സജി ചെറിയാനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാനാകില്ലെന്ന ഗവര്‍ണര്‍ക്കു നിയമോപദേശം. ബുധനാഴ്ച സത്യപ്രതിജ്ഞ നടത്താന്‍ ഗവര്‍ണറോടുകൂടി ആലോചിച്ചാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കോടതിയില്‍ കേസുള്ളതിനാല്‍ നിയമതടസമുണ്ടോയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റാന്‍ഡിംഗ് കോണ്‍സിലിനോട് നിയമോപദേശം തേടുകയായിരുന്നു. ഗവര്‍ണര്‍ നാളെ വൈകീട്ട് തിരുവനന്തപുരത്ത് എത്തും.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നൊരുക്കമായി സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ആരംഭിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന ലഘു ലേഖകളുമായി പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പരിപാടിയില്‍ പങ്കെടുക്കും.
ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പിടിച്ച് ബൈക്കു യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ഡിസിആര്‍ബി ഡിവൈഎസ്പിയുടെ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്.
തിരുവല്ല ബൈപാസ് ചിലങ്ക ജംഗ്ഷനില്‍ ടാങ്കര്‍ ലോറിക്കു പിറകില്‍ ബൈക്കിടിച്ച് രണ്ടു ബൈക്കു യാത്രക്കാര്‍ മരിച്ചു. കുന്നന്താനം അരുണ്‍ നിവാസില്‍ അരുണ്‍ (29), ചിങ്ങവനം പുലരിക്കുന്നു വീട്ടില്‍ ശ്യാം (28) എന്നിവരാണു മരിച്ചത്. അര്‍ധരാത്രിയോടെയായിരുന്നു അപകടം.
സിപിഎം മതത്തിന് എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിശ്വാസവിരുദ്ധമായി ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ആശങ്ക വേണ്ടന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു 61 കലാകാരന്മാരുടെ ചിത്രാവിഷ്‌ക്കാരം. 61-ാം കേരളാ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് 61 പ്രഗല്‍ഭ ചിത്രകാരന്മാരാണ് ചിത്രങ്ങള്‍ രചിച്ചത്. കേരള ലളിതകലാ അക്കാദമിയും കലോത്സവ സാംസ്‌കാരിക കമ്മിറ്റിയും സംയുക്തമായി കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിലെ ആംഫി തിയേറ്ററില്‍ സംഘടിപ്പിച്ച ചിത്രോത്സവം ചിത്രകാരനും ശില്പിയുമായ വല്‍സന്‍ കൂര്‍മ്മകൊല്ലേരി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
പുതുവത്സരാഘോഷത്തിനു സമാപനം കുറിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ഇന്നു കാര്‍ണിവല്‍ റാലി. വൈകുന്നേരം മൂന്നിന് പരേഡ് മൈതാനത്തുനടക്കുന്ന റാലിയില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേര്‍ പങ്കെടുക്കും. കലാരൂപങ്ങളുടെ അകമ്പടിയോടെ നീങ്ങുന്ന റാലിയില്‍ നിശ്ചല ദൃശ്യങ്ങളും ഉണ്ടാവും. ഇന്നലെ രാത്രി ഭീമന്‍ പാപ്പാഞ്ഞി കത്തിച്ച് പുതുവര്‍ഷത്തെ വരവേറ്റിരുന്നു.
പുതുവര്‍ഷാഘോഷത്തിനിടെ കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖില്‍ രാജേന്ദ്രനെയാണ് (26) കാണാതായത്. രാത്രി പന്ത്രണ്ടരയോടെയാണു സംഭവം.
മലപ്പുറം തിരൂരിലുള്ള ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അടിമാലിക്കടുത്ത തിങ്കള്‍കാടിനു സമീപം മറിഞ്ഞ് ഒരാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശിയും തിരൂര്‍ റീജ്യണല്‍ ഐടിഐയിലെ വിദ്യാര്‍ത്ഥിയുമായ മിന്‍ഹാജ് ആണ് മരിച്ചത്. 43 പേക്കു പരുക്കേറ്റു. കൊടൈക്കനാലും രാമക്കല്‍മേടും സന്ദശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം.
വയനാട് മേപ്പാടിയില്‍ ബൈക്ക് പാര്‍ക്കു ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് കുത്തേറ്റ കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് മരിച്ചു. സംഭവത്തില്‍ രൂപേഷ് എന്നയാളെ കസ്റ്റഡിയിലെടുത്തു.
പെരിന്തല്‍മണ്ണയില്‍ നാലര കോടി രൂപയുടെ കുഴല്‍പണം പിടികൂടി. താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെ അറസ്റ്റു ചെയ്തു.
പുതുവല്‍സരം പ്രചോദനവും ലക്ഷ്യങ്ങളും നേട്ടങ്ങളും നിറഞ്ഞതാകട്ടെയെന്ന് രാഷ്ട്രപതി ദൗപതി മുര്‍മു. പ്രതീക്ഷയും സന്തോഷവും വിജയവും നിറയട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റു ചെയ്തു.
ജി 20 ഉച്ചകോടിയില്‍ സൈബര്‍ ഹാക്കിംഗിനു സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംശയമുളള ഇമെയിലുകള്‍ തുറക്കരുതെന്നും ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കരുതലോടെ കൈകാര്യം ചെയ്യണമെന്നും നിര്‍ദേശം.
തമിഴ്‌നാട്ടിലെ നാമക്കല്‍ മോഹന്നൂരില്‍ വീട്ടില്‍ സക്ഷിച്ച പടക്കത്തിനു തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പെടെ നാലു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു പൊള്ളലേറ്റു. വീട്ടില്‍ ഒരു ടണ്‍ പടക്കവും സ്‌ഫോടക വസ്തുക്കളുമാണു സൂക്ഷിച്ചിരുന്നത്. പടക്കക്കടയുടേയും വീടിന്റെയും ഉടമ തില്ലൈകുമാറും കുടുംബവുമാണ് മരിച്ചത്.
ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷില്‍ നഴ്‌സിംഗ് ഹോമില്‍ തീപിടിത്തം. രണ്ടു പേര്‍ മരിച്ചു. ആറു പേരെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ അഞ്ചേകാലിനാണു തീപിടിത്തമുണ്ടായത്.
കോവിഡ് മൂലമുള്ള കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നതെന്നും പ്രതീക്ഷ കൈവിടരുതെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ്. പുതുവല്‍സര സന്ദേശത്തിലാണ് ഇങ്ങനെ ആശംസിച്ചത്.