◾പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരേ ഗവര്‍ണര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഉപകരണമാക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ലക്ഷം പേരെ അണിനിരത്തി രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിസിമാരെ നിയമിച്ച ഗവര്‍ണര്‍ മൂന്നു പേരുടെ പട്ടിക ആവശ്യപ്പെട്ടിരുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കുറ്റപ്പെടുത്തി. ഗവര്‍ണര്‍ കോടതിയും രാജാവും ചമയേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ പ്രസംഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മാര്‍ച്ചില്‍നിന്നു വിട്ടുനിന്നു. ഗവര്‍ണര്‍ ഉത്തരേന്ത്യയിലാണ്.
◾ഡല്‍ഹിക്കു പുറപ്പെടുന്നതുവരെ തന്റെ ഓഫീസിലേക്ക് സര്‍ക്കാരിന്റെ ഒരു ഓര്‍ഡിനന്‍സും എത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കോടതി ഉത്തരവു പാലിക്കണമെന്നാണു താന്‍ നിര്‍ദേശിച്ചത്. വ്യക്തിപരമായി ആരോടും ശത്രുതയില്ല. ചാന്‍സലര്‍ എന്ന നിലയില്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടും. സര്‍വകലാശാലകളില്‍ നിയമവിരുദ്ധമായി രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു ഭരണ ചുമതലയുള്ളതുപോലെ സര്‍വകലാശാലകളുടെ ചുമതല ഗവര്‍ണര്‍ക്കാണ്. അദ്ദേഹം പറഞ്ഞു.
◾രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മാര്‍ച്ചില്‍ പങ്കെടുക്കണമെന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചുള്ള ഉത്തരവ് എവിടെയെന്ന് കോടതി സുരേന്ദ്രന്റെ അഭിഭാഷകനോടു ചോദിച്ചു. മാര്‍ച്ച് തടയാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കെ സുരേന്ദ്രന്റെ പരാതി പരിഗണിക്കാന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്കി.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കു റീഫണ്ട് ഇനത്തില്‍ 988.25 കോടി രൂപയും പിഴയായി 11.38 കോടി രൂപയും നല്‍കണമെന്ന് അമേരിക്ക. വിമാന സര്‍വീസ് റദ്ദാക്കിയശേഷം യാത്രക്കാര്‍ക്കു ടിക്കറ്റു തുക തിരിച്ചു നല്‍കാത്തതിനാണ് യുഎസ് ഗതാഗതവകുപ്പിന്റെ നടപടി. ടാറ്റ ഏറ്റെടുക്കുന്നതിനു മുമ്പ് കോവിഡ് കാലത്തു റദ്ദാക്കിയ വിമാന സര്‍വീസുകളുടെ പേരിലാണ് ഇത്രയും ഭീമമായ തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
◾കോണ്‍ഗ്രസ് കുടുംബാംഗമായ തന്നെ എങ്ങനെ രാജീവ്ഗാന്ധി വധക്കേസില്‍ പ്രതിയാക്കിയെന്നു മനസിലാകുന്നില്ലെന്ന് 30 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയ നളിനി. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും കൊല്ലപ്പെട്ട ദിവസങ്ങളില്‍ ഞങ്ങളുടെ കുടുംബത്തില്‍ ആരും ഭക്ഷണംപോലും കഴിച്ചിട്ടില്ല. അത്രയും വിഷമമായിരുന്നു. അദ്ദേഹത്തെ കൊലപ്പെടുത്തിയത് ആരാണെന്ന് അറിയില്ലെന്നും നളിനി ചെന്നൈയില്‍ പറഞ്ഞു.
◾പാതയോരത്തെ ഫ്ളക്സ് ബോര്‍ഡുകളും അനധികൃത പരസ്യ ബോര്‍ഡുകളും സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ മേധാവികള്‍ വിശദീകരണം തരേണ്ടിവരുമെന്നു ഹൈക്കോടതി. തിരുവനന്തപുരത്തെ അനധികൃത ബോര്‍ഡുകള്‍ ഉടനേ നീക്കം ചെയ്യണമെന്നും കോടതി. അമിക്കസ് ക്യൂറി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾വയനാട്ടില്‍ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റു വൈകുന്നു. ഒളിവിലുള്ള അമ്പലവയല്‍ എഎസ്ഐ ടി.ജി ബാബുവിനെ മൂന്നു ദിവസമായിട്ടും പൊലീസിനു കണ്ടെത്താനായില്ല. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛന് ഡിജിപിയ്ക്കു പരാതി നല്കി. മറ്റൊരു പീഡനക്കേസില്‍ കസ്റ്റഡിയിലെടുത്തിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനുവിനെ തെളിവില്ലെന്ന പേരില്‍ അറസ്റ്റു ചെയ്യാതെ പോലീസ് വിട്ടയച്ചു.
◾കെപിസിസി മുന്‍ വൈസ് പ്രസിഡന്റും കാസര്‍കോട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.കെ ശ്രീധരന് സിപിഎമ്മിലേക്ക്. കോണ്‍ഗ്രസിന് അപചയം സംഭവിച്ചെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ടിപി കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സി.കെ ശ്രീധരന് പറഞ്ഞു.
◾ശബരിമല തീര്‍ത്ഥാടകര്‍ക്കായി നീലിമല പാത കല്ലുകള്‍ പാകി നവീകരിച്ചു. പമ്പ മുതല്‍ ശരംകുത്തി വരെയാണ് നവീകരിച്ചത്. 12 കോടി രൂപ ചെലവിട്ട് കേന്ദ്ര സര്‍ക്കാരിന്റെ തീര്‍ത്ഥാടക വിനോദ സഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാത നവീകരിച്ചത്. ഏഴ് മീറ്റര്‍ വീതിയില്‍ 2750 മീറ്റര്‍ ദൂരത്തിലാണ് കല്ലു പാകിയത്. ഈ പാത ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് വ്യാഴാഴ്ച തുറന്നു കൊടുക്കും.
◾തിരുവനന്തപുരം കോര്പറേഷന് മേയറുടെ പേരിലിറങ്ങിയ നിയമനത്തട്ടിപ്പു കത്തു വിവാദം ചര്‍ച്ചചെയ്യാന്‍ 19 ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. നഗരസഭാ കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കത്തു നല്‍കിയിരുന്നു.
◾കോര്‍പറേഷനിലെ കരാര്നിയമനത്തിനു മേയറുടെ പേരിലിറങ്ങിയ കത്തിന്റെ പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്സ്മാന് ജസ്റ്റിസ് പി.എസ്. ഗോപിനാഥപിള്ള മേയര്‍ ആര്യ രാജേന്ദ്രനു നോട്ടീസയച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട് നല്കിയ പരാതിയിലാണ് നോട്ടീസ്.
◾പാലക്കാട്ടെ ആര്‍എസ്എസ് നേതാവ്ശ്രീനിവാസന് വധക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന കൗണ്‍സിലംഗം യഹിയ തങ്ങള്‍ അറസ്റ്റില്‍. യുഎപിഎ കേസില്‍ വിയ്യൂര്‍ ജയിലിലുള്ള യഹിയയെ കോടതിയില്‍ അപേക്ഷ നല്കി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
◾പതിമ്മൂന്നു വര്‍ഷമായി സസ്പെന്‍ഷനില്‍ നിര്‍ത്തിയ അധ്യാപകനെ ഉടനേ തിരിച്ചെടുക്കണമെന്നു സുപ്രീം കോടതി. കോഴിക്കോട് ജില്ലയിലെ നരിക്കുനി എ യു പി സ്കൂളിലെ കായിക അധ്യാപകനായ വി കെ ബി സന്ദീപിനെ തിരിച്ചെടുക്കാനാണ് ഉത്തരവിട്ടത്. ശമ്പള കുടിശ്ശികയിലും മൂന്നു മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനും നിര്‍ദ്ദേശം നല്കി.
◾മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ജര്‍മനിയിലെ ചികില്‍സ പൂര്‍ത്തിയാക്കി 17 ന് നാട്ടിലേക്കു മടങ്ങും. ഉമ്മന്‍ ചാണ്ടിയെ ഇന്നലെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
◾ഗവര്‍ണറെ ഇനി ചാന്‍സലറായി അംഗീകരിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. നിയമസഭ പാസാക്കിയ ബില്ലുപോലും ഒപ്പിടാതെ ഗവര്‍ണര്‍ വൈകിപ്പിക്കുകയാണ് . ജനാധിപത്യ സര്‍ക്കാര്‍ പാസാക്കിയ നിയമം ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാജ്ഭവന് മാര്‍ച്ച് ഗവര്‍ണര്‍ക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റമാണെന്നും ഗോവിന്ദന്.
◾കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനകള്‍ ഗൗരവമുള്ളതാണെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നു സുധാകരന് വിശദീകരിച്ചിട്ടുണ്ട്. പ്രധാന നേതാക്കള്‍ സുധാകരനുമായി സംസാരിച്ചിട്ടുണ്ട്. പരാമര്‍ശത്തില്‍ പ്രതികരിച്ച ഘടക കക്ഷികളുടെ നേതാക്കളുമായി സംസാരിക്കുമെന്നും സതീശന് പറഞ്ഞു.
◾കെപിസിസി പ്രസിഡന്റ് കെ സുധാകരന് വട്ടാണെന്ന് പറയുന്നില്ലെന്നും അസുഖമുള്ളയാള്ക്കു മരുന്നു നല്‍കണമെന്നും സജി ചെറിയാന് എംഎല്‍എ. ഇല്ലെങ്കില്‍ അസുഖം കൂടും. ആര്‍എസ്എസ് അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ സജി ചെറിയാന് പറഞ്ഞു.
◾കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ മനസ് ആര്‍എസ്എസിനൊപ്പമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സമാന ചിന്താഗതിക്കാര്‍ കോണ്‍ഗ്രസില്‍ ധാരാളമുണ്ട്. കോണ്‍ഗ്രസിന് വേറെ മാര്‍ഗമില്ലെന്നും ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞെന്നും സുരേന്ദ്രന് പറഞ്ഞു.
◾ഇടുക്കി മറയൂര്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസിനു സമീപം യുവാവ് മരിച്ച നിലയില്‍. കര്‍ണാടക മൈസൂര്‍ സ്വദേശി രാജേഷ് ഗൗഡയാണ് മരിച്ചത്. കര്‍ണാടക സോപ്സിനുവേണ്ടി ചന്ദനം കൊണ്ടുപോകാന്‍ വന്ന വാഹനത്തിന്റെ ഡ്രൈവറാണിയാള്‍. തൊട്ടടുത്ത കെട്ടിടത്തിനു മുകളില്‍നിന്നും തെന്നി വീണു മരിച്ചതാകാമെന്നാണു സംശയം.
◾കൊച്ചി ചേലക്കുളത്തെ ടൈല്‍സ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്ടോപ്പ് മോഷ്ടിച്ച കേസില്‍ മയക്കുമരുന്നു കേസിലെ പ്രതി ഉള്‍പ്പടെ മൂന്ന് അതിഥി തൊഴിലാളികള്‍ പിടിയില്‍. ആസാം സ്വദേശികളായ ആഷിക്കുള്‍ ഇസ്ലാം (23), നജ്മുല്‍ ഹക്ക് (25), ഇക്രാമുല്‍ ഹക്ക് (21) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.
◾റഷ്യ- യുക്രൈന് യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് മോദി ഈ ആവശ്യം ഉന്നയിച്ചത്. കൊവിഡാനന്തര ലോകം പടുത്തുയര്‍ത്താന്‍ സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു. ജി 20 ഉച്ചകോടിയോടെ ഇന്ത്യ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഏറ്റെടുക്കും.
◾രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരേ പശ്ചിമ ബംഗാളിലെ മന്ത്രി നടത്തിയ അധിക്ഷേപവാക്കുകള്ക്കു മാപ്പു പറഞ്ഞ് മുഖ്യമന്ത്രി മമത ബാനര്‍ജി. മന്ത്രി അഖില്‍ ഗിരിയുടെ പരാമര്‍ശങ്ങളെ അപലപിക്കുന്നു. പാര്‍ട്ടിക്കുവേണ്ടി ക്ഷമചോദിക്കുന്നതായും മമത ബാനര്‍ജി പറഞ്ഞു. രാഷട്രപതിയോട് ആദരവ് മാത്രമേയുള്ളുവെന്നു പറഞ്ഞ മമത മന്ത്രിക്കു താക്കീതു നല്‍കുകയും ചെയ്തു.
◾ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഋഷി സുനക്കിനെ മോദി കാണുന്നത്.
◾ഇന്ത്യക്കെതിരെ ട്വന്റി 20 ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ കെയ്ന്‍ വില്യംസണ് നയിക്കും. ഈ മാസം 18 ന് നടക്കുന്ന ട്വന്റി 20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ട്വന്റി 20 ലോകകപ്പിലെ താരങ്ങളെല്ലാം ടീമിലുണ്ട്. സ്പിന്നര്‍ ഇഷ് സോധി, ബ്ലെയര്‍ ടിക്നെര്‍ എന്നിവര്‍ ട്വന്റി 20 മാത്രമാണ് കളിക്കുന്നത്. ഓപ്പണര്‍ മാര്ട്ടിന് ഗപ്റ്റലിനെ ടീമിലേക്ക് പരിഗണിച്ചില്ല.
◾ഓസ്ട്രേലിയന്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ പേസര്‍ പാറ്റ് കമിന്‍സ് ഐപിഎല്ലിന്റെ അടുത്ത സീസണില്‍ നിന്ന് പിന്മാറി. തിരക്കേറിയ രാജ്യാന്തര മത്സര ഷെഡ്യൂള്‍ ചൂണ്ടിക്കാട്ടിയാണ് കമിന്‍സിന്റെ പിന്മാറ്റം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വലിയ തിരിച്ചടിയാണു കമിന്‍സിന്റെ പിന്മാറ്റം.
◾നെടുമ്പാശ്ശേരിയിലെ ഐസ്ലാന്‍ഡ് കണ്വെന്ഷന് സെന്ററില്‍ വെച്ച് നടന്ന ഇന്ത്യയിലെ ആദ്യത്തെ ആറ്റിറ്റുഡ് ഹണ്ട് മല്‍സരത്തില്‍ വിജയികളെ തിരഞ്ഞെടുത്തു. 18 നും 60 വയസ്സിനിടയിലുമുള്ള 47 മല്‍സരാര്‍ത്ഥികള്‍ മാറ്റുരച്ച ഇവന്റില്‍ – വുമണ്‍ ഓഫ് കേരളയുടെ വിജയി നബില ഫിറോസ്ഖാനും ഫസ്റ്റ് റണ്ണര്‍ അപ്പ് അനഘ സന്ദേശനും സെക്കന്‍ഡ് റണ്ണര്‍ അപ്പ് വൈഷ്ണവിക്കും ലഭിച്ചു. മാന്‍ ഓഫ് കേരളയില്‍ മാധവ് നിരഞ്ജന് വിജയിയായപ്പോള്‍, ഫസ്റ്റ് റണ്ണര്‍ അപ്പ് സുധീഷിനും സെക്കന്റ് റണ്ണര്‍ അപ്പ് മുഹമ്മദ് ആദില്‍നും ലഭിച്ചു. വിജയികള്‍ക്കായി 5 ലക്ഷത്തില്‍ പരം രൂപയുടെ സമ്മാനങ്ങളും കൂടാതെ ഇരുവിഭാഗങ്ങളിലും 11 സബ്ബ് ടൈറ്റിലുമാണ് നല്‍കിയത്. ഷോ പ്രൊഡ്യൂസര്‍ രഞ്ജിത്ത് എം പി യും, ഡാലുകൃഷണദാസ് കൊറിയോഗ്രാഫറും ആയിട്ടുളള ഈ ഷോ സംവിധാനം ചെയ്തത് ഇടവേള ബാബു ആണ്. സമ്മാനദാനച്ചടങ്ങില്‍ ചലച്ചിത്ര രംഗത്തു നിന്നും സാബുമോന്, രചന നാരയണന് കുട്ടി, നിരഞ്ജന അനൂപ്, പ്രിയങ്ക, മാളവിക നായര്‍ , റോണ്സണ്, ജസീല പ്രവീണ്‍, ലാവണ്യ, മീര അനില്‍ , ബ്ലെസി കുര്യന്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് വി കെ എസ് കൂടാതെ വിധികര്‍ത്താക്കളായ സന്ധ്യ മനോജ്, അപര്‍ണ കുറുപ്പ്, അനീഷ്, സ്വാതി കുഞ്ചന്‍, റൂമ, ലക്ഷ്മി മേനോന് തുടങ്ങിയവരും പങ്കെടുത്തു.
◾രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 38,560 രൂപ. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4855ല്‍ എത്തി. ഏതാനും ദിവസങ്ങളായി പവന് വില കുതിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 4030 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുതിച്ചുയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് ഉയര്‍ന്നത്. ഇതോടെ വിപണി വില 68 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
◾ഇന്ത്യയുടെ വിദേശ നാണയശേഖരം വീണ്ടും ഇടിവിന്റെ പാതയിലേക്ക് കടന്നു. നവംബര്‍ നാലിന് അവസാനിച്ച ആഴ്ചയില്‍ ശേഖരം 109 കോടി ഡോളര്‍ താഴ്ന്ന് 52,999.4 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 656.1 കോടി ഡോളറിന്റെ വര്‍ദ്ധനയായിരുന്നു കുറിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനയായിരുന്നു അത്. 2021 ഒക്ടോബറില്‍ രേഖപ്പെടുത്തിയ 64,500 കോടി ഡോളറാണ് ഇന്ത്യന്‍ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം. വിദേശ നാണയ ആസ്തി 12 കോടി ഡോളര്‍ ഇടിഞ്ഞ് 47,072.7 കോടി ഡോളര്‍ ആയിട്ടുണ്ട്. കരുതല്‍ സ്വര്‍ണശേഖരം 70.5 കോടി ഡോളര്‍ താഴ്ന്ന് 3,705.7 കോടി ഡോളറായി. ഐ.എം.എഫിലെ ഇന്ത്യയുടെ കരുതല്‍ധനം 23.5 കോടി ഡോളര്‍ കുറഞ്ഞ് 1,739 കോടി ഡോളറിലെത്തി.
◾നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ച് നിവിന്‍ പോളി നായകനായ പടവെട്ട് ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും അടങ്ങിയ പ്ലേ ലിസ്റ്റ് യുട്യൂബിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്റെ സംഗീത സംവിധാനം ഗോവിന്ദ് വസന്ത ആയിരുന്നു. 31.47 മിനിറ്റ് ദൈര്‍ഘ്യത്തില്‍ ചിത്രത്തിലെ എട്ട് ഗാനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. 12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. സൂര്യ ടിവിക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം. മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷക ജീവിതത്തിന്റെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചിരിക്കുന്നത്. അദിതി ബാലന്, ഷമ്മി തിലകന്, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
◾മംമ്ത മോഹന്‍ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ലൈവ്’എന്നാണ് ചിത്രത്തിന്റെ പേര്. മംമ്തയുടെ പിറന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ചിത്രം സംവിധാനം ചെയ്യുന്നത് വി കെ പ്രകാശ് ആണ്. സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവ്യ നായര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഒരുത്തീ’യുടെ വിജയത്തിന് ശേഷം വി കെ പ്രകാശും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ലൈവ്. സാമൂഹ്യ പ്രസക്തിയുള്ള ത്രില്ലര്‍ ആയാണ് സിനിമ ഒരുങ്ങുന്നത്. ഫിലിംസ് 24ന്റെ ബാനറില്‍ ദര്‍പണ്‍ ബംഗേജയും നിതിന്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമകാലികവും, സാമൂഹിക പ്രസക്തിയുമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു ത്രില്ലര്‍ സിനിമയാണ് ലൈവ്. നവംബര്‍ 18ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
◾ടൊയോട്ട ഇന്നോവ ഹൈക്രോസ് 2022 നവംബര്‍ 25-ന് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. പുതിയ ഇന്നോവ ഹൈക്രോസിന്റെ സ്വന്തം പതിപ്പ് മാരുതി സുസുക്കിയും അവതരിപ്പിക്കും. പുതിയ ഇന്നോവ ഹൈക്രോസ് പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം പുതിയ മാരുതി ഇന്നോവയും ലോഞ്ച് ചെയ്യും. അതായത് 2023 പകുതിയോടെ ഉത്സവ സീസണായ ദീപാവലിക്ക് ഈ മോഡല്‍ എത്താന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മാരുതി സി-എംപിവി ഇന്നോവ ഹൈക്രോസുമായി എഞ്ചിന് ഓപ്ഷനുകള്‍ പങ്കിടും.
◾നടന്, സംവിധായകന് തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ 47 വര്‍ഷമായി വ്യാപരിക്കുന്ന ബാലചന്ദ്രമേനോന്റെ ചലച്ചിത്ര ജീവിതാനുഭവങ്ങള്‍. സിനിമ പത്രപ്രവര്‍ത്തനം മുതല്‍ ഫിലിമി ഫ്രൈഡേയ്സ് എന്ന ഏറ്റവും പുതിയ യൂട്യൂബ് ചാനല്‍ വരെയുള്ള സംഭവബഹുലമായ ഓര്‍മ്മകളുടെ ആല്‍ബം. ‘മണിച്ചെപ്പ് വീണ്ടും തുറന്നപ്പോള്‍’. ബാലചന്ദ്രമേനോന്. മനോരമ ബുക്സ്. വില 342 രൂപ.
◾ഉത്കണ്ഠയും വിഷാദവും കുറയ്ക്കാന്‍ വിറ്റാമിന്‍ ബി6 സപ്ലിമെന്റുകള്‍ സഹായിക്കുമെന്ന് പഠനം. റീഡിംഗ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. യുവാക്കളില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ബി 6 ന്റെ സ്വാധീനം അളക്കുകയും ഒരു മാസത്തേക്ക് എല്ലാ ദിവസവും സപ്ലിമെന്റുകള്‍ കഴിച്ചതിന് ശേഷം അവര്‍ക്ക് ഉത്കണ്ഠയും വിഷാദവും കുറഞ്ഞതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. ഹ്യൂമന്‍ സൈക്കോഫാര്‍മക്കോളജി: ക്ലിനിക്കല്‍ ആന്‍ഡ് എക്സ്പിരിമെന്റല്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം ന്യൂറോണുകളും റണ്‍വേ പ്രവര്‍ത്തനത്തെ തടയുന്ന തടസ്സങ്ങളും തമ്മിലുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. വിറ്റാമിന്‍ ബി 6 ശരീരത്തെ തലച്ചോറിലെ പ്രേരണകളെ തടയുന്ന ഒരു പ്രത്യേക കെമിക്കല്‍ മെസഞ്ചര്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. തലച്ചോറിലെ നാഡീകോശങ്ങള്‍ക്കിടയിലുള്ള പ്രേരണകളെ തടയുന്ന ഗാമ-അമിനോബ്യൂട്ടിക് ആസിഡ് എന്ന രാസവസ്തുവിന്റെ ശരീരത്തിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ ബി 6 ന്റെ സാധ്യതയുള്ള പങ്കിനെ കേന്ദ്രീകരിച്ചാണ് പുതിയ പഠനം. വിറ്റാമിന്‍ ബി 6 ന്റെ അപര്യാപ്തത, അപസ്മാരം, മൈഗ്രെയ്ന്, ഉത്കണ്ഠ, വിഷാദം, ഓര്‍മ്മക്കുറവ് എന്നിവയുള്‍പ്പെടെ നിരവധി ന്യൂറോ സൈക്കിയാട്രിക് അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിന്‍ ബി 6 സപ്ലിമെന്റുകള്‍ കഴിച്ചവരില്‍ ഗാമ-അമിനോബ്യൂട്ടിക് ആസിഡ് വര്‍ദ്ധനവ്, ട്രയലിന്റെ അവസാനം നടത്തിയ വിഷ്വല്‍ ടെസ്റ്റുകള്‍ സ്ഥിരീകരിച്ചുയ ഉത്കണ്ഠ കുറയ്ക്കുന്നതിന് ബി6 ഉത്തരവാദിയാണെന്ന അനുമാനത്തെ പിന്തുണയ്ക്കുന്നു. ട്യൂണ, ചെറുപയര്‍, പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പല ഭക്ഷണങ്ങളിലും വിറ്റാമിന്‍ ബി 6 അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ഉയര്‍ന്ന ഡോസുകള്‍ മാനസികാവസ്ഥയെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ സപ്ലിമെന്റുകള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ സൂചിപ്പിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.11, പൗണ്ട് – 95.96, യൂറോ – 84.44, സ്വിസ് ഫ്രാങ്ക് – 86.33, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.84, ബഹറിന്‍ ദിനാര്‍ – 215.34, കുവൈത്ത് ദിനാര്‍ -263.73, ഒമാനി റിയാല്‍ – 211.04, സൗദി റിയാല്‍ – 21.59, യു.എ.ഇ ദിര്‍ഹം – 22.09, ഖത്തര്‍ റിയാല്‍ – 22.29, കനേഡിയന്‍ ഡോളര്‍ – 61.22.