നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. ക്രമരഹിതമായ ജീവിതശൈലിയാണ് പലപ്പോഴും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നത്. പുകവലി ഒഴിവാക്കുക, മലിനമായ വായു ശ്വസിക്കാതിരിക്കുക, ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുക എന്നിവ ഒരു പരിധിവരെ ശ്വാസകോശത്തെ സംരക്ഷിക്കും. ശ്വാസകോശാരോഗ്യത്തിന് ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. ശ്വാസകോശാരോഗ്യത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പച്ചക്കറികള്‍ കഴിക്കുന്നത് ശ്വാസകോശാരോഗ്യത്തിന് നല്ലതാണ്. ചീര, കാബേജ്, മുരിങ്ങയില എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശ അര്‍ബുദം തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ് തക്കാളി. തക്കാളിയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ശ്വാസകോശാരോഗ്യത്തിന് ഏറെ നല്ലതാണ്. നൈട്രേറ്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ബീറ്റ്‌റൂട്ട് ശ്വാസകോശാരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവ അടങ്ങിയ ബീറ്റ്‌റൂട്ട് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍, ഫ്‌ലേവനോയ്ഡുകള്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് ആപ്പിള്‍. ദിവസവും ആപ്പിള്‍ കഴിക്കുന്നത് ശ്വാസകോശാരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ ബി, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യത്തിനും ആപ്പിള്‍ നല്ലതാണ്. മഞ്ഞളിന് നിറം നല്‍കുന്ന രാസവസ്തുവാണ് കുര്‍ക്കുമിന്‍. പല മെഡിക്കല്‍ അവസ്ഥകളിലും ഇത് പ്രയോജനകരമാണ്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകള്‍ക്കെതിരെയും മഞ്ഞള്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.