*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾വീണ്ടും നിപ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിപ ലക്ഷണങ്ങളുമായി നാലു രോഗികള്‍. ഒരാള്‍ വെന്റിലേറ്ററിലാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണ്. സമ്പര്‍ക്ക പട്ടികയില്‍ 75 പേരുണ്ടെന്ന് കോഴിക്കോട്ടെ അവലോകന യോഗത്തിനുശേഷം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. പൂനെ എന്‍ഐവിയില്‍ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തു വരും. വൈകീട്ട് ആറിനു വീണ്ടും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
◾ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തില്‍ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം നടത്തിയത് പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നുവെന്ന് എന്‍ഐഎ. ക്രൈസ്തവ മതപണ്ഡിതനെ വധിക്കാനും തൃശൂര്‍, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പദ്ധതിയിട്ടെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
◾സമുദ്രത്തിന്റെ ആറായിരം മീറ്റര്‍ അടി താഴ്ചയിലേക്ക് മനുഷ്യരെ അയച്ച് ആഴക്കടല്‍ വിഭവങ്ങളും ജൈവവൈവിധ്യങ്ങളും പഠിക്കാനുള്ള ‘സമുദ്രയാന്‍’ പദ്ധതിയുമായി ഇന്ത്യ. മൂന്നുപേരെയാണ് ആഴക്കടലിലേക്ക് അയക്കുകയെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. ആദ്യമായിട്ടാണ് മനുഷ്യരെ ഉള്‍ക്കൊള്ളുന്ന ആഴക്കടല്‍ ദൗത്യത്തിന് രാജ്യമൊരുങ്ങുന്നത്. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയില്‍ വികസിപ്പിക്കുന്ന പ്രത്യേക അന്തര്‍വാഹിനി ‘മത്സ്യ 6000’ മന്ത്രി പരിശോധിച്ചു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ സ്റ്റാഫിന് താമര ചിഹ്നംപതിച്ച ഷര്‍ട്ട് പുതിയ യൂണിഫോാകും. മാര്‍ഷലുമാര്‍ക്ക് മണിപ്പൂരി തലപ്പാവുമാകും വേഷം. വനിതാ ജീവനക്കാര്‍ക്ക് സാരിയാണ്. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കമാന്‍ഡോ പരിശീലനവും നല്‍കും. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പ്രത്യേക പൂജയോടെ പുതിയ മന്ദിരത്തിലേക്കു പ്രവേശനമെന്നാണു റിപ്പോര്‍ട്ട്.
◾എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. സിബിഐ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് മാറ്റിവച്ചത്. മറ്റൊരു കേസില്‍ തിരക്കിലാണെന്നാണു സിബിഐ അറിയിച്ചത്. കേസ് മാറ്റുന്നതിനെ ആരും എതിര്‍ത്തില്ല. 2017 ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറുവര്‍ഷത്തിനിടെ നാലു ബെഞ്ചുകളിലായി 34 തവണയാണ് മാറ്റിവച്ചത്.
◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ സിപിഎം നേതാവും മുന്‍ എം പിയുമായ പി കെ ബിജുവിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടന്‍ നോട്ടീസ് അയക്കും. കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറും പി കെ ബിജുവുമായുള്ള സാമ്പത്തിക ഇടപാട് പരിശോധിച്ചുവരികയാണ്.
◾പി.വി അന്‍വര്‍ എംഎല്‍എയുട ഉടമസ്ഥതയിലുള്ള പാര്‍ക്ക് തുറന്നു കൊടുത്ത നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പാര്‍ക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നുമാണ് ആവശ്യം.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾എണാകുളം ജില്ലയിലെ കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്‍പ(32), മക്കളായ ഏബല്‍ (7) ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് ആണ്‍കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.
◾ആഭ്യന്തര വകുപ്പ് ഗൂഡസംഘത്തിന്റെ പിടിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍. ആലുവയില്‍ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്താണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
◾പുതുപ്പള്ളിയിലെ സതിയമ്മയെ പിരിച്ചുവിട്ടെന്ന നിയമസഭയിലെ പ്രതിപക്ഷ വിമര്‍ശനത്തിനു മറുപടി നല്‍കാന്‍ മന്ത്രി ചിഞ്ചുറാണി എഴുന്നേറ്റതോടെ നിയമസഭയില്‍ ബഹളം. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴാണ് മന്ത്രി ചിഞ്ചുറാണി സതിയമ്മ വിഷയവുമായി ഇടയ്ക്കു കയറിയത്. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. ഭരണപക്ഷ അംഗങ്ങളും വിട്ടുകൊടുത്തില്ല. വാക്കൗട്ട് പ്രഖ്യാപിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ വിട്ടുപോകാതെ നടുത്തളത്തിലേക്കിറങ്ങി. ഇറങ്ങിപ്പോകുന്നുവെന്ന് പറഞ്ഞവര്‍ ഇറങ്ങിപ്പോകണമെന്നും പുതിയ കീഴ്‌വഴക്കം ഉണ്ടാക്കരുതെന്നും പറഞ്ഞ് സ്പീക്കര്‍ ക്ഷുഭിതനായി.
◾കെല്‍ട്രോണിനെച്ചൊല്ലി നിയമസഭയില്‍ തര്‍ക്കം. പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഭരണപക്ഷത്ത് നിന്ന് വ്യവസായ മന്ത്രി പി രാജീവും ഗതാഗത മന്ത്രി ആന്റണി രാജുവുമാണ് വാഗ്വാദത്തിലായത്. റോഡിലെ എഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണിനെ നോക്കുകുത്തിയാക്കി സ്വകാര്യ കമ്പനികള്‍ക്ക് ടെണ്ടര്‍ നല്‍കിയെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിമര്‍ശിച്ചു. കെല്‍ട്രോണ്‍ നോക്കുകുത്തിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മറുപടി പറഞ്ഞു. കെല്‍ട്രോണ്‍ ഒരു നട്ട് പോലും ഉണ്ടാക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു. ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3, ആദിത്യ – എല്‍1 മിഷനുകള്‍ക്കടക്കം വേണ്ട ഉപകരണങ്ങള്‍ പോലും കെല്‍ട്രോണ്‍ നിര്‍മിച്ചെന്ന് വ്യവസായ മന്ത്രി പി രാജീവ് മറുപടി പറഞ്ഞു.
◾തനിക്കെതിരായ കേസില്‍ സാക്ഷികളും തെളിവുകളും ഇല്ലെന്ന് ഗ്രോ വാസു കോടതിയില്‍. വഴി തടസപ്പെടുത്തിയതിന് സാക്ഷികളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം വാദിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംഘം ചേര്‍ന്നതിന് അധികൃതര്‍ പരാതി പോലും നല്‍കിയിട്ടില്ലെന്നും കോടതിയില്‍ വ്യക്തമാക്കി.
◾മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനടക്കം എല്ലാ പ്രതികളും ഈ മാസം 21 ന് കോടതിയില്‍ ഹാജരാകണമെന്നു നിര്‍ദേശം. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്.
◾കോടികളുടെ ക്രമക്കേട് നടന്ന പത്തനംതിട്ട മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ ഒരു കേസില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഗോതമ്പ് വാങ്ങിയതില്‍ നാലു കോടിയോളം രൂപയുടെ ക്രമക്കേടു നടത്തിയെന്നാണ് ആരോപണം.
◾വയനാട് ജില്ലയിലെ പുളിഞ്ഞാല്‍ ചിറപ്പുല്ല് മലയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് താത്കാലിക ജീവനക്കാരന്‍ മരിച്ചു. നെല്ലിക്കച്ചാല്‍ തങ്കച്ചനാണ് (50) മരിച്ചത്.
◾പാലക്കാട് ജില്ലാ ആശുപത്രിയില്‍ സംഭാവനയായി ലഭിച്ച 92.6 ലക്ഷത്തിന്റെ എക്സ് റേ മെഷീന്‍ എലി കടിച്ചുമുറിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് എറണാകുളം യൂണിറ്റ് അന്വേഷണം നടത്തും.
◾തിരുവല്ലയില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നു ഭര്‍ത്താവ് പരാതിപ്പെട്ടെങ്കിലും മണിക്കൂറുകള്‍ക്കകം ഇരുവരേയും കണ്ടെത്തി. തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 നായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ കാര്‍ കുറുകെ നിര്‍ത്തിയാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പരാതി. തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ പോയതാണെന്നും ഉച്ചയോടെ ഇവരെ കണ്ടെത്തിയ പോലീസിനോടു യുവതി മൊഴി നല്‍കി.
◾ജി 20 ഉച്ചകോടിമൂലം ഡല്‍ഹിയിലെ വ്യാപാര മേഖലയില്‍ 400 കോടി രൂപയുടെ നഷ്ടമെന്ന് വ്യാപാരികള്‍. മൂന്നു ദിവസം പൊതു അവധി പ്രഖ്യാപിച്ച് ലോക്ഡൗണ്‍ പ്രഖ്യാപിച്ച അവസ്ഥയായിരുന്നു. ഷോപ്പിംഗ് മാളുകളും കടകളും തുറക്കാന്‍ അനുവദിച്ചില്ല. വാഹനങ്ങള്‍ പുറത്തിറക്കാന്‍പോലും അനുവദിച്ചില്ല. ജനങ്ങളുടെ 4,200 കോടി രൂപ മുടക്കി നടത്തിയ ജി 20 ഉച്ചകോടി വ്യാപാരികള്‍ക്ക് ഇത്രയും ഭീമമായ നഷ്ടമുണ്ടാക്കിയെന്നും വ്യാപാരികള്‍ പറഞ്ഞു.
◾രാജ്യദ്രോഹക്കുറ്റമായ ഐപിസി 124 ന്റെ നിയമസാധുത വിശാല ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീംകോടതി. അഞ്ചംഗങ്ങളില്‍ കുറയാത്ത വിശാലമായ ബെഞ്ചാണ് ഹര്‍ജി പരിശോധിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
◾‘ജോലിക്കു ഭൂമി’ അഴിമതി കേസില്‍ മുന്‍ റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഡല്‍ഹി റോസ് അവന്യൂ കോടതിയെ സിബിഐ ഇക്കാര്യം അറിയിച്ചു.
◾രണ്ടു കടുവകളെ വിഷംവച്ചു കൊന്നതിന് കര്‍ഷകന്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ നീലഗിരിയില്‍ ശേഖര്‍ എന്നയാളാണ് അറസ്റ്റിലായത്. അവലാഞ്ചി എന്ന സ്ഥലത്തിന് സമീപം പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പശുവിനെ കൊന്ന കടുവകളെ കൊല്ലാന്‍ മാംസത്തില്‍ വിഷം ചേര്‍ത്തെന്നാണ് ആരോപണം.
◾ഇന്ത്യാ മുന്നണി കൂടുതല്‍ വിപുലമാക്കാന്‍ നീക്കം. കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കും ചെറിയ പാര്‍ട്ടികള്‍ക്കും മുന്നണിയിലേക്ക് ക്ഷണമുണ്ടാകും.
◾ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ റഷ്യന്‍ തുറമുഖ നഗരമായ വ്ലാഡിവോസ്ടോകിലെത്തി. 1,180 കിലോമീറ്റര്‍ ട്രെയിന്‍ യാത്ര നടത്തിയാണ് കിം എത്തിയത്. കൂടിക്കാഴ്ചയെ അതീവ ആശങ്കയോടെയാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കാണുന്നത്.
◾സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി റിസര്‍വ് ബാങ്ക് അവതരിപ്പിച്ച സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ വില്‍പ്പന ആരംഭിച്ചു. ഡിജിറ്റലായി സ്വര്‍ണം വാങ്ങാവുന്ന രീതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. സെപ്റ്റംബര്‍ 15 വരെയാണ് എസ്ജിബി വാങ്ങാന്‍ സാധിക്കുക. നിക്ഷേപകര്‍ക്ക് ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, നിയുക്ത പോസ്റ്റ് ഓഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇ, എന്‍എസ്ഇ എന്നിവ മുഖാന്തരം എസ്ജിബി വാങ്ങാവുന്നതാണ്. എസ്ജിബിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും, വാര്‍ഷിക പരിധി നാല് 4 കിലോഗ്രാമുമാണ്. നിക്ഷേപങ്ങള്‍ക്ക് 2.5 ശതമാനത്തോളം വാര്‍ഷിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, നിക്ഷേപകന് സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് മൂല്യത്തിന്റെ 75 ശതമാനം വരെ വായ്പ ലഭിക്കുന്നതിന് ബോണ്ടുകള്‍ പണയം വയ്ക്കാവുന്നതാണ്. ഓണ്‍ലൈനായി ബോണ്ടുകള്‍ വാങ്ങുകയാണെങ്കില്‍ പ്രത്യേക കഴിവുകള്‍ ഒരുക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് പരമാവധി 50 രൂപ വരെയാണ് കിഴിവ് ലഭിക്കുക. അതത് ദിവസത്തെ സ്വര്‍ണവിലയെ അടിസ്ഥാനമാക്കിയാണ് എസ്ജിബി വാങ്ങാന്‍ സാധിക്കുക.
◾ആവശ്യത്തിന് ലാന്‍ഡ്‌ലൈന്‍ ഉപയോക്താക്കളെ കിട്ടാതെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ അടച്ചുപൂട്ടാന്‍ ബി.എസ്.എന്‍.എല്ലിന്റെ നീക്കം. ലാന്‍ഡ്‌ഫോണ്‍ കണക്ഷനുകള്‍ തീരെക്കുറവുള്ള എക്‌സ്‌ചേഞ്ചുകളാണ് ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടുക. ഇതിന്റെ ഭാഗമായി കണക്ഷനുകള്‍ കോപ്പര്‍ ലൈനില്‍ നിന്ന് ഒപ്റ്റിക്കല്‍ ഫൈബറിലേക്ക് മാറ്റും.ഇതോടെ, ലാന്‍ഡ്‌ഫോണ്‍ കണക്ഷനുകള്‍ നല്‍കുന്ന ചുമതല പൂര്‍ണമായും സ്വകാര്യ കമ്പനികളിലേക്കെത്തും. ഇപ്പോഴേ ബി.എസ്.എന്‍.എല്ലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷനുകള്‍ നല്‍കുന്നത് സ്വകാര്യ കമ്പനികളാണ്. സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോപ്പര്‍ ലൈനില്‍ നിന്ന് ഒപ്റ്റിക്കല്‍ ഫൈബറിലേക്ക് മാറുന്നതെന്നാണ് ബി.എസ്.എന്‍.എല്‍ വൃത്തങ്ങള്‍ പറയുന്നത്. ആകെ 1,230 എക്‌സ്‌ചേഞ്ചുകള്‍ സംസ്ഥാനത്ത് ബി.എസ്.എന്‍.എല്ലിന് ആകെ 1,230 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുണ്ട്. ആകെ 5.40 ലക്ഷം ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷനുകളും 3.71 ലക്ഷം ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളുമാണ് ഇവയിലുള്ളത്. ആദ്യഘട്ടത്തില്‍ 100 എക്‌സ്‌ചേഞ്ചുകള്‍ അടച്ചുപൂട്ടുമെന്നാണ് സൂചന.
◾ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റാണി’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘പറന്നേ പോ കിളിത്തൂവലേ’ എന്നു തുടങ്ങുന്ന ഗാനത്തിന് മേന മേലത്ത് വരികള്‍ കുറിച്ച് സംഗീതം പകര്‍ന്നാലപിച്ചു. അമ്മയും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴം വരച്ചിടുന്ന കാഴ്ചകളാണ് ഗാനരംഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘വാഴേണം വാഴേണം വാഴേണം ദൈവമേ’ എന്നു തുടങ്ങുന്ന ഗാനവും ആസ്വാദകഹൃദയങ്ങള്‍ ഏറ്റെടുത്തിരുന്നു. ഉര്‍വശി, ഭാവന, ഹണി റോസ്, അനുമോള്‍, മാല പാര്‍വതി, ഇന്ദ്രന്‍സ്, ഗുരു സോമസുന്ദരം, മണിയന്‍പിള്ള രാജു, കൃഷ്ണന്‍ ഗോപിനാഥ്, അശ്വന്ത് ലാല്‍, അംബി, സാബു ആമി പ്രഭാകരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘റാണി’. മഞ്ജരി, പ്രാര്‍ഥന ഇന്ദ്രജിത്, ഗുരു സോമസുന്ദരം എന്നിവരും ‘റാണി’ക്കു വേണ്ടി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സിനിമ റിലീസിനു തയ്യാറെടുക്കുകയാണ്.
◾സണ്ണി വെയ്നെയും ലുക്മാനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ടര്‍ക്കിഷ് തര്‍ക്ക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ലുക്മാനും സണ്ണി വെയ്നും തമ്മില്‍ അടിയുണ്ടാക്കുന്ന 36 സെക്കന്റുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൂടെയുള്ളവര്‍ പിടിച്ചു വെച്ചിട്ടും അടിയുണ്ടാക്കാന്‍ നില്‍ക്കുന്ന താരങ്ങളാണ് വീഡിയോയിലുള്ളത്. താരങ്ങള്‍ തമ്മില്‍ ഈഗോ പ്രശ്നങ്ങളാണ് അടിക്ക് കാരണമെന്നും, എന്നാല്‍ അതൊന്നുമല്ല പുതിയ സിനിമയുടെ പ്രൊമോഷന്‍ ആണിതെന്നുമുള്ള ഒരുപാട് ചര്‍ച്ചകള്‍ അതിനെത്തുടര്‍ന്ന് ഉണ്ടായിരുന്നു. പുതിയ സിനിമയുടെ പ്രഖ്യാപനം വന്നതോട് കൂടി അത്തരം ചര്‍ച്ചകളെല്ലാം അവസാനിച്ചിരിക്കുകയാണ് ഇപ്പോള്‍. നാദിര്‍ ഖാലിദും, അഡ്വ. പ്രദീപ് കുമാറും ചേര്‍ന്ന് ബിഗ് പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ബി. കെ ഹരിനാരായണനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രം ഈ വര്‍ഷം നവംബറില്‍ റിലീസ് ചെയ്യും.
◾390 ഡ്യൂകും 250 ഡ്യൂകും ഇന്ത്യയില്‍ അവതരിപ്പിച്ച് കെടിഎം. മൂന്നാം തലമുറയില്‍ പെട്ട ഈ ഡ്യൂക് അവതാരങ്ങളെ 4,499 രൂപ നല്‍കി ബുക്കു ചെയ്യാനാവും. കെടിഎം 390 ഡ്യൂക് 2024ന് 3,10,520 രൂപയും കെടിഎം 250 ഡ്യൂക് 2024ന് 2,39,000 രൂപയുമാണ് വില. പുതുതലമുറ ലൈറ്റ് വൈറ്റ് സിംഗിള്‍ സിലിണ്ടര്‍ എല്‍സി4സി എന്‍ജിനാണ് രണ്ട് ബൈക്കുകള്‍ക്കും കെടിഎം നല്‍കിയിരിക്കുന്നത്. എന്‍ജിനു പുറമേ സിലിണ്ടര്‍ ഹെഡുകളും ഗിയര്‍ബോക്‌സുകളും പൂര്‍ണമായും പ്രത്യേകം രൂപകല്‍പന ചെയ്തതാണ്. 820 എംഎം സീറ്റുകളാണ് രണ്ട് മോഡലുകളിലുമുള്ളത്. കൂടുതല്‍ വലിയ എയര്‍ബോക്‌സും ടൈപ് സി ചാര്‍ജിങ് പോട്ട് എന്നിവയും കെടിഎം 390 ഡ്യൂകിലും കെടിഎം 250 ഡ്യൂകിലും വരുന്നുണ്ട്. ഇലക്ട്രോണിക് ഓറഞ്ച് മെറ്റാലിക്ക്, അറ്റ്‌ലാന്റിക് ബ്ലൂ നിറങ്ങളിലാണ് കെടിഎം 390 എത്തിയിരിക്കുന്നത്. ഇലക്ട്രോണിക് ഓറഞ്ച് സെറാമിക് വൈറ്റ് നിറങ്ങളില്‍ കെടിഎം 250 ഡ്യൂക് വരുന്നു. 399 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് 2024 കെടിഎം 390 ഡ്യൂകിന് നല്‍കിയിരിക്കുന്നത്. 45 ബിഎച്ച്പി കരുത്തും പരമാവധി 39 എന്‍എം ടോര്‍ക്കും പുറത്തെടുക്കാനുള്ള ശേഷിയുണ്ട് ഈ എന്‍ജിന്. 6 സ്പീഡ് ഗിയര്‍ ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 250 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കെടിഎം 250 ഡ്യൂകിനുള്ളത്. 31 ബിഎച്ച്പി കരുത്തും പരമാവധി 25 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നു. മുന്‍ മോഡലിനേക്കാള്‍ 1 ബിഎച്ച്പി കരുത്തും 1 എന്‍എം ടോര്‍ക്കും കൂടുതലാണ്.
◾പത്തൊന്‍പതാം നൂറ്റാണ്ടിലെ റഷ്യന്‍ സാഹിത്യത്തിലെ മഹാരഥന്‍മാര്‍ക്ക് പിന്നാലെ വന്ന ഇവാന്‍ ബൂനിന്റെ ‘മിത്യയുടെ പ്രേമം’ എന്ന രചന ടോള്‍സ്റ്റോയിയുടെയും തൂര്‍ഗ്യനേവിന്റെയും ചെകോവിന്റെയും നോവലുകള്‍ക്കൊപ്പം വെക്കാവുന്ന ഒരു മാസ്റ്റര്‍പീസ് തന്നെയാണെന്ന് നിസ്സംശയം പറയാം. ‘മോസ്‌കോയില്‍ മിത്യയുടെ സന്തോഷത്തിന്റെ അവസാനദിവസം മാര്‍ച്ച് ഒന്‍പതായിരുന്നു’ എന്ന അശുഭച്ചുവയോടെ തുടങ്ങുന്ന ഈ കൃതി മിത്യ എന്ന വിദ്യാര്‍ത്ഥിയുടെയും കാത്യ എന്ന യുവനടിയുടെയും പ്രേമത്തിന്റെ കഥയാണ്. മിത്യയുടെ ഭ്രാന്തുപിടിച്ച സംശയങ്ങളും അസൂയയും അവര്‍ക്കിടയിലെ മുള്ളായി. സാഹിത്യത്തിനു നൊബേല്‍ സമ്മാനം നേടിയ ആദ്യ റഷ്യന്‍ എഴുത്തുകാരന്റെ നോവല്‍. പരിഭാഷ – രശ്മി കിട്ടപ്പ. മാതൃഭൂമി ബുക്സ്. വില 161 രൂപ.
◾സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല. കൃത്യമായി മാസ്‌ക് ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.98, പൗണ്ട് – 103.56, യൂറോ – 88.95, സ്വിസ് ഫ്രാങ്ക് – 93.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.41, ബഹറിന്‍ ദിനാര്‍ – 220.13, കുവൈത്ത് ദിനാര്‍ -268.90, ഒമാനി റിയാല്‍ – 215.54, സൗദി റിയാല്‍ – 22.12, യു.എ.ഇ ദിര്‍ഹം – 22.59, ഖത്തര്‍ റിയാല്‍ – 22.79, കനേഡിയന്‍ ഡോളര്‍ – 61.13.