mid day.psd
പൗരത്വ നിയമ ഭേദഗതി ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പൗരത്വ അപേക്ഷക്കായി വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തണമെന്ന് പിണറായി വിജയന്‍ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോവിഡ് കാലത്ത് കുരങ്ങിന് ഭക്ഷണം കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏത് ഏജന്‍സി എഴുതി കൊടുത്തിട്ടാണെന്ന്  പറയിക്കരുതെന്നും പിണറായി വിജയന്റെ  മേക്കോവര്‍ നടത്തിയ ഏജന്‍സി ഏതെന്ന് അറിയാമെന്നും സതീശന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ  ഉദ്ഘാടനം എന്ന നിലയില്‍ ഇന്നലെ നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് മനസ്സില്ല മനസ്സോടെയാണെന്ന്
കേന്ദ്രമന്ത്രി വി.മുരളീധരന്‍. ക്രയിനിന് വാട്ടര്‍ സല്യൂട്ട് നല്‍കുന്നത് ലോകത്ത് എവിടെയും കണ്ടിട്ടില്ലെന്നും ചടങ്ങ് അപഹാസ്യമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു. ഇന്നലെ ചെലവാക്കിയ കോടികള്‍ അദാനിയുടേതാണോ സര്‍ക്കാരിന്റേതാണോയെന്ന് ചോദിച്ച മുരളീധരന്‍ .തുറമുഖത്തിന്റെ  പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരഭിനന്ദനവും അര്‍ഹിക്കുന്നില്ലെന്നും പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിന്ന് പാല്‍ കൊണ്ടുവന്നതില്‍ ക്രമക്കേട് എന്ന മില്‍മ ഓഡിറ്റ് റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ചിഞ്ചുറാണി. ക്രമക്കേട് ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് കേന്ദ്രം പണം തരുന്നില്ലെങ്കില്‍ കേന്ദ്രത്തിന്റെ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേര്‍സ് സ്‌കീം എന്നാക്കു എന്ന് ഹൈക്കോടതി. കേന്ദ്രവും സര്‍ക്കാരും തമ്മിലുള്ള ഇടപാടാണെങ്കില്‍ ഹെഡ്മാസ്റ്റര്‍മാര്‍ എന്തിനാണ് പണം നല്‍കണമെന്നും എന്തിനാണ് ജീവനക്കാര്‍ക്ക് ബാധ്യത ഉണ്ടാക്കുന്നതെന്നും കോടതി ചോദിച്ചു.
തെക്ക് കിഴക്കന്‍ അറബിക്കടലിനും കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി നാളെയോടെ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എസ് കെ എസ് എസ് എഫ് അധ്യക്ഷന്‍ ഹമീദലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ മുസ്ലീം ലീഗില്‍ നിന്നുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് അനുനയ നീക്കവുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും ഉദ്ദേശിച്ച കാര്യങ്ങളല്ല വാര്‍ത്തയായി വന്നതെന്നും തങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പിഎംഎ സലാം ഹമീദലി തങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് വിശദീകരിച്ചു.
കോണ്‍ഗ്രസ് ഭരിക്കുന്ന ഇടുക്കിയിലെ സഹകരണബാങ്കിനെതിരെ അഴിമതി ആരോപണം. നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റിക്കെതിരെയാണ് പരാതിയുമായി നിക്ഷേപകര്‍ രംഗത്തെത്തിയത്. 36 കോടി രൂപ തട്ടിച്ചെന്നാണ് ആരോപണം.
വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാര്യമ്പാടി കതവാക്കുന്ന് തെക്കേക്കര ശിവദാസന്റെ മകന്‍ അമല്‍ദാസാണ് മരിച്ചത്. 22 വയസ്സായിരുന്നു.
എരുമേലി എലിവാലിക്കരയില്‍ വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്‌ഐക്ക് പ്രതിയുടെ മര്‍ദ്ദനം. കോടതി വാറണ്ട് പുറപ്പെടുവിച്ച എലിവാലിക്കര സ്വദേശി കീച്ചേരില്‍ വി ജി ശ്രീധരനാണ് വനിതാ എസ് ഐ ശാന്തി കെ ബാബുവിനെ ആക്രമിച്ചത്. പിന്നീട് കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കണ്ണൂരില്‍ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി പമ്പില്‍ ഇന്ധനം നിറക്കുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചു. ആളുകള്‍ ഓടി മാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല.

സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി. അഭിഭാഷകനായ ആനന്ദ് ദെഹദ്രായ് ആണ് എംപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപി എംപി നിഷികാന്ത് ദുബെയാണ് ഇന്നലെ ആരോപണം ഉന്നയിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്കു കത്ത് നല്‍കിയത്. അതേസമയം മഹുവ അന്വേഷത്തെ സ്വാഗതം ചെയ്തു. ദുബെയുടെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് ഹിരണ്‍ അന്ദാനി ഗ്രൂപ്പും പ്രതികരിച്ചു
ഗാസയ്ക്കു മേലുള്ള ഇസ്രായേലിന്റെ അധിനിവേശം അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെയും ഹിസ്ബുല്ലയെയും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നും എന്നാല്‍ എല്ലാ പലസ്തീനികളും ഹമാസിനെ അംഗീകരിക്കുന്നവരല്ലെന്നും അതിനാല്‍ പലസ്തീന്‍ അതോറിറ്റി നിലനില്‍ക്കണമെന്നും ജോ ബൈഡന്‍ പറഞ്ഞു.

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്ച്ചക്കാരാവില്ലെന്നും നാസികള്‍ ചെയ്തത് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി.  ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ചൈന ഇടപെടണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയും പറഞ്ഞു.

ഒഴിഞ്ഞു പോകണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കന്‍ ഗാസയില്‍ നിന്ന് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാല് ലക്ഷംപേര്‍ പലായനം ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍. അതിനിടെ പലസ്തീനില്‍ കുടുങ്ങിയ വിദേശികളെ ഉള്‍പ്പെടെ ഒഴിപ്പിക്കുന്നതിനായി ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും.
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഗാസ നിവാസികളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ സൂക്ഷിച്ചിരിക്കുന്നത് ഐസ്‌ക്രീം ട്രക്കുകളില്‍ല്‍. മോര്‍ച്ചറികളും മൃതദേഹങ്ങളാല്‍ നിറഞ്ഞതുകൊണ്ടാണ് മൃതദേഹങ്ങള്‍ ഐസ് ക്രീം ട്രക്കുകളില്‍ തന്നെ സൂക്ഷിക്കാന്‍ ആരോഗ്യ അധികൃതര്‍ തീരുമാനിച്ചത്.
ഹമാസ് – ഇസ്രയേല്‍ യുദ്ധത്തില്‍ ഗാസയില്‍ ഉപരോധം നേരിടുന്നവരെ സഹായിക്കാന്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സായുധ സംഘടനയായ ഹമാസ് ഇനിയും ചോര പൊടിയരുതെന്നും ബന്ദികളാക്കിയ ഇസ്രയേലികളെ വിട്ടയക്കണമെന്നും മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചു.
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയ – ശ്രീലങ്ക മത്സരം. ലഖ്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. നേരത്തെ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഇരു കൂട്ടര്‍ക്കും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *