P8 yt cover

നിയമസഭ പാസാക്കിയ നിയമങ്ങള്‍ അനുമതി ലഭിക്കാതെ കെട്ടിക്കിടക്കുകയാണെന്നു ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷ സമ്മേളനത്തില്‍ ഉദ്ഘാടകനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വേദിയിലിരിക്കേയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

മലയാളികളുടെ അധ്വാനശീലവും വിദ്യാഭ്യാസവും മഹത്തരമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന അഭിനേതാക്കളെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ നിയന്ത്രണം. മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂര്‍ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ്, ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എന്നിവ റദ്ദാക്കി. ആലപ്പുഴ വഴിയുള്ള ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് കോട്ടയം വഴിയാക്കി. നിലമ്പൂര്‍ റോഡ് – കോട്ടയം എക്സ്പ്രസ് അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂര്‍- എറണാകുളം എക്സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. ചില ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിലും മാറ്റമുണ്ട്.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:

https://youtu.be/4-sqhUbTNeU

വാടക കിട്ടാത്തതിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി ശ്രീനിജന്‍ എംഎല്‍എ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് നടക്കുന്ന സ്‌കൂളിന്റെ ഗേറ്റ് പൂട്ടിയിട്ടു. കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍ദേശിച്ചതനുസരിച്ച് പൂട്ടു പൊളിച്ച് മല്‍സരാര്‍ത്ഥികള്‍ അകത്തു കടന്നു. സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും എത്തിയ നൂറിലധികം കുട്ടികളാണു പുറത്തു കാത്തുനിന്നിരുന്നത്. എട്ടുമാസത്തെ വാടകയായ എട്ടു ലക്ഷം രൂപ തരാത്തതിനാണ് ഗേറ്റ് പൂട്ടിയത്.

കണ്ണൂര്‍ കണ്ണവത്ത് എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ചനിലയിലായിരുന്നു. ജില്ലയില്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.

കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ എംഎല്‍എമാര്‍ പരസ്യപ്രതികരണം നടത്തരുതെന്നു സിപിഎം വിലക്ക്. അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടിക്കു കത്തു നല്‍കിയ ഐ ബി സതീഷിനും ജി സ്റ്റീഫനും പ്രതികരിക്കരുതെന്നാണു നിര്‍ദേശം. പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ച സാഹചര്യത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

വനംമന്ത്രിയെ മയക്കുവെടി വയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്കു സ്ഥലകാല വിഭ്രാന്തിയാണ്. കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങള്‍ ജനങ്ങളെ ആക്രമിച്ചു കൊല്ലുന്ന പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നായാട്ടു സംഘത്തിന്റെ വെടിയേറ്റതിനാലാണ് കാട്ടുപോത്ത് നാട്ടിലെത്തി രണ്ടുപേരെ കൊന്നതെന്നു പറയുന്ന വനംമന്ത്രിക്കും വനംവകുപ്പിനും എന്തോ തകരാറുണ്ടെന്നും ചെന്നിത്തല.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

പിണറായി സിപിഎമ്മിനെ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മുസ്ലീ’മാക്കിയെന്ന് ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. റിയാസ് എന്ന പുതിയാപ്ളയെ കൊണ്ടുവന്ന് ഭാവി മുഖ്യമന്ത്രിയാക്കാനാണ് നീക്കം. പിണറായിയുടെ ആ മനസിലിരിപ്പ് നടക്കില്ല. റിവേഴ്സ് ഹവാലയുടെ ഉപജ്ഞാതാവാണ് പിണറായിയെന്നും അദ്ദേഹം ആരോപിച്ചു.

പാകിസ്ഥാനിലെ ജയിലില്‍ മരിച്ച പാലക്കാട് കപ്പൂര്‍ സ്വദേശിയുടെ മൃതദേഹം കേരളത്തില്‍ എത്തിച്ചാല്‍ ഏറ്റുവാങ്ങാമെന്ന് ബന്ധുക്കള്‍. കപ്പൂര്‍ അബ്ദുള്‍ ഹമീദിന്റെ മകന്‍ സുള്‍ഫിക്കര്‍ (48) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം ഇന്ന് ഇന്ത്യക്കു കൈമാറും. നാളെ നാട്ടിലെത്തിക്കും. അതിര്‍ത്തിയില്‍ പോയി മൃതദേഹം ഏറ്റുവാങ്ങാന്‍ താത്പര്യമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചെന്നു പൊലീസ് പറഞ്ഞു.

ആലുവയിലെ വാടക വീട്ടില്‍ ഡോക്ടര്‍ തൂങ്ങിമരിച്ചു. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോ. എം.കെ മോഹനാണ് (76) പറവൂര്‍ കവലയ്ക്കടുത്ത് സെമിനാരിപ്പടിയിലെ വാടക വീട്ടില്‍ മരിച്ചത്. തന്റെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരം മൃതദേഹത്തിനരികെ കത്തില്‍ എഴുതിവച്ചിട്ടുണ്ട്.

ഫോണില്‍ വിളിച്ചു പറഞ്ഞ് കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിലൂടെ തെങ്കാശി സ്വദേശിക്ക് അടിച്ചത് നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. ബുള്ളറ്റ് ടാങ്കര്‍ ഡ്രൈവറായ ചിന്നദുരൈയ്ക്കാണ് ഇങ്ങനെ ഭാഗ്യം കടാക്ഷിച്ചത്. ആഴ്ചയില്‍ അഞ്ചു ദിവസവും ഭാഗ്യപരീക്ഷണം നടത്താറുള്ള ചിന്ന ദുരൈ പതിവുപോലെ ലോട്ടറി വില്‍പനക്കാരന്‍ ഷിജുവിനെ വിളിച്ച് എട്ടു ടിക്കറ്റുകളാണെടുത്തത്.

തിരുവനന്തപുരം പള്ളിപ്പുറത്ത് പ്രസവശേഷം നവജാത ശിശുവുമൊത്തു വീട്ടിലേക്കു പോകവേ ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചവരുടെ എണ്ണം നാലായി. ചികിത്സയിലായിരുന്ന മണമ്പൂര്‍ സ്വദേശി ചിത്തിര എന്ന അനു (23) ആണ് മരിച്ചത്. അനുവിന്റെ നാലു ദിവസം പ്രായമായ പെണ്‍കുഞ്ഞും അമ്മയും ഓട്ടോ ഡ്രൈവറും നേരത്തെ മരിച്ചിരുന്നു.

പൊതു, സ്വകാര്യ പരിപാടികളില്‍ പൂക്കള്‍ക്കും ഷാളുകള്‍ക്കും പകരം പുസ്തകമേ സ്വീകരിക്കുവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്നേഹം പ്രകടിപ്പിക്കാന്‍ ഇനി പുസ്തകങ്ങള്‍ നല്‍കാം. പുസ്തകങ്ങള്‍ ലൈബ്രറികളെ സമ്പന്നമാക്കുമെന്നും സിദ്ധരാമയ്യ.

പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിനു രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അനാദരവാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ഇരുസഭകളുടെയും നാഥനായ രാഷ്ട്രപതിയാണ് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത്. എന്നാല്‍ രാഷ്ട്രപതിയെ ഒഴിവാക്കിയിരിക്കുകയാണ്. മുന്‍ രാഷ്ട്രപതിയേയും ഒഴിവാക്കി. ഖര്‍ഗെ കുറ്റപ്പെടുത്തി.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യമെന്ററി സംപ്രേക്ഷണം ചെയ്തത് വസ്തുതാവിരുദ്ധവും അപകീര്‍ത്തിപരവുമാണെന്ന് ആരോപിച്ച് ബിബിസിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്. ഗുജറാത്ത് ആസ്ഥാനമായുള്ള സംഘടനയാണ് ഹര്‍ജി നല്‍കിയത്.

ലൈംഗിക പീഡനക്കേസിലെ പ്രതി ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങള്‍. പരാതിക്കാരായ തങ്ങളും നുണ പരിശോധനയ്ക്കു വിധേയരാകാന്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ബ്രിജ് ഭൂഷനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

ബജ്രംഗ്ദളിനെ നിരോധിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് മുസ്ലീം സംഘടന നേതാവായ മൗലാന അര്‍ഷാദ് മദനി. ബജ്രംഗ്ദള്‍, പിഎഫ്‌ഐ പോലെയുള്ള സംഘടനകള്‍ക്കെതിരെ ഉറച്ച നടപടിയെടുക്കുമെന്ന വാഗ്ദാനം പാലിക്കണമെന്നാണ് ആവശ്യം.

ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ വിശ്വസ്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേട്ടങ്ങളും, അനുഭവങ്ങളും സൗഹൃദ രാജ്യങ്ങളുയുമായി പങ്കിടാന്‍ സന്നദ്ധമാണ്. ജി 20 ഉച്ചകോടിയിലൂടെ നല്‍കുന്ന സന്ദേശവും അതുതന്നെയാണ്. ഇന്ത്യ പസഫിക് ദ്വീപ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനഗറില്‍ ജി 20 ഉച്ചകോടിക്കു മുന്നോടിയായുള്ള വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട യോഗം ആരംഭിച്ചു. അംഗരാജ്യങ്ങളില്‍ നിന്നായി 60 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തര്‍ക്കപ്രദേശത്ത് യോഗം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നു പ്രതിഷേധിച്ച ചൈന യോഗത്തില്‍ പങ്കെടുക്കുന്നില്ല.

ഐപിഎല്ലില്‍ ഇന്ന് മത്സരങ്ങള്‍ ഇല്ല. നാളെ മുതല്‍ പ്ലേ ഓഫിന് തുടക്കം. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം.

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സംയുക്തമായി രേഖപ്പെടുത്തിയത് 85,390 കോടി രൂപയുടെ നഷ്ടമായിരുന്നെങ്കില്‍ അഞ്ചുവര്‍ഷത്തിനിപ്പുറം സംയുക്ത ലാഭം ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ്. രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളും ചേര്‍ന്ന് 2022-23 വര്‍ഷം കൈവരിച്ച മൊത്തലാഭം 1.04 ലക്ഷം കോടി രൂപ. 2021-22ലെ 66,539.98 കോടി രൂപയുടെ ലാഭത്തേക്കാള്‍ 57 ശതമാനം അധികമാണിത്. ലാഭത്തില്‍ ഏറ്റവും വലിയ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത് ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ്. ബാങ്കിന്റെ ലാഭം കഴിഞ്ഞവര്‍ഷം 126 ശതമാനം ഉയര്‍ന്ന് 2,602 കോടി രൂപയായി. 100 ശതമാനം വളര്‍ച്ചയോടെ 1,862 കോടി രൂപ നേടി യൂകോ ബാങ്കും 94 ശതമാനം കുതിപ്പോടെ 14,110 കോടി രൂപ നേടി ബാങ്ക് ഓഫ് ബറോഡയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എന്നാല്‍, ഏറ്റവും ഉയര്‍ന്ന ലാഭം രേഖപ്പെടുത്തിയത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയാണ്. 59 ശതമാനം വളര്‍ച്ചയോടെ 50,232 കോടി രൂപ ലാഭമാണ് എസ്.ബി.ഐ കുറിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക് ഒഴികെ മറ്റ് 11 പൊതുമേഖലാ ബാങ്കുകളും കഴിഞ്ഞവര്‍ഷം ലാഭവളര്‍ച്ച കുറിച്ചു. ലാഭത്തില്‍ 27 ശതമാനം ഇടിവാണ് പി.എന്‍.ബിക്കുണ്ടായത്. 2021-22ലെ 3,457 കോടി രൂപയില്‍ നിന്ന് 2,507 കോടി രൂപയായി ബാങ്കിന്റെ ലാഭം കുറഞ്ഞു. 10,000 കോടി രൂപയ്ക്കുമേല്‍ ലാഭം കഴിഞ്ഞവര്‍ഷം നേടിയ മറ്റൊരു ബാങ്ക് കനറാ ബാങ്ക് മാത്രമാണ് (10,604 കോടി രൂപ). പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് (1,313 കോടി രൂപ), സെന്‍ട്രല്‍ ബാങ്ക് (1,582 കോടി രൂപ), ഐ.ഒ.ബി (2,099 കോടി രൂപ), ബാങ്ക് ഓഫ് ഇന്ത്യ (4,023 കോടി രൂപ), ഇന്ത്യന്‍ ബാങ്ക് (5,282 കോടി രൂപ), യൂണിയന്‍ ബാങ്ക് (8,433 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ ലാഭം.

ചാറ്റ്ജിപിടിക്ക് ഔദ്യോഗിക ആപ്പ് എത്തി. ചാറ്റ്ജിപിടിയുടെ ഐ.ഒ.എസ് ആപ്പ് ഓപ്പണ്‍ എ.ഐ പുറത്തിറക്കി. ഐഫോണിലും ഐപാഡിലും പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. നിലവില്‍ ഇത് സൗജന്യമാണ്. താമസിയാതെ ആന്‍ഡ്രോയിഡ് ആപ്പും കമ്പനി അവതരിപ്പിച്ചേക്കും. ഓപ്പണ്‍ എ.ഐയുടെ ഓപ്പണ്‍ സോഴ്സ് സ്പീച്ച് റെക്കഗ്‌നിഷന്‍ മോഡലായ വിസ്പറും ഈ ഐ.ഒ.എസ് ആപ്പിലുണ്ട്. യു.എസിലാണ് ആപ്പ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് വൈകാതെ ഇത് ലഭ്യമാക്കും. 2022 നവംബര്‍ 30ന് ആണ് ഓപ്പണ്‍ എ.ഐയുടെ ചാറ്റ്ജിപിടി പുറത്തിറങ്ങിയത്. അതിവേഗം ഇത് ജനശ്രദ്ധയാകര്‍ഷിച്ചു. മൂന്നു മാസത്തിനുള്ളില്‍ ഇത് 10 കോടി ഉപയോക്താക്കളിലേക്ക് എത്തി. ഫെബ്രുവരിയില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ ചാറ്റ്ജിപിടി പ്ലസ് എന്ന സബ്സ്‌ക്രിപ്ഷന്‍ സേവനവും ഓപ്പണ്‍ എ.ഐ അവതരിപ്പിച്ചു. ചാറ്റ്ജിപിടിക്ക് ബദല്‍ എന്ന നിലയില്‍ ഈയടുത്ത് ഗൂഗിളിന്റെ ബാര്‍ഡ് എത്തി. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസര്‍, ബിംഗ് സെര്‍ച്ച് എന്‍ജിന്‍ എന്നിവയിലെല്ലാം ഇതിനകം ചാറ്റ്ജിപിടി സൗകര്യം എത്തിയിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുടെ ജീവിതകഥയായ ‘ലീഡര്‍ രാമയ്യ’യില്‍ തമിഴ് നടന്‍ വിജയ് സേതുപതി നായകനാകുന്നു. താരത്തിന്റെ കരിയറിലെ ആദ്യ ബയോപിക് സിനിമ കൂടിയാണിത്. രണ്ടു ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഭാവത്തിലാണ് വിജയ് സേതുപതി എത്തുകയെന്ന് സംവിധായകന്‍ സത്യ രത്‌നം അറിയിച്ചു. ‘ബയോപിക്കിന്റെ രണ്ടാം ഭാഗത്തിലാണ് വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും ആദ്യഭാഗത്തിലെ നിര്‍ണായകഘട്ടത്തില്‍ അദ്ദേഹം അതിഥി വേഷമായിരിക്കും കൈകാര്യം ചെയ്യുകയെന്നും സത്യരത്‌നം കൂട്ടിച്ചേര്‍ത്തു. നിരവധി പ്രമുഖ കലാകാരന്മാര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. മറ്റു താരങ്ങളെക്കുറിച്ച് ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ വെളിപ്പെടുത്തലുകള്‍ നടത്തും. പ്രതിനായകനായും നായകനായും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ ബയോപിക്ക് ചിത്രം കൂടിയായിരിക്കും ലീഡര്‍ രാമയ്യ.

മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ മനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൈന്‍ഡ് പവര്‍ മണിക്കുട്ടന്‍’. ഫാമിലി എന്റര്‍ടൈനര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വി ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശങ്കര്‍ എസ്, സുമേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. ടൊവിനോ തോമസ്, ഗോപി സുന്ദര്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഏറെ സംഗീത പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളാണ്. പോസ്റ്ററില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുധീഷും മനീഷുമാണ് ഉള്ളത്. ജിനീഷ്- വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആഗോളതലത്തിലെ വാഹന കയറ്റുമതിയില്‍ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ജപ്പാനെ പിന്തള്ളി ചൈന ഒന്നാമത്. റഷ്യന്‍ വിപണിയിലെ വില്‍പന വര്‍ധനവും വൈദ്യുത വാഹന രംഗത്തെ സ്വാധീനവുമാണ് ചൈനക്ക് ഗുണമായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറു ശതമാനം വര്‍ധനവാണ് ജപ്പാന്‍ വാഹന കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ 2022ലെ ആദ്യ പാദത്തെ അപേക്ഷിച്ച് 2023 ആദ്യ പാദത്തിലെത്തുമ്പോഴേക്കും 58 ശതമാനമെന്ന വന്‍ കുതിപ്പാണ് ചൈന സ്വന്തമാക്കിയിരിക്കുന്നതെന്ന് നിക്കെയ് ഏഷ്യ റിപ്പോര്‍ട്ടു ചെയ്യുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 10.7 ലക്ഷം വാഹനങ്ങളാണ് ചൈന വിദേശത്തേക്ക് കയറ്റുമതി ചെയ്തത്. ഇതേ കാലത്ത് ജപ്പാന് 9.50 ലക്ഷം വാഹനങ്ങളാണ് കയറ്റുമതി ചെയ്യാന്‍ സാധിച്ചത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ 3.80 ലക്ഷം വൈദ്യുത വാഹനങ്ങളാണ് ചൈന കയറ്റുമതി ചെയ്തത്. ചൈനയുടെ ആകെ വാഹന കയറ്റുമതിയുടെ 40 ശതമാനം വൈദ്യുത വാഹനങ്ങളാണ്. അതേസമയം വൈദ്യുത വാഹന നിര്‍മാണത്തില്‍ മെല്ലെപ്പോക്കിലായ ജപ്പാന് അവരുടെ ശക്തി മേഖലകളായ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പോലും തിരിച്ചടി നേരിട്ടു. ബെല്‍ജിയവും ആസ്‌ട്രേലിയയുമാണ് ചൈന ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍. മൂന്നാം സ്ഥാനം തായ്‌ലാന്‍ഡിനാണ്.

ആത്മാവിന്റെ പുസ്തകത്തില്‍ പേരുചാര്‍ത്തിയ വ്യക്തികളെയും വഴികളെയും വരികളെയും സ്നേഹനിറവോടെ ഓര്‍മിക്കുകയാണ് എഴുത്തുകാരന്‍ ഈ പുസ്തകത്തില്‍. മഞ്ഞുപൊടിയുന്ന ഒരു ക്രിസ്മസ് രാവില്‍ ഏറ്റുപാടിയ കരോള്‍ ഗാനവും, ആസക്തികളുടെ ഇരുള്‍വനത്തില്‍ പാര്‍ക്കുന്ന നിദ്രാഹീനനായ ഒരു വൃദ്ധനും, തിമിംഗലവേട്ടക്കാരനായ ഒരു ക്യാപ്റ്റനും, ഷേക്സ്പിയര്‍ ഗൃഹാങ്കണത്തിലെ പിയര്‍മരവും, അനശ്വരതയെ ആവാഹിച്ച ഒരു കാമറയും, ഗോവന്‍ മങ്കുരാദ് മാങ്ങയും ചൊണക് മീനും ഒക്കെ ഈ താളുകളില്‍ സ്മൃതിയുടെ വെണ്‍തൂവലുകളായി പാറുന്നു. നെഹ്റുവും എം.ടിയും ഡിക്കന്‍സും രഘുറായിയും കെ.ജി. ജോര്‍ജും ദീനാനാഥ് മങ്കേഷ്‌കറും ജോണ്‍ എബ്രഹാവും മറ്റും ഈ സ്മരണകളില്‍ മൃദുസ്മേരം തൂകുന്നു. ‘മങ്കുരാദ് മാങ്ങയും ഷേക്സ്പിയറും മറ്റും’ അനുഭവം ഓര്‍മ യാത്ര. സി.വി. ബാലകൃഷ്ണന്‍. എച്ച് & സി ബുക്സ്. വില 120 രൂപ.

രാവിലെ എഴുന്നേറ്റ് കുറച്ചുസമയം നടക്കുന്ന ശീലം ഏത് പ്രായക്കാര്‍ക്കും പതിവാക്കാവുന്ന ഒരു വ്യായാമമാണ്. ഉറക്കത്തില്‍ നിന്നുണര്‍ന്ന് വിശ്രമം അവസാനിപ്പിച്ചുകൊണ്ട് രാവിലെ നടക്കാനിറങ്ങുമ്പോള്‍ അത് ചയാപചയ സംവിധാനത്തെയും ഉണര്‍ത്തും. കൂടുതല്‍ വേഗത്തില്‍ കലോറി കത്തിക്കാന്‍ ഇതുവഴി ശരീരത്തിനാകും. മിതമായ വേഗത്തില്‍ അര മണിക്കൂറെങ്കിലും നടന്നാല്‍ പോലും 150 കലോറി വരെ കത്തിച്ചുകളയാന്‍ കഴിയും. രാവിലെ കട്ടിലിന്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പുതന്നെ ശരീരം പണി ആരംഭിക്കും. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും ഉയരാനും എന്‍ഡോക്രൈന്‍ ഗ്രന്ഥികള്‍ കൂടുതല്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാനും തുടങ്ങും. പ്രഭാത നടത്തം ഹൃദയമിടിപ്പും രക്തസമ്മര്‍ദവുമെല്ലാം നിയന്ത്രണത്തില്‍ നിര്‍ത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രോഗങ്ങളൊന്നും അലട്ടാതെ ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. രാവിലെയുള്ള നടത്തം ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ഊര്‍ജവും കരുത്തും ഫ്ളെക്സിബിലിറ്റിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമാണ്. ദിവസവുമുള്ള നടത്തവും പോഷക സമ്പുഷ്ടമായ ഭക്ഷണവും എല്ലുകളെ ശക്തിപ്പെടുത്തും. 50 വയസ്സ് പിന്നിട്ടവര്‍ക്ക് എല്ലുകള്‍ നശിക്കുന്നതിന്റെ നിരക്ക് വര്‍ധിക്കുന്നതുമൂലം ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങളുണ്ടാകും. ഇത്തരം അവസ്ഥകള്‍ വൈകിപ്പിക്കാനും ദീര്‍ഘകാലം ആരുടെയും സഹായമില്ലാതെ നടക്കാനുമൊക്കെ ആഗ്രഹിക്കുന്നവര്‍ ഇനി ദിവസവും രാവിലെ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങണം. ശരീരത്തിന് മാത്രമല്ല മനസ്സിനും നടത്തം നല്ലതാണ്. ഇളം വെയ്ലൊക്കെ ആസ്വദിച്ച് ശുദ്ധവായു ശ്വസിച്ച് നടക്കുമ്പോള്‍ മനസ്സിനെ തളര്‍ത്തുന്ന സമ്മര്‍ദം, ഉത്കണ്ഠ എന്നിവയെയൊക്കെ കുറയ്ക്കാന്‍ സാധിക്കും. സന്തോഷം നല്‍കുന്ന ഹോര്‍മോണുകളെ ഉത്തേജിപ്പിച്ച് മൂഡ് മെച്ചപ്പെടുത്താന്‍ നടത്തം സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.85, പൗണ്ട് – 102.99, യൂറോ – 89.50, സ്വിസ് ഫ്രാങ്ക് – 92.30, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.96, ബഹറിന്‍ ദിനാര്‍ – 219.77, കുവൈത്ത് ദിനാര്‍ -269.74, ഒമാനി റിയാല്‍ – 215.18, സൗദി റിയാല്‍ – 22.09, യു.എ.ഇ ദിര്‍ഹം – 22.56, ഖത്തര്‍ റിയാല്‍ – 22.75, കനേഡിയന്‍ ഡോളര്‍ – 61.37.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *