yt cover.psd

ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ കക്ഷിചേരാന്‍ ജനുവരി അഞ്ചിന് അപേക്ഷ നല്‍കുമെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ചില എന്‍ജിഒകള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. വന്യജീവിസങ്കേതം ആവശ്യമോയെന്നു വരെ ചര്‍ച്ച ചെയ്യുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇ.പി ജയരാജനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പരാതി മൂന്നു വര്‍ഷം മുമ്പേ പി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രേഖാമൂലം നല്‍കിയിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പരാതി നല്‍കിയിരുന്നു. പി. ജയരാജന്‍ മാത്രമല്ല റിസോര്‍ട്ട് ഉടമയായ വ്യവസായി കെ.പി രമേഷ് കുമാറും 2019 ല്‍ ഇവര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. റിസോര്‍ട്ട് സംരംഭത്തില്‍ ഇ പി ജയരാജന്‍ തന്നെ കബളിപ്പിച്ചെന്നാണു രമേഷ്‌കുമാര്‍ പരാതി നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ബഫര്‍ സോണ്‍, കെ റെയില്‍, കടമെടുപ്പു പരിധി വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണു റിപ്പോര്‍ട്ട്. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തിയത്. പൊളിറ്റ് ബ്യൂറോ നാളേയും തുടരും.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

തിരുവനന്തപുരം വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ടനടപടി. പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ എട്ടുപേരെ പോക്സോ നിയമപ്രകാരം മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മലയം ബിജുവിനെ നീക്കം ചെയ്തു. താക്കീതും നല്‍കി. ലോക്കല്‍ കമ്മിറ്റിയംഗം ജെ എസ് രഞ്ജിത്തിനെ തരംതാഴ്ത്തി. രണ്ടു ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്.

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍നനിന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പിന്മാറി. ഇ കെ സുന്നി വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് പിന്മാറ്റം.

ചെന്നൈ എഗ്മൂര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനിനു വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ട് മണിയോടെ ട്രെയിന്‍ ചെന്നൈ താംബരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഫോണില്‍ ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരെ പിന്നീട് മറ്റൊരു ട്രെയിനില്‍ ചെന്നൈയില്‍ എത്തിച്ചു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപിതനായ ഇ.പി. ജയരാജന്‍ കണ്ണൂരില്‍ കെഎസ്ടിഎയുടെ പൊതു പരിപാടിയില്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു ചിരി മാത്രമായിരുന്നു മറുപടി.

ഇ പി ജയരാജനെതിരായ ആരോപണം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഈ ആവശ്യമുന്നയിച്ചു കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ചിറകരിയാന്‍ തീരുമാനിച്ചത് പിണറായി വിജയനാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. പിണറായിക്ക് എതിരെ നില്‍ക്കുന്നവരുടെ അവസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട് അഞ്ചാം മൈല്‍ കെല്ലൂരില്‍ മുസ്ലീം ലീഗ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.

ഇപി ജയരാജനെതിരായ ആരോപണം വെറും ഉള്‍പാര്‍ട്ടി തര്‍ക്കമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇപി മന്ത്രിയായിരുന്ന കാലത്ത് നടത്തിയ അഴിമതിയാണ് പുറത്തുവന്നത്. ഇപി ജയരാജന്റേത് മാത്രമല്ല ഇതിനപ്പുറം നീളാവുന്ന അഴിമതിക്കാരുടെ പട്ടിക പുറത്തുവരുമെന്നും സുരേന്ദ്രന്‍.

ഇപി ജയരാജന്‍ വിഷയം 2019 മുതല്‍ സിപിഎം ഒളിപ്പിച്ചുവച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എംവി ഗോവിന്ദന്‍ എന്താണ് ഇടപെടാതിരുന്നത്? എന്തുകൊണ്ട് പാര്‍ട്ടി നടപടി എടുക്കുന്നില്ല? അഴിമതി അന്വേഷിക്കണമെന്നും സതീശന്‍.

ഇടുക്കി രാജാക്കാടിനു സമീപം എം.എം മണി എംഎല്‍എയുടെ വാഹനത്തെ തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചതിനു കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണിനെതിരേ കേസ്. അരുണിന്റെ വാഹനത്തെ മറികടന്ന് പോയതോടെ പ്രകോപിതനായ അരുണ്‍ തന്റെ ജീപ്പ് എം.എം മണിയുടെ വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷമാണ് അസഭ്യം വിളിച്ചത്. എം എഎയുടെ ഗണ്‍മാന്റെ പരാതിയിലാണു രാജാക്കാട് പൊലിസ് കേസെടുത്തത്.

സ്ത്രീസുരക്ഷ, ശാക്തീകരണ സന്ദേശവുമായി സൈക്കിളില്‍ ഭാരത പര്യടനം നടത്തുന്ന മധ്യപ്രദേശുകാരി ആശാ മാളവിയ തിരുവനന്തപുരത്തെത്തി. തനിച്ച് ഇന്ത്യ മുഴുവന്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന ആശ ആറു സംസ്ഥാനങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി. ദേശീയ കായിക താരവും പര്‍വതാരോഹകയുമാണ് ആശ. സൈക്കിളില്‍ 20,000 കിലോമീറ്റര്‍ യാത്രചെയ്യാനാണു പരിപാടി.

തൃശൂരില്‍ ഇന്നു വൈകുന്നേരം ബോണ്‍ നതാലെ ക്രിസ്മസ് കരോള്‍ ഘോഷയാത്ര. പതിനായിരത്തിലേറെ സാന്താക്ലോസുമാര്‍ അണിനിരക്കും. ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണം.

റോഡിനു നടുവില്‍ താഴ്ന്നു കിടന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്കു പരിക്ക്. എറണാകുളം സൗത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്. എറണാകുളം ചന്ദ്രശേഖരന്‍ മേനോന്‍ റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്.

ഗര്‍ഭിണിയായ ഭാര്യയെ മദ്യലഹരിയില്‍ കൊലപ്പെടുത്തിയെന്നു ധരിച്ച് ആദിവാസി യുവാവ് ജീവനൊടുക്കി. അടിമാലി ഒഴുവത്തടത്ത വാളറ കുളമാംകുഴി ആദിവാസി കോളനിയിലെ കര്‍ണന്‍ (26) ആണ് തൂങ്ങി മരിച്ചത്. മദ്യപിച്ചെത്തി തര്‍ക്കത്തിനിടെ കൈയിലെ തോര്‍ത്ത് ഭാര്യ സിനിയുടെ കഴുത്തില്‍ മുറുക്കി. ശ്വാസം കിട്ടാതെ സിനി കുഴഞ്ഞുവീണു. മരിച്ചെന്നു കരുതി കര്‍ണര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

തൃശൂര്‍ മുണ്ടൂരിനടുത്ത പുറ്റേക്കരയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ അരുണ്‍ കുമാര്‍ (38) റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍. . തലയ്ക്കേറ്റ ഗുരുതര പരിക്കാണു മരണ കാരണം. മുഖത്ത് കുപ്പി കൊണ്ടോ കല്ലു കൊണ്ടോ ഇടിയേറ്റിട്ടുണ്ട്. വേറെ പരിക്കുകളില്ല. നാട്ടുകാരാണ് അരുണിനെ പുറ്റേക്കര സ്‌കൂളിന് സമീപം ഇടവഴിയില്‍ അവശനിലയില്‍ കണ്ടെത്തിയത്.

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ചു. കുമ്മിള്‍ മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്.

ലിഫ്റ്റില്‍നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. ചക്കിക്കാവ് കാഞ്ഞിരപ്പറമ്പില്‍ ദാസന്‍(54) ആണ് മരിച്ചത്. കോഴിക്കോട് കൂടത്തായിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍കാരത്തിനിടെയാണ് അപകടം.

ഒമാനില്‍ കനത്ത മഴ. പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കനത്ത മഴയെത്തുടര്‍ന്ന് മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ഗതാഗതം തടസപ്പെട്ടു. അഖബത്ത് ബൗഷര്‍-അമേറാത്ത് റോഡില്‍ വാഹനങ്ങള്‍ നിരോധിച്ചു.

ശീതക്കാറ്റും മഞ്ഞുവീഴ്ചയുംമൂലം അമേരിക്കയില്‍ മരണം അറുപതായി. രണ്ടു കോടി ജനങ്ങള്‍ താമസിക്കുന്ന ന്യൂയോര്‍ക്കില്‍ സ്ഥിതി ഗുരുതരമാണ്. അമേരിക്കന്‍ മലയാളികളുടെ ജീവിതവും നരകതുല്യമായി. ലക്ഷക്കണക്കിനു വീടുകള്‍ ഇപ്പോഴും ഇരുട്ടിലാണ്. റെയില്‍, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി.

നൂറാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയടിച്ച് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റിലാണ് വാര്‍ണറുടെ ഈ അപൂര്‍വ്വ നേട്ടം. നേരത്തെ 25-ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയ വാര്‍ണര്‍ 254 പന്തിലാണ് ഇരട്ട സെഞ്ചുറി തികച്ചത്. താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ മൂന്നാം ഇരട്ടസെഞ്ചുറിയാണിത്.

രാജ്യത്തു നിന്നുള്ള കാര്‍ഷിക, കാര്‍ഷികാനുബന്ധ കമ്മോഡിറ്റി കയറ്റുമതിയില്‍ റെക്കോര്‍ഡ് മുന്നേറ്റം. കേന്ദ്ര കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കയറ്റുമതി 11.97 ശതമാനം വര്‍ദ്ധനവോടെ 3,021 കോടി ഡോളറിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,698 കോടി ഡോളറിന്റെ കയറ്റുമതി വരുമാനമാണ് രേഖപ്പെടുത്തിയത്. പ്രധാനമായും ഗോതമ്പ്, ബസുമതി അരി, കോട്ടണ്‍, ആവണക്കെണ്ണ, കാപ്പി, പഴവര്‍ഗ്ഗങ്ങള്‍ എന്നീ കാര്‍ഷിക കമ്മോഡിറ്റികളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. 2021-22ലെ മൊത്തം കാര്‍ഷിക കയറ്റുമതി 2020-21ലെ 4,186 കോടി ഡോളറിനേക്കാള്‍ 20 ശതമാനം ഉയര്‍ന്ന് 5,024 കോടി ഡോളറിലെത്തിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ കയറ്റുമതിക്ക് കരുത്തേകാന്‍ ‘കിസാന്‍ റെയില്‍’ പദ്ധതിക്ക് സാധിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. 167 പാതകളിലാണ് ‘കിസാന്‍ റെയില്‍’ സര്‍വീസ് നടത്തുന്നത്.

ഡിസംബര്‍ 31, 2022 മുതല്‍ ചില പഴയ ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുമുള്ള സപ്പോര്‍ട്ട് തങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് വാട്‌സാപ് അറിയിച്ചു. ഐഫോണ്‍ 5, 5സി മോഡലുകള്‍ക്കാണ് സപ്പോര്‍ട്ട് നിലയ്ക്കുക. ഏകദേശം അമ്പതോളം ഫോണുകളിലാണ് വാട്‌സാപ് പ്രവര്‍ത്തനം നിര്‍ത്തുക. നിങ്ങളുടെ ഫോണിന് സപ്പോര്‍ട്ട് നിലയ്ക്കുന്നുണ്ടെങ്കില്‍ വാട്‌സാപ് തുടര്‍ന്നും ഉപയോഗിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പുതിയ ഫോണിലേക്ക് മാറണമെന്നാണ് വാട്‌സാപ് അറിയിച്ചിരിക്കുന്നത്. ഐഒഎസ് 12ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കാണ് സപ്പോര്‍ട്ട് പോകുന്നതെങ്കില്‍ ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ 4.1ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ഇനി വാട്‌സാപ് പ്രവര്‍ത്തിക്കില്ല. സാംസങ് ഗ്യാലക്‌സി എസ്2, എസ്3 മിനി എന്നിവ അതില്‍ പെടും. അസന്‍ഡ്ഡി അടക്കം 7 വാവെയ് മോഡലുകള്‍, ഓപ്ടിമസ് നൈട്രോ എച്ഡി അടക്കം 19 എല്‍ജി മോഡലുകള്‍, ഗ്യാലക്‌സി ട്രെന്‍ഡ് ലൈറ്റ് അടക്കം 7 സാംസങ് മോഡലുകള്‍, എക്‌സ്പീരിയ നിയോ എല്‍ അടക്കം മൂന്ന് സോണി മോഡലുകള്‍ തുടങ്ങിയവയുടെ സപ്പോര്‍ട്ട് അവസാനിക്കും. അതേസമയം, വളരെ പഴയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കേ പ്രശ്‌നമുള്ളു. ജെല്ലി ബീന്‍ അവതരിപ്പിക്കുന്നത് ജൂലൈ 2012ല്‍ ആണ്.

ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ആര്‍എക്സ്100 എന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി നായകന്‍. പുത്തന്‍ തലമുറയുടെ കാഴ്ച്ചപ്പാടുകളുമായി കഴിയുന്ന റോണക്്സ് സേവ്യര്‍ എന്ന യുവാവിന്റെ വേഷമാണ് ശ്രീനാഥ് ഭാസിക്ക്. റോണക്സ് സേവ്യര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. മലയാളത്തിലെ നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 22ന് ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിക്കും.പൂര്‍ണമായി ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ആര്‍എക്സ്100 ഒരുങ്ങുന്നത്. പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിനുശേഷം ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഘര്‍ഷങ്ങളും, ആത്മബന്ധങ്ങളും, കിടമത്സരങ്ങളും, ആക്ഷനും പ്രണയവും ചേര്‍ന്ന എന്റര്‍ടെയ്നറായിരിക്കും. കഥ, തിരക്കഥ, സംഭാഷണം – യതി ആന്റ് ബിജു ആര്‍. പിള്ള. ബി. കെ ഹരിനാരായണന്‍ ,നിധേഷ് നടേരി എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതം സിനിമയാകുന്നു. ‘മേം അടല്‍ ഹൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എന്‍പിയുടെ ‘ദ് അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷ്യന്‍ ആന്‍ഡ് പാരഡോക്‌സ്’ എന്ന പുസ്തകത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ്. ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് വാജ്‌പേയിയുടെ വേഷത്തില്‍ എത്തുന്നത്. കവി, രാഷ്ട്ര തന്ത്രജ്ഞന്‍, നേതാവ്, മനുഷ്യ സ്‌നേഹി എന്നിങ്ങനെ ബഹുമുഖമുള്ള വാജ്‌പേയിയെ ആണ് വെള്ളിത്തിരയില്‍ കാണാനാവുകയെന്ന് ചിത്രത്തിന്റെ സംവിധായകന്‍ രവി ജാദവ് വ്യക്തമാക്കി. ഉത്കര്‍ഷ് നൈതാനിയുടേതാണ് തിരക്കഥ. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാന്‍, കമലേഷ് ഭാനുശാലി, വിശാല്‍ ഗുര്‍നാനി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഡിസംബറില്‍ തിയറ്ററുകളിലെത്തും.

ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ക്രിസ്മസ് സമ്മാനമായി റോള്‍സ് റോയ്സ് ഡോണ്‍ നല്‍കി പങ്കാളി ജോര്‍ജിന റോഡ്രിഗസ്. ആഡംബര കാര്‍ സമ്മാനമായി നല്‍കിയ പങ്കാളിക്ക് നന്ദിയും ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വില ഏകദേശം 6 കോടി രൂപയാണ് റോള്‍സ് റോയ്സിന്റെ ഈ കണ്‍വേര്‍ട്ടബിളിന്. അത്യാംഡബര സൗകര്യങ്ങള്‍ നിറച്ച വാഹനത്തിന് കരുത്ത് നല്‍കുന്നത്. 6.6 ലീറ്റര്‍, ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 പെട്രോള്‍ എന്‍ജിനാണ്. പരമാവധി 563 ബി എച്ച് പി കരുത്തും 820 എന്‍ എം വരെ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്സ്ഷനാണു കാറിലെ ഗീയര്‍ബോക്സ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ഈ എന്‍ജിനു വേണ്ടത് വെറും 4.6 സെക്കന്‍ഡ്. കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്ട്രോണിക് സംവിധാനം വഴി നിയന്ത്രിച്ചിട്ടുണ്ട്.

ഫാത്തി സലീം എന്ന കഥാകാരിക്ക് സ്വന്തം ഭാഷയിലുള്ള അഭിമാനവും അതു പ്രയോഗിക്കാനുള്ള ധീരതയുമാണ് ‘ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും’ എന്ന നോവലിലെ നായിക. ഇത്ര അധികാരപൂര്‍വ്വം സ്വന്തം നാട്ടുഭാഷയെ ഉപയോഗിച്ചത്, കൃതഹസ്തനായിരുന്ന യു.എ. ഖാദര്‍ മാത്രം. മാഹിയുടെ ഭാഷയും സംസ്‌കാരവും ആവിഷ്‌കരിക്കുന്ന വ്യത്യസ്തമായ നോവല്‍. മാതൃഭൂമി ബുക്സ്. വില 190 രൂപ.

ചര്‍മ്മത്തിന്റെ നിറവും വിറ്റാമിന്‍ ഡിയുടെ കുറവിന് കാരണമാകുമെന്ന് പഠനം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ ആണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാരണം, ശരീരത്തില്‍ ചര്‍മ്മത്തിന്റെ നിറം നിര്‍ണ്ണയിക്കുന്നത് മെലാനിന്‍ ആണ്. ഇരുണ്ട ചര്‍മ്മത്തില്‍ കൂടുതല്‍ മെലാനിന്‍ അടങ്ങിയിട്ടുണ്ട്. ഇരുണ്ട ചര്‍മ്മമുള്ള ആളുകള്‍ക്ക് വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കാന്‍ കൂടുതല്‍ സൂര്യപ്രകാശം ആവശ്യമാണ്. ഇത്തരക്കാരില്‍ വിറ്റാമിന്‍ ഡി കുറവ് ഉണ്ടാകുമെന്ന് പറയുന്നു. ചര്‍മ്മത്തിന്റെ ചൂട് കൂടുമ്പോള്‍ ശരീരം വേഗത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കും. ചര്‍മ്മത്തിന്റെ താപനില കുറയുന്നത് കാരണം വിറ്റാമിന്‍ ഡി കുറയുന്നു. അതുകൊണ്ടാണ് എയര്‍ കണ്ടീഷനില്‍ ജീവിക്കുന്നവരില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് കൂടുതലായി കാണപ്പെടുന്നത്. തെറ്റായ ഭക്ഷണക്രമം മൂലമോ സൂര്യപ്രകാശം ലഭിക്കാത്തതു മൂലമോ വിറ്റാമിന്‍ ഡിയുടെ കുറവ് സംഭവിക്കാം. കുടലിന്റെ ആരോഗ്യം മോശമായാലും നിങ്ങളില്‍ വിറ്റാമിന്‍ ഡി കുറവായിരിക്കും. വണ്ണക്കൂടുതല്‍ ഉള്ളവരില്‍ വിറ്റാമിന്‍ ഡി കുറവായിരിക്കും. വിറ്റാമിന്‍ ഡി ഒരു കൊഴുപ്പ് ലയിക്കുന്ന ഹോര്‍മോണാണ്. മോശം ഉദരാരോഗ്യം അല്ലെങ്കില്‍ മറ്റ് അവസ്ഥകള്‍ എന്നിവയുള്ള ആളുകള്‍ക്കിടയില്‍ വിറ്റാമിന്‍ ഡി കുറവ് സാധാരണമാണ്. വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരത്തില്‍ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നു. രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും കൂടുതല്‍ ഇരയാകും. എത്ര ഉറങ്ങിയാലും എല്ലായ്പ്പോഴും ക്ഷീണിതനാണെന്ന് തോന്നുകയാണെങ്കില്‍ അത് വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ടാകാം. വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത പുറംവേദന, കാലിലെ എല്ലുകളില്‍ വേദന, സന്ധികള്‍, വാരിയെല്ലുകള്‍ എന്നിവയില്‍ വേദന തുടങ്ങിയവയ്ക്ക് കാരണമാകും. അമിതവണ്ണം ഉള്ള ആളുകളില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവായിരിക്കുമെന്ന് പറയുന്നു. വിഷാദരോഗം അഥവാ ഡിപ്രഷന്‍ ബാധിക്കുന്നുവെങ്കില്‍ അത് വിറ്റാമിന്‍ ഡിയുടെ കുറവിന്റെ ലക്ഷണമായി കണക്കാക്കാം. വിറ്റാമിന്‍ ഡി യുടെ കുറവ് ഡിമെന്‍ഷ്യ, ബുദ്ധിമാന്ദ്യം തുടങ്ങിയ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമാണ് മുട്ട. പശുവിന്‍ പാല്‍, സോയ പാല്‍, ചീസ്, ടോഫു, തൈര്, ഓറഞ്ച് ജ്യൂസ് എന്നിവ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്. ഫാറ്റി ഫിഷ്, ട്യൂണ, സാല്‍മണ്‍ തുടങ്ങിയ സമുദ്രവിഭവങ്ങള്‍ എന്നിവയും വിറ്റാമിന്‍ ഡിയാല്‍ സമ്പുഷ്ടമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.80, പൗണ്ട് – 100.02, യൂറോ – 88.14, സ്വിസ് ഫ്രാങ്ക് – 88.88, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.01, ബഹറിന്‍ ദിനാര്‍ – 219.67, കുവൈത്ത് ദിനാര്‍ -270.40, ഒമാനി റിയാല്‍ – 215.07, സൗദി റിയാല്‍ – 22.02, യു.എ.ഇ ദിര്‍ഹം – 22.54, ഖത്തര്‍ റിയാല്‍ – 22.74, കനേഡിയന്‍ ഡോളര്‍ – 61.12.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *