f26a7cef 9d84 477b a438 037f5a5d032f 20250913 140628 0000

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ഭേദഗതി വരുത്തി. ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അതിവേഗം അനുമതി നൽകുന്ന നിയമ ഭേദഗതിക്കാണ് അംഗീകാരം നൽകിയത്. ജനവാസ മേഖലയിൽ ഇറങ്ങി അക്രമം നടത്തിയ വന്യമൃഗങ്ങളെ വെടിവെക്കാൻ പുതിയ ഭേദഗതി പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് അതിവേഗം ഉത്തരവിടാം. കലക്ടർ അല്ലെങ്കിൽ ചീഫ് ഫോറസ്റ്റ് കൺസ‍ർവേറ്ററുടെ ശുപാർശ മാത്രം മതി. എന്നാൽ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലേ നിയമഭേദഗതിക്ക് സാധുതയുള്ളൂ എന്നതാണ് പ്രധാന വെല്ലുവിളി.

 

2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടി നും സംസ്ഥാന സർക്കാർ അംഗീകാരം നൽകി. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ മനപ്പൂർവമായി വീഴ്ച വരുത്താത്ത തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയ കേസുകളിൽ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടുമെന്ന അവസ്ഥ വരുമ്പോൾ പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്.

 

രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള  നടപടികൾ തുടങ്ങി.  അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയ്യതിയായി നിശ്ചയിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി  സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി. സുപ്രീം കോടതിയിൽ സത്യവാങ്മൂലവും  സമർപ്പിച്ചു.

 

കേരളത്തിലെ  എസ്‌ ഐ ആർ നടപടികളില്‍ ആശങ്കയുമായി രാഷ്ട്രീയ  പാർട്ടികൾ രംഗത്തെത്തി. നിലവിൽ പട്ടികയിൽ ഉള്ളവരെ ഒഴിവാക്കരുതെന്ന് കോൺഗ്രസ്  ആവശ്യപ്പെട്ടു. നടപടികൾക്ക്  രാഷ്ട്രീയ ചായ് വ് ഉള്ളവരെ നിയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ കേസ് നിലനിൽക്കെ കമ്മീഷൻ നടപടികളുമായി മുന്നോട്ട് പോകുന്നതിൽ സിപിഎം പ്രതിഷേധം അറിയിക്കും.

 

എസ് ഐ ആർ നീതിപൂർവമായ തെരഞ്ഞെടുപ്പിന് എതിരായ ബിജെപിയുടെ തന്ത്രമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു. എന്തിനാണ് വോട്ടർ പട്ടിക 2002ലേക്ക് പോകുന്നതെന്നും 52 ലക്ഷം പേരുടെ വോട്ട് ചേർക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര അർഹതയുള്ളവർക്ക് വോട്ട് ചെയ്യാൻ പറ്റാതെ പോകും. കഴിഞ്ഞ 23 വർഷമായി വോട്ട് ചെയ്യുന്നവർക്ക് ഒരു സുപ്രഭാതത്തിൽ വോട്ടർ പട്ടികയിൽ പേരില്ലാതാവും. അതിനുള്ള മായാജാലം ആണ് എസ്ഐആർ. ബീഹാറിൽ എന്നതുപോലെ ശക്തമായ പ്രക്ഷോഭം കേരളത്തിലും സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

 

രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിനു കാരണം പിണറായി സർക്കാരിന്‍റെ  ദുർഭരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് മാസത്തിലെ കേരളത്തിന്‍റെ  പണപ്പെരുപ്പം 9.4 ആണ്. ദേശീയ ശരാശരി 2.07% ത്തിലേക്ക് കുറയുമ്പോഴാണ് കേരളത്തിലെ ജനങ്ങൾ ഇത്ര വലിയ വിലക്കയറ്റം അനുഭവിക്കേണ്ടി വരുന്നത്. സംസ്ഥാന സർക്കാരിന്‍റെ  കഴിവുകേടിന്‍റെ  തെളിവാണിതെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.

 

മതേതര സര്‍ക്കാര്‍ എങ്ങനെയാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വിളിച്ച് കൂട്ടുകയെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിന് വിരുദ്ധമാണ് സര്‍ക്കാര്‍ തീരുമാനം. ആളുകളെ വേര്‍തിരിച്ച് സംഘര്‍ഷം ഉണ്ടാക്കി മുതലെടുപ്പിനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പസംഗമവും ന്യൂനപക്ഷസംഗമവും സംഘടിപ്പിക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് രമേശിന്റെ വിമര്‍ശനം.

 

കെ എസ് യു പ്രവർത്തകരെ വിലങ്ങ് അണിയിച്ച് മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ്‍യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കോലം കത്തിച്ച് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

 

കെഎസ്‌യു നേതാക്കളെ കൈയാമംവെച്ച് തലയിൽ കറുത്ത തുണിയിട്ട് കോടതിയിൽ ഹാജരാക്കിയ പോലീസ് നടപടിക്കെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യങ്ങളിൽ പ്രതികരിക്കുന്നില്ലെന്നും വിഡി സതീശൻ ചോദിച്ചു.

 

ഫാൻസ് ഉണ്ടെങ്കിൽ നേതാക്കൾ ആവുന്ന കാലഘട്ടമാണിതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്.  സോഷ്യൽ മീഡിയ ഉണ്ടെങ്കിൽ ആർക്കും നേതാവാകാം  സോഷ്യൽ മീഡിയയിൽ ലൈക്കുകൾക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുന്നു എന്നാൽ സോഷ്യൽ മീഡിയയിൽ ഫാൻസ് ഉണ്ടാക്കൽ അല്ല രാഷ്ട്രീയമെന്നും ധാർമിക രാഷ്ട്രീയം പുറംപൂച്ച് മാത്രമായി ഗ്രൗണ്ടിൽ ഇറങ്ങി  ആരും പണിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

സൈബര്‍ പോരിന് ആശ്രയിച്ചവരിൽ ചിലര്‍ പാര്‍ട്ടിക്ക് ബാധ്യതയായെന്ന വിലയിരുത്തലിൽ കോണ്‍ഗ്രസ് നേതൃത്വം. നേതാക്കള്‍ക്കെതിരെ തിരിഞ്ഞ സാമൂഹിക മാധ്യമ താരങ്ങളെ വെട്ടി നിരത്തി ഡിജിറ്റൽ മീഡിൽ സെൽ പുതുക്കാനാണ് നീക്കം. രാഹുലിന്‍റെ സസ്പെന്‍ഷനിൽ ആക്രമണം നടത്തിയതോടെ പാര്‍ട്ടി വളയത്തിന് അകത്ത് നിൽക്കുന്ന കഴിവുള്ളവരെ സെല്ലിൽ ഉള്‍പ്പെടുത്തണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

 

ശബ്ദരേഖ ചോർച്ചയില്‍ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി ഉണ്ടായേക്കും.  വിഷയത്തില്‍ വിശദീകരണം നൽകാൻ മൂന്ന് ദിവസത്തെ സാവകാശം നല്‍കും. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വിവരം. സിപിഎം നേതാക്കൾ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദ രേഖയിലെ വെളിപ്പെടുത്തൽ. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്.

 

തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കെതിരായ ശബ്ദരേഖ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡിവൈഎഫ്ഐ നേതാവിന്റേത് ഗൗരവതരമായ വെളിപ്പെടുത്തലാണെന്നും സാധാരണക്കാരന്റെ പണം കൊള്ളയടിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. കവർച്ചാസംഘമെന്ന് സിപിഎമ്മിനെ വിളിച്ചത് കോൺഗ്രസല്ലെന്നും പിണറായി സർക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചുവെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.

 

അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണത്തിൽ സിപിഎം നേതാക്കൾക്കെതിരായ ആരോപണം പാർട്ടിക്കുള്ളിൽ വീണ്ടും ചർച്ചയാകുന്നു. തട്ടിപ്പ് കേസിൽ നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാൻ പൊലീസിനെ ഉപയോഗിച്ച് ജോയലിനെ കസ്റ്റഡി മർദ്ദനത്തിന് ഇരയാക്കി എന്നാണ് കുടുംബം ആവർത്തിക്കുന്നത്. ജില്ലാ നേതാക്കളെ പോലും സംശയ നിഴലിൽ ആക്കുന്ന ആരോപണത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ഇടപെടണം എന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം.

 

കൊട്ടാരക്കരയിൽ യുവാവിനെ സ്റ്റേഷനിലെത്തിച്ച് പൊലീസ് മർദ്ദിച്ചെന്ന പരാതിയിൽ നടപടി സ്ഥലം മാറ്റത്തിൽ മാത്രം ഒതുക്കിയതിനെതിരെ യുവാവ് രംഗത്തെത്തി. ക്രൂരമായി മർദ്ദിച്ച പൊലീസുകാർക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങിയതിനെതിരെ പള്ളിക്കൽ സ്വദേശി ഹരീഷാണ് കൂടുതൽ നിയമ നടപടികൾക്ക് ഒരുങ്ങുന്നത്. തന്നെ മർദ്ദിച്ച ദിവസത്തെ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഹരീഷ് അപേക്ഷ നൽകി.

 

ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം എന്ന് സ്ഥിരീകരണവുമായി ആരോഗ്യവകുപ്പ്. നേരത്തെ 2 മരണം മാത്രമാണ് സ്ഥിരീകരിച്ചിരുന്നത് 66 പേർക്ക് രോഗം ബാധിച്ചെന്നും സ്ഥിരീകരണമുണ്ട്. നേരത്തെ 18 എന്നായിരുന്നു ആരോഗ്യവകുപ്പ് കണക്ക്. അതേസമയം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2 പേർക്കാണ്. ഈ മാസം മാത്രം 19 പേർക്ക് രോഗബാധയുണ്ടായി   7 പേര്‍ മരിക്കുകയും ചെയ്തു.

 

പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് അധികവില ഈടാക്കുന്ന പദ്ധതിയെച്ചൊല്ലി ഉപഭോക്താക്കള്‍ക്കൊപ്പം ബെവറജസ് കോര്‍പ്പറേഷന്‍ ജീവനക്കാരും ഇടയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ വില്പനശാലകളില്‍ നടപ്പാക്കിയ പദ്ധതിയെത്തുടര്‍ന്ന് ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കവും സംഘര്‍ഷവും ഉടലെടുത്തതോടെയാണ് ജീവനക്കാരുടെ സംഘടനകള്‍ തീരുമാനത്തിനെതിരേ തിരിഞ്ഞത്. കുടുംബശ്രീ പ്രവര്‍ത്തകരെ കുപ്പി ശേഖരിക്കാനായി നിയമിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും അതുണ്ടായിട്ടില്ല.

 

കൂടൽ മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് കെഎസ് അനുരാഗ്. നിയമനം ലഭിച്ചാല്‍ ജോലിയില്‍ പ്രവേശിക്കുമെന്നും ഉടനെ അപ്പോയിന്‍മെന്‍റ് ലെറ്റര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അനുരാഗ് പറഞ്ഞു. ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് വിശ്വാസം, ഒരുപാട് പ്രതീക്ഷയോടെ ലഭിച്ച ജോലിയാണിത്. അഞ്ചു മാസമായി അതിനുവേണ്ടി കാത്തിരിക്കുന്നു എന്ന് പറഞ്ഞ അനുരാഗ് ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

 

വാഹനാപകടത്തെ തുടർന്ന്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത്‌ ബിജു (18) വിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയിൽ തുടിക്കും. കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ കൊച്ചി ലിസി ആശുപത്രിയിൽ പൂർത്തിയായി. കാലടി ആദി ശങ്കര എഞ്ചിനീയറിങ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ബിൽജിത്തിന്റ വൃക്കകൾ, കണ്ണ്, ചെറുകുടൽ, കരൾ എന്നിവയും ദാനം ചെയ്തിട്ടുണ്ട്.

 

വടക്കഞ്ചേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് മുപ്പത്തോളം പേർ ചികിത്സയിൽ. വടക്കഞ്ചേരി ടൗണിലെ ‘ചങ്ങായീസ് കഫെ’ എന്ന സ്ഥാപനത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെ നിന്നും ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് ചർദ്ദിയും വയറ്റിളക്കവും ഉണ്ടായത്. വടക്കഞ്ചേരി പരിസരപ്രദേശങ്ങളിലുള്ള കുട്ടികൾ ഉൾപ്പെടെ മുപ്പത്തോളം പേരാണ് ഇപ്പോൾ ചികിത്സ തേടിയിരിക്കുന്നത്.

 

കോഴിക്കോട് വിജിൽ തിരോധാന കേസിലെ രണ്ടാം പ്രതി പൊലീസിന്‍റെ പിടിയില്‍. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി രഞ്ജിത്താണ് പിടിയിലായിരിക്കുന്നത്. രഞ്ജിത്തിനെ ആന്ധ്രാപ്രദേശിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. വിജില്‍ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സരോവരത്ത് നടത്തിയ തെരച്ചിലില്‍ വിജിലിന്‍റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.

 

വയനാട് പുൽപ്പള്ളിയിലെ കോൺഗ്രസ് പ്രാദേശിക നേതാവ് ജോസ് നെല്ലേടത്തിൻ്റെ ആത്മഹത്യയിൽ പൊലീസ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും. കത്തിൽ പരാമർശങ്ങൾ ഉള്ളവരെയും ചോദ്യം ചെയ്യും. ജോസ് നെല്ലേടത്തിൻ്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് ഫോറൻസിക് പരിശോധിച്ചു.

 

മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. ചുരാചന്ദ് പൂരിലേക്ക് റോഡ് മാര്‍ഗമാണ് മോദി യാത്ര തിരിച്ചിരിക്കുന്നത്. റോഡ് പ​ദ്ധതികളുടെയും ഹോസ്റ്റലുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. മണിപ്പൂരിലെ കുന്നുകൾ കഠിനാധ്വാനത്തിന്റെ പ്രതീകമെന്നും  മണിപ്പൂർ ഭൂമി സാഹസികതയുടെ പ്രതീകമെന്നും മോദി പറഞ്ഞു. മോദിയുടെ സന്ദർശനത്തിന് ഏതിരെ തീവ്രസംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

നേപ്പാൾ അതിർത്തിയിൽ ഇപ്പോൾ സാഹചര്യം സമാധാനപരമാണെന്നും നേപ്പാൾ അതിർത്തിയിലെത്തി ജനങ്ങളെ കണ്ടെന്നും പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. നിലവില്‍ ജനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് തടസ്സമില്ലെന്നും ബംഗ്ലാദേശ് അതിർത്തിയിലും സ്ഥിതി ശാന്തമാണ്, ഇസ്രയേലിൽ പരീക്ഷിച്ച് വിജയിച്ച വേലിനിർമ്മാണം ബംഗ്ലാദേശ് അതിർത്തിയിൽ നടക്കുന്നു എന്നും സിവി ആനന്ദബോസ് വ്യക്തമാക്കി.

 

കര്‍ണാടകയിലെ ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റത് 29 പേർക്കാണ്. നിലവില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അഞ്ചുപേർ സംഭവസ്ഥലത്തും നാലുപേർ ആശുപത്രിയിലും വെച്ചണ് മരിച്ചത്. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.

 

2006-ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത അബ്ദുൾ വാഹിദ് ഷെയ്ഖ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. അനാവശ്യമായി കുറ്റം ചുമത്തി തടവറയിൽ പീഡിപ്പിച്ചതിന് നഷ്ടപരിഹാരമായി 9 കോടി രൂപ ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

 

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഖത്തർ വിളിച്ചുചേർത്ത അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടിക്ക്‌ നാളെ തുടക്കമാകും. ഞായർ, തിങ്കൾ ദിവസങ്ങളിലായി രണ്ട് ദിന ഉച്ചകോടിയാണ് നടക്കുക.6സെപ്റ്റംബർ 9നുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒരു ഖത്തരി സുരക്ഷാ ഉദ്യോഗസ്ഥനും ഹമാസ് അംഗങ്ങളും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

 

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനക്കും കൂടുതൽ നികുതി ചുമത്തണമെന്ന് ജി7 രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന യോഗത്തിൽ ജി7 രാജ്യങ്ങളുടെ ധനമന്ത്രിമാർ റഷ്യയ്‌ക്കെതിരായ കൂടുതൽ ഉപരോധങ്ങളെക്കുറിച്ചും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ സാധ്യമായ തീരുവകളെക്കുറിച്ചും ചർച്ച ചെയ്തുവെന്നും ഈ യോഗത്തിലാണ് റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് മേൽ തീരുവ ചുമത്താൻ യുഎസ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതെന്നുമാണ് റിപ്പോർട്ട്.

 

രാജ്യത്തെ മുതിർന്ന പൗരന്മാരുടെ പ്രായത്തിൽ പുതിയ റെക്കോർഡുമായി ജപ്പാൻ. 100നും അതിന് മുകളിലും പ്രായമുള്ള പൗരന്മാരുടെ എണ്ണത്തിലാണ് ജപ്പാൻ ഇക്കുറി റെക്കോ‍ർഡ് ഇട്ടിരിക്കുന്നത്. ഈ പ്രായപരിധിയിലുള്ള പൗരന്മാരുടെ എണ്ണം ജപ്പാനിൽ ഒരു ലക്ഷം കവിഞ്ഞു. തുടർച്ചയായ 55-ാം വർഷവും പുതിയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് ജപ്പാന്റെ പ്രഖ്യാപനം.

 

ബ്രിട്ടനിൽ ഇന്ത്യൻ യുവതിക്ക് നേരെ വംശീയ ആക്രമണവും ലൈം​ഗിക പീഡനവും. ബെർമിങ്ഹാമിന് സമീപമുള്ള ഓൾഡ്ബറിയിലാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഇരുപതുകാരിയായ സിഖ് യുവതി രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്. സംഭവം വംശീയ കുറ്റമായി പരിഗണിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളായ രണ്ട് തദ്ദേശീയർക്കായി വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് അന്വേഷണം തുടങ്ങി.

 

വിദേശ സിനിമകളും ടെലിവിഷൻ പരിപാടികളും കാണുന്നവർക്ക് ഉത്തര കൊറിയ വധശിക്ഷ നടപ്പിലാക്കുന്നതിൽ വർദ്ധനവെന്ന് യുഎൻ റിപ്പോർട്ട്. പുറം ലോകത്ത് നിന്ന് ഉത്തര കൊറിയയെ തീർത്തും ഒറ്റപ്പെടുത്തിയുള്ള ഭരണ രീതിയിൽ ആളുകൾ നിർബന്ധിത ജോലി ചെയ്യേണ്ടതായി വരുന്നുമെന്നാണ് യുഎൻ റിപ്പോർട്ട് വിശദമാക്കുന്നത്. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ വലിയ രീതിയിൽ ബന്ധനത്തിലാക്കുന്ന നടപടികളാണ് ഉത്തര കൊറിയയിൽ നടക്കുന്നതെന്നാണ് യുഎന്നിന്റെ മനുഷ്യാവകാശ ഓഫീസ് കണ്ടെത്തൽ.

 

ഇന്ത്യയ്ക്ക് മേൽ ഇരട്ട തീരുവ പ്രഖ്യാപിച്ചത് വലിയ ഭിന്നതയ്ക്ക് ഇടയാക്കിയെന്ന് തുറന്ന് സമ്മതിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 50 ശതമാനം താരിഫ് ചുമത്തിയത് ഇരു രാജ്യങ്ങൾക്കുമിടയിൽ തർക്കത്തിലേക്ക് നയിച്ചുവെന്നും, ആ തീരുമാനം എടുക്കുന്നത് എളുപ്പമായിരുന്നില്ല എന്നും ട്രംപ് വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് തീരുവ ചുമത്തിയതെന്നും ഒരു അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. അതേസമയം ഇരട്ട തീരുവ പിൻവലിക്കുമെന്ന ഒരു സൂചനയും ട്രംപ് നൽകിയിട്ടില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *