കാര്‍ഗിലിലേത് കേവലം യുദ്ധ വിജയം മാത്രമല്ലെന്നും പാകിസ്ഥാന്‍ ചതിക്കെതിരായ ജയമാണെന്നും കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ സ്മരണയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം ഉപയോഗിച്ച് നിങ്ങള്‍ വിജയിക്കില്ലെന്നും ഭീകരവാദത്തെ തുടച്ച് നീക്കുമെന്നും നിങ്ങളുടെ പദ്ധതികള്‍ നടപ്പാകില്ലെന്നും പ്രധാനമന്ത്രി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. അഗ്നിപഥ് പദ്ധതി സേനയെ യുവത്വവല്‍ക്കരിക്കാനാണെന്നും എന്നാല്‍ ചിലര്‍ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചുവെന്നും സൈനികരെ കാവല്‍ ജോലിക്കായി മാത്രം കണ്ടവരാണ് ഇത് ചെയ്തതെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോഗിന്റെ നാളത്തെ യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇന്ത്യാ മുന്നണി മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ബജറ്റില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന കാരണത്താലാണ് ബഹിഷ്‌കരണം. ജൂലൈ 23ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട നടപടിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ്. ബില്ലുകള്‍ തടഞ്ഞുവച്ചതിനെതിരെ കേരളം നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് നല്‍കിയത്. രാഷ്ട്രപതി ബില്ലുകള്‍ക്ക് അനുമതി നല്കാത്തതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. സമാനമായ ഹര്‍ജിയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്.
മാസപ്പടിക്കേസില്‍ സിഎംആര്‍എല്ലിന് അനുകൂലമായ ഒരു സമീപനവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മാധ്യമങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അടക്കം സിഎംആര്‍എല്‍ പണം നല്‍കിയതായി ആദായ നികുതി റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണം എന്ന ഹര്‍ജിക്കാരന്റെ ആവശ്യം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പിന് ഇന്ന് പതിനൊന്നാം ദിനം. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും. അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം ഗംഗാവലിപ്പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ തിരച്ചില്‍ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്. നിലവില്‍ ഒഴുക്ക് 6 നോട്സാണ്. 3 നോട്സിനു താഴെ എത്തിയാലെ മുങ്ങല്‍വിദഗ്ധര്‍ക്ക് ഇറങ്ങാനാകൂ.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിനെതിരായ കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്നും എ.ഐ.എസ്.എഫ് മുന്‍ നേതാവ് കെ.പി.ബാസിതും പത്തനംതിട്ടയിലെ സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവും ചേര്‍ന്ന് സാമ്പത്തിക ലാഭത്തിനായി നടത്തിയ തട്ടിപ്പ് മാത്രമാണെന്നും കുറ്റപത്രം. പി.എ.യുടെ പേര് ഉപയോഗിച്ച് ഉയര്‍ന്ന നിയമനത്തട്ടിപ്പില്‍ രാഷ്ട്രീയ ഗൂഡാലോചന പൊലീസ് തള്ളി. എഐവൈഎഫ് മുന്‍ നേതാവും മലപ്പുറം സ്വദേശിയുമായ ബാസിത്താണ് കേസിലെ ഒന്നാം പ്രതി. കോഴിക്കോട് സ്വദേശിയും മുന്‍ എസ് എഫ് ഐ നേതാവുമായ ലെനിന്‍ രാജ്, സുഹൃത്തായ റെഗീസ് പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറി അഖില്‍ സജീവ് എന്നിവരാണ് മറ്റ് പ്രതികള്‍.
ഇരുചക്ര വാഹനമോടിക്കുമ്പോള്‍ സംസാരിച്ചാല്‍ പിഴയീടാക്കാനുള്ള നടപടി അപ്രായോഗികമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയില്‍ നിന്നുണ്ടാകുന്ന സര്‍ക്കുലറാണിതെന്നും മന്ത്രിയെന്ന നിലയില്‍ താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് സര്‍ക്കുലര്‍ ഇറക്കിയത്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലകളുടെ ചുമതല നല്‍കിയത് ജില്ലയുടെ ചാര്‍ജുള്ള സെക്രട്ടറിമാരുടെ വില കുറച്ചു കാണിക്കാനല്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യം അര്‍ഹിക്കുന്നത് കൊണ്ടാണെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചുമതല തന്നെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ വേദികളില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നതില്‍ അന്വേഷണം വേണമെന്നും ഇതിന് പിന്നില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ശക്തമായ നടപടി വേണമെന്നും വയനാട് ക്യാമ്പില്‍ തനിക്കെതിരെ വിമര്‍ശനം ഉണ്ടായെന്ന തരത്തില്‍ ഇല്ലാത്ത വാര്‍ത്തകള്‍ വന്നുവെന്നും ഇതെല്ലാം പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പതിനെട്ട് വര്‍ഷത്തോളം ജോലിചെയ്ത സ്ഥാപനത്തില്‍നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹന്‍ ആണ് വന്‍തട്ടിപ്പ് നടത്തിയത്. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്ത നാല് എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു സുനില്‍, മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അമല്‍രാജ്, മൂന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി അഭിഷേക് സന്തോഷ് എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.
സംസ്ഥാനത്ത് മിന്നല്‍ ചുഴലി തുടരുന്നു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍, ജില്ലകളിലുണ്ടായ ശക്തമായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. പലയിടത്തും മരങ്ങള്‍ വീണ് വീടുകളും വാഹനങ്ങളും തകര്‍ന്നു. പലയിടത്തും മരങ്ങളും തെങ്ങുകളും കടപുഴകി. വൈദ്യുത പോസ്റ്റുകളും മറിഞ്ഞു വീണു.
മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. അടുത്ത ദിവസങ്ങളിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുംബൈയിലും പുനെയിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ആളുകള്‍ കഴിയുന്നതും വീട്ടിലിരിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുംബൈ പൊലീസ് അഭ്യര്‍ഥിച്ചു.
കന്‍വാര്‍ യാത്രാവഴിയിലെ കടകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം സുതാര്യതക്ക് വേണ്ടിയാണെന്ന് സുപ്രീംകോടതിയില്‍ യുപി സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഭക്ഷണ കാര്യത്തില്‍ വിശ്വാസികള്‍ കബളിപ്പിക്കപ്പെടാതിരിക്കാനാണ് ഉത്തരവെന്നും സത്യവാങ്മൂലത്തിലുണ്ട്. കന്‍വാര്‍ യാത്ര കടന്ന് പോകുന്ന പ്രദേശങ്ങളില്‍ ഭക്ഷണശാലകളുടെ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്നാ യുപി സര്‍ക്കാരിന്റെ നിര്‍ദ്ദേശം സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എന്‍ഡിഎ ഘടകകക്ഷികള്‍ പോലും എതിര്‍ത്തിരുന്നു.
യുദ്ധം തകര്‍ത്തെറിഞ്ഞ ഗാസയില്‍ പോളിയോ വൈറസ് പടരാനുള്ള സാധ്യത ഏറെയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മോശം ആരോഗ്യ, ശുചിത്വ സാഹചര്യങ്ങള്‍ രോഗം പടരാന്‍ കാരണമാകുന്നതായും അപകട സാധ്യത തിരിച്ചറിഞ്ഞ് നടപടി വേണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കായിക ലോകത്തിന്റെ കാത്തിരിപ്പിന് അവസാനം കുറിച്ച് പാരിസ് ഒളിംപിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ പങ്കെടുക്കുന്ന മാമാങ്കത്തില്‍ 117 പേരടങ്ങുന്ന ഇന്ത്യന്‍ സംഘവുമുണ്ടാകും. പി വി സിന്ധുവും ശരത് കമാലുമാണ് ഇന്ത്യന്‍ പതാകവാഹകരാകുന്നത്. 10500 കായിക താരങ്ങളെ വഹിച്ച് നൂറോളം ബോട്ടുകളാണ് സെന്‍ നദിയിലൂടെ മാര്‍ച്ച് പാസ്റ്റ് നടത്തുക. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും ഒളിംപിക് ഉദ്ഘാടനച്ചടങ്ങുകള്‍ തത്സമയം കാണാനാകും.