കണ്ണൂർ കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ സ്ഫോടനത്തിൻ്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ് പറഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നൽകിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്.
കണ്ണൂർ കീഴറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ സ്ഫോടകവസ്തു നിയമപ്രകാരം പൊലീസ് കേസെടുത്തു. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ് എന്ന് പൊലീസ് പറയുന്നു. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്നാണ് സൂചന. 2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.
കണ്ണൂർ കണ്ണപുരം സ്ഫോടനത്തിലെ പ്രതി അനൂപ് മാലിക് കോൺഗ്രസുമായി അടുത്ത ബന്ധമുള്ള ആളാണെന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. കേസ് എടുത്ത അനൂപ് മാലിക്കിന്റെ രാഷ്ട്രീയം പരിശോധിക്കണം ഉത്സവങ്ങളും ആഘോഷങ്ങളോ അടുത്തൊന്നും ഇല്ല. ഇത്രയും മാരകമായ സ്‌ഫോടക വസ്തുക്കൾ എന്തിനാണ് നിർമിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നും കെകെ രാഗേഷ് ആവശ്യപ്പെട്ടു.
ആഗോള അയ്യപ്പസംഗമം സിപിഎം ആണോ നടത്തേണ്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ചോദിച്ചു. ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ടെന്ന് പറഞ്ഞ കുമ്മനം രാജശേഖരൻ മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ എന്നും ചോദ്യമുന്നയിച്ചു. എക്സ്പോ പോലെയല്ല ഇത് നടത്തേണ്ടതെന്നും ബിജെപി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതിൽ സർക്കാരിനെതിരെ വിമർശനവുമായി യോഗക്ഷേമസഭയും രംഗത്തെത്തി.
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിവാദമാക്കരുതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ശബരിമലയുടെ വികസനമാണ് ലക്ഷ്യമിട്ടതെന്നും വിശ്വാസവും വികസനവും ഒരുമിച്ച് കൊണ്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതസമുദായ സംഘങ്ങളെ ക്ഷണിക്കുമെന്നും ആചാര വിരുദ്ധമായ ഒന്നും അയ്യപ്പ സംഗമത്തിന്റെ ഭാഗമായി നടക്കില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങി. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. ഉച്ചക്ക് 2 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പിഎ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയും പങ്കെടുക്കും.ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ചുണ്ടൻ വള്ളങ്ങളുടെ പ്രാഥമിക മത്സരം. വൈകിട്ട് അഞ്ചരയോടെ ഫൈനൽ മത്സരങ്ങൾ നടക്കും. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്ചൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ എർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം നീക്കി. കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ളവ ഇന്നലെ വൈകീട്ട് മുതൽ നിയന്ത്രണങ്ങളോടെ കടത്തിവിട്ടു. വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് മാത്രം നിരോധനം തുടരും. ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും. മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വയനാടിന്റെ തുരങ്ക പാത നിർമാണത്തിന് നാളെ തുടക്കമാകും. ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ നിർമാണച്ചെലവ് 2134 കോടി രൂപയാണ്. 8.73 കിലോമീറ്റർ പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് പാതയുടെ നിർവ്വഹണ ഏജൻസി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഫോൺ നമ്പർ ഉൾപ്പെടുന്ന എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്തു. നിലവിൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടതും മഴ മുന്നറിയിപ്പും, അതുമായി ബന്ധപ്പെട്ടുള്ള മെസേജസുകൾ അയക്കുവാനോ സ്വീകരിക്കുവാനോ സാധിക്കുന്നില്ല. പ്രശ്‌നം നിലവിൽ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരത്തെ ഓഫീസിൽ എത്താനായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നോട്ടീസ് ലഭിച്ചില്ലെന്നും അതിനാൽ ഹാജരാകില്ലെന്നുമാണ് രാഹുൽ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാഹുലിന്റെ അടുത്ത സുഹൃത്തുക്കളായ നാലുപേരുടെ വീട്ടിൽ പരിശോധന നടത്തുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പേരിലുണ്ടായ വിവാദങ്ങള്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ്. എന്നാല്‍, അത് പറയാന്‍ തങ്ങളെ എതിര്‍ക്കുന്ന ഒരു പാര്‍ട്ടിക്കും ധാര്‍മികമായോ നിയമപരമായോ അവകാശമില്ല. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്നും അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. പാലക്കാട് മണ്ഡലത്തിൽ രാഹുൽ വന്നാൽ ശക്തമായ സമരം ഉണ്ടാകും എംഎൽഎ എന്ന നിലയിൽ ക്ലബ്ബിന്റെയോ റെസിഡൻസ് അസോസിയേഷന്റെയോ പരിപാടികളിൽ പങ്കെടുത്താലും തടയും സംഘാടകർ തീരുമാനിക്കണം രാഹുലിനെ വിളിക്കണോ വേണ്ടയോ എന്നതെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ, കാട്ടാക്കട സ്വദേശി സുമയ്യയുടെ പരാതി വിദഗ്ദ്ധ സമിതി അന്വേഷിക്കും. നിലവിലുള്ള വിദഗ്ദ്ധ സമിതി തന്നെ തുടരന്വേഷണം നടത്തണമോ, അതോ പുതിയ സമിതി രൂപീകരിക്കണമോ എന്നതിൽ ഉടൻ തീരുമാനം ഉണ്ടാകും. നാല് ദിവസത്തിനുള്ളിൽ, പരിശോധന പൂർത്തിയാക്കി മറുപടി നൽകാം എന്നാണ് പരാതിക്കാരിക്ക് ആരോഗ്യവകുപ്പ് നൽകിയ ഉറപ്പ്.
കൊച്ചിയിലെ കാനറാ ബാങ്ക് ശാഖയില്‍ പുതുതായെത്തിയ ബാങ്ക് മാനേജര്‍ കാന്‍റീനില്‍ ബീഫ് നിരോധിച്ചതിന് പിന്നാലെ ബാങ്കില്‍ ബീഫ് ഫെസ്റ്റ് നടത്തി തൊഴിലാളി സംഘടന. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് (BEFI) ബാങ്കില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. ബീഹാറി സ്വദേശീയായ റീജിയണൽ മാനേജറാണ് കാന്‍റീനിൽ ബീഫ് വിളമ്പരുതെന്ന് നിര്‍ദ്ദേശിച്ചത്. ഇതിന് പിന്നാലെയയാരുന്നു പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്.
കൊല്ലം തെന്മല ശെന്തുരുണിയിൽ വിനോദ സഞ്ചാരത്തിന് എത്തിയ എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കടന്നൽ കൂട്ടത്തിൻ്റെ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂർ എൽപി സ്കൂളിലെ കുട്ടികൾക്കാണ് കുത്തേറ്റത്. ശെന്തുരുണി കളംകുന്ന് ഭാഗത്ത് ട്രെക്കിങ്ങിന് പോയ സംഘത്തെയാണ് കടന്നൽ കൂട്ടം ആക്രമിച്ചത്. ശക്തമായ കാറ്റിൽ കടന്നൽ കൂട് ഇളകിയതാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റ കുട്ടികളെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
വടകരയിൽ എസ് എൻ ഡി പി നേതാവിൻ്റ വീടിന് നേരെ അക്രമണം. വടകര ശാഖ പ്രസിഡൻ്റ് ദാമോദരൻ്റെ വടകര കുറുമ്പയിലെ മീത്തലെ മഠത്തിൽ വീടിന് നേരെയാണ് അക്രമണമുണ്ടായത്. വീടിൻ്റ മുൻഭാഗത്തെ അഞ്ച് ജനൽ ചില്ലുകൾ അക്രമി തകർത്തു. വീട്ടിലെ സിസിടിവി ക്യാമറയും തകർത്തു. അക്രമി വീട്ടിലേക്ക് വരുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം തുടങ്ങി.
മകൻ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന മുതിർന്ന സിപിഎം നേതാവായ ആണ്ടവർ മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന ആണ്ടവർ (84)ആണ് മരിച്ചത്. സംഭവത്തിൽ മകൻ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു ആണ്ടവർ.
ഇടുക്കിയില്‍ ആദിവാസി യുവാവിനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മറയൂര്‍ ഇന്ദിരാനഗര്‍ സ്വദേശി സതീഷിനെയാണ് (35) മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയില്‍ രക്തംവാര്‍ന്ന അവസ്ഥയിലാണ് മൃതദേഹമുണ്ടായിരുന്നത്. ഫോറന്‍സിക് പരിശോധനയില്‍ മാത്രമേ മരണം സംബന്ധിച്ച പ്രാഥമിക നിഗമനത്തിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ബുള്ളറ്റ് ട്രെയിനില്‍ യാത്രചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്‌ക്കൊപ്പമായിരുന്നു യാത്ര. ടോക്കിയോയില്‍നിന്ന് സെന്‍ഡായിലേക്കായിരുന്നു ഇരുവരുടെയും യാത്ര. സാമൂഹികമാധ്യമമായ എക്‌സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യമറിയിച്ചത്.
ഐപിഎല്ലിലെ 2008 സീസണിൽ വൻവിവാദമായ ശ്രീശാന്ത്-ഹര്‍ഭജന്‍ സിംഗ് അടിയുടെ വീഡിയോ പുറത്തുവിട്ട മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിക്കും ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്തിന്‍റെ ഭാര്യ ഭുവനേശ്വരി. ലളിത് മോദിയെയും മൈക്കല്‍ ക്ലാര്‍ക്കിനെയുമോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ഭുവനശ്വരി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. മരിച്ച 11 പേരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതമാണ് ആര്‍സിബി സഹായധനം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ആര്‍സിബി മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിക്കുന്നതായി അറിയിച്ചത്.
ഷിംലയിലെ ശ്രീ താര മാതാ കുന്നിനെ ‘ഗ്രീൻ ഏരിയ’ ആയി പ്രഖ്യാപിച്ച ഹിമാചൽ സർക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് പ്രിസ്റ്റൈൻ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി പരിഗണിക്കവെ ഹിമാചൽ പ്രദേശിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളെ കുറിച്ച് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. വർഷങ്ങളായി തുടരുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥയും അശ്രദ്ധമായ പാരിസ്ഥിതിക രീതികളും ഹിമാചൽ പ്രദേശിൽ ആവർത്തിച്ചുള്ള പ്രകൃതി ദുരന്തങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും കാര്യങ്ങൾ ഇതേ രീതിയിൽ മുന്നോട്ട് പോയാൽ, ഹിമാചൽ പ്രദേശ് മുഴുവൻ രാജ്യത്തിന്റെ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ലെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും കോടതി പറഞ്ഞിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതിയുടെ വിധി. അടിയന്തിര സാമ്പത്തിക നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡന്‍റ് അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.തീരുവകൾ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച് നിയമനിർമാണ സഭക്ക് മാത്രമാണ്. കേസുകൾ തീരുന്നത് വരെ നിലവിലെ തീരുവകൾ തുടരാമെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യക്ക് മേൽ ഇരട്ടത്തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ. ഡോണൾഡ് ട്രംപിന്റെ തീരുവ പ്രതികാരം യുഎസിന്റെ നയത്തിനെതിരാണെന്നും ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ വർഷങ്ങളായി നടത്തിയ പ്രയത്നത്തെ പിറകോട്ടടിപ്പിക്കുന്നതാണെന്നും സള്ളിവൻ പറഞ്ഞു. ട്രംപിന്റെ തീരുവ പ്രതികാരത്തിൽ ഇന്ത്യയും ചൈനയും അടുത്തുവെന്നും എന്നാൽ, ട്രംപിന്റെ നയം കാരണം ഇന്ത്യയും ചൈനയും ഒരുമിച്ച് യുഎസിനെതിരെ തിരിയുന്ന സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും സള്ളിവൻ വിമർശിച്ചു.