web cover 22

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ താത്കാലിക നിയമനത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവും സ്റ്റേയും ഇല്ല. വിസിയുടെ പേര് ശിപാര്‍ശ ചെയ്യാനുളള അവകാശം സര്‍ക്കാരിനാണെന്ന് അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചേ നിയമിക്കാനാകൂവെന്ന് ഗവര്‍ണറുടെ അഭിഭാഷകനും വാദിച്ചു. സമാനമായ മറ്റൊരു കേസിനൊപ്പം ഹര്‍ജി നാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. യുജിസിയെക്കൂടി ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് കേരളത്തില്‍ നികുതി പിരിക്കാമെന്ന് ഹൈക്കോടതി. അന്തര്‍സംസ്ഥാന ബസുടമകളുടെ ഹര്‍ജിയിലാണ് ഉത്തരവ്. കേന്ദ്ര നിയമത്തിന്റെ അഭാവത്തില്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ബസുകളില്‍നിന്ന് സംസ്ഥാനത്തിന് നികുതി പിരിക്കാമെന്ന് കോടതി.

കേന്ദ്രസര്‍ക്കാര്‍ നിയമ കമ്മീഷന്‍ പുനസംഘടിപ്പിച്ചു. കര്‍ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയാണ് കമ്മീഷന്‍ ചെയര്‍മാന്‍. കേരള ഹൈക്കോടതി മുന്‍ ജഡ്ജി കെ.ടി ശങ്കരന്‍, ആനന്ദ് പലിവാള്‍, പ്രൊഫ. ഡി.പി. വര്‍മ്മ, പ്രൊഫ. രാകാ ആര്യ, എം. കരുണാനിധി എന്നിവരാണു അംഗങ്ങള്‍. നാലു വര്‍ഷമായി ഇല്ലാതിരുന്ന നിയമ കമ്മീഷന്‍, ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ ബിജെപി ഭരണമുള്ള സംസ്ഥാനങ്ങള്‍ ഒരുങ്ങുന്നതിനിടെയാണ് പുനസംഘടിപ്പിച്ചത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

പാഠ്യപദ്ധതി പരിഷ്‌കരണത്തിനു സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ചര്‍ച്ച. തിരുവനന്തപുരം ഭരതന്നൂര്‍ ഗവണ്‍മെന്റ് എച്ച്എസ്എസില്‍ ചര്‍ച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. 48 ലക്ഷത്തിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പൊതു വിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവരും പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമാകുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതു ലോകത്തുതന്നെ ആദ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

നിയമന കത്ത് വിവാദത്തില്‍ പ്രതിഷേധവും സംഘര്‍ഷവും. കോര്‍പറേഷനില്‍ ബിജെപിയുടെ ഉപരോധ സമരം. മേയറുടേയും ഡി.ആര്‍ അനിലിന്റേയും ഓഫിസിനു മുന്നില്‍ ബിജെപി കൊടി നാട്ടി. ആരും പ്രവേശിക്കാതിരിക്കാന്‍ ബിജെപിയുടെ വനിത കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കിടന്നാണ് പ്രതിഷേധിച്ചത്.

ആനാവൂര്‍ നാഗപ്പന്മാരുടെ ചെരുപ്പു നക്കാത്തവര്‍ക്കു ജോലി ഇല്ലാത്ത അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തിരുവനന്തപുരം കോര്‍പറേഷനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍ ഇല്ല, കിറ്റ് ഇല്ല. ബന്ധു നിയമനം, അഴിമതി എന്നിവ മാത്രം നടക്കുന്നു. മേയര്‍ രാജി വയ്ക്കേണ്ട, ജനം അടിച്ചു പുറത്താക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടെ മുടവന്‍മുകളിലെ വീട്ടില്‍ നിന്നിറങ്ങിയ മേയര്‍ ആര്യാ രാജേന്ദ്രനെതിരേ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ മേയര്‍ പൊലീസില്‍ നേരിട്ട് പരാതി നല്‍കാത്തത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍. പൊലീസ് കേസെടുക്കാതിരിക്കാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമുള്ള തന്ത്രമാണ് പ്രയോഗിച്ചത്. കേസെടുത്താല്‍ സംശയിക്കുന്നവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടിവരും. കമ്പ്യൂട്ടറും കത്തു പ്രചരിപ്പിച്ച ഫോണും പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധന നടത്തേണ്ടിവരും. കോടതിയില്‍ നിയമന രീതികളെക്കുറിച്ച് നഗരസഭക്കു വിശദീകരിക്കേണ്ടിവരും. ഇതെല്ലാം ഒഴിവാക്കാനാണ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് പ്രാഥമിക അന്വേഷണം മാത്രം നടത്തിക്കുന്നത്.

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കോര്‍പറേഷന്‍ ഓഫിസിലെത്തിയത് വന്‍ പൊലീസ് സംരക്ഷണത്തോടെ. സിപിഎം കൗണസിലര്‍മാരും രക്ഷാകവചമൊരുക്കി. മേയറുടെ ചേംബറിനുമുന്നില്‍ സമരം നടക്കുന്നതിനാല്‍ പിഎയുടെ മുറിയിലൂടെ മേയര്‍ അകത്തു കടന്നപ്പോള്‍ സമരം ചെയ്യുന്ന ബിജെപി പ്രവര്‍ത്തകര്‍ കൂകി വിളിച്ചു.

സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടുകളോ വിവരങ്ങളോ വിവരാവകാശ നിയമ പ്രകാരം സ്വകാര്യ ആവശ്യങ്ങള്‍ക്കായി കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി. സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് റിട്ട. ഓഫീസറായ എസ്. രാജീവ് കുമാറിന്റെ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്റെ സ്ഥാപനത്തിനു വഴിവിട്ട സഹായങ്ങളുമായി കോഴിക്കോട് കോര്‍പറേഷന്‍. ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറുകള്‍ നവീകരിക്കാനും പരിപാലിക്കാനുമുളള കരാറെടുത്ത ഷാഹിര്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഡെപ്പോസിറ്റ് തുക അടച്ചിട്ടില്ല. ഷാഹിര്‍ നല്‍കിയ ചെക്ക് മടങ്ങിയിട്ടും കോര്‍പറേഷന്‍ നിയമ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആരോപണം.

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഇഡുന്‍ കപ്പലില്‍നിന്ന് അറസ്റ്റിലായ മലയാളി ചീഫ് ഓഫീസര്‍ സനു ജോസിനെ തിരികേ കപ്പലില്‍ എത്തിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന വിജിത്ത് ഉള്‍പ്പെടെയുള്ള 15 ഇന്ത്യക്കാരെ കരയില്‍ തടവിലാക്കി ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഇവരുടെ മോചനത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതി.

എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ ലഘുലേഖകള്‍ വിതരണം ചെയ്തു. ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് വിമര്‍ശനം. ആര്‍എസ്എസിന്റെ ചട്ടുകമായ ഗവര്‍ണറുടെ നടപടികളെ ചെറുക്കണമെന്നും ലഘുലേഖയില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയത്.

കൈരളി ടിവി, മീഡിയ വണ്‍ ചാനലുകളെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഇറക്കിവിട്ട ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് പത്രപ്രവര്‍ത്തക യൂണിയന്‍ മാര്‍ച്ച് നടത്തി. ഗവര്‍ണറുടെ നടപടി ജനാധിപത്യ സംവിധാനത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ആരോടും കടക്കൂ പുറത്ത് പറയരുത്. അതാണ് കോണ്‍ഗ്രസ് നിലപാട്. സെക്രട്ടേറിയറ്റിലെ പ്രവേശന വിലക്കും നീക്കം ചെയ്യേണ്ടതാണെന്ന് സതീശന്‍ പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്യൂഡല്‍ മാടമ്പിയെപ്പോലെ പെരുമാറുകയാണെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ടി എം തോമസ് ഐസക് കുറ്റപ്പെടുത്തി.

വനിതാ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശിനെതിരെ മോശം പദപ്രയോഗം നടത്തി മുന്‍മന്ത്രി സജി ചെറിയാന്‍ വീണ്ടും പുലിവാലു പിടിച്ചു. ചെങ്ങന്നൂരില്‍ പാണ്ടനാട് വള്ളംകളിയുടെ സമാപന ചടങ്ങില്‍ സംസാരിക്കവേ സജി ചെറിയാന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോയിലാണു മോശം പദപ്രയോഗം. എന്നാല്‍ താനങ്ങനെ സംസാരിച്ചിട്ടില്ലെന്നും ആ പദപ്രയോഗം വ്യാജമായി ഉണ്ടാക്കിയതാണെന്നുമാണ് സജി ചെറിയാന്റെ പ്രതികരണം.

സ്‌കൂള്‍ വിനോദ യാത്രക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ആദായനിരക്കില്‍. മിനി ബസുകള്‍ മുതല്‍ വോള്‍വോ മള്‍ട്ടി ആക്സില്‍ ബസുകള്‍ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകള്‍ പ്രഖ്യാപിച്ചത്. സൂപ്പര്‍ ഫാസ്റ്റിന് നാലു മണിക്കൂറിനോ 75 കിലോമീറ്ററിനോ 9,900 രൂപ. എട്ടു മണിക്കൂര്‍ (150 കിലോമീറ്റര്‍) 13,000 രൂപ. 12 മണിക്കൂര്‍ (200 കിലോമീറ്റര്‍) 19,000 രൂപ. 16 മണിക്കൂര്‍ (300 കിലോമീറ്റര്‍) 25,000 രൂപ.

കാസര്‍ഗോഡ് പെരിയയില്‍ അടിപ്പാത തകര്‍ന്നത് ഇരുമ്പ് തൂണുകളുടെ ബലക്കുറവു കാരണമെന്ന് റിപ്പോര്‍ട്ട്. എന്‍ഐടി സംഘമാണ് ദേശീയ പാതാ അഥോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അടിമാലിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൊലീസുകാരന്റെ ജാമ്യപക്ഷേയെ എതിര്‍ത്ത് സംസ്ഥാനം സുപ്രീം കോടതിയില്‍. വിവാഹവാഗ്ദാനം നല്‍കി നാലു വര്‍ഷത്തോളം ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത കേസിലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കോട്ടയം കടുത്തുരുത്തി സ്വദേശിയും കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയനില്‍ സിവില്‍ പൊലീസ് ഓഫീസറുമായ അഭിജിത്ത് പ്രകാശാണ് പ്രതി.

കോഴിക്കോട് അഴിയൂര്‍ – മുഴപ്പിലങ്ങാട് ബൈപ്പാസ് നിര്‍മ്മാണ പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ 19 പേര്‍ക്കെതിരെ വധശ്രമത്തിന് ചോമ്പാല പോലീസ് കേസെടുത്തു. നിര്‍മ്മാണ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ചതിന് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ള 15 പേര്‍ക്കെതിരെയും നാട്ടുകാരുടെ പരാതിയില്‍ നാലു സുരക്ഷാ ജീവനക്കാര്‍ക്കെതിരെയുമാണു കേസ്.

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഇന്ന്. ഇന്ത്യയില്‍ 2.38 ന് ആരംഭിച്ച് 6.19 ന് അവസാനിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചന്ദ്രഗ്രഹണം ദര്‍ശിക്കാനാകും. ഭരണി നക്ഷത്രത്തില്‍ മേടക്കൂറിലാണ് രാഹു ഗ്രഹണം.

ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ശേഷിക്കേ, 26 കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഹിമാചല്‍ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി ധരംപാല്‍ ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. 12 നാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പു പ്രചാരണത്തിനു ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും കേന്ദ്ര നേതാക്കുളുടെ വലിയ നിര തന്നെ ഇവിടെയുണ്ട്.

പാറശാല ഷാരോണ്‍ മോഡല്‍ കൊലപാതകം തമിഴ്‌നാട്ടിലും. കാമുകന്‍ നല്‍കിയ ശീതളപാനീയം കുടിച്ച പത്തൊമ്പതുകാരി വിദ്യാര്‍ത്ഥിനി മരിച്ചു. തമിഴ്നാടിലെ കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടില്‍ സി.അഭിത(19)യാണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ യുവാവിനെതിരെ അഭിതയുടെ അമ്മ തങ്കഭായി തമിഴ്നാട് നിദ്രവിള പൊലീസിനു പരാതി നല്‍കി.

കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള സിവില്‍ കോടതി ഉത്തരവിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്. പകര്‍പ്പാവകാശ ലംഘനം ആരോപിച്ചാണ് ബംഗളൂരു സിറ്റി സിവില്‍ കോടതി ഉത്തരവിട്ടത്.

ബിജെപി നേതാവ് എല്‍.കെ അദ്വാനിക്ക് 96 ാം പിറന്നാളിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും. അദ്ദേഹത്തിന്റെ വീട്ടിലെത്തി റോസാപ്പൂക്കളടങ്ങിയ ബൊക്കെ സമ്മാനിച്ചാണ് മോദി ആശംസകളറിയിച്ചത്.

ഹിന്ദു എന്ന വാക്കിന്റെ ഉദ്ഭവം പേര്‍ഷ്യയില്‍ നിന്നാണെന്നും അര്‍ത്ഥം അശ്ലീലമാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് സതീഷ് ലക്ഷ്മണ്‍ റാവു ജാര്‍ക്കിഹോളി. ഹിന്ദു എന്ന വാക്കിന് ഇന്ത്യയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ കൊലപാതക ഗൂഢാലോചനയും വെടിവയ്പും രണ്ടു മാസം മുമ്പു ഭരണകൂടം തയാറാക്കിയതാണെന്ന് മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വലതുകാലില്‍നിന്ന് മൂന്നു വെടിയുണ്ടകള്‍ പുറത്തെടുത്തു. ഗുജ്‌റന്‍വാലയില്‍ രാഷ്ട്രീയ റാലിക്കിടെയാണ് ഇമ്രാന്‍ ഖാന്‍ ആക്രമണത്തിനിരയായത്.

അമേരിക്കയില്‍ ഇന്ന് തെരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭ, സെനറ്റ്, സംസ്ഥാന ഗവര്‍ണര്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാനങ്ങളിലേക്കാണ് ഇടക്കാല തെരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് മത്സരം. ആകെയുള്ള സീറ്റുകളുടെ മൂന്നിലൊന്നില്‍ കൂടുതലാണിത്. 39 സംസ്ഥാനങ്ങള്‍, ഗവര്‍ണര്‍ സ്ഥാനങ്ങള്‍ എന്നിവയുള്‍പ്പടെ നിരവധി പ്രാദേശിക തെരഞ്ഞെടുപ്പുകളും ഇതോടൊപ്പമുണ്ട്.

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റ വില 37,440 രൂപ. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4680 ആയി. ശനിയാഴ്ച പവന്‍ വില സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. 37,600 രൂപയാണ് അന്നു രേഖപ്പെടുത്തിയത്. ഇന്നലെ ഇതു കുറഞ്ഞ് 37,520 രൂപയായി. രണ്ടു ദിവസത്തിനിടെ ഉണ്ടായത് പവന് 160 രൂപയൂടെ കുറവ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നും 10 രൂപ കുറഞ്ഞു. ഇന്നലെയും 10 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് ഇന്നും കുറഞ്ഞത്. ഇന്നലെയും 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3895 രൂപയാണ്.

ബജറ്റ് എയര്‍ലൈനായ ഗോ ഫസ്റ്റ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിന് കീഴില്‍ നിന്നും 600 കോടി രൂപ ഉടന്‍ വായ്പ എടുക്കാന്‍ ഒരുങ്ങുന്നു. എയര്‍ ട്രാവല്‍ ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗോ ഫസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായാണ് വായ്പ. കഴിഞ്ഞ 15 മാസത്തിനിടെ പ്രൊമോട്ടര്‍മാര്‍ ഏകദേശം 2,800 കോടി രൂപ ഗോ ഫസ്റ്റില്‍ നിക്ഷേപിച്ചിട്ടുണ്ട്. ആദ്യം ഇസിഎല്‍ജിഎസ് പരിധി 400 കോടി ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 1,500 കോടി രൂപയാണ്. ഇസിഎല്‍ജി എസ് വായ്പ മുഖേന എയര്‍ലൈന്‍ ഇതുവരെ 400 കോടി രൂപ നേടിയിട്ടുണ്ട്. പരിധി ഉയര്‍ത്തിയതിന് ശേഷം 600 കോടിക്ക് വേണ്ടി കൂടി അപേക്ഷിച്ചിരിക്കുകയാണ് എയര്‍ലൈന്‍. സെന്‍ട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ തുടങ്ങിയ ബാങ്കുകള്‍ ഗോ ഫസ്റ്റിന് വായ്പ നല്‍കിയിട്ടുണ്ട്.

24 പുതുമുഖങ്ങളെ അണിനിരത്തി വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ‘ഹയ’ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘കൂടെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അസ്ലം അബ്ദുള്‍ മജീദ് ആണ്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവരടക്കം 24 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കുടുംബനാഥന്റെ വ്യത്യസ്ത റോളില്‍ ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായെത്തുന്നു. രചന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശംഭു മേനോന്‍, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, സണ്ണി സരിഗ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലെത്തുന്നു.

മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യം എന്ന എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി. ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന എസ് ഐ രാജ്കുമാര്‍ എന്ന കഥാപാത്രത്തെയാണ് പോസ്റ്ററിലൂടെ അണിയറക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തിന്റെ റിലീസ് നവംബറില്‍ ആണ്. മലയാളം പതിപ്പില്‍ ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴ് പതിപ്പില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ സാക് ഹാരിസ് ആണ് തിരക്കഥയും സംഭാഷണവും എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈനു, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തമിഴില്‍ യുക്കി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ 100 സിസി ബൈക്ക് അടുത്ത വര്‍ഷം ആദ്യം എത്തും. താങ്ങാനാവുന്ന വിലയില്‍ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന പുതിയ കമ്മ്യൂട്ടര്‍ ഉപയോഗിച്ച് ബഹുജന വിപണി കീഴടക്കുക എന്നതാണ് ഹോണ്ട കമ്പനി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന സ്‌പ്ലെന്‍ഡര്‍ എതിരാളിക്ക് മുന്നോടിയായി, ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാവ് രാജ്യത്തുടനീളം ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിച്ചു. 2022 ഒക്ടോബറില്‍ എച്ച്എംഎസ്ഐ 4,49,391 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,32,229 യൂണിറ്റുകള്‍ വിറ്റഴിച്ചു. വില്‍പ്പനയില്‍ 3.97 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണിയില്‍ 7.94 ശതമാനം വളര്‍ച്ച കൈവരിച്ച് 3,94,645 യൂണിറ്റുകളില്‍ നിന്ന് 4,25,969 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. അതിന്റെ കയറ്റുമതി കണക്ക് 23,422 യൂണിറ്റാണ്, ഇത് 2021 ഒക്ടോബറിലെ 37,584 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 37.68 ശതമാനം കുറവാണ്.

പ്രണയയുദ്ധം മുറിവേല്പിച്ച രണ്ടു മനുഷ്യാത്മാക്കളുടെ, ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ചിതറിച്ചുകളഞ്ഞ അവരുടെ ഹൃദയവികാരങ്ങളുടെ കഥയാണിത്. ഭൂമിയുടെ പൊക്കിളിലേക്കു വലിച്ചെറിയേണ്ട ശൈശവ വിവാഹവും സമുദായഭ്രഷ്ടും പോലെയുള്ള പ്രാകൃതവഴക്കങ്ങള്‍ക്കു വഴങ്ങി പുലരുന്ന താരാപുരം ഗ്രാമം മുറുക്കിയ കുരുക്കില്‍ ശ്വാസഗതി തടയപ്പെട്ട പ്രണയം, ചിതയിലെ കനല്‍ത്തരികളില്‍ ആളുന്നതിന്റെ കഥ; ശവത്തണുപ്പിലും ഉള്‍പ്പുളകത്തിന്റെ മന്ത്രകോടി അണിയുന്നതിന്റെ കഥ. ‘ആരും പറയാത്ത പ്രണയകഥ’. റഷീദ് പാറയ്ക്കല്‍. എച്ച് & സി ബുക്സ്. വില 110 രൂപ.

മഞ്ഞുകാലമായതോടെ രാജ്യത്തെ സീസണല്‍ ഫ്ളൂ ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്. ശ്വാസകോശ അണുബാധകളുടെയും വൈറല്‍ അണുബാധകളുടെയും ജലദോഷപനിയുടെയും കേസുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു മാസത്തിനിടെയാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടുതലും പ്രായമായവരാണ് രോഗബാധിതരാകുന്നത്. എന്നാല്‍ നാലു ദിവസക്കാലയളവിനുള്ളില്‍ പലരും രോഗമുക്തി നേടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. പലയിടങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്നവരും അടച്ചിട്ട ഇടങ്ങളില്‍ ജോലി ചെയ്യുകയോ ജീവിക്കുകയോ ചെയ്യേണ്ടി വരുന്നവരുമാണ് രോഗബാധിതരില്‍ അധികവും. പ്രായമായവരും സഹരോഗാവസ്ഥകളുള്ളവരും രോഗമുക്തി നേടാനെടുക്കുന്ന കാലാവധി മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. ദീപാവലി ആഘോഷ വേളകള്‍ക്ക് ശേഷം വായുവിന്റെ ഗുണനിലവാരം പല നഗരങ്ങളിലും ഗണ്യമായി കുറഞ്ഞത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. മോശം വായു നിലവാരം, അന്തരീക്ഷത്തിലെ പൊടി, പൂപ്പല്‍, പൂമ്പൊടി , അലര്‍ജിയുണ്ടാക്കുന്ന മറ്റു വസ്തുക്കള്‍ എന്നിവയും രോഗത്തെ ക്ഷണിച്ചു വരുത്തുന്നു. മൂക്കടപ്പ്, മാറാത്ത തുമ്മല്‍, മൂക്കൊലിപ്പ്, ചുമ, പനി എന്നിവയെല്ലാം ഇത് മൂലം ഉണ്ടാകാം. തണുപ്പും ചൂടും മഴയുമെല്ലാമായി കാലാവസ്ഥയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ദ്രുതമാറ്റങ്ങളും രോഗകാരണമാകുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *