പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പി’ലെ തീം സോംഗ് റിലീസ് ചെയ്തു. ‘രാവില്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. സയനോര ഫിലിപ് ആണ് ഗാനം ആലപിച്ചത്. ഓഗസ്റ്റ് 25ന് ചിത്രം തിയറ്ററുകളില്‍ എത്തും. പ്രതികാരത്തിന്റെയും പകയുടെ ധ്വനി ഉയര്‍ത്തുന്നതാണ് ഗാനം. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ പാട്ട് പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കോര്‍ത്തിണക്കി കൊണ്ടാണ് പാട്ട് പുറത്തിറങ്ങിയിരിക്കുന്നത്. അബ്ദുള്ള മരക്കാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
മണി രത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്നു. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30 ന് ആണ് എത്തുക. ചിത്രത്തിന്റെ ഒരു പുതിയ അപ്‌ഡേറ്റും ഇപ്പോള്‍ എത്തിയിരിക്കുകയാണ്. കേരള റിലീസിനെ സംബന്ധിച്ചാണ് അത്. കേരളത്തിലെ പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസിനാണ് പിഎസ് 1 ന്റെ കേരള ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്‌സ്. കേരളത്തില്‍ 250 ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് ത്തുക. 500 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, തൃഷ, വിക്രം പ്രഭു തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം.
സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപയായി. ഇന്നലെ മൂന്ന് തവണയായി സ്വര്‍ണവില 560 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന് ഇന്ന് പത്തുരൂപയാണ് കുറഞ്ഞത്. 4700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില. 13ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520ലേക്ക് സ്വര്‍ണവില കുതിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. എട്ടുദിവസത്തിനിടെ 920 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. ഇന്ന് രാവിലെ 10 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ ആകെ 70 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ട്. 10 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3,880 രൂപയാണ്.
വായ്പാ പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) 0.20 ശതമാനം ഉയര്‍ത്തി എസ്.ബി.ഐ. പുതിയനിരക്ക് ആഗസ്റ്റ് 15ന് പ്രാബല്യത്തില്‍ വന്നതിനാല്‍ എം.സി.എല്‍.ആറുമായി ബന്ധിപ്പിച്ച വായ്പകളുള്ളവരുടെ പ്രതിമാസതിരിച്ചടവ് (ഇ.എം.ഐ) ഉയരും. 7.50 ശതമാനത്തില്‍ നിന്ന് 7.70 ശതമാനമായാണ് ഒരുവര്‍ഷ എം.സി.എല്‍.ആര്‍ വര്‍ദ്ധിപ്പിച്ചത്. ഓവര്‍നൈറ്റ്, ഒരുമാസം, മൂന്നുമാസ കാലാവധികളുള്ള വായ്പകള്‍ക്ക് പുതിയനിരക്ക് 7.35 ശതമാനം. ആറുമാസ കാലാവധിക്ക് 7.65 ശതമാനം. രണ്ടുവര്‍ഷക്കാലാവധിക്ക് 7.90 ശതമാനവും മൂന്നുവര്‍ഷത്തിന് എട്ടുശതമാനവുമാണ് പുതിയനിരക്ക്.
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ സിബി300എഫിന്റെ അഖിലേന്ത്യാ തലത്തിലുള്ള വിതരണം ആരംഭിച്ചു. ഹോണ്ടയുടെ 300-500സിസി വിഭാഗത്തിലെ നാലാമത്തെ എന്‍ട്രിയാണ് സിബി300എഫ്. മറ്റു സവിശേഷതകള്‍ക്കൊപ്പം 293സിസി ഓയില്‍-കൂള്‍ഡ് 4-വാല്‍വ് എസ്ഒഎച്ച്‌സി എഞ്ചിനുമായാണ് പുതിയ മോട്ടോര്‍ സൈക്കിള്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്. ഡീലക്‌സ്, ഡീലക്‌സ് പ്രോ എന്നീ രണ്ട് വേരിയന്റുകളിലായി മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, സ്‌പോര്‍ട്‌സ് റെഡ് എന്നീ മൂന്ന് നിറങ്ങളില്‍ സിബി300എഫ് ലഭ്യമാവും. 2.25 ലക്ഷം രൂപയാണ് ന്യൂഡല്‍ഹി എക്‌സ് ഷോറൂം വില.
സ്വന്ത ബന്ധങ്ങളോടൊപ്പം ചേര്‍ന്നു ജീവിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. നാടു വിട്ടു പോകേണ്ടി വരുന്ന ഒരു കര്‍ഷക കുടുംബത്തിന്റെ പോരാട്ടങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം. ‘ആളണ്ടാപ്പക്ഷി’. പെരുമാള്‍ മുരുകന്‍. വിവര്‍ത്തനം – ഇടമണ്‍ രാജന്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 342 രൂപ.
കൊറോണ വൈറസിന്റെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ജനിതക വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാകുമെന്ന് ലോകാരോഗ്യ സംഘടന. പരിശോധനകളും നിരീക്ഷണവും ജനിതക സീക്വന്‍സിങ്ങും കുറഞ്ഞത് പുതിയ വകഭേദങ്ങളെ കണ്ടെത്താനുള്ള നമ്മുടെ ശേഷിയെ ബാധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഒമിക്രോണ്‍ ആണ് കൊറോണ വൈറസിന്റെ പ്രബല വകഭേദം. ഇതിന് തന്നെ ബിഎ1, ബിഎ2, ബിഎ3, ബിഎ4, ബിഎ5 എന്നിങ്ങനെ പല വകഭേദങ്ങളുണ്ടായി. ബിഎ5 വകഭേദം 121 രാജ്യങ്ങളിലും ബിഎ4 വകഭേദം 103 രാജ്യങ്ങളിലും ഇപ്പോള്‍ പ്രബല കോവിഡ് വകഭേദമാണ്. 2020 ല്‍ കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിങ്ങനെ ആശങ്ക പരത്തുന്ന നിരവധി വകഭേദങ്ങള്‍ കൊറോണ വൈറസിനുണ്ടായി. ഇതില്‍ ഇന്ത്യയില്‍ ഏറ്റവും മാരകമായ കോവിഡ് തരംഗത്തിന് കാരണമായത് ഡെല്‍റ്റ വകഭേദമാണ്. ഇനിയും ഇത്തരത്തിലുള്ള മാരക വകഭേദങ്ങള്‍ കൊറോണ വൈറസിന് ഉണ്ടാകാമെന്നാണ് ഡോ. മരിയ മുന്നറിയിപ്പ് നല്‍കുന്നത്. ഭാവി വകഭേദങ്ങള്‍ക്ക് കൂടുതല്‍ വ്യാപനശേഷിയും മനുഷ്യരുടെ പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടാനുള്ള കഴിവും ഉണ്ടാകാമെന്നും അവയുടെ തീവ്രത കൂടുതലോ കുറവോ ആകാമെന്നും പ്രവചിക്കുന്നു. ഇതുവരെ കണ്ടെത്തിയതിലും വച്ച് ഏറ്റവുമധികം വ്യാപനശേഷിയുള്ള കൊറോണ വൈറസ് വകഭേദം ഒമിക്രോണ്‍ ആണെങ്കിലും ഈ വൈറസ് മൂലമുള്ള രോഗതീവ്രത വളരെ കുറവാണ്. പുതിയ വകഭേദങ്ങളെ കണ്ടെത്തുന്നതില്‍ പരിശോധനയും സാംപിളുകളുടെ സീക്വന്‍സിങ്ങും നിര്‍ണായകമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.84, പൗണ്ട് – 93.88, യൂറോ – 79.29, സ്വിസ് ഫ്രാങ്ക് – 82.71, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.96, ബഹറിന്‍ ദിനാര്‍ – 211.80, കുവൈത്ത് ദിനാര്‍ -259.36, ഒമാനി റിയാല്‍ – 207.66, സൗദി റിയാല്‍ – 21.26, യു.എ.ഇ ദിര്‍ഹം – 21.74, ഖത്തര്‍ റിയാല്‍ – 21.93, കനേഡിയന്‍ ഡോളര്‍ – 61.36.