yt cover 19

പഞ്ചാബില്‍ ഭീകരാക്രമണം. തരന്‍ തരന്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനു നേരെ ആക്രമണം. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. പാക്കിസ്ഥാന്റെ സഹായത്തോടെ ഖാലിസ്ഥാന്‍ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ യുഎപിഎ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

വൈസ്ചാന്‍സലര്‍മാരുടെ വാദം കേള്‍ക്കല്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാരണം കാണിക്കല്‍ നോട്ടീസുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും. അന്തിമ തീരുമാനം കോടതി വിധിക്കു ശേഷമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹൈക്കോടതി തന്നെ വിമര്‍ശിച്ചിട്ടില്ല. വിമര്‍ശിച്ചെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മാധ്യമങ്ങള്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കുന്നത്. ഗവര്‍ണര്‍ പറഞ്ഞു.

രാജ്യത്തു മതപരമായ ഘോഷയാത്രകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മതപരമായ ഘോഷയാത്രകള്‍ വര്‍ഗീയ കലാപത്തിനു കാരണമാകുമെന്നും നിരോധിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്‍ജിഒ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് ആണു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

മാന്‍ഡോസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മഹാബലിപുരത്തിനു സമീപം കര തൊട്ടു. തമിഴ്നാട്ടിലെ തീരമേഖലയില്‍ ശക്തമായ കാറ്റും മഴയും. ചെന്നൈയിലും കനത്ത മഴയാണ് ലഭിക്കുന്നത്. വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായി വടക്കന്‍ കേരളത്തിലൂടെയോ കര്‍ണാടകയിലൂടെയോ അറബിക്കടലില്‍ പ്രവേശിച്ചേക്കും.

ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന യാഥാര്‍ത്ഥ്യം കേരളം അംഗീകരിച്ചിട്ടുള്ളതാണെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. സിപിഎമ്മിന്റെ മാത്രമല്ല, കേരളത്തിന്റെ അഭിപ്രായമാണത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത് എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി കാണുന്നില്ല. ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

യുഡിഎഫില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാമെന്ന മോഹം നടപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലീഗ് യുഡി എഫിന്റെ അഭിവാജ്യഘടകമാണ്. ലീഗിനെ കുറിച്ചുള്ള പിണറായിയുടെ നിലപാട് ഗോവിന്ദന്‍ തിരുത്തിയതില്‍ സന്തോഷം . ഏകീകൃത സിവില്‍ കോഡ് ബില്ലിനെ രാജ്യസഭയില്‍ കോണ്‍ഗ്രസ് എതിര്‍ത്തെന്നും സതീശന്‍ വിശദീകരിച്ചു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഏകീകൃത സിവില്‍ കോഡ് സ്വകാര്യ ബില്ലിന്റെ രാജ്യസഭയിലെ ചര്‍ച്ചയ്ക്കിടെ താന്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പിവി അബ്ദുള്‍ വഹാബ്. സഭയിലുണ്ടായിരുന്ന സിപിഎം അംഗങ്ങളുടെ നിലപാട് ആത്മാര്‍ത്ഥതയുള്ളതാണെന്ന് തോന്നിയിട്ടില്ല. അബ്ദുള്‍ വഹാബ് വ്യക്തമാക്കി.

കേരള ഗവര്‍ണര്‍ വര്‍ഷത്തില്‍ 150 ദിവസം സംസ്ഥാനത്തില്ലെന്നു കെ. മുരളീധരന്‍ എംപി. ഗോവ ഗവര്‍ണര്‍ കേരളത്തില്‍ തന്നെയാണ്. എന്താണ് ഗവര്‍ണര്‍മാരുടെ ജോലി? കേരള ഗവര്‍ണര്‍ ക്ഷോഭിച്ചേ സംസാരിക്കാറുള്ളൂ. മുസ്ലിം ലീഗ് വര്‍ഗീയപ്പാര്‍ട്ടിയാണെന്ന് പറഞ്ഞിരുന്ന സിപിഎം നിലപാട് തിരുത്തി കോണ്‍ഗ്രസിന്റെ നിലപാടാണ് ശരിയെന്ന് അംഗീകരിച്ചതു നന്നായെന്നും മുരളീധരന്‍.

അഴിമതിക്കേസില്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ആഭ്യന്തര വകുപ്പിന് കത്തു നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. തച്ചങ്കരിയെ അഴിമതി കേസില്‍ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. പാലക്കാട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറില്‍നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് തച്ചങ്കരിയെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തനാക്കിയിരുന്നത്.

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള കേസന്വേഷണം മരവിപ്പിച്ച് പൊലീസ്. ഒരേ കേസില്‍ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിലുള്ള നിയമപ്രശ്നമാണ് കാരണം. വെള്ളാപ്പള്ളിയെ പ്രതിയാക്കി അന്വേഷണം നടത്തണമെന്നു കോടതി ഉത്തരവിട്ടിരുന്നു.

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാന സൗകര്യ വികസനം, പാഠ്യപദ്ധതിയില്‍ നൂതനമായ മാറ്റങ്ങള്‍, ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മില്‍ ജൈവബന്ധം വളര്‍ത്തിയെടുക്കല്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് ഇതു സാധ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ക്കായി സര്‍ക്കാര്‍ നിയോഗിച്ച മൂന്നു കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കണമെന്ന് ഹൈക്കോടതി. എഴുപത്തയ്യായിരത്തിലേറെ തീര്‍ത്ഥാടകര്‍ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കണം. നിയന്ത്രണങ്ങള്‍ പബ്ലിക് അനൗണ്‍സ്മെന്റ് സംവിധാനം വഴി തീര്‍ഥാടകരെ അറിയിക്കണമെന്നും ഹൈക്കോടതി.

തിരുവനന്തപുരം വെള്ളായണിയില്‍ ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ കവര്‍ച്ച. കുടുംബത്തിലെ ശാപം മാറ്റാന്‍ പൂജയ്ക്കെത്തിയ കളിയിക്കാവിള സ്വദേശിനിയായ ആള്‍ദൈവം വിദ്യയും നാലംഗ സംഘവും 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷംരൂപയും കവര്‍ന്നു. കൊടിയില്‍ വീട്ടില്‍ വിശ്വംഭരന്റെ വീട്ടിലാണു പൂജയും കവര്‍ച്ചയും നടത്തിയത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആലപ്പുഴയിലെ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു. കാഞ്ഞൂരിലുണ്ടായ അപകടത്തിലായിരുന്നു മരണം. ഹരിപ്പാട്ടെ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നു. എന്‍എസ്എസിന്റെ കാര്‍ത്തികപ്പള്ളി താലൂക്ക് വനിതാ യൂണിയന്‍ മുന്‍ അധ്യക്ഷയായും ശ്രീദേവി രാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മകന്‍ ഓടിച്ച ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന അമ്മ ബൈക്കില്‍ കാല്‍ വയ്ക്കാനുള്ള ഫുട്റെസ്റ്റ് ഒടിഞ്ഞു തലയടിച്ചു വീണു മരിച്ചു. കൊല്ലം ചവറ ചിറ്റൂര്‍ പൊന്മന പുത്തന്‍പുര കിഴക്കതില്‍ ഗോകുലം ഗോപകുമാറിന്റെ ഭാര്യ ശോഭയാണ് (46) മരിച്ചത്.

വര്‍ക്കലയില്‍ കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച 15 കാരനെ ലഹരി മാഫിയാ സംഘം വീടുകയറി മര്‍ദിച്ചു. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് അവശനിലയിലായ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയിരൂര്‍ സ്വദേശികളായ നാലുപേര്‍ക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു. പോലീസ് എഫ്ഐആറില്‍ കൃത്രിമം കാണിച്ചെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് എസ്ഐ മണക്കടവ് സ്വദേശി വിചിത്രന്‍ (53) വാഹനാപകടത്തില്‍ മരിച്ചു. ചാലപ്പുറം മാങ്കാവ് റോഡില്‍ മുരിയാടാണ് അപകടമുണ്ടായത്. റോഡരികില്‍ കിടന്നിരുന്ന വിചിത്രനെ രണ്ടു യുവാക്കളാണ് പിവിഎസ് ആശുപത്രിയില്‍ എത്തിച്ചത്.

ടയര്‍ പഞ്ചറായതുമൂലം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ രാത്രി സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. ബാലരാമപുരം സ്വദേശി സഫറുള്ളയുടെ സ്‌കോര്‍പിയോ കാറാണ് ആക്രമികള്‍ തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രി ബാലരാമപുരം ശാലി ഗോത്ര തെരുവില്‍ പാര്‍ക്ക് ചെയ്ത കാറാണു തകര്‍ത്തത്.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനു പിറകേ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ഡോക്ടര്‍മാരെ രക്ഷിക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ റിപ്പോര്‍ട്ടാണിതെന്ന് ബന്ധുക്കള്‍. മരിച്ച അപര്‍ണയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷാവസ്ഥയായിരുന്നു. ഡോക്ടറെ നിര്‍ബന്ധിത അവധിയെടുപ്പിച്ചാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച കേസില്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നിലയെക്കുറിച്ച് ബന്ധുക്കളെ യഥാസമയം അറിയിച്ചില്ലെങ്കിലും ചികിത്സപിഴവിന്റെ പരിധിയില്‍പ്പെടുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍. ഇക്കാര്യവും പൊലീസ് അന്വേഷിക്കും. അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

വാഹനത്തിന്റെ ഗ്യാരണ്ടി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ഫോക്‌സ് വാഗന്‍ ഷോറൂമിനു മുന്നില്‍ സിനിമാ – സീരിയല്‍ താരത്തിന്റെ പ്രതിഷേധം. സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടന്‍ കിരണ്‍ അരവിന്ദാക്ഷന്‍ ആണ് പ്രതിഷേധിച്ചത്. ഇന്ധനത്തിനു പകരം വെള്ളം നിറച്ചെന്ന് ആരോപിച്ചാണ് വാറന്റി നിഷേധിച്ചതെന്നാണ് കിരണ്‍ അരവിന്ദാക്ഷന്‍ ആരോപിക്കുന്നത്. 10 ലക്ഷം രൂപ വായ്പയെടുത്തു വാങ്ങിയ വാഹനം 16 മാസമായി മരടിലെ യാര്‍ഡില്‍ കിടക്കുകയാണ്.

മധ്യപ്രദേശിലെ മാണ്ഡവി ഗ്രാമത്തിലെ കുഴല്‍കിണറില്‍ വീണ എട്ടു വയസുകാരന്‍ മരിച്ചു. ചൊവ്വാഴ്ച്ച കളിക്കുന്നതിനിടെയാണ് തന്മയ് സാഹു എന്ന കുട്ടി കുഴല്‍കിണറില്‍ വീണത്. നാലു ദിവസത്തിനു ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.

സെമി ബര്‍ത്ത് ഉറപ്പിക്കാനായി ഫ്രാന്‍സും ഇംഗ്ലണ്ടും ഇന്ന് നേര്‍ക്കുനേര്‍. ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 നാണ് ഫ്രാന്‍സ് – ഇംഗ്ലണ്ട് മത്സരം. ലോകകപ്പിലെ ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സരത്തില്‍ എംബാപ്പേയുടെ പ്രകടനം നിര്‍ണായകമാകും. നിലവില്‍ അഞ്ച് ഗോളുകളടിച്ച എംബാപ്പേ ഖത്തര്‍ ലോകകപ്പിലെ ടോപ്സ്‌കോററാണ്. ഇന്ന് രാത്രി 8.30 ന് നടക്കുന്ന മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയുമായി ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തില്‍ ക്യാപ്റ്റന്‍ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ കോച്ച് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ച് 39920 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്ന് 4990 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്ന് 4125 രൂപയായി. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് വര്‍ദ്ധിച്ചത്. വിപണിയില്‍ നിലവില്‍ ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 73 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയാണ്.

മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഗാലക്സി എം04 ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണിന് 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, മുന്‍ ക്യാമറയ്ക്ക് വാട്ടര്‍ഡ്രോപ്പ്-സ്റ്റൈല്‍ നോച്ചും ഉണ്ട്. ഗാലക്സി എം04 ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 8,499 രൂപയാണ്. ഡിസംബര്‍ 16 ന് ഉച്ചയ്ക്ക് 12 ന് ആമസോണില്‍ ഇത് വില്‍പനയ്‌ക്കെത്തും. ബ്ലൂ, ഗോള്‍ഡ്, മിന്റ് ഗ്രീന്‍, വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് ഗാലക്സി എം04 വരുന്നത്. സാംസങ് ഗാലക്സി എം04 ന് വാട്ടര്‍ഡ്രോപ്പ്-സ്റ്റൈല്‍ നോച്ചുള്ള 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ ഉണ്ട്. മീഡിയടെക് ഹീലിയോ പി35 ആണ് പ്രോസസര്‍. എല്‍ഇഡി ഫ്ലാഷോടുകൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. 13 മെഗാപിക്സല്‍ പ്രധാന ക്യാമറയും 2 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും പ്രധാന ഫീച്ചറുകളാണ്. മുന്‍വശത്ത് 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഉണ്ട്. 5,000 എംഎഎച്ച് ആണ് ബാറ്ററി.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത് ചിത്രമാണ് ‘തുനിവി’ലെ പാട്ടെത്തി. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥയും എച്ച് വിനോദിന്റേതാണ്. ആരാധകരുടെ ആകാംക്ഷകള്‍ വര്‍ദ്ധിപ്പിച്ച് അജിത്ത് ചിത്രത്തിലെ പുറത്തുവിട്ട ‘ചില്ലാ ചില്ലാ’ എന്ന ഗാനം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദര്‍ , വൈശാഖ്, ജിബ്രാന്‍ എന്നിവരാണ് പൊങ്കല്‍ റിലീസായി എത്തുന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. വൈശാഖ് എഴുതിയ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മന്‍. നിരവ് ഷായാണ് ചിത്രത്തിന്റെ ചായാഗ്രാഹണം. അജിത്തിന്റെയും മഞ്ജു വാര്യരുടെയും നൃത്ത രംഗം ഉള്‍പ്പെടുത്തിയിട്ടുള്ള ‘ചില്ല ചില്ല’ എന്ന ഗാനം ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ‘തുനിവി’ന്റെ ഓടിടി പാര്‍ട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്ട്രീം ചെയ്യുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

ഷബി ചൗഘട്ട് സംവിധാനം നിര്‍വ്വഹിച്ച ‘കാക്കിപ്പട’ എന്ന ചിത്രത്തിലെ മനോഹര ഗാനമെത്തി. ‘പൂവായ് പൂവായ്..’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹാരിബ് ഹുസൈനാണ്. മഞ്ജുവാര്യര്‍, നൈല ഉഷ, മിയ, പ്രിയ വാര്യര്‍, അനുസിത്താര, ലക്ഷ്മി നക്ഷത്ര, മിഥുന്‍ രമേഷ് എന്നിവരുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ വഴിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജാസിഗിഫ്റ്റാണ് ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം ക്രിസ്തുമസ് റിലീസായി എത്തുന്ന കാക്കിപ്പടയില്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്(രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യന്‍ വിപണിയില്‍ വരാനിരിക്കുന്ന സിഇ04 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസര്‍ പുറത്തിറക്കി. യുഎസ് ഉള്‍പ്പെടെ തിരഞ്ഞെടുത്ത ആഗോള വിപണികളില്‍ ഈ മോഡലിന് 11,795 ഡോളര്‍ (ഏകദേശം 9.71 ലക്ഷം രൂപ) വിലയുണ്ട്. പുതിയ ബിഎംഡബ്ല്യു ഇലക്ട്രിക് സ്‌കൂട്ടറില്‍ ബാറ്ററിക്കും പിന്‍ ചക്രത്തിനും ഇടയില്‍ സ്ഥിരമായ മാഗ്നറ്റ് മോട്ടോര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് പരമാവധി 42 ബിഎച്ച്പി കരുത്തും 62 എന്‍എം ടോര്‍ക്കും നല്‍കുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന് 2.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 50 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. കൂടാതെ 120 കിലോമീറ്റര്‍ വേഗതയും വാഗ്ദാനം ചെയ്യുന്നു. ഫ്ലോര്‍ബോര്‍ഡിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന 8.9കിവാട്ട് ലിഥിയം അയണ്‍ ബാറ്ററിയുണ്ട്.

തിരുവിതാംകൂര്‍ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ദുരന്താദ്ധ്യായത്തെ എല്ലാ തീക്ഷ്ണതകളോടും കൂടി വീണ്ടും ഓര്‍മിപ്പിച്ചു എന്ന സവിശേഷത വിജനവീഥിക്ക് അവകാശപ്പെടാം. ഇത് ശില്പഭദ്രമായ ഒരു നോവലാണ്. അതിലെ വിവരണങ്ങള്‍ യുക്തിസഹവും മനഃശാസ്ത്രതത്ത്വങ്ങളില്‍ അധിഷ്ഠിതവുമാണ്. അതുകൊണ്ടുതന്നെ ആധികാരികത അവകാശപ്പെടുന്ന ഒരു പ്രമേയത്തിന്റെ ലാവണ്യാത്മകമായ ആവിഷ്‌കാരമെന്ന നിലയില്‍ നോവല്‍ ശ്രദ്ധേയമാണ്. മലയാളത്തിലെ സൈക്കോളജിക്കല്‍ ഹൊറര്‍ നോവലുകളുടെ ശ്രേണിയില്‍ അഗ്രഗണ്യ സ്ഥാനം പിടിക്കുന്ന നോവല്‍. ‘വിജനവീഥി’. അശ്വതി തിരുന്നാള്‍. മാതൃഭൂമി ബുക്സ്. വില 650 രൂപ.

ശ്വാസകോശ അര്‍ബുദത്തെ സംബന്ധിച്ചിടത്തോളം നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും അതിപ്രധാനമാണ്. അമേരിക്കന്‍ ലങ് കാന്‍സര്‍ അസോസിയേഷന്റെ അഭിപ്രായത്തില്‍ ശ്വാസകോശ അര്‍ബുദ രോഗികളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് വൈകിയുളള രോഗനിര്‍ണയ കേസുകളില്‍ വെറും 5 ശതമാനമാണ്. ആദ്യ ഘട്ടങ്ങളില്‍ രോഗം കണ്ടെത്താന്‍ സാധിക്കുന്നവര്‍ക്കാകട്ടെ ഇത് 56 ശതമാനമാണ്. ആഗോള തലത്തില്‍ തന്നെ 16 ശതമാനം കേസുകളില്‍ മാത്രമേ അര്‍ബുദം ശ്വാസകോശത്തില്‍ നിന്ന് മറ്റ് ഇടങ്ങളിലേക്ക് പടരും മുന്‍പ് കണ്ടെത്തപ്പെടുന്നുള്ളൂ. വര്‍ധിച്ചു വരുന്ന വായു മലിനീകരണം, പുകയിലയുമായുള്ള സമ്പര്‍ക്കം തുടങ്ങി പല ഘടകങ്ങള്‍ ശ്വാസകോശ അര്‍ബുദ നിരക്കിലെ വര്‍ധനയ്ക്ക് പിന്നിലുണ്ട്. ഇന്ത്യയിലെ ശ്വാസകോശ അര്‍ബുദ മരണ നിരക്ക് 8.1 ശതമാനമാണെന്ന് ജേണല്‍ഓഫ് തൊറാസിക് ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. പുകവലിക്കും വായു മലിനീകരണത്തിനും പുറമേ റാഡോണ്‍ ഗ്യാസുമായും ആസ്ബറ്റോസുമായുള്ള സമ്പര്‍ക്കം, റേഡിയേഷന്‍ തെറാപ്പിയുടെ ചരിത്രം, ശ്വാസകോശ അര്‍ബുദത്തിന്റെ കുടുംബചരിത്രം, വ്യാവസായിക പ്രദേശങ്ങളിലെ താമസം എന്നിവയും ശ്വാസകോശ അര്‍ബുദത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. നെഞ്ചു വേദന, അകാരണമായ ഭാരനഷ്ടം, വലിവ്, തലവേദന, എല്ലുകള്‍ക്ക് വേദന, ശ്വാസംമുട്ടല്‍, വിശദീകരിക്കാനാകാത്ത ക്ഷീണം, വിട്ടുമാറാത്ത ചുമ എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. രോഗം പുരോഗമിക്കുന്നതോടെ ചുമയ്ക്കുമ്പോള്‍ രക്തം വരാനും നെഞ്ചില്‍ നീര്‍ക്കെട്ട് അനുഭവപ്പെടാനും നെഞ്ചില്‍ ദ്രാവകം നിറയാനും ന്യുമോണിയ ബാധിക്കാനും തുടങ്ങും. അര്‍ബുദ ബാധിതര്‍ പുകവലിയില്‍ നിന്നും പുകവലിക്കുന്നവരുടെ സമീപത്തു നിന്നു വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.44, പൗണ്ട് – 101.06, യൂറോ – 86.95, സ്വിസ് ഫ്രാങ്ക് – 88.17, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.04, ബഹറിന്‍ ദിനാര്‍ – 218.85, കുവൈത്ത് ദിനാര്‍ -268.73, ഒമാനി റിയാല്‍ – 214.28, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.44, ഖത്തര്‍ റിയാല്‍ – 22.64, കനേഡിയന്‍ ഡോളര്‍ – 60.05.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *