ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളില്‍ ബഫര്‍സോണ്‍ ഫീല്‍ഡ് സര്‍വേ നാളെ തുടങ്ങും. ഒഴിവാക്കേണ്ടതും കൂട്ടിച്ചേര്‍ക്കേണ്ടതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടെത്താനാണ് ഫീല്‍ഡ് സര്‍വേ. പെരിയാര്‍, മതികെട്ടാന്‍, ഇടുക്കി തുടങ്ങി ഇടുക്കിയിലെ സംരക്ഷിത മേഖലകള്‍ക്കു ചുറ്റും ബഫര്‍സോണില്‍ ഉള്‍പ്പെടുത്തേണ്ട പല കെട്ടിടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കിയിട്ടുണ്ട്. വിശദ പരിശോധന നടത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ബഫര്‍സോണ്‍ ഫീല്‍ഡ് സര്‍വേ ഓരോ പഞ്ചായത്തിനും സ്വന്തം നിലയില്‍ ആരംഭിക്കാവുന്നതാണെന്ന് റവന്യൂ മന്ത്രി കെ. രാജനും വനംമന്ത്രി എ.കെ. ശശീന്ദ്രനും. ജനവാസ മേഖലയെ ബഫര്‍സോണില്‍ ഉള്‍പെടത്തില്ല. ഭൂപടം പരിശോധിച്ച് പരാതി വാര്‍ഡു മെമ്പറേയും പഞ്ചായത്തിലും രേഖാമൂലം അറിയിക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു.
കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. ചൈനയില്‍ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് സെവന്‍ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്. മാസ്‌ക് ഉപയോഗിക്കണമെന്നും ബൂസ്റ്റര്‍ ഡോസ് അടക്കമുള്ള വാക്‌സിന്‍ എടുക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കേയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.
സംസ്ഥാന ഭൂരേഖ സര്‍വ്വെ വകുപ്പില്‍ പൊതുസ്ഥലം മാറ്റത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ ഏതു യൂണിയനിലെ അംഗമാണെന്നുകൂടി രേഖപ്പെടുത്തണമെന്ന നിര്‍ദേശത്തിനെതിരേ പ്രതിപക്ഷ യൂണിയനുകള്‍. രജിസ്‌ട്രേഷന്‍ ഐജിക്ക് പരാതി നല്‍കുമെന്ന് പ്രതിപക്ഷ സര്‍വ്വീസ് സംഘടനാ നേതാക്കള്‍ അറിയിച്ചു.
തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ തോറ്റ വിദ്യാര്‍ഥികളും ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത സംഭവത്തില്‍ എല്ലാ കുട്ടികളും സര്‍ട്ടിഫിക്കറ്റ് തിരിച്ചുനല്‍കി. രണ്ടാം വര്‍ഷ പരീക്ഷ തോറ്റ ഏഴു വിദ്യാര്‍ഥികളും സര്‍ട്ടിഫിക്കറ്റ് തിരുച്ചുനല്‍കി.
ക്രിസ്മസ്, ന്യൂ ഇയര്‍ സീസണിലെ യാത്രാതിരക്കു പരിഹരിക്കാന്‍ ദക്ഷിണ റയില്‍വേ അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി. എറണാകുളം- ചെന്നൈ, ചെന്നൈ എഗ്മോര്‍ – കൊല്ലം, എറണാകുളം -വേളാങ്കണി, എറണാകുളം- താമ്പ്രം റൂട്ടുകളിലും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍.
ഇന്നു രാത്രി എട്ടു മുതല്‍ താമരശേരി ചുരം വഴിയുള്ള ഗതാഗതത്തിനു നിയന്ത്രണം. കര്‍ണാടകത്തിലേക്കുള്ള കൂറ്റന്‍ ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി പോകാന്‍ അനുമതി നല്‍കിയതിനാലാണു നിയന്ത്രണം. വാഹനങ്ങള്‍ മറ്റു വഴികളിലൂടെ പോകണമെന്നാണു നിര്‍ദേശം.
കേരള കലാമണ്ഡലത്തില്‍ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ പണമില്ല. വിദ്യാര്‍ഥികളുടെ ഗ്രാന്റും മുടങ്ങി. 123 സ്ഥിരം ജീവനക്കാരും 171 താല്‍ക്കാലിക ജീവനക്കാരും 600 വിദ്യാര്‍ഥികളുമാണ് ഇവിടെയുള്ളത്. 75 ലക്ഷം രൂപയാണ് ശമ്പളം നല്‍കാന്‍ വേണ്ടത്. പത്താം തീയതിയോടെയാണു ശമ്പളം നല്‍കാറുള്ളത്.
ബഫര്‍സോണ്‍ വിഷയത്തില്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇനിയെങ്കിലും ജാഗ്രത വേണം. വസ്ത്രം മാറുന്നതുപോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്. യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണു ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുമളിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റിലായി. തൃശൂര്‍ മുകുന്ദപുരം സ്വദേശി അലന്‍ ബാബുവിനെയാണ് പിടികൂടിയത്. കുമളിയിലെ ലോഡ്ജില്‍ സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചൈനയുടെ അധിനിവേശ ശ്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളംമൂലം സഭാ നടപടികള്‍ നിര്‍ത്തിവച്ചു. രാവിലെ സഭ ചേര്‍ന്നപ്പോള്‍ കൊവിഡിനെതിരെ ജാഗ്രത വേണമെന്നു ലോക്‌സഭ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. അംഗങ്ങള്‍ക്ക് മാസ്‌ക് വിതരണം നടത്തുകയും ചെയ്തു.
മാസ്‌ക് ധരിക്കുന്നതടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദേശം തള്ളി രാഹുല്‍ ഗാന്ധി. ഹരിയാനയില്‍ തുടരുന്ന ഭാരത് ജോഡോ യാത്രയില്‍ മാസ്‌ക് ധരിക്കാതെയാണ് രാഹുല്‍ യാത്ര നടത്തിയത്. പ്രവര്‍ത്തകരും മാസ്‌ക് ധരിച്ചില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തണമെന്ന് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മുന്നറിയിപ്പു നല്‍കിയിരുന്നു.
ഡല്‍ഹി മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം. സിസോദിയയെ കേസുമായി നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് ഇ ഡി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ടിവി താരവും ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറുമായ ഉര്‍ഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും നടത്തിയ ആള്‍ മുംബൈയില്‍ അറസ്റ്റില്‍. നവിന്‍ ഗിരി എന്നയാളെയാണ് ഗൊരേഗാവ് പൊലീസ് അറസ്റ്റു ചെയ്തത്.
ചൊവ്വാ ഗ്രഹത്തില്‍ നാലു വര്‍ഷമായി പര്യവേഷണം നടത്തിയ നാസയുടെ റോബോട്ടിക് ലാന്‍ഡറായ ഇന്‍സൈറ്റ് ലാന്‍ഡര്‍ പ്രവര്‍ത്തനരഹിതമായി. ചൊവ്വാ ഗ്രഹത്തിലെ പൊടി പടലങ്ങളില്‍ മൂടിയതുമൂലമാണ് പ്രവര്‍ത്തനം നിലച്ചത്. 8130 ലക്ഷം ഡോളര്‍ ചെലവിട്ടാണ് ഇന്‍സൈറ്റ് വിക്ഷേപിച്ചത്. ചൊവ്വയിലെ കമ്പനങ്ങളും പൊടിപടലങ്ങളും ഉല്‍ക്കകളുടെ ആഘാതങ്ങളുമാണു പഠിച്ചത്.