കീഴാളന്റെ മനസ്സിലൂടെ കഥ പറയാന്‍ ശ്രമിക്കുന്നു എന്നതാണ് ‘മലക്കാരി’ എന്ന നോവലിന്റെ മേന്‍മ. ദേശത്തേയും മനുഷ്യരേയും അറിയാന്‍ ഇവിടെ എഴുത്തുകാരന്‍ ശ്രമിക്കുന്നുണ്ട്. പതിനാലു പകലും പതിനാലു രാവും ഭഗവതിക്കു മുമ്പില്‍ കഴിയുന്ന അടിയാള മനസ്സറിയുന്നുണ്ട്. മേലാളന്റെ വയലിലും കാലിത്തൊഴുത്തിലും ഒരു വര്‍ഷം വല്ലിപ്പണി എടുക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ വില്‍ക്കപ്പെട്ടിരുന്ന മനുഷ്യരുടെ വ്യഥകളെക്കുറിച്ച് പറഞ്ഞ മികച്ച നോവലുകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ‘മലക്കാരി’യില്‍ സുരേഷ് പറയാന്‍ ശ്രമിക്കുന്നത് അടിയാളരുടെ പീഡകളെക്കുറിച്ചല്ല അനിതരസാധാരണമായ സ്‌നേഹബന്ധങ്ങളെക്കുറിച്ചാണ്. ഗോത്രജീവിതത്തിന്റെ ചില അടരുകളെങ്കിലും മിഴിവോടെ കാണിച്ചുതരുന്നുണ്ട് മലക്കാരി. സുരേഷ് കൂവാട്ട്. കൈരളി ബുക്‌സ്. വില 237 രൂപ.