◾സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നു ഹൈക്കോടതി. സ്‌ക്രീനിംഗ് കമ്മിറ്റി യോഗ്യത വിലയിരുത്തിയത് എങ്ങനെയാണെന്ന് കണ്ണൂര്‍ സര്‍വകലാശാലയോട് കോടതി ചോദിച്ചു. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണു കോടതി പരാമര്‍ശം. പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യു ജിസി കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ ഇന്നും ഹൈക്കോടതി വാദം കേള്‍ക്കും.
◾മ്യാന്മറില്‍ സായുധ സംഘം തടവിലാക്കിയിരുന്ന നാലു മലയാളികള്‍ കൂടി മോചിതരായി. ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശികളായ നിധീഷ് ബാബു, ജുനൈദ് എന്നിവരാണ് മോചിതരായത്. തിരുവന്തപുരം വിഴിഞ്ഞം സ്വദേശി ജുനൈദ് ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി. ഒപ്പം എട്ടു തമിഴ്നാട്ടുകാരും എത്തി. മൂന്നു മലയാളികള്‍ നാളെ കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും. 32 ഇന്ത്യക്കാരുടെ സംഘമാണ് കൊല്‍ക്കത്തയില്‍ എത്തുക.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പല്ലെന്നു തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. കേരള ലോകായുക്ത സംഘടിപ്പിച്ച ലോകായുക്ത ദിന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ നിയമ മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വേദി പങ്കിട്ടു. തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരുമായി കേരളത്തിലേതുപോലെ അങ്കം നയിക്കുന്ന ഗവര്‍ണറാണ് ആര്‍.എന്‍.രവി. കേരളത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടന്ന അതേ ദിവസമാണ് തമിഴ്നാട് ഗവര്‍ണറുമായി വേദി പങ്കിട്ടത്.
◾സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആര്‍ 15 ബേസിസ് പോയിന്റാണു വര്‍ദ്ധിപ്പിച്ചത്. ഒരു വര്‍ഷത്തെ നിരക്ക് 7.95 ശതമാനത്തില്‍നിന്ന് 8.05 ശതമാനമാക്കി. രണ്ടു വര്‍ഷത്തെ നിരക്ക് 8.15 ശതമാനത്തില്‍നിന്ന് 8.25 ശതമാനമാക്കി. മൂന്നു വര്‍ഷത്തേത് 8.25 ശതമാനത്തില്‍നിന്ന് 8.35 ശതമാനമാക്കി.
◾പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവു പുനപരിശോധിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കേരളത്തിലെ എംപിമാരുടെ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. കൃഷിയിടങ്ങളും ജനവാസ പ്രദേശങ്ങളും ബഫര്‍സോണില്‍നിന്ന് ഒഴിവാക്കണമെന്നാണു കേരളത്തിന്റെ ആവശ്യം.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾ഓര്‍ത്തഡോക്സ്- യാക്കോബായ സഭകള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഇനി ചര്‍ച്ചയില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം. നിയമ നിര്‍മ്മാണം വേണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളി.
◾മാണി സി കാപ്പന്‍ എംഎല്‍എയ്ക്കെതിരായ വഞ്ചന കേസ് നാലു മാസത്തിനകം തീര്‍പ്പാക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിക്കു നിര്‍ദേശം നല്‍കി. ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ പരാതിക്കാരന്‍ മുംബൈ വ്യവസായി ദിനേഷ് മേനോനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം ചെയ്ത് മാണി സി. കാപ്പന്‍ മൂന്നേകാല്‍ കോടി രൂപ തട്ടിയെന്നാണ് ദിനേശ് മേനോന്റെ പരാതി.
◾നെഹ്റുവിനെക്കുറിച്ചു കെപിസിസി പ്രസഡന്റ് കെ.സുധാകരന്റെ വിവാദ പ്രസ്താവനയില്‍ എഐസിസി വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. നാക്കുപിഴയാണെന്നു വിശദീകരിച്ച സുധാകരന്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിഷയം ഗൗരവമാക്കുന്നില്ലെന്നു താരീഖ് അന്‍വര്‍ വ്യക്തമാക്കി.
◾തന്റെ മനസ് ബിജെപിക്കൊപ്പമാണെന്ന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നല്ല കോണ്‍ഗ്രസുകാര്‍ ജീവനുണ്ടെങ്കില്‍ ബിജെപിയില്‍ ചേരില്ല. എകെജി സെന്ററില്‍നിന്നാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നല്‍കുന്നതെന്നു മനസിലായി. കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്നും സുധാകരന്‍.
◾രാജ്ഭവന്‍ മാര്‍ച്ചു സംബന്ധിച്ച തന്റെ പരാതി പരിശോധിക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മാര്‍ച്ച് തടയണമെന്നു താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതു തടയണമെന്നാണ് ആവശ്യപ്പെട്ടത്. സുരേന്ദ്രന്‍ പറഞ്ഞു.
◾ഗവര്‍ണറാകാന്‍ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന അധിക്ഷേപവുമായി സിപിഎം നേതാവ് എം സ്വരാജ്. എംഎല്‍എ, എംപി സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് സ്ഥിരബുദ്ധി വേണമെന്നു ഭരണഘടനയിലുണ്ട്. 35 വയസുള്ള ഏതൊരാള്‍ക്കും ഗവര്‍ണറാകാമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായി എല്‍ഡിഎഫ് കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്.
◾കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ മൂന്നു മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങാന്‍ ഒരു കോടി മുപ്പതു ലക്ഷം രൂപ അനുവദിച്ചു. മന്ത്രിമാരായ ജി.ആര്‍ അനില്‍, വി.എന്‍ വാസവന്‍, വി അബ്ദുറഹിമാന്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് എന്നിവര്‍ക്കു പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാനാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കഴിഞ്ഞ വര്‍ഷം ആറര കോടി രൂപ ചെലവഴിച്ച് 18 പുതിയ കാറുകള്‍ വാങ്ങിയിരുന്നു.
◾പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ച ഐജി ജി. ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ 90 ദിവസത്തേക്കുകൂടി നീട്ടി. കഴിഞ്ഞ വര്‍ഷം നവംബര്‍ 10 നാണ് ലക്ഷ്ണിനെ സസ്പെന്‍ഡു ചെയ്തത്.
◾സിപിഎം ഭരിക്കുന്ന തൃശൂര്‍ കോര്‍പറേഷനില്‍ മേയറെ ശനിയാഴ്ച പരസ്യ വിചാരണ ചെയ്യുമെന്ന് കോണ്‍ഗ്രസ്. 142 പേരെ അനധികൃതമായി നിയമിച്ചെന്നാണ് പ്രധാന ആരോപണം. സേവന ഉപനികുതി പിന്‍വലിക്കണം. മാലിന്യ സംസ്‌കരണ പദ്ധതികളെല്ലാം തകര്‍ത്തെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ ശനിയാഴ്ച വൈകുന്നേരമാണ് മേയറെ പരസ്യ വിചാരണ ചെയ്യുക.
◾കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍. 2019 ഫെബ്രുവരിയല്‍ കൊച്ചിയിലെ വാലന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുക്കാമെന്നു വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിന്മാറിയ സംഘാടകരാണു വിശ്വാസ വഞ്ചന കാണിച്ചത്. പരിപാടി അവതരിപ്പിക്കാന്‍ താന്‍ കൊച്ചിയില്‍ എത്തിയിട്ടും സംഘടകര്‍ കരാര്‍ പാലിച്ചില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.
◾കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രലിലെ ഇന്‍സ്പെക്ടര്‍ കെ.എല്‍ രാജേഷിനെ സസ്പെന്‍ഡ് ചെയ്തു. സിപിഎം നേതാവായ ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസില്‍ പ്രതികളായ രാജേഷ് അടക്കം 11 പേരെ നെയ്യാറ്റിന്‍കര കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.
◾ലഹരി കടത്ത് കേസുകളിലെ പ്രതി തിരുവനന്തപുരത്ത് പൊലീസ് പിടിയിലായി. വെഞ്ഞാറമൂട് സ്വദേശി ദിലീപാണ് 1200 ഗ്രാം കഞ്ചാവ്, 6 ബോട്ടില്‍ ഹാഷിഷ് ഓയില്‍, നാടന്‍ തോക്ക്, നാടന്‍ ബോംബ്, നാലു ലക്ഷത്തോളം രൂപ എന്നിവയുമായി പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചിരുന്ന തെലങ്കാനയിലെ 11 റേഷരി ചാക്കും കണ്ടെടുത്തു.
◾തിരുവനന്തപുരം വെള്ളനാട് കരുണാസായി ഡീ അഡിക്ഷന്‍ സെന്ററിലെ അന്തേവാസി ചെടിച്ചട്ടികൊണ്ട് മറ്റൊരു അന്തേവാസിയെ തലയ്ക്കടിച്ചു കൊന്നു. കഴക്കൂട്ടം സ്വദേശി വിജയനാണ് (50) കൊല്ലപ്പെട്ടത്. കേന്ദ്രത്തിലെ മറ്റൊരു അന്തേവാസിയായ ബിജോയ് മതില്‍ ചാടി രക്ഷപ്പെട്ടു.
◾കാക്കനാട്ടെ ഫ്ളാറ്റില്‍ ലഹരി ഇടപാടു തര്‍ക്കത്തെത്തുടര്‍ന്നു യുവാവ് കൊല്ലപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ പയ്യോളി സ്വദേശി അര്‍ഷാദിനെതിരേയാണ് കുറ്റപത്രം. സജീവ് കൃഷ്ണന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഫ്ളാറ്റിലെ ഡക്ടിലാണു കണ്ടെത്തിയത്. നൂറിലേറെ തെളിവുകളും 150 സാക്ഷികളുമുണ്ട്.
◾വിവാഹ വിരുന്നിലെ ഗാനമേളക്കിടെ ഗായികയെ ആക്രമിച്ച പ്രതി അറസ്റ്റില്‍. കായംകുളം മികാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ യുവതിയുടെ ടോപ്പ് വലിച്ചു കീറിയ കായംകുളം മുറിയില്‍ കൃഷണ കൃപ പുതിയിടം വീട്ടില്‍ പ്രകാശ് മകന്‍ ദേവനാരായണന്‍ (29) ആണ് പിടിയിലായത്.
◾ഇലന്തൂരിലെ ഇരട്ട നരബലി നടന്ന ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും വീട്ടിലേക്ക് സന്ദര്‍ശക പ്രവാഹം. നൂറുകണക്കിന് ആളുകളാണ് നരബലി വീടു കാണാന്‍ എത്തുന്നത്. വീടിന്റെ ഗേറ്റ് തുറന്നു കിടക്കുകയാണ്. തെളിവെടുപ്പ് അവസാനിച്ചതോടെ പോലീസ് കാവലും ഇല്ല.
◾യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്ത്- ഗോമതി പെരുമാള്‍ ദമ്പതികളുടെ മകന്‍ ആര്യന്‍ ശിവപ്രശാന്ത് (16) ആണ് മരിച്ചത്. അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
◾തെലങ്കാനയില്‍ കോടികള്‍ കോഴ നല്‍കി എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസിലെ അന്വേഷണം തെലങ്കാന ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തിലാക്കി. അന്വേഷണ പുരോഗതി മുദ്രവച്ച കവറില്‍ സിംഗിള്‍ ജഡ്ജിക്ക് നല്‍കണം. അന്വേഷണ വിവരങ്ങള്‍ പുറത്തു പോകരുത്. ഭരണ -രാഷ്ട്രീയ നേതൃത്വങ്ങളുമായി പങ്കുവയ്ക്കരുത്. പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കേണ്ടത്. ബി.ജെ.പി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
◾രാജ്യത്തെ ഏക അന്താരാഷ്ട്ര സര്‍വകലാശാലയായ ഡല്‍ഹി സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സമരം. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രക്ഷോഭം നടത്തുന്നത്. നിരാഹാര സമരം ചെയ്ത അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി. ഇപ്പോള്‍ എട്ടു വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരത്തിലാണ്.
◾കാമുകിയെ കൊന്ന് 35 കഷണങ്ങളാക്കി വിവിധയിടങ്ങളില്‍ വലിച്ചെറിഞ്ഞ അഫ്താബ് അമീന്‍ പൂനാവാല കൊലയ്ക്കുശേഷം പുതിയ കാമുകിയെ അപ്പാര്‍ട്ട്‌മെന്റിലേക്കു കൊണ്ടുവന്നെന്ന് പോലീസ്. ഡേറ്റിംഗ് ആപ്പായ ബംബിള്‍ വഴിയാണ് ഇയാള്‍ പെണ്‍സുഹൃത്തുക്കളെ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന ഫുഡ് ബ്ലോഗറായിരുന്നു 28 കാരനായ അഫ്താബ്. പ്രണയവും കൊലപാതകവും ലവ് ജിഹാദാണെന്നും പ്രതിക്കു വധശിക്ഷ നല്‍കണമെന്നും കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് വികാസ് വാക്കര്‍.
◾കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന നയമാണ് പിന്തുടരുന്നതെന്നും പ്രധാനമന്ത്രിയുടെ നുണകള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 16 വര്‍ഷം താമസിച്ച തീന്‍ മൂര്‍ത്തി ഭവനില്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസിനെ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
◾ശിവസേനയുടെ പേരും തെരഞ്ഞെടുപ്പു ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ ഇടക്കാല ഉത്തരവിനെതിരെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ശിവസേനയുടെ വില്ലും അമ്പും ചിഹ്നവും പേരും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി ശരിവച്ചു.
◾അഭിനയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. 35 വര്‍ഷം ജോലിയില്‍ മാത്രമാണ് ശ്രദ്ധിച്ചത്. ഇനിയെങ്കിലും കുടുംബത്തിനൊപ്പം കഴിയണമെന്നും ആമിര്‍ പറഞ്ഞു.
◾സുകാഷ് ചന്ദ്രശേഖര്‍, നടി ലീന മരിയ പോള്‍ എന്നിവര്‍ ഉള്‍പെട്ട ഇരുന്നൂറു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടിനു ഡല്‍ഹി പാട്യാല കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഇനി കസ്റ്റഡിയില്‍ ആവശ്യമില്ലെന്നു കാണിച്ചാണ് ജാക്വിലിന്‍ ജാമ്യാപേക്ഷ നല്‍കിയത്.
◾രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം പിഴുതെടുത്ത് കൊണ്ടുപോയി 27 ലക്ഷം രൂപ കൊള്ളയടിച്ചു. എടിഎം ഒരു എസ്യുവിയില്‍ കെട്ടിവലിച്ചാണ് പിഴുതെടുത്തത്. സിസിടിവികളെ വിദഗ്ധമായി മറച്ചാണ് കൊള്ള നടന്നത്.
◾രണ്ടാം ലോകമഹായുദ്ധകാലത്തെ വിനാശം ഓര്‍മ്മിപ്പിച്ചും റഷ്യ – യുക്രെയിന്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് നിര്‍ദേശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാസവള ദൗര്‍ലഭ്യം ഭക്ഷ്യക്ഷാമത്തിനു കാരണമാകുമെന്നും മോദി ചൂണ്ടിക്കാട്ടി. കൊവിഡ് കാലത്തെ ഇന്ത്യയുടെ നേട്ടങ്ങളും വിവരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവരുമായി മോദി കൂടിക്കാഴ്ച നടത്തി.
◾ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തേക്ക്. അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയാണു ബിനീഷ്. നിലവിലെ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പ്രസിഡന്റായി തുടരും. വിനോദ് എസ് കുമാറാണ് പുതിയ കെസിഎ സെക്രട്ടറി. പി ചന്ദ്രശേഖരനാണ് വൈസ് പ്രസിഡന്റ്. കെ എം അബ്ദുള്‍ റഹിമാന്‍ ട്രഷററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
◾കേരള ബ്ലാസ്റ്റേഴ്സിനെതിരെ എഫ്സി ഗോവയുടെ പരാതി. ഞായറാഴ്ച കൊച്ചിയിലെ മത്സരത്തിന് സുരക്ഷ ഒരുക്കിയില്ലെന്നാണ് പരാതി. സപ്പോര്‍ട്ട് സ്റ്റാഫിനുനേരേ കല്ലേറുണ്ടായെന്നാണു പരാതി.
◾ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനെ ഉള്‍പ്പെടെ 12 പേരെ റിലീസ് ചെയ്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ്. പഞ്ചാബ് കിങ്സ് മുന്‍ നായകന്‍ മയാങ്ക് അഗര്‍വാളിനെ ഒഴിവാക്കി. ചെന്നൈ സൂപ്പര്‍ കിങ്സ് അവരുടെ സൂപ്പര്‍താരം ഡ്വെയിന്‍ ബ്രാവോയെ റിലീസ് ചെയ്യുകയും അമ്പാട്ടി റായുഡുവിനെയും രവീന്ദ്ര ജഡേജയെയും ഒഴിവാക്കുകയും ചെയ്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, 16 താരങ്ങളെയും മുംബൈ ഇന്ത്യന്‍സ് 13 താരങ്ങളെയും ലേലത്തിനു മുന്നോടിയായി റിലീസ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് 12 ഇന്ത്യന്‍ താരങ്ങളും നാലു വിദേശികളും ഉള്‍പ്പെടെ 16 പേരെ നിലനിര്‍ത്തി.
◾ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡ്. താരലേലത്തിനു മുമ്പ് മുംബൈ ഇന്ത്യന്‍സ് പൊള്ളാര്‍ഡിനെ റിലീസ് ചെയ്തതിനു പിന്നാലെയാണ് തീരുമാനം. പൊള്ളാര്‍ഡിന്റെ മുംബൈക്കൊപ്പമുള്ള 13 സീസണുകള്‍ നീണ്ട കരിയറിനാണ് ഇതോടെ അവസാനമായത്. മുംബൈക്കായി കളിക്കാനാകുന്നില്ലെങ്കില്‍, തനിക്ക് മുംബൈക്കെതിരേ കളിക്കുന്നതും ചിന്തിക്കാനാകില്ലായെന്നാണ് തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ അദ്ദേഹം കുറിച്ചത്. അതേസമയം വിരമിക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് പൊള്ളാര്‍ഡിനെ ബാറ്റിങ് പരിശീലകനായി നിയമിച്ചു.
◾എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് എസ്ബിഐ വര്‍ധിപ്പിച്ചു. വിവിധ കാലാവധിയിലുള്ള വായ്പകളുടെ പലിശനിരക്കില്‍ പത്തുമുതല്‍ പതിനഞ്ച് ബേസിക് പോയന്റ് വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ ഇടപാടുകാരുടെ വായ്പാചെലവ് വീണ്ടും വര്‍ധിക്കും. ഒരു മാസം മുതല്‍ മൂന്ന് മാസം വരെ കാലാവധിയുള്ള എംസിഎല്‍ആര്‍ 7.60 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായി ഉയര്‍ന്നു. ആറുമാസം, ഒരു വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ 7.90 ശതമാനത്തില്‍ നിന്ന് 8.05 ശതമാനമായാണ് ഉയര്‍ത്തിയത്. മൂന്ന് വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ 8.35 ശതമാനമായും വര്‍ധിച്ചു. 8.25 ശതമാനത്തില്‍ നിന്നാണ് വര്‍ധിപ്പിച്ചത്.
◾ചില്ലറ വില്‍പ്പന രംഗത്ത് ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് പരിശോധിക്കുകയാണ് റിസര്‍വ് ബാങ്ക്. പദ്ധതിയുടെ ഭാഗമായി എസ്ബിഐ അടക്കമുള്ള അഞ്ചു ബാങ്കുകളെ തെരഞ്ഞെടുത്തു. എസ്ബിഐയ്ക്ക് പുറമേ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയവയാണ് മറ്റു ബാങ്കുകള്‍. നിലവിലെ ഡിജിറ്റല്‍ ഇടപാടുകളുമായി പരസ്പരം സഹകരിച്ച് ഡിജിറ്റല്‍ കറന്‍സിക്ക് മുന്നോട്ടുപോകാന്‍ സാധിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് റിസര്‍വ് ബാങ്ക് പരിശോധിക്കുന്നത്. അല്ലാത്ത പക്ഷം ഡിജിറ്റല്‍ കറന്‍സിക്കായി പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരേണ്ടി വരുമോ എന്ന ആലോചനയും റിസര്‍വ് ബാങ്കിനുണ്ട്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പരീക്ഷണം നടത്തുന്നത്. വരുംദിവസങ്ങളില്‍ പരീക്ഷണത്തിനായി കൂടുതല്‍ ബാങ്കുകളെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വണ്ടര്‍ വിമെനിലെ വീഡിയോ സോംഗ് പുറത്തെത്തി. ഹിന്ദിയിലുള്ള ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ‘നൈന ഝാരോകെ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അഞ്ജലി മേനോനും അഗ്യത്മിത്രയും ചേര്‍ന്നാണ്. കീര്‍ത്തന വൈദ്യനാഥനും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടര്‍ വിമെന്‍. നദിയ മൊയ്തു, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഇംഗ്ലീഷിലാണ് ചിത്രം എന്നതും പ്രത്യേകതയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് റിലീസ്.
◾സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത ‘1744 വൈറ്റ് ആള്‍ട്ടോ’ റിലീസിന്. മലയാളികള്‍ ഇതുവരെ കണ്ടുപരിചയിക്കാത്ത കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയും പോകുന്ന സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ നല്‍കുന്ന ഉറപ്പ്. വെള്ള നിറത്തിലുള്ള ഒരു ആള്‍ട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. വിജയന്‍ എന്ന സാധാരണക്കാരന്റേതാണ് ആ കാര്‍. ഈ കാര്‍ രണ്ട് കള്ളന്മാരുടെ കയ്യില്‍ച്ചെന്ന് പെടുന്നതും അതേത്തുടര്‍ന്ന് ഉണ്ടാകുന്ന ആശയകുഴപ്പങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്. ഷറഫുദ്ദീന്റെ നായക കഥാപാത്രം, പൊലീസ് ഓഫീസര്‍ മഹേഷും മറ്റ് സംഘവും തമ്മിലുള്ള രസകരമായ സംഭവങ്ങള്‍ നര്‍മത്തിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും ചിത്രം പറയുന്നു. വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
◾2023ന്റെ തുടക്കത്തില്‍ എംജി എയര്‍ ഇവി ഇന്ത്യ ലോഞ്ച് ചെയ്യുമെന്ന് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്സ്. രണ്ട് ഡോര്‍ ഇലക്ട്രിക് കാര്‍ ജനുവരി 5- ന് അരങ്ങേറ്റം കുറിക്കും. എംജി ഹെക്ടര്‍ ഫെയ്സ്ലിഫ്റ്റിന്റെ വില അതേ ദിവസം തന്നെ കമ്പനി പ്രഖ്യാപിക്കും . 2023 ജനുവരി 13 മുതല്‍ 18 വരെ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഈ മോഡല്‍ പ്രദര്‍ശിപ്പിക്കും. ഇതിന് 10 ലക്ഷം രൂപ മുതലാണ് വില പ്രതീക്ഷിക്കുന്നത്. ഈ പുതിയ എംജി ഇലക്ട്രിക് കാറിന്റെ പവര്‍ട്രെയിന്‍ സിസ്റ്റത്തില്‍ ഏകദേശം 20 കി.വാട്ട് – 25 കി.വാട്ട് ശേഷിയുള്ള ബാറ്ററി പാക്കും 40ബിഎച്ച്പി ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടും. ഫുള്‍ ചാര്‍ജില്‍ 150 കിലോമീറ്റര്‍ റേഞ്ച് നല്‍കും. എംജിയുടെ മൊത്തത്തിലുള്ള നീളം ഏകദേശം 2.9 മീറ്ററും വീല്‍ബേസ് 2010 മില്ലീമീറ്ററും ആയിരിക്കും. എംജി എയര്‍ ഇവി ഒരു കോംപാക്റ്റ്, 2 ഡോര്‍ ബോക്‌സി സ്റ്റാന്‍സുള്ള ഒരു കാറാണ്.
◾ഒരു പുഴ ഒഴുകും പോലെ രസകരമായി വായിക്കാവുന്ന പുസ്തകം. ഇതില്‍ പുഴയുടെ കഥയുണ്ട്, പുഴയുടെ വഴിയേ നടന്ന കുഞ്ഞനാനയുടെ കഥയുണ്ട്, അവനു വഴിതെളിച്ച കിന്നരിത്തത്തയുടെ കഥയുണ്ട്. പാപ്പാന്റെയും മത്സ്യകന്യകയുടെയും കഥയുമുണ്ട്. കുട്ടികള്‍ക്കും കുട്ടിത്തം വിടാത്ത മനസ്സുള്ളവര്‍ക്കും ഇഷ്ടപ്പെടുന്ന കൃതി. ‘കുട്ടിശങ്കരന്റെ യാത്രകള്‍’. മനു ജോസഫ്. മനോരമ ബുക്സ്. വില 161 രൂപ.
◾ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണെന്ന് ആരോഗ്യവിദഗ്ധര്‍. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും വെള്ളം കുടിക്കുന്നതാണ് എപ്പോഴും നല്ലത്. വെള്ളം മാത്രമല്ല എന്ത് പാനീയമാണെങ്കിലും രണ്ട് മണിക്കൂര്‍ മുന്‍പ് കുടിക്കണം. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ചൂട് വെള്ളമാണോ തണുത്ത വെള്ളമാണോ കുടിക്കേണ്ടത് എന്നാണ്. ഉറങ്ങുന്നതിനു മുന്‍പ് ചൂട് വെള്ളം കുടിച്ചാല്‍ രാത്രി മുഴുവന്‍ നിങ്ങളെ ജലാംശം നിലനിര്‍ത്തുകയും ശരീരത്തിന്റെ സ്വാഭാവിക വിഷാംശം നീക്കം ചെയ്യുന്ന പ്രക്രിയയെ സുഗമമാക്കുകയും ചെയ്യും. സമാധാനപരമായ ഉറക്കം നിലനിര്‍ത്താനും ഇത് സഹായിക്കാറുണ്ട്. പഠനമനുസരിച്ച്, ജലദൗര്‍ലഭ്യം മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ഉറക്ക-ഉണര്‍വ് ചക്രത്തെയും ബാധിച്ചേക്കാം. ചൂടുവെള്ളം രക്തയോട്ടം മെച്ചപ്പെടുത്തുകയും നിങ്ങളുടെ ശരീരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. വയറുവേദന അല്ലെങ്കില്‍ മലബന്ധം ലഘൂകരിക്കാനും ഇത് സഹായിച്ചേക്കാം. ശരീരത്തിന് ആവശ്യമായ വെള്ളം പകല്‍ സമയത്ത് കുടിക്കാന്‍ ഒരിക്കലും മറക്കരുത്. ഉറങ്ങുന്നതിന് തൊട്ട് മുന്‍പ് വെള്ളം കുടിക്കുന്നത് ഉറക്കത്തിനിടയില്‍ മൂത്രം ഒഴിക്കാനുള്ള ചിന്ത ഉണ്ടാക്കിയേക്കാം. ഉറക്കത്തിനിടിയില്‍ മൂത്രം ഒഴിക്കാന്‍ എണീക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. രാത്രിയിലെ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ പകല്‍ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. മൂത്രത്തിന്റെ നിറം കടുത്ത മഞ്ഞ നിറമാണെങ്കില്‍ അത് നിര്‍ജ്ജലീകരണത്തെയാണ് സൂചിപ്പിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ക്ക് തന്റെ ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. പക്ഷേ, അയാള്‍ വിചാരിച്ചതുപോലെ നല്ലതുകള്‍ ഒന്നും തന്നെ അയാളുടെ ജീവിതത്തില്‍ സംഭവിച്ചില്ല. ആകെ നിരാശനായ നടന്ന അയാള്‍ ഒരു തടാകതീരത്ത് ഒരു സന്യാസി ധ്യാനത്തില്‍ ഇരിക്കുന്നത് കണ്ടു. അയാള്‍ സന്യസിയുടെ അടുത്ത് ചെന്ന് തന്റെ ജീവിതത്തെക്കുറിച്ചും സങ്കടങ്ങളെക്കുറിച്ചും നടക്കാതെപോയ സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം നിരാശയോടെ സംസാരിച്ചു. അപ്പോള്‍ സന്യാസി കുറച്ച് ഉപ്പും ഒരു പാത്രത്തില്‍ വെള്ളവും കൊണ്ടുവരാന്‍ പറഞ്ഞു. അയാള്‍ അതുപോലെ ചെയ്തു. കൊണ്ടുവന്ന ഉപ്പിനെ രണ്ട് ഭാഗമാക്കാന്‍ സന്യാസി ആവശ്യപ്പെട്ടു. അതിലെ ഒരു ഭാഗം പാത്രത്തിലെ വെള്ളത്തിലും മറുഭാഗം തടാകത്തിലും കലക്കാന്‍ ആവശ്യപ്പെട്ടു. അതിന് ശേഷം തടാകത്തിലെയും പാത്രത്തിലെയും വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ടു. പാത്രത്തിലെ വെള്ളം കടുത്ത ഉപ്പ് കാരണം അയാള്‍ക്ക് അല്‍പം പോലും കുടിക്കാന്‍ സാധിച്ചില്ല. എന്നാല്‍ തടാകത്തിലെ വെള്ളത്തിന് ഒരു രുചിവ്യത്യാസവും ഉണ്ടായതുമില്ല. അപ്പോള്‍ സന്യാസി പറഞ്ഞു: നമ്മുടെ പ്രശ്‌നങ്ങളും ഈ ഉപ്പുപോലെയാണ്. നമ്മുടെ ലോകം ചെറിയ ഇട്ടാവട്ടത്തില്‍ ഒതുക്കുമ്പോള്‍ പ്രശ്‌നങ്ങളും വലുതാകുന്നു. നമ്മുടെ ചിന്തകള്‍ വിശാലമാക്കിയാല്‍, നമ്മുടെ ലോകം വിശാലമാക്കിയാല്‍ ഈ പ്രശ്‌നങ്ങളെയെല്ലാം തരണം ചെയ്യാന്‍ സാധിക്കും. പുതിയ ചിന്തകളും, പുതിയ ആശയങ്ങളും നമ്മെ തേടിവരിക തന്നെ ചെയ്യും – ശുഭദിനം.