middaynews 2

നാളെ തുടങ്ങുന്ന നിയമസഭയുടെ ഏഴാം സമ്മേളനം പ്രക്ഷുബ്ധമാകും. വിഴിഞ്ഞത്തെ സംഘര്‍ഷം, സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്, തിരുവനന്തപുരം കോര്‍പറേഷനിലെ നിമയന ശുപാര്‍ശക്കത്ത് തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരും. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ പാസാക്കും. പതിനാലുു സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലുകളാണു പാസാക്കുക.

വിഴിഞ്ഞം തുറമുഖ പ്രദേശത്തു മാത്രമേ കേന്ദ്രസേനയെ നിയോഗിക്കൂവെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പദ്ധതി പ്രദേശത്തിനു പുറത്ത് ക്രമസമാധാനപാലനത്തിന് പൊലീസ് പര്യാപ്തമാണെന്നും  മന്ത്രി അഹമ്മദ് കോഴിക്കോട്ട് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളുടെ വിലക്കുകള്‍ക്കിടയില്‍ ശശി തരൂര്‍ എംപി പത്തനംതിട്ടയില്‍. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം സന്ദര്‍ശിക്കും. അടൂരില്‍ ബോധിഗ്രാം സെമിനാറിലും പങ്കെടുക്കും. കെപിസിസി പബ്ലിക് പോളിസി കമ്മിറ്റി ചെയര്‍മാന്‍ ജെ എസ് അടൂര്‍ നേതൃത്വം നല്‍കുന്ന പ്രസ്ഥാനമാണ് ബോധിഗ്രാം. പരിപാടിയിലേക്ക് ക്ഷണമുള്ള ഡിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കില്ല. ആന്റോ ആന്റണി എംപിയും പി മോഹന്‍രാജും പങ്കെടുക്കും.

ശശി തരൂരിന്റെ കോട്ടയം, പത്തനംതിട്ട സന്ദര്‍ശനങ്ങള്‍ വിവാദമാക്കേണ്ടിയിരുന്നില്ലെന്നു കെ. മുരളീധരന്‍ എംപി. തരൂര്‍  അറിയിച്ചില്ലെന്നു കോട്ടയം ഡിസിസി പ്രസിഡന്റ് മാധ്യമങ്ങളെയല്ല, കെപിസിസിയിലാണ് അറിയിക്കേണ്ടിയിരുന്നത്.   ശശി തരൂര്‍ വേണ്ടപ്പെട്ടവരെ അറിയിച്ച ശേഷമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. മുരളീധരന്‍ പറഞ്ഞു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതിനെ അനുകൂലിക്കില്ലെന്ന് കെ മുരളീധരന്‍ എംപി. ഗവര്‍ണര്‍ സര്‍വകലാശാലകളില്‍ കാവിവത്കരണ നീക്കം നടത്തുന്നതിനെയും അംഗീകരിക്കാനാകില്ല. പ്രോട്ടോക്കോളനുസരിച്ച് ചാന്‍സലറുടെ കീഴിലാണ് വകുപ്പ് മന്ത്രിയായ പ്രോ ചാന്‍സലര്‍. പ്രോട്ടോക്കോളില്‍ താഴെയായ വ്യക്തിയുടെ കീഴില്‍ എങ്ങനെ പ്രോ ചാന്‍സലര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും മുരളീധരന്‍ ചോദിച്ചു.

കോഴിക്കോട് കോര്‍പറേഷന്‍ അക്കൗണ്ട് തട്ടിപ്പില്‍ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. നാളെ പഞ്ചാബ് നാഷണല്‍ ബാങ്കിലും കോര്‍പ്പറേഷനിലും പരിശോധന നടത്തും. ഇന്നലെയാണ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തത്.

തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍ ആര്യാ രാജേന്ദ്രന്റെ നിയമന ശുപാര്‍ശക്കത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക്. ഇതിന്റെ ഭാഗമായി തദ്ദേശ മന്ത്രി ഇടപെട്ട് പ്രതിപക്ഷ പാര്‍ട്ടികളെ ചര്‍ച്ചക്കു വിളിച്ചു. നാളെ വൈകിട്ട് നാലിനു സെക്രട്ടേറിയറ്റിലാണ് ചര്‍ച്ച.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്കു മുകളിലെത്തി. മഴ പെയ്യുന്നതും തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവു കുറച്ചതുമാണ് കാരണം. സംഭരണ ശേഷിയായ 142 അടി വെള്ളം സംഭരിക്കാം. ജലനിരപ്പ് ഉയര്‍ന്നാല്‍ വെള്ളം തുറന്നുവിടുമെന്നു മുന്നറിയിപ്പുണ്ട്.

പാലക്കാട് പോക്‌സോ കേസില്‍ പ്രോസിക്യൂട്ടര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നു പരാതി നല്‍കിയ ലീഗല്‍ കൗണ്‍സലറെ മാറ്റിനിര്‍ത്താന്‍ വനിത ശിശു വികസന ഡയറക്ടര്‍ ഉത്തരവിട്ടു. ലീഗല്‍ കൗണ്‍സലര്‍ വനിതാ – ശിശു കേന്ദ്രത്തിലെ കുട്ടികളുടെ ഒരു കേസിലും ഇടപെടരുതെന്നാണ് ഉത്തരവിലെ നിര്‍ദേശം. 2018 ല്‍ പാലക്കാട് മങ്കരയില്‍ രജിസ്ട്രര്‍ ചെയ്ത പോക്‌സോ കേസ് അട്ടിമറിക്കാന്‍ പ്രോസിക്യൂട്ടര്‍ സുബ്രഹ്‌മണ്യന്‍ ശ്രമിച്ചെന്നാണ് ലീഗല്‍ കാന്‍സലര്‍ ജില്ലാ ജഡ്ജിക്കു പരാതി നല്‍കിയത്.

സര്‍ക്കാര്‍ സ്ഥാപനത്തിന്റെ കാലിത്തീറ്റ കഴിച്ചു മൂന്നു പശുക്കളും അഞ്ചു കിടാങ്ങളും ചത്തെന്നു പരാതി. കണ്ണൂരില്‍ നായാട്ടുപാറ കോവൂരില്‍ പ്രിതീഷ് എന്നയാളുടെ ഫാമിലാണ് സംഭവം. ഭക്ഷണം ദഹിക്കാതെ വയര്‍ വീര്‍ത്ത് അവശരായ പശുക്കളാണ് ചത്തതെന്നും തീറ്റയുടെ ഗുണനിലവാരത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത വെറ്റിനറി സര്‍ജന്‍ പറയുന്നു.

ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ കവുങ്ങ് വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം  ഇല്ലിക്കല്‍ സ്വദേശി അമീന്‍ മുഹമ്മദാണ് മരിച്ചത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

കായികമേളക്കിടെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മരിച്ചില്ല ഒടിഞ്ഞുവീണ് വിദ്യാര്‍ത്ഥിക്കു പരിക്ക്. എറണാകുളം വെങ്ങോല ഷാലോം എച്ച്എസിലെ കെ.പി. അഫിതക്കാണ് പരിക്കേറ്റത്.

മദ്യലഹരിയില്‍ വഴക്കുണ്ടാക്കിയ സഹൃത്തുക്കളില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. തൊടുപുഴ കാഞ്ഞാര്‍ ഞാളിയാനിയില്‍ ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്.

ഗര്‍ഭിണിയായ യുവതി കിണറ്റില്‍ മരിച്ചനിലയില്‍. മാവേലിക്കര വെട്ടിയാര്‍ സ്വദേശി സ്വപ്‌ന (40) ആണ് മരിച്ചത്. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവ് സൈനികനാണ്.

മുനമ്പത്തുനിന്നു മത്സ്യബന്ധനത്തിന പോയ ബോട്ട് മുങ്ങി കടലില്‍ അകപ്പെട്ട 13 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. കണ്ണൂരില്‍ നിന്നും 67 നോട്ടിക്കല്‍ മെയില്‍ അകലെയാണ് അപകടമുണ്ടായത്. കോസ്റ്റല്‍ പൊലീസ് എത്തി തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ആഡംബര കാറില്‍ കടത്തുകയായിരുന്ന 300 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ പൊലീസ് പിടികൂടി. രാജസ്ഥാന്‍ സ്വദേശി പ്രകാശ്, ബാംഗ്ലൂര്‍ സ്വദേശി രാജേഷ് എന്നിവരാണു തമിഴ്‌നാട് അതിര്‍ത്തിയിലെ മാര്‍ത്താണ്ഡത്തു തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്.

ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടോയെന്ന് ഓരോ കോണ്‍ഗ്രസുകാരനും ആത്മപരിശോധന നടത്തണമെന്ന് എഐസിസി  പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ. മോദി നശിപ്പിക്കുന്ന ഇന്ത്യയെ രക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണ്. സംഘടനയ്ക്കു ശക്തിയുണ്ടെങ്കിലേ തെരഞ്ഞെടുപ്പില്‍ വിജയിക്കൂ. ഭാരവാഹികള്‍ മുതല്‍ താഴേ തട്ടിലുള്ള അംഗങ്ങള്‍ വരെ സ്വന്തം ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഖര്‍ഗേ നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനായശേഷമുള്ള ആദ്യ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദി കാഷ്മീര്‍ ഫയല്‍സ്’ ചലച്ചിത്രം ‘അശ്ലീലവും’ ‘പ്രൊപ്പഗണ്ടയുമാണെന്ന’ ഇസ്രായേല്‍ ചലച്ചിത്ര സംവിധായകനും, ഐഎഫ്എഫ്‌ഐ ജൂറി ചെയര്‍മാനുമായ നദവ് ലാപിഡിന്റെ നിലപാടിനെ പിന്തുണച്ച് ഐഎഫ്എഫ്‌ഐയിലെ മറ്റു മൂന്നു ജൂറി അംഗങ്ങള്‍ രംഗത്ത്. ജിങ്കോ ഗോട്ടോ, പാസ്‌കെല്‍ ചാവന്‍സ്, ജാവിയര്‍ അംഗുലോ ബാര്‍ട്ടൂറന്‍ എന്നിവര്‍ ചേര്‍ന്ന് ട്വിറ്ററിലാണ് ജൂറി ചീഫ് ലാപിഡ് പറഞ്ഞതു ശരിയാണെന്നു സ്ഥിരീകരിച്ചത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ വിവാദ നായകന്‍ കമ്പ്യൂട്ടര്‍ ബാബ. മധ്യപ്രദേശില്‍ നടന്ന റാലിക്കിടെയാണ് കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നാംദേവ് ദാസ് ത്യാഗി പങ്കെടുത്തത്. മുന്‍മുഖ്യമന്ത്രി കമല്‍നാഥും യാത്രയില്‍ പങ്കെടുത്തു. യാത്ര ഇന്നു വൈകുന്നേരം രാജസ്ഥാനിലേക്കു പ്രവേശിക്കും.

ആര്‍എസ്എസും ബിജെപിയും സീതാദേവിയെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.   മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്രാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ജയ് സിയ റാം’ എന്ന് പറയാന്‍ ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ക്കു മടിയാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഒരു സ്ത്രീക്കും ആര്‍എസ്എസിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.

ട്രാവല്‍ ടെക് സ്ഥാപനമായ ഓയോ പത്തു ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. 3700 ജീവനക്കാരുള്ള ഓയോയില്‍നിന്ന് 600 പേരെയാണ് ഓയോ പിരിച്ചുവിടുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *