ഗുജറാത്തില്‍ താമരത്തരംഗം. തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി അധികാരമുറപ്പിച്ചത് റിക്കാര്‍ഡ് ഭൂരിപക്ഷവുമായാണ്. പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനവും സ്വന്തമാക്കിയ ബിജെപി 182 സീറ്റില്‍ 150 ലും മുന്നേറി. 13 ശതമാനം വോട്ടും എട്ട് സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ അക്കൗണ്ട് തുടങ്ങി. കാര്യമായ പ്രചാരണമൊന്നും നടത്താതിരുന്ന കോണ്‍ഗ്രസ് വെറും 19 സീറ്റില്‍ ഒതുങ്ങി.
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം. പക്ഷേ, കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ പാട്ടിലാക്കി ബിജെപി ഭരണം നിലനിര്‍ത്താന്‍ നീക്കങ്ങള്‍ തുടങ്ങി. 38 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബിജെപി 27 സീറ്റുകളില്‍ മുന്നിലുണ്ട്. മൂന്ന് സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും ലീഡ് ചെയ്യുന്നുണ്ട്.
സജി ചെറിയാന് അയോഗ്യതയില്ല. ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപിച്ചുള്ള കേസില്‍ മുന്‍ മന്ത്രി സജി ചെറിയാനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.
ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്നു കാണിച്ച് പൊലീസ് കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കൊച്ചി സ്വദേശിയായ അഡ്വ. ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയില്‍ തിരുവല്ല കോടതി ഉത്തരവിട്ടതനുസരിച്ചാണ് കീഴ്വായ്പൂര്‍ പൊലീസ് കേസെടുത്ത് തെളിവില്ലെന്നു റിപ്പോര്‍ട്ടു നല്‍കിയത്.
സില്‍വര്‍ ലൈന്‍ പദ്ധതി കേന്ദ്ര അനുമതിക്കു ശേഷമേ ഉണ്ടാകൂവെന്ന് റവന്യു മന്ത്രി കെ രാജന്‍ നിയമസഭയില്‍. 20 കോടി 50 ലക്ഷം രൂപ കെ റെയിലിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിരുന്നു എട്ടു കോടി 52 ലക്ഷം ചെലവഴിച്ചു. സര്‍വ്വേയുടെ ഭാഗമായുള്ള മഞ്ഞക്കുറ്റി ഒരു അടയാളപ്പെടുത്തല്‍ മാത്രമാണ്. സ്ഥലം ഏറ്റെടുക്കലല്ല. കുറ്റി സര്‍ക്കാറിന്റേതാണ്. സര്‍വെ നമ്പര്‍ പ്രസിദ്ധീകരിച്ചതിന്റെ അര്‍ത്ഥം ഭൂമി അറ്റാച്ച് ചെയ്തെന്നല്ല. വില്‍പനക്കോ വായ്പയെടുക്കാനോ തടസമില്ല. കരം അടക്കലിന് അടക്കം തടസമുണ്ടാക്കിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പില്‍ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടില്‍ മുന്‍ മന്ത്രി കെകെ ശൈലജ അടക്കമുള്ളവര്‍ക്കെതിരായാണ് അന്വേഷണം. ആരോഗ്യ സെക്രട്ടറി രാജന്‍ കോബ്രഗഡെ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ഡ്യൂട്ടിക്കിടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് എസ്പിക്കെതിരെ കേസ്. മാനന്തവാടി സ്വദേശിയും കോഴിക്കോട് റേഞ്ച് സ്പെഷല്‍ ബ്രാഞ്ച് എസ്പിയായിരുന്ന പ്രിന്‍സ് അബ്രഹാമിനെതിരെയാണ് കേസെടുത്തത്. ചികിത്സയില്‍ മരിച്ചയാളുടെ ഇന്റിമേഷന്‍ പൊലീസ് സ്റ്റേഷനിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയത്.
കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി എം.പി.റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. കോഴിക്കോട് കോര്‍പറേഷന്‍ അധികൃതരും പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉന്നതരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മാനേജര്‍ പദവി ദുരുപയോഗിച്ച് നടത്തിയ തട്ടിപ്പാണെന്ന പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയില്‍. വിഴിഞ്ഞം തുറമുഖം, ശശി തരൂരിന്റെ മുന്നേറ്റം, സര്‍വകലാശാല നിയമന വിവാദങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകും.
കാസര്‍കോട് വയലോടിയിലെ പ്രിജേഷ് കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പൊറോപ്പാട് സ്വദേശി മുഹമ്മദ് സഫ്വാന്‍ (24) ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. തിങ്കളാഴ്ച രാവിലെയാണ് വീടിനടുത്തുള്ള തെങ്ങിന്‍തോപ്പില്‍ പ്രിജേഷ് കൊല്ലപ്പെട്ടത്. രാത്രി അസമയത്ത് പ്രിജേഷിനെ ഒരു വീട്ടില്‍ കണ്ടതിനെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തൃക്കരിപ്പൂര്‍ പൊറോപ്പാട് സ്വദേശി മുഹമ്മദ് ഷബാസ്, എളമ്പച്ചി സ്വദേശി മുഹമ്മദ് രഹ്നാസ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഭാഗത്ത് കടത്തുകടവ് വീട്ടില്‍ ശ്രീജിത്ത്(22) മുനമ്പം പൊലീസിന്റെ പിടിയിലായി. പെണ്‍കുട്ടിയെ ചെറായി ബീച്ചിലുള്ള റിസോര്‍ട്ടുകളിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി.
ബട്ടണ്‍ രൂപത്തിലാക്കി ട്രോളി ബാഗിന്റെ ഹാന്‍ഡിലില്‍ ഒട്ടിച്ച് ഒളിച്ചുകടത്താന്‍ ശ്രമിച്ച 142 ഗ്രാം സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. കാസര്‍കോട് സ്വദേശി മുഹമ്മദിനെയാണു സ്വര്‍ണവുമായി കസ്റ്റംസ് പിടികൂടിയത്.
ഗുജറാത്തില്‍ മോദി കാലത്തേക്കാള്‍ മികച്ച ഭൂരിപക്ഷവുമായി ബിജെപി. കഴിഞ്ഞ തവണ 99 സീറ്റാണു ബിജെപിക്കുണ്ടായിരുന്നത്. അതിനു മുമ്പ് 2012 ല്‍ 115 സീറ്റുണ്ടായിരുന്നു. 2007 ല്‍ മോദിയുടെ നേതൃത്വത്തില്‍ 117 സീറ്റാണു സ്വന്തമാക്കിയത്. ഗുജറാത്ത് കലാപത്തിനു പിറകേ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു റിക്കാര്‍ഡ് ഭൂരിപക്ഷം. 127 സീറ്റാണ് ആ വര്‍ഷം ബിജെപി നേടിയത്. 2001 ലാണ് കേശുഭായി പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. 2002 ലെ തെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. 1995 ലാണ് ഗുജറാത്തില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്.
തൂക്കുപാലം ദുരന്തത്തില്‍ 135 പേര്‍ മരിച്ച ഗുജറാത്തിലെ മോര്‍ബിയില്‍ ബിജെപി മുന്നേറ്റം. ദുരന്തത്തിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി വെള്ളത്തിലേക്ക് എടുത്തു ചാടിയ മുന്‍ എംഎല്‍എ കാന്തിലാല്‍ അമൃതിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായത്. ഉപതെരഞ്ഞെടുപ്പില്‍ തോറ്റ ജയന്തിലാല്‍ പട്ടേലിനെ തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണയും മത്സരിപ്പിച്ചത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ 77 സീറ്റ് നേടിയ ബിജെപി ഇപ്പോള്‍ വെറും 19 സീറ്റില്‍ മാത്രമാണ് മുന്നേറിയത്. 58 സീറ്റ് കോണ്‍ഗ്രസിനു നഷ്ടം. തെരഞ്ഞെടുപ്പിനെ അലക്ഷ്യമായി നേരിട്ടതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. നാഥനില്ലാകളരി പോലെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. ബിജെപിയും എഎപിയും ദേശീയ നേതാക്കളെ ഇറക്കി നാടിളക്കി പ്രചാരണം കൊഴുപ്പിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല.
ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ച് ആം ആദ്മി പാര്‍ട്ടി കേവലഭൂരിപക്ഷം നേടി. 15 വര്‍ഷം ഭരിച്ച ബിജെപിയെ തകര്‍ത്താണ് ആം ആദ്മിയുടെ വിജയം. ബിജെപി 104 സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസ് ഒമ്പതു സീറ്റിലേയ്ക്ക് ഒതുങ്ങി.
തമിഴ് കോമഡി താരമായ ടി ശിവ നാരായണമൂര്‍ത്തി അന്തരിച്ചു. 67 വയസായിരുന്നു. തഞ്ചാവൂരിലെ പട്ടുകോട്ടേയി സ്വദേശിയാണ്. ഇരുന്നൂറിലധികം തമിഴ് ചിത്രങ്ങളില്‍ ടി ശിവ നാരായണമൂര്‍ത്തി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്നു.
തമിഴ്‌നാട് ചെങ്കല്‍പട്ട് ജില്ലയിലെ മധുരാന്തഗത്തിന് സമീപം ലോറി മിനി ട്രക്കില്‍ ഇടിച്ച് ആറു പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചന്ദ്രശേഖര്‍ (70), ശശികുമാര്‍ (30), ദാമോധരന്‍ (28), ഏഴുമലൈ (65), ഗോകുല്‍ (33), ശേഖര്‍ (55) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗ് പ്രദേശത്ത് സ്യൂട്ട്കേസില്‍ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. സ്യൂട്ട്കേസിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് പോലീസ് എത്തി പരിശോധന നടത്തിയത്.