സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് അഞ്ചര മണിക്കൂർ പിന്നിടുമ്പോൾ പോളിങ്ങ് ശതമാനം 33 കടന്നതായി റിപ്പോർട്ട്. കൂടുതല്‍ പോളിങ് ആറ്റിങ്ങല്‍ മണ്ഡലത്തിലും, കുറവ് പൊന്നാനിയിലുമാണ്. എല്ലാ ജില്ലകളിലും പോളിങ് 25 ശതമാനത്തിന് മുകളിലാണ്. വോട്ടിങ് മെഷീന്‍ തകരാര്‍ കാരണം പലയിടങ്ങളിലും പോളിങ് വൈകി.
കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. കർണാടകയിൽ 14 സീറ്റിലും രാജസ്ഥാനിൽ 13 സീറ്റിലും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എട്ട് സീറ്റിലും മധ്യപ്രദേശിൽ ഏഴിടത്തും അസം, ബിഹാർ എന്നിവിടങ്ങളിൽ അഞ്ചിടത്തും ബംഗാൾ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ മൂന്നിടത്തും ജമ്മുകശ്മീർ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഓരോയിടത്തുമാണ് തെരഞ്ഞെടുപ്പ്. എല്ലായിടത്തും പോളിങ്ങ് പുരോഗമിക്കുകയാണ്.
വീട്ടിൽ നിന്ന് കാൽനടയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പോളിങ് ബൂത്തിലേക്ക് എത്തിയത്. കുടുംബത്തോടൊപ്പം എത്തിയ പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമാണ് ബൂത്തിലേക്ക് നടന്നത്. പിണറായിയിലെ അമല യൂപി സ്കൂളിലെ 161-ാം നമ്പര്‍ ബൂത്തിലായിരുന്നു പിണറായിക്കും കുടുബത്തിനും വോട്ട്. എൽഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുമെന്നും ബിജെപിക്ക് പൂജ്യമല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
നമ്മുടെ രാജ്യം ജീവിക്കണോ മരിക്കണോ എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഇന്ത്യ ജീവിക്കണം എന്നാണ് ഉത്തരം കൊടുക്കേണ്ടതെങ്കിൽ ഈ വർഗീയ ഫാസിസ്റ്റ് സർക്കാരിനെ താഴെയിറക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനരോഷത്തില്‍ എല്‍ഡിഎഫും ബിജെപിയും തകരുമെന്നും കേരളത്തില്‍ മുഴുവന്‍ സീറ്റും കോണ്‍ഗ്രസ് നേടുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി, തിരുവനന്തപുരത്ത് ജഗതി യുപി സ്കൂളില്‍ വോട്ട് ചെയ്ത് മടങ്ങവേ മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷ മുന്നണി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അത് മന്ത്രിയായാലും നേതാക്കൾ ആയാലും ജാഗ്രത വേണം. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തിൽ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവർത്തനം. യുഡിഎഫിനെ വിശ്വസിക്കാനാകില്ലെന്ന് ജനങ്ങൾക്കറിയാം. അതിനാൽ ജനം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നിൽക്കുമെന്നും റിയാസ് പറഞ്ഞു.
പത്തനംതിട്ടയിലും ഇരുട്ടിയിലും കള്ളവോട്ടും ഇരട്ട വോട്ടും പിടികൂടി. പത്തനംതിട്ടയില്‍ വോട്ടിംഗ് മെഷീനില്‍ താമര ചിഹ്നത്തിന് വലുപ്പം കൂടുതലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആൻറണി പറഞ്ഞു. താമര ചിഹ്നം വളരെ വലുതായും മറ്റുചിഹ്നങ്ങൾ മങ്ങിയാണെന്നുമായിരുന്നു പരാതി. എറണാകുളത്തും ഈ പ്രശ്നമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ടർ ഐഡി കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. അദ്ദേഹം കളക്ടർക്ക് പരാതി നൽകി.
കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടർന്ന് എം എൽ എ ഉൾപ്പെടെ 150 യുഡിഎഫ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സി പി എം സംസ്ഥാന സമിതി അംഗം സൂസൻ കോടിയെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. യു ഡി എഫ് പ്രവർത്തകൻ കമ്പി വടി കൊണ്ട് തല ലക്ഷ്യമാക്കി സൂസനെ ആക്രമിച്ചെന്നും ഒഴിഞ്ഞു മാറിയതിനാൽ കൈക്ക് അടി കൊണ്ട് പരിക്കേറ്റെന്നുമാണ് മൊഴി.
ഞാൻ വോട്ട് ചെയ്യും ഉറപ്പായി എന്ന മുദ്രാവാക്യവുമായി സ്വീപ്പ് വയനാട് നടത്തുന്ന പ്രചരണത്തിന്‍റെ ഭാഗമായി തരിയോട് ഗവൺമെൻറ് ഹയർ സെക്കന്‍ററി സ്കൂളിലെ 112 ബൂത്ത് ലെവൽ ഓഫീസറും സ്വീപ്പ് പ്രതിനിധിയുമായ മനോജ് കണാഞ്ചേരി കന്നി വോട്ടറായ ഗോവിന്ദുമോൾ ജിക്ക് കുരുമുളക് തൈ നൽകി. യുവ വോട്ടര്‍മാരില്‍ തെരഞ്ഞെടുപ്പ് അവബോധം കൂടുതലായി വളര്‍ത്തുന്നതിന്‍റെ ഭാഗമായായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.
തനിക്കെതിരെ കെ സുധാകരനും ശോഭാ സുരേന്ദ്രനും ചേർന്ന് ആസൂത്രിത ഗൂഢാലോചന നടത്തിയെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്നാൽ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടുവെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം ഇപി സ്ഥിരീകരിച്ചു. തന്റെ മകന്റെ ഫ്ലാറ്റിലെത്തി ജാവേദ്ക്കർ കണ്ടുവെന്നും വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ കഴിയുമോ എന്നും ഇപി ചോദിച്ചു.
ഇപി ജയരാജന് ജാഗ്രത കുറവുണ്ടായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയരാജനെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്നും ഇത്തരക്കാരുമായി പരിചയത്തിനപ്പുറത്തുള്ള ബന്ധമോ ലോഹ്യമോ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് ഒന്നാംപ്രതിയായ മുഖ്യമന്ത്രി രക്ഷപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സിപിഎം ബിജെപി രഹസ്യബന്ധത്തെ കുറിച്ച് നേരത്തെ തന്നെ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതാണെന്നും, പ്രതിപക്ഷം പറഞ്ഞ വാക്കുകള്‍ക്ക് അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിണറായി വിജയന് ദല്ലാള്‍ നന്ദകുമാറിനോട് മാത്രമേ പ്രശ്നമുള്ളൂ. ജാവദേക്കര്‍ കേന്ദ്രമന്ത്രിയല്ല, പിന്നെ എന്ത് കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് ഇ പി ജയരാജനും പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തിയത്. പ്രകാശ് ജാവദേക്കറെ താനും പലതവണ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്ര മന്ത്രി പോലുമല്ലാത്ത ജാവദേക്കറെ പലതവണ കണ്ടതെന്നും, പിടിക്കപ്പെട്ടു എന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രി ഇ പിയെ കൈയൊഴിയുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഇ.പി. ജയരാജന്റെ വാദത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ജാവ്‌ദേക്കര്‍ ചായകുടിക്കാന്‍ വരാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോയെന്ന് സുധാകരൻ ചോദിച്ചു. പ്രകാശ് ജാവ്‌ദേക്കര്‍ വെറുതെ ജയരാജനെ കാണാന്‍ വന്നതല്ലെന്നും അതിന് ശേഷം കച്ചവടം നടന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയും ജയരാജനും തമ്മിലുള്ള ശത്രുതയാണ് പാര്‍ട്ടി വിടാനുള്ള ശ്രമത്തിലേക്കും മറ്റും എത്തിച്ചത്. ഇന്ന് മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ നടത്തിയ പ്രസ്താവനയും ഇതിന്റെ ഭാഗമാണെന്നും സുധാകരൻ പറഞ്ഞു.
ബിജെപി ബന്ധത്തിന്‍റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജി വക്കണമെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡൻ്റ് എം.എം ഹസൻ പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകാരൻ എന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ജയരാജനിൽ മുഖ്യ മന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു. കടിച്ചു തൂങ്ങാതെ രാജി വയ്ക്കുന്നതാണ് അദ്ദേഹത്തിനും അഭികാമ്യമെന്നും ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജന്‍റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സി പി എം – ബിജെപി ഡീൽ പുറത്തു വന്നതിന്‍റെ ജാള്യം മറയ്ക്കാനാണെന്നും ഹസൻ പറഞ്ഞു.
സിപിഎം, ബിജെപി അന്തർധാരയുണ്ടെന്ന് ഇ.പി. ജയരാജന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായെന്നു രമേശ് ചെന്നിത്തല എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞാണ് സംഭാഷണങ്ങൾ നടക്കുന്നത്. കുറ്റക്കാരൻ ജയരാജനല്ല, പിണറായിയാണ്. ഇനി പാപി ആരാണെന്ന് അറിഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രമാണെന്ന് എം വി ഗോവിന്ദൻ. ഇന്ന് വരെ മാത്രം ആയുസ്സുള്ള ആരോപണം മാത്രമാണിത്. പലരും വരും, പലരെയും കാണും. അതിലൊന്നും കുഴപ്പമില്ല നന്ദകുമാർ ഫ്രോഡ് ആണെന്നും, തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ ആകാൻ സാധ്യതയില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.
പോളിംഗ് ദിവസമുയർന്ന വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധമാണെന്നും തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍. നോർത്ത് മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നുവെന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് ടെസ്റ്റ് വോട്ട് നടത്തിയത്. ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് വ്യക്തമായി. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമ ചന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. താനൊരു കലാകാരനാണെന്ന് പോലും ഓർത്തില്ല. വോട്ട് അഭ്യർത്ഥിക്കുക മാത്രമാണ് താൻ ചെയ്തത്. തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ തെളിയിക്കാൻ പ്രേമചന്ദ്രൻ തയ്യാറാകണമെന്നും മുകേഷ് പറഞ്ഞു.
പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനും മലപ്പുറം തിരൂരിൽ നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയുമാണ് മരിച്ചത്. ഇരുവരും വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് കുഴഞ്ഞ് വീണ് മരിച്ചത്. ബൂത്തിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
വിവിപാറ്റ് പൂർണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി. ഇലക്ട്രോണിക് വോട്ടിംഗ് മെഷനീകളിലെ കൃത്രിമത്വം നടന്നതിന് തെളിവുകള്‍ ഇല്ലാതെ, സംശയത്തിന്‍റെ പേരില്‍ വിവി പാറ്റുകള്‍ എണ്ണാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞു. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്നും, ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി.
ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് തൊഴില്‍ പെർമിറ്റ് നൽകുന്നത് കുവൈത്ത് നിർത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തൊഴിലുടമകൾ നൽകിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും, കൂടാതെ കുവൈത്ത് ഇതര ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഓരോ തൊഴിലാളിക്കും ഇൻഷുറൻസ് എടുപ്പിക്കാൻ ചില ഈജിപ്ഷ്യൻ അധികൃതർ സമ്മർദ്ദം ചെലുത്തുന്നതായും തൊഴിലുടമകളുടെ പരാതികളിലുണ്ട്.
യുഎസിലെ കാലിഫോർണിയയിലുള്ള പ്ലസന്‍റണിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചത്. അമിത വേഗതയിലെത്തിയ കാർ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.