിരെ സ്ഥലംമാറ്റവും വകുപ്പ് തല അന്വേഷണവും. എസ്‌ഐ അഭിലാഷിനെതിരെയാണു വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിധിന്റെ പരാതിയിലാണ് നടപടി.
മാഹിയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിനു കല്ലെറിഞ്ഞ ഒരാളെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് (32) ആണ് അറസ്റ്റിലായത്.
കഞ്ചാവും ഹാഷിഷ് ഓയിലും കടത്താന്‍ ശ്രമിച്ച യുവാവിന് 14 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ഹാരിസ് നാസറിനാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്.
ഗുജറാത്തിലെ ബറൂച് ജില്ലയില്‍ ഫാക്ടറിയില്‍ നിന്നുണ്ടായ ബ്രോമിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാതകച്ചോര്‍ച്ചമൂലം പ്രദേശത്തു മഞ്ഞ നിറമുള്ള മേഘങ്ങള്‍ രൂപപ്പെട്ടു.
ചന്ദ്രയാന്‍ മൂന്നിനു പിറകിലെ ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. പതിറ്റാണ്ടുകളായി കെട്ടിപ്പെടുത്ത ഐഎസ്ആര്‍ഒയുടെ മികവാണ് വിജയത്തിനു പിറകിലെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.
റഷ്യയിലെ വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ലെന്നും ബൈഡന്‍ ആരോപിച്ചു. മോസ്‌കോയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ തിവീര്‍ പ്രവിശ്യയില്‍ ഇന്നലെ രാത്രിയാണ് വിമാനം അപകടത്തില്‍പെട്ടത്.