പുറത്തിറങ്ങി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മൂന്നു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര എക്‌സ് യു വി 700. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന വാഹനങ്ങള്‍ മാരുതിയുടേതാണെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി ഹ്യുണ്ടേയ് യും ടാറ്റയേയും പിന്തള്ളി രണ്ടാം സ്ഥാനം കയ്യടക്കിയിരിക്കുന്നതു മഹീന്ദ്രയാണ്. ആ രണ്ടാം സ്ഥാനത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്ന വാഹനമാണ് എക്‌സ് യു വി 700. 2021 ല്‍ പുറത്തിറങ്ങിയ ഈ വാഹനത്തിനു ഇതുവരെ കമ്പനി ഒരു ഫേസ് ലിഫ്റ്റ് പോലും പുറത്തിറക്കിയിട്ടില്ല. 46 വേരിയന്റുകളില്‍ (22 പെട്രോള്‍, 24 ഡീസല്‍) വാഹനം ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ട്. 14.49 ലക്ഷം രൂപ മുതല്‍ 25.14 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില വരുന്നത്. എം സ്റ്റാലിയന്‍ രണ്ടു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 200 ബിഎച്ച്പി കരുത്തും 380 എന്‍എം വരെ ടോര്‍ക്കും നല്‍കും. 2.2 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിന് 182 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുണ്ട്.