മോഹന്‍ലാലിന്റെ ആദ്യ സംവിധാനസംരംഭമായ ‘ബറോസി’ലെ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തുവിട്ടു. മലയാളത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതവിസ്മയമായി അറിയപ്പെടുന്ന ലിഡിയന്‍ നാദസ്വരമാണ് ഗാനം ചിട്ടപ്പെടുത്തിയത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ലോകത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരെ അണിനിരത്തിയാണ് ലിഡിയന്‍ ബറോസിനു വേണ്ടി ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ‘ഇസബെല്ലാ’ എന്നു തുടങ്ങുന്ന ഗാനത്തിനായി മാസിഡോണിയയിലെ ഫെയിംസ് ഓര്‍ക്കസ്ട്രയാണ് അണിചേര്‍ന്നത്. പെര്‍കഷനിസ്റ്റ് എ.ശിവമണി, വയലിനിസ്റ്റ് അനന്ത് കൃഷ്ണന്‍, ബാംസുരിയും ഫ്‌ലൂട്ടുമായി അമൃതവര്‍ഷിണിയും ആകാശും തുടങ്ങി ഓരോ മേഖലയിലും പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ആസ്വാദകര്‍ക്ക് പുതിയ അനുഭവമായി. ഹിന്ദിയില്‍ ബോളിവുഡ് ഗായകന്‍ ഷാന്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പത്തൊന്‍പതുകാരനായ ലിഡിയന്‍ നാദസ്വരം ആദ്യമായി സംഗീതസംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് ബറോസ്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഡിസംബര്‍ 25ന് തിയറ്ററുകളിലെത്തും.