mid day hd 7

 

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം താന്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടിയും ജനങ്ങളുമാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്. മുഖ്യമന്ത്രിയാകാന്‍ തയാറല്ലേ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പാര്‍ട്ടി പറഞ്ഞാല്‍ ചെയ്യുമെന്നു മറുപടി പറഞ്ഞതിനെയാണ് ഇങ്ങനെ വിവാദമാക്കുന്നത്. മൂന്നു വര്‍ഷം കഴിഞ്ഞുള്ള നിയമസഭ തെരഞ്ഞെടുപ്പിനെ പറ്റി ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ശശി തരൂര്‍.

ശശി തരൂര്‍ വിശ്വപൗരനെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ്. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാവുന്ന നേതൃത്വം വരണം. ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പാര്‍ട്ടിയിലാണ് പറയേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസുകാര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്പരം പറഞ്ഞ് ചര്‍ച്ചയാക്കരുത്. എന്തൊക്കെ പുറത്തു പറയണം, പറയണ്ട എന്ന് നേതാക്കള്‍ തന്നെ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രകടനം നടത്തിയ ഐഎന്‍ടിയുസി നേതാവിനുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രമേശ് ചെന്നിത്തല. ചങ്ങനാശേരിയിലെ ഐ എന്‍ ടി യു സി നേതാവ് പി.പി തോമസിന് നല്‍കുന്ന സ്വീകരണ സമ്മേളനമാണ് നാളെ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുക.

പ്രമുഖ ശാസ്ത്രജ്ഞനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഡയറക്ടറുമായിരുന്ന ഡോ. എ ഡി ദാമോദരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലും ശാസ്ത്രജ്ഞനായിരുന്നു. കെല്‍ട്രോണിന്റെ ചെയര്‍മാനുമായിരുന്നു. വടക്കാഞ്ചേരി ആലത്തൂര്‍ മന കുടുംബാംഗമാണ്. ഇഎംഎസിന്റെ മകള്‍ ഡോ. ഇ എം മാലതിയാണ് ഭാര്യ. സംസ്‌കാരം: നാളെ രാവിലെ ഒമ്പതിന് ശാന്തികവാടത്തില്‍.

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്നു ബന്ധുക്കള്‍. കടുവയെ വെടിവച്ചു കൊല്ലണമെന്നും നഷ്ടപരിഹാരം അപര്യാപ്തമാണെന്നും മരിച്ച തോമസിന്റെ സഹോദരങ്ങളായ സണ്ണിയും ആന്റണിയും പറഞ്ഞു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടു.

മകരജ്യോതി ദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. സന്നിധാനത്തു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്നും നാളെയും വേര്‍ച്വല്‍ ബുക്കിംഗ് ഇല്ല. തിരുവാഭരണ ഘോഷയാത്ര നാളെ കാനന പാത വഴി സഞ്ചരിച്ച് സന്നിധാനത്തെത്തും. പന്തളം കൊട്ടാര കുടുംബാഗം മരിച്ചതിനാല്‍ രാജപ്രതിനിധി ഇല്ലാതെയാണ് ഘോഷയാത്ര.

തൃശൂരിലെ ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിനു വധശിക്ഷ നല്‍കണമെന്ന സംസ്ഥാനത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. നിഷാമിനെ ജയിലില്‍തന്നെ നിലനിര്‍ത്താനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ വധശിക്ഷയാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കൂടത്തായ് റോയ് തോമസ് വധക്കേസില്‍ ഒന്നാം പ്രതി ജോളി ജോസഫിനേയും കൂട്ടുപ്രതികളായ എം.എസ്. മാത്യു, പ്രിജുകുമാര്‍, മനോജ് എന്നിവരേയും കുറ്റപത്രം വായിച്ചു കേള്‍പിച്ചു. കോഴിക്കോട് പ്രത്യേക കോടതിയിലാണ് കുറ്റപത്രം വായിച്ചത്. അഞ്ചു കൊലക്കേസുകള്‍ അടുത്ത മാസം അഞ്ചിലേക്കു മാറ്റി. ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ച ജോളി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ക്ഷുഭിതയായി.

കൊച്ചിയില്‍നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം മണിക്കൂറുകളോളം വൈകി. വിമാനത്തിനകത്ത് യാത്രക്കാരെ പ്രവേശിപ്പിച്ച ശേഷം എസി പ്രവര്‍ത്തിപ്പിക്കാതിരുന്നതോടെ യാത്രക്കാര്‍ ചൂടേറ്റു വലഞ്ഞു.

ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രിയുമായ വി. മുരളീധരന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനം മാറ്റിവച്ചു. ഈ മാസം 15 മുതല്‍ 17 വരെ സന്ദര്‍ശിക്കാനായിരുന്നു പരിപാടി.

വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍നിന്ന് കണക്കില്‍പെടാത്ത 6,500 രൂപ വിജിലന്‍സ് കണ്ടെടുത്തു. അബു എന്ന ഏജന്റില്‍ നിന്നാണ് പണം കിട്ടിയത്.

വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ടു മാസങ്ങളായെന്ന് കളക്ടര്‍ക്കു പരാതി അയച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ വൈദ്യൂതി പുനസ്ഥാപിച്ചു നല്‍കി ജില്ല കളക്ടര്‍. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശിയായ അര്‍ജുന്‍ കൃഷ്ണയെന്ന മൂന്നാം ക്ലാസുകാരനാണ് തന്റെ ബുദ്ധിമുട്ടുകള്‍ വിവരിച്ച് കളക്ടര്‍ക്ക് കത്തെഴുതിയത്. കളക്ടര്‍ സ്വന്തം പണമെടുത്ത് ബില്‍ അടച്ച് വൈദ്യുതി പുനസ്ഥാപിക്കുകയായിരുന്നു.

കോഴിക്കോട് പന്തീരങ്കാവില്‍ ജ്യൂസില്‍ ലഹരി മരുന്ന് നല്‍കി 22 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. ചേവായൂര്‍ സ്വദേശികളാണു പിടിയിലായത്.

യുപി സ്‌കൂളിലെ ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ചെറിയന്‍ മാക്കന്‍ ഫൈസലാണ് അറസ്റ്റിലായത്. കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യുപി വിഭാഗം അധ്യാപകനാണ് ചെറിയന്‍മാക്കന്‍ ഫൈസല്‍.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജല സവാരിയായ ഗംഗാ വിലാസ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിന് സമര്‍പ്പിക്കും. ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍നിന്ന് യാത്ര ആരംഭിക്കുന്ന കപ്പല്‍ ബംഗ്ലാദേശിലൂടെ ആസാമിലെ ദിബ്രുഗഡില്‍ സമാപിക്കും. 51 ദിവസംകൊണ്ട് 4,000 കീലോമീറ്റര്‍ യാത്രക്കിടെ വിവിധ പൈതൃക സ്ഥലങ്ങളും ദേശീയ ഉദ്യാനങ്ങളും സന്ദര്‍ശിക്കും.

ഗംഗയിലൂടെയുള്ള ആഡംബര കപ്പല്‍ വിനോദയാത്രാ പദ്ധതി ധനികര്‍ക്കുവേണ്ടിയുള്ളതാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ധനികര്‍ക്കു വേണ്ടിയുള്ള പദ്ധതികളില്‍ മാത്രമാണ് ബിജെപിക്കു നോട്ടമെന്നും അഖിലേഷ് കുറ്റപ്പെടുത്തി. ഗംഗയില്‍ നിലവില്‍ ചെറുബോട്ടുകള്‍ ഓടിക്കുന്ന നിഷാദ വിഭാഗത്തിലുള്ളവര്‍ക്കു തൊഴില്‍ നഷ്ടപ്പെടുത്തുന്ന പദ്ധതിയാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യം വിട്ട തട്ടിപ്പുവീരന്‍ സ്വാമി നിത്യാനന്ദയുടെ തടങ്കലില്‍നിന്ന് പെണ്‍മക്കളെ വിട്ടുകിട്ടണമെന്ന അച്ഛന്റെ ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിമര്‍ശിച്ച് ഗുജറാത്ത് ഹൈക്കോടതി. 2019 ലാണ് അച്ഛന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്ര അഭ്യന്തര മന്ത്രാലയം കോടതിയില്‍ സത്യവാങ് മൂലം പോലും നല്‍കിയില്ലെന്നു കോടതി വിമര്‍ശിച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡിനെ നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ടെ ബെഞ്ച് പിന്‍മാറി. നേരത്തെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്തു പേര്‍ മരിച്ചു. താനെ ജില്ലയിലെ അംബര്‍നാഥില്‍ നിന്ന് പുറപ്പെട്ട ടൂറിസ്റ്റു ബസ് അഹമ്മദ്നഗര്‍ ജില്ലയിലെ ക്ഷേത്രനഗരമായ ഷിര്‍ദിയിലേക്കു തീര്‍ത്ഥാടകരുമായി പോകുകയായിരുന്നു.

പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ വിസ തരണമെങ്കില്‍ ലൈംഗിക ബന്ധത്തിനു സമ്മതിക്കണമെന്ന് പാക് ഹൈക്കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്ന് പഞ്ചാബിലെ പ്രമുഖ സര്‍വകലാശാലയിലെ സീനിയര്‍ പ്രഫസര്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചു മാസത്തില്‍ ഡല്‍ഹിയിലെ ഹൈക്കമ്മീഷണര്‍ ഓഫീസില്‍ ചെന്നപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് പ്രഫസര്‍ പറഞ്ഞു.

വിശാഖപട്ടണത്ത് വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞു ചില്ലു തകര്‍ത്ത മൂന്നുപേര്‍ അറസ്റ്റില്‍. സിസിടവി ദൃശ്യങ്ങളെ ആധാരമാക്കി നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ കുടുങ്ങിയത്.

കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ ഇന്ന് തിരുവനന്തപുരത്തെത്തും. കൊല്‍ക്കത്തയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് വൈകിട്ട് നാല് മണിക്ക് ഇരു ടീമും എത്തുക. നാളെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണിവരെ ലങ്കയും അഞ്ച് മണി മുതല്‍ എട്ട് വരെ ഇന്ത്യന്‍ ടീമും പരിശീലനത്തിനിറങ്ങും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *