ഫഹദ് ഫാസില്‍ നായകനായെത്തുന്ന ‘ധൂമ’ത്തിലെ പാട്ടിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. വിനായക് ശശികുമാര്‍ വരികള്‍ കുറിച്ച ഗാനം കപില്‍ കപിലന്‍ ആണ് ആലപിച്ചത്. പൂര്‍ണചന്ദ്ര തേജസ്വി ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലും പുറത്തിറങ്ങുന്ന ധൂമത്തില്‍ അപര്‍ണ ബാലമുരളി നായികയായെത്തുന്നു. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിനു ശേഷം ഫഹദും അപര്‍ണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പവന്‍ കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. റോഷന്‍ മാത്യു, വിനീത്, അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ധൂമത്തില്‍ വേഷമിടുന്നു. ജൂണ്‍ 23ന് ചിത്രം പ്രദര്‍ശനത്തിനെത്തും.