yt cover 1

എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു ബോഗി കത്തിച്ചു. കണ്ണൂരില്‍ പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണു ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചില്‍ തീ ആളിക്കത്തിയത്. നൂറു മീറ്റര്‍ അകലെയാണ് ബിപിസിഎല്ലിന്റെ ഇന്ധന സംഭരണ കേന്ദ്രം. അഗ്നിശമന വിഭാഗം എത്തി തീയണച്ചു. ഷര്‍ട്ടിടാത്ത ഒരാള്‍ കാനുമായി ട്രെയിനിരികിലേക്കു നടക്കുന്നതും തിരിച്ചുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കോച്ചിന്റെ വിന്‍ഡോ ഗ്ലാസ് വലിയ കല്ലുകൊണ്ട് തകര്‍ത്ത് അകത്തു കടന്നാണ് അക്രമി കത്തിച്ചത്. അക്രമത്തിന് ഉപയോഗിച്ച കല്ല് ഇതേ കോച്ചിന്റെ ശുചിമുറിയില്‍ കണ്ടെത്തി. ശുചിമുറിയിലെ കണ്ണാടി തകര്‍ത്തിട്ടുണ്ട്. പൊലീസ് നായ മണം പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. എന്‍ ഐ എ വിവരങ്ങള്‍ തേടി. എലത്തൂരില്‍ കത്തിച്ച അതേ ട്രെയിനിന്റെ കോച്ചാണ് ഇന്നും കത്തിച്ചത്.

ഇനി മുതല്‍ മധ്യവേനല്‍ അവധി ഏപ്രില്‍ ആറു മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 210 പ്രവര്‍ത്തി ദിവസം ഉറപ്പാക്കും. സംസ്ഥാനതല പ്രവേശനോത്സവത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ 42 ലക്ഷം വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളിലെത്തി. ഒന്നാം ക്ലാസിലേക്ക് മൂന്നു ലക്ഷത്തോളം കുട്ടികളാണ് എത്തിയത്. ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. ഭാവിയുടെ വാഗ്ദാനങ്ങളാണു കുട്ടികള്‍. അറിവിനൊപ്പം മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനുമുള്ള മനസ് ആര്‍ജിക്കണമെന്ന് അദ്ദേഹം ആശംസിച്ചു. പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

മണിപ്പൂര്‍ കലാപത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും. അമിത് ഷാ വാഗ്ദാനം ചെയ്തു.

സംസ്ഥാനത്തെ ആശുപത്രികളില്‍ നാളെ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും പനി ക്ലിനിക്കുകള്‍ ആരംഭിക്കുക. മരുന്നു ലഭ്യത ഉറപ്പാക്കാന്‍ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം വെള്ളറടയില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കത്തിനിടെ കെഎസ് യു-എസ്എഫ്ഐ സംഘര്‍ഷം. എസ്എഫ്ഐ വെള്ളറട ഏരിയ പ്രസിഡന്റ് മന്‍സൂറിനും പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. കോണ്‍ഗ്രസിന്റെ വെള്ളറട മണ്ഡലം കമ്മറ്റി ഓഫിസ് അടിച്ച് തകര്‍ത്തു. ആക്രമണത്തില്‍ ഒമ്പതു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

അഞ്ചാം തീയതി വരെ ഒറ്റപ്പെട്ട മഴക്കു സാധ്യത. ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കു സാധ്യത. ജൂണ്‍ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെട്ടേക്കും. ഇത് ന്യൂനമര്‍ദ്ദമായി മാറുന്നതോടെ മഴ കനക്കുമെന്നാണു റിപ്പോര്‍ട്ട്.

പത്തനംതിട്ട റാന്നിയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് മറിഞ്ഞത്. രാവിലെ സ്‌കൂളിലേക്കു പോകുകയായിരുന്ന എട്ടു കുട്ടികളാണു ബസിലുണ്ടായിരുന്നത്.

കട്ടപ്പന ബെവ്‌കോ മദ്യശാലയിലെ വിജിലന്‍സ് റെയ്ഡില്‍ അനധികൃതമായി 85,000 രൂപ കണ്ടെത്തി. മദ്യക്കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങളുടെ കച്ചവടം വര്‍ധിപ്പിക്കാന്‍ നല്‍കിയ കോഴത്തുകയാണെന്നു വിജിലന്‍സ്. ബീവറേജസ് ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്‌കൂട്ടറില്‍ നിന്നാണ് എല്ലാ ജീവനക്കാര്‍ക്കും നല്‍കാന്‍ റബര്‍ ബാന്‍ഡിട്ട കെട്ടുകളായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്.

ലോക കേരളസഭ യുഎസ് മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാന്‍ പണപ്പിരിവു നടത്തിയതു കമ്മ്യൂണിസ്റ്റ് രീതിയാണോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തരീതിയാണിത്. അനധികൃത പിരിവിന് ആരാണ് അനുമതി നല്‍കിയത്. പണം ഇല്ലാത്തവര്‍ അടുത്തു വരേണ്ട എന്ന രീതി നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊടുപുഴ ഇടവെട്ടി പാറമടയില്‍ ഉണ്ടായ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ മൂന്ന് മണിക്കാണ് ഇടിമിന്നല്‍ ഉണ്ടായത്. പരിക്കേറ്റ എട്ടു പേര്‍ ചികിത്സയിലാണ്.

ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ജൂണ്‍ അഞ്ചിന് കോഴിക്കോട് വിദ്യാര്‍ത്ഥി സമര സംഗമം നടത്തും. പഞ്ചായത്ത്, മുന്‍സിപ്പല്‍ തലത്തിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എം എസ് എഫ് അറിയിച്ചു.

കണ്ണൂരിലെ ട്രെയിന്‍ തീവയ്പ് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടു മൂലമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തീവ്രവാദികളാണ് ഇതിനു പിറകില്‍. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതു കൊണ്ടാണ് തീവ്രവാദികളെ ഇത്രയെങ്കിലും പിടിച്ചു കെട്ടാനാവുന്നത്. സുരേന്ദ്രന്‍ പറഞ്ഞു.

കണ്ണൂര്‍ ചെറുപുഴയില്‍ സ്വകാര്യ ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയ പ്രതി പൊലീസിന്റെ പിടിയില്‍. ചിറ്റാരിക്കല്‍ നല്ലോം പുഴ സ്വദേശി നിരപ്പില്‍ ബിനുവിനെയാണ് പിടികൂടിയത്.

പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബാങ്ക് മുന്‍ പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിന്റെ ജാമ്യാപേക്ഷ ബത്തേരി മുന്‍സിഫ് കോടതി തള്ളി. ഇദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി രമാ ദേവിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി.

സംസ്ഥാനം 2025 ഓടെ സമ്പൂര്‍ണ്ണമായി മാലിന്യ മുക്തമാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ കോഴിക്കോട് ജില്ലാതല സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരത്ത് മാറനല്ലൂരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ചുമരിടിഞ്ഞു വീണു. കണ്ടല സര്‍ക്കാര്‍ സ്‌കൂളിന്റെ ചുമരിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്. സ്‌കൂളില്‍ കുട്ടികളെത്തുന്നതിനു മുന്‍പാണ് അപകടം.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയത്തിനു നിര്‍ണായക പങ്ക് വഹിച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവാകും. കാബിനറ്റ് റാങ്കോടെയാണു നിയമനം. ബെല്ലാരി സ്വദേശിയാണ് സുനില്‍ കനുഗോലു.

കര്‍ണാടകയിലെ ഹുബ്ലിയില്‍ വാഹന അപകടത്തില്‍ മലയാളിയായ റിട്ടയേഡ് അധ്യാപകന്‍ മരിച്ചു. ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു വിരമിച്ച ചെത്തുകടവ് ശ്രീവത്സം വീട്ടില്‍ പി. ബാലസുബ്രഹ്‌മണ്യന്‍ (62) ആണ് മരിച്ചത്.

വ്യോമസേനയുടെ ജെറ്റ് ട്രെയിനര്‍ വിമാനം കര്‍ണാടകയിലെ ചാംരാജ് നഗറില്‍ തകര്‍ന്നു വീണു. കിരണ്‍ എന്ന ജെറ്റ് വിമാനമാണ് തകര്‍ന്നത്. രണ്ട് പൈലറ്റുമാരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു.

വീട് മാറിയിട്ടും വേഷം മാറിയെത്തി അമ്മായിയമ്മയെ കൊലപ്പെടുത്തിയ മരുമകള്‍ പിടിയിലായി. തിരുനെല്‍വേലിയിലെ തുലുകാകുളം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഭര്‍ത്താവ് ഷണ്‍മുഖവേലന്റെ ഭാര്യ 58 കാരിയായ സീതാലക്ഷ്മിയാണു കൊല്ലപ്പെട്ടത്. ഭര്‍തൃപിതാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മരുമകള്‍ 28 കാരി മഹാലക്ഷ്മിയാണു അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മരുമകളാണു കൊലപാതകം നടത്തിയതെന്നു കണ്ടെത്തിയത്.

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് രാഹുല്‍ഗാന്ധി. അയോഗ്യതയും അവസരമാക്കിയെന്ന് സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞു. ഇന്ത്യ- ചൈന ബന്ധം മോശമാണ്. ഇന്ത്യന്‍ അതിര്‍ത്തികള്‍ ചൈന കൈയേറി. എന്നാല്‍ ഇന്ത്യക്കു മേല്‍ മേധാവിത്വം സ്ഥാപിക്കാന്‍ ചൈനക്ക് കഴിയില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ആഭ്യന്തര കലാപം തുടരുന്ന സുഡാനിലെ ഖാര്‍തൂമിലെ അനാഥാലയത്തില്‍ അറുപതോളം കുട്ടികള്‍ ഭക്ഷണവും ചികില്‍സയും ലഭിക്കാതെ മരിച്ചു. നവജാതശിശുക്കളടക്കമാണു മരിച്ചതെന്നാണ് ദി ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറ് ആഴ്ചയോളം അനാഥാലയത്തില്‍ ഇവര്‍ കുടുങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങളിലാണെന്നു റിപ്പോര്‍ട്ട്. അമിത മദ്യപാനവും പുകവലിയും മാത്രമല്ല, കിമ്മിന്റെ ശരീര ഭാരം 140 കിലോഗ്രാമായി വര്‍ധിച്ചതും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പദവി ഇലോണ്‍ മസ്‌ക് തിരിച്ചുപിടിച്ചു. ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഇലോണ്‍ മസ്‌ക് ഫ്രഞ്ച് ശതകോടീശ്വരനായ ബെര്‍ണാഡ് അര്‍നോയെ മറികടന്നാണ് ലോകത്തിലെ ഏറ്റവും ധനികരായ 500 പേരുടെ പട്ടികയായ ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. പാരീസ് ട്രേഡിംഗില്‍ അര്‍നോയുടെ എല്‍.വി.എം.എച്ചിന്റെ ഓഹരികള്‍ 2.6 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഈ നേട്ടം. ഡിസംബറിലാണ് ബെര്‍ണാഡ് അര്‍നോ ആദ്യമായി മസ്‌കിനെ മറികടന്നത്. ലൂയി വിറ്റണ്‍, ഫെന്‍ഡി, ഹെന്നസി എന്നീ ബ്രാന്‍ഡുകളുടെയും ഉടമയാണ് എല്‍.വി.എം.എച്ച് സ്ഥാപകനായ ബെര്‍ണാഡ് അര്‍നോ. ഏപ്രില്‍ മുതല്‍ എല്‍.വി.എം.എച്ച് ഓഹരികള്‍ ഏകദേശം 10 ശതമാനം ഇടിഞ്ഞു. ഒരു ഘട്ടത്തില്‍ അര്‍നോയുടെ ആസ്തിയില്‍ നിന്ന് 11 ബില്യണ്‍ ഡോളര്‍ ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടിരുന്നു. അതേസമയം ടെസ്ലയുടെ മികച്ച പ്രകടനത്തോടെ മസ്‌ക് ഈ വര്‍ഷം 55.3 ബില്യണ്‍ ഡോളറിലധികം നേടി. സൂചിക പ്രകാരം മസ്‌കിന്റെ സമ്പത്ത് ഇപ്പോള്‍ ഏകദേശം 192.3 ബില്യണ്‍ ഡോളറാണ്, അര്‍നോയുടേത് 186.6 ബില്യണ്‍ ഡോളറും. ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന പദവി അലങ്കരിക്കുമ്പോഴും ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയ ട്വിറ്ററിന്റെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.

മാസങ്ങള്‍ക്ക് മുന്‍പ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് അവതരിപ്പിച്ച വോയ്‌സ് നോട്ട് സ്റ്റാറ്റസ് ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക്. നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിരുന്നത്. ഇനിമുതല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയുംവിധമാണ് സേവനം വാട്‌സ്ആപ്പ് മെച്ചപ്പെടുത്തിയത്. ആദ്യം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് പേജ് എടുക്കുക. സ്‌ക്രീനിന്റെ താഴെയുള്ള പെന്‍സില്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക. ആരെല്ലാം വോയ്‌സ് നോട്ട് സ്റ്റാറ്റസ് കേള്‍ക്കണമെന്ന് തെരഞ്ഞെടുക്കുക. പെയിന്റ് പാലറ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ബാക്ക്ഗ്രൗണ്ട് നിറം മാറ്റുക. സ്‌ക്രീനിലെ മൈക്രോഫോണ്‍ ഐക്കണ്‍ ടാപ്പ് ചെയ്ത് ഹോള്‍ ഡ് ചെയ്ത് പിടിക്കുക. റെക്കോര്‍ഡ് ചെയ്യേണ്ട സന്ദേശം പറയുക. മെസേജ് അപ്ലോഡ് ചെയ്യുന്നതിന് കണ്‍ഫോം നല്‍കുക.

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം നിര്‍വഹിച്ച ‘കൊള്ള’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജൂണ്‍ 9ന് ചിത്രം തിയറ്ററുകളില്‍ എത്തും. രണ്ടു പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലര്‍ സ്വഭാവത്തില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. രജീഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയന്‍, പ്രിയാ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ ദുരൂഹത ഉളവാക്കുന്ന ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരു കെട്ടിടത്തിലുണ്ടാകുന്ന മോഷണവും അതുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണവുമാണ് പ്രമേയം. ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ലച്ചു രജീഷ് സഹനിര്‍മാതാവാണ്. അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ജിയോ ബേബി, ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍.

മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ‘ഗുണ്ടുര്‍ കാരം’ എന്നാണ് പേരിട്ടിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും പ്രധാനം നല്‍കുന്ന ഒരു ചിത്രമായിരിക്കും ഗുണ്ടുര്‍ കാരം എന്ന് വ്യക്തമാക്കി ടീസറും പുറത്തുവിട്ടിട്ടുണ്ട്. ഇതിഹാസ നടനും അച്ഛനുമായ കൃഷ്ണയ്ക്കാണ് ചിത്രത്തിന്റെ ടീസര്‍ മഹേഷ് ബാബു സമര്‍പ്പിച്ചിരിക്കുന്നത്. പുജ ഹെഗ്ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമനാണ്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നവി നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. ആര്‍ആര്‍ആര്‍’ എന്ന മെഗാഹിറ്റിനു ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രത്തിലും നായകന്‍ മഹേഷ് ബാബുവാണ്. പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ചിത്രം ഒരുക്കുക. ‘സര്‍ക്കാരു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ആഡംബരമുള്ള കാറുകളിലൊന്ന് സ്വന്തമാക്കി ബോളിവുഡ് താരം കിയാര അദ്വാനി. 2.69 കോടി രൂപ വിലയുള്ള മെഴ്‌സിഡീസ് മെയ്ബ എസ്580യാണ് കിയാര സ്വന്തം ഗാരേജിലേക്കെത്തിച്ചിരിക്കുന്നത്. എസ് 580യില്‍ എത്തുന്ന കിയാരയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ വര്‍ഷമാണ് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ എസ് ക്ലാസ് മെയ്ബ സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. മെഴ്‌സിഡീസിന്റെ ഇന്ത്യയില്‍ പൂര്‍ണമായും നിര്‍മിച്ച വാഹനമെന്ന സവിശേഷതയും എസ്580ക്കുണ്ട്. കിയാരയുടെ എസ്580യിലെ മുന്നിലേയും പിന്നിലേയും സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റബിളാണ്. പിന്‍ സീറ്റിലെ യാത്രികര്‍ക്ക് കൈകൊണ്ടുള്ള ആംഗ്യം കൊണ്ടുതന്നെ ഡോറടക്കാന്‍ സാധിക്കുന്ന ഡോര്‍മെന്‍ ഫീച്ചറും എസ്580യിലുണ്ട്. 48 വോള്‍ട്ടിന്റെ ഇക്യു ബൂസ്റ്റുള്ള 4.0 ലിറ്റര്‍ വി8 ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് എസ്580യുടെ കരുത്ത്. 496ബിഎച്പി കരുത്തുള്ള വാഹനത്തിന്റെ പരമാവധി ടോര്‍ക്ക് 700എന്‍എം ആണ്.

അമേരിക്കന്‍ പ്രവാസിയായ എഴുത്തുകാരന്റെ ചുറ്റുമുള്ള മനുഷ്യരുടെ വൈകാരിക അനുഭവങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍, അവ ആധുനിക ജീവിതത്തിന്റെ പരിസരങ്ങളായി മാറുന്നു. പഴമയും പുതുമയും ഉള്‍ച്ചേരുന്ന അനുഭവങ്ങളാണ് ഇക്കഥകള്‍. അമേരിക്കയുടെയും കേരളത്തിന്റെയും സാമൂഹിക, സാംസ്‌കാരികത അവതരിപ്പിക്കുന്ന കഥകളില്‍ മിണ്ടാപ്രാണികളുടെ നിഷ്‌കളങ്ക സ്നേഹമുണ്ട്. വികലാംഗനായ മെക്സിക്കന്‍കാരനുണ്ട്. കോടതികളുണ്ട്. പൊലീസന്വേഷണങ്ങളുണ്ട്. ഒറ്റപ്പെട്ട ജീവിതങ്ങളുമുണ്ട്. വാവരൂ, ഊരുതെണ്ടി, ആല്‍ക്കട്രാസ്, താമരൈമുത്ത്, അ പു ക, കാഡിലാക് കുഞ്ഞച്ചന്‍ തുടങ്ങിയ നവീനവും ആകര്‍ഷണീയതയുമുള്ള കഥകളുടെ സമാഹാരം. ‘ഡോഗ് വാക്കര്‍’. തമ്പി ആന്റണി. ഗ്രീന്‍ ബുക്സ്. വില 153 രൂപ.

അനാരോഗ്യകരമായ ഭക്ഷണശീലം ആഴത്തിലുള്ള ഉറക്കത്തെ ബാധിക്കുമെന്ന് പഠനം. ജങ്ക് ഭക്ഷണങ്ങള്‍ ആഴത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. അനാരോഗ്യകരമായ ഭക്ഷണം കഴിച്ചാല്‍ പിറ്റേദിവസം രാത്രിയും ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്നും ഗവേഷകര്‍ കണ്ടെത്തി. ഉറക്കത്തില്‍ ഏറ്റവും നിര്‍ണ്ണായകമാണ് മൂന്നാം ഘട്ടമായ ഡീപ്പ് സ്ലീപ്പ്. ഇത് ഓര്‍മ്മശക്തി, പേശികളുടെ വളര്‍ച്ച, പ്രതിരോധശേഷി തുടങ്ങിയ അവശ്യപ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. സ്വീഡനിലെ ഉപ്‌സാല സര്‍വകലാശാലയിലെ ഗവേഷകരാണ് ജങ്ക് ഫുഡ് ഉറക്കത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്താന്‍ പഠനം നടത്തിയത്. ആരോഗ്യകരമായ ഭക്ഷണവും അനാരോഗ്യകരമായ ഭക്ഷണവും നല്‍കിയാണ് പടനത്തില്‍ പങ്കെടുത്തവരെ ഇവര്‍ നിരീക്ഷിച്ചത്. ഉയര്‍ന്ന പഞ്ചസാരയുടെ അളവും പൂരിത കൊഴുപ്പും സംസ്‌കരിച്ച ഭക്ഷണ വസ്തുക്കളും അടങ്ങിയ ഡയറ്റാണ് അനാരോഗ്യകരമായ ഭക്ഷണവിഭാഗത്തിലുള്ളവര്‍ക്ക് നല്‍കിയത്. ആരോഗ്യകരമായ ഭക്ഷണം കഴിച്ചവരുമായി താരതമ്യം ചെയ്യുമ്പോള്‍ ജങ്ക് ഭക്ഷണം കഴിച്ചവരുടെ ആഴത്തിലുള്ള ഉറക്കം തടസ്സപ്പെട്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇരുകൂട്ടരെയും ഒരാഴ്ച്ചയോളം നിരീക്ഷിച്ചാണ് ഉറക്കരീതികള്‍ അവലോകനം ചെയ്തത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.49, പൗണ്ട് – 102.44, യൂറോ – 88.01, സ്വിസ് ഫ്രാങ്ക് – 90.58, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.58, ബഹറിന്‍ ദിനാര്‍ – 218.82, കുവൈത്ത് ദിനാര്‍ -268.01, ഒമാനി റിയാല്‍ – 214.39, സൗദി റിയാല്‍ – 21.99, യു.എ.ഇ ദിര്‍ഹം – 22.46, ഖത്തര്‍ റിയാല്‍ – 22.66, കനേഡിയന്‍ ഡോളര്‍ – 60.76.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *