ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ഭാഗമായ ആംപിയര്‍, മാഗ്‌നസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ നിയോ വേരിയന്റ് പുറത്തിറക്കി. 79,999 രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. ആംപിയറിന്റെ നിരയില്‍ സ്‌കൂട്ടറിന്റെ നിലവിലുള്ള ഇഎക്‌സ് വേരിയന്റിന് പകരം മാഗ്‌നസ് നിയോ എത്തും. നിയോ മറ്റ് വകഭേദങ്ങളുമായി കാഴ്ചയില്‍ വളരെ സാമ്യമുള്ളതാണ്. ഇതിന് ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമാണുള്ളത്. 2.3 കിലോവാട്ട്അവര്‍ എല്‍ഇപി ബാറ്ററിയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെ റിയല്‍ റേഞ്ച് നല്‍കുമെന്ന് ആമ്പിയര്‍ അവകാശപ്പെടുന്നു. മാഗ്‌നസ് നിയോ ഈ മാസം അവസാനത്തോടെ ആമ്പിയര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങും. അഞ്ച് വര്‍ഷം അല്ലെങ്കില്‍ 75,000 കിലോമീറ്റര്‍ ബാറ്ററി വാറന്റിയോടെ ആമ്പിയര്‍ മാഗ്‌നസ് നിയോ വാഗ്ദാനം ചെയ്യുന്നു. സ്‌കൂട്ടര്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 5 മുതല്‍ 6 മണിക്കൂര്‍ വരെ എടുക്കും. കറുപ്പ്, നീല, ചുവപ്പ്, വെള്ള, ചാര നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ വരുന്നു.