yt cover 7

നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. 60 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഉത്തരവിട്ടു. മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ പ്രതികളായ കേസില്‍ യുഡിഎഫ് നേതാക്കളെകൂടി പ്രതികളാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

വാര്‍ഷിക സ്വത്തു വിവരം സ്പാര്‍ക്കില്‍ സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനകയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് അര്‍ഹതയുണ്ടാകില്ലെന്നു സര്‍ക്കാര്‍. സ്വത്ത് വിവരം സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ശക്തമായ മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും. 11 ജില്ലകളില്‍ 55 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യത. കണ്ണൂരും കാസര്‍കോട്ടും റെഡ് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ്. നദികള്‍ കര കവിഞ്ഞു. പത്തനംതിട്ടയില്‍ പമ്പാ നദിയും കോട്ടയത്തു മീനച്ചിലാറും കരകവിഞ്ഞതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളം ഉയര്‍ന്നു. സംസ്ഥാനത്തു പലയിടത്തും നിരവധി പ്രദേശങ്ങളില്‍ വീടുകളിലേക്കു വെള്ളം കയറി. കണ്ണൂരിലെ പഴശ്ശി ഡാം തുറന്നു. മരങ്ങള്‍ വീണു വന്‍ നാശം. നാളെ വൈകുന്നേരത്തോടെ ദുര്‍ബലമാകുന്ന മഴ 12 ാം തീയതിയോടെ ശക്തമാകും. ഇടുക്കി, വയനാട്, കോട്ടയം ജില്ലയിലെ മലയോരങ്ങളിലേക്ക് അനാവശ്യ യാത്ര പാടില്ല.

സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ബെസ്റ്റ് ഗേള്‍ഫ്രണ്ട് ആയിരുന്നുവെന്നു കണ്ണൂരില്‍ പ്രസംഗിച്ച എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് സംഘടിപ്പിച്ച കണ്ണൂര്‍ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിലെ പ്രസംഗത്തിലാണ് വിശ്വനാഥ പെരുമാള്‍ വിവാദ പരാമര്‍ശം നടത്തിയത്.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവച്ച് അംഗീകരിക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. നിയമ നടപടിയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി.

കുതിരാന്‍ വഴുക്കുംപാറയില്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്നു. ഒന്നരയടി താഴ്ചയിലും 10 മീറ്റര്‍ നീളത്തിലുമാണ് ഇടിഞ്ഞു താഴ്ന്നത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേരളത്തെ സുപ്രീംകോടതി കക്ഷിയാക്കി. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്ന് ജസ്റ്റിസ് സി ടി രവികുമാര്‍ വാദത്തിനിടെ പറഞ്ഞു.

രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കും എതിരെ ജൂലൈ 26 ന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. 283 ബ്ലോക്കുകളിലും സമരം നടത്തും. കുറുക്കന്‍ കോഴിയെ സംരക്ഷിക്കുമെന്നു പറയുന്നതു പോലെയാണ് ന്യൂനപക്ഷങ്ങളെ സി പി എം സംരക്ഷിക്കുമെന്നു പറയുന്നത്. ഏക സിവില്‍ കോഡ് വിഷയത്തില്‍ കെപിസിസി ബഹുസ്വരത സദസ് സംഘടിപ്പിക്കും. ജൂലൈ മാസത്തില്‍ കേരളത്തില്‍ മൂന്നിടത്ത് ബഹുസ്വരത ആഘോഷം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കേരളത്തില്‍ ഇടതുമുന്നണിയും വലതു മുന്നണിയും മതധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളില്‍നിന്നു സിപിഎമ്മും കോണ്‍ഗ്രസും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അരിക്കൊമ്പനെ മയക്കുവെടിവയ്ക്കുന്നതു വിലക്കണമെന്ന് ഹര്‍ജി നല്‍കിയവര്‍ക്ക് സുപ്രീം കോടതി 25,000 രൂപ പിഴ ചുമത്തി. വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനക്കെതിരേയാണു കോടതി നടപടി. അരിക്കൊമ്പനെക്കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുണ്ട്. ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് എന്തിന് അറിയണമെന്നും കോടതി ചോദിച്ചു.

ഇടുക്കി പനംകുട്ടിയില്‍ വിശ്വഭരന്റെ വീടിനു മുകളിലേക്കു കെഎസ്ഇബിയുടെ കരാര്‍ ലോറി വീണ് അഞ്ചു ദിവസമായിട്ടും ലോറി നീക്കിയില്ല. മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കരാറുകാര്‍ തയാറാകുന്നില്ലെന്നും സുരക്ഷിതമല്ലാത്ത വീട്ടില്‍ നിന്നു മാറിതാമസിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെന്നും വിശ്വംഭരന്റെ കുടുംബം പറയുന്നു.

ഭിക്ഷാടനം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് കൊച്ചി എംജി റോഡ് ജോസ് ജംഗ്ഷന് സമീപം തമിഴ്നാട്ടുകാരനെ കുത്തിക്കൊന്നു. സാബു എന്നയാളാണു കൊല്ലപ്പെട്ടത്. പ്രതി മട്ടാഞ്ചേരി സ്വദേശി റോബിന്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

തിരുവനന്തപുരം ആര്യനാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലയടിയില്‍ സ്വദേശി ആരോമല്‍ എന്ന അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

മഹാരാഷ്ട്രയിലെ എന്‍സിപി അജിത് പവാര്‍ വിഭാഗം എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നതിനു പിറകേ, ശിവസേന ഷിന്‍ഡേ വിഭാഗത്തില്‍ പിളര്‍പ്പിനു സാധ്യത. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ കടുത്ത ഭിന്നത പ്രകടമാക്കി. എന്‍സിപിയുമായി ഒരു സഖ്യവും പാടില്ലെന്നാണ് വലിയൊരു വിഭാഗം നേതാക്കളുടെ നിലപാട്.

ഏക സിവില്‍ കോഡെന്ന പേരില്‍ ഭൂരിപക്ഷ സദാചാരം അടിച്ചേല്‍പ്പിക്കരുതെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ഭരണഘടനയ്ക്കു പോലും ഏക സ്വഭാവമില്ല. പല സമുദായങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും പ്രത്യേക പരിഗണന ഭരണഘടനയിലുണ്ട്. ന്യൂനപക്ഷ അവകാശം ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ല. നിയമ കമ്മീഷനു നല്‍കിയ മറുപടിയിലാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. രാജ്യ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഏക സിവില്‍ കോഡ് എതിരാണെന്നും ബോര്‍ഡ് അഭിപ്രായപ്പെട്ടു.

മധ്യപ്രദേശില്‍ മുഖത്ത് മൂത്രം ഒഴിച്ച് അധിക്ഷേപിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഭോപ്പാലില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കു ക്ഷണിച്ചു വരുത്തിയാണ് ആദിവാസി യുവാവായ ദഷ്മത് റാവത്തിന്റെ കാല്‍ കഴുകി മുഖ്യമന്ത്രി മാപ്പപേക്ഷിച്ചത്. മൂത്രമൊഴിച്ച പ്രവേശ് ശുക്ല എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ വീടിന്റെ ഒരു ഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ ഭര്‍ത്താവ് മുരുകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ മോചിതയായ നളിനി നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിനും തിരുചിറപ്പള്ളി കളക്ടര്‍ക്കും നോട്ടീസ് അയച്ചു. വിദേശികള്‍ രജിസ്റ്റര്‍ ചെയ്യേണ്ട എഫ്ആര്‍ആര്‍ഒയ്ക്കും നോട്ടീസ് അയച്ചു. വിഷയത്തില്‍ ആറാഴ്ചക്കക്കം മറുപടി അറിയിക്കണമെന്നു ഹൈക്കോടതി അറിയിച്ചു. ജയില്‍ മോചിതനായ മുരുകന്‍ ലങ്കന്‍ പൗരനാണ്. തിരുചിരപ്പള്ളിയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലാണ് മുരുകനുള്ളത്.

പാറ്റ്നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടുത്തെ അവസ്ഥ കണ്ടു ചിരിവന്നെന്ന് വിമത എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍. 17 പാര്‍ട്ടികളുടെ നേതാക്കളാണു യോഗത്തില്‍ പങ്കെടുത്തത്. ലോക്സഭയില്‍ ഓരോ എംപിമാര്‍ മാത്രമുള്ള ഏഴു പാര്‍ട്ടികളും ഒരു എംപി പോലുമില്ലാത്ത പാര്‍ട്ടുയുമെല്ലാം ചേര്‍ന്നാണ് രാജ്യത്തു വലിയ മാറ്റമുണ്ടാക്കുമെന്നു പറയുന്നതെന്ന് പ്രഫുല്‍ പട്ടേല്‍ പരിഹസിച്ചു.

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ജൂലൈ 13 ല്‍നിന്ന് 14 ാം തീയതിയിലേക്കു മാറ്റി. ജൂലൈ 20 വരെ വിക്ഷേപണം നടത്താന്‍ സമയമുണ്ട്.

നാലു വര്‍ഷം മുമ്പുണ്ടായ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കുറ്റവാളികള്‍ക്കു തടവു ശിക്ഷ. ജാര്‍ഖണ്ഡില്‍ 24 കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ പ്രതികളായ പത്തു പേര്‍ക്കും പത്തു വര്‍ഷം വീതം കഠിന തടവ്. ജാര്‍ഖണ്ഡിലെ സെറായികേല കോടതിയാണ് ശിക്ഷ വിധിച്ചത്.

മാരുതി സുസുക്കി പുതിയ എം.പി.വി ഇന്‍വിക്റ്റോ പുറത്തിറക്കിയതിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയും ഉയര്‍ന്നു. ഒരു ഘട്ടത്തില്‍ മാരുതി ഓഹരി വില നാല് ശതമാനം വരെ ഉയര്‍ന്നു. മാരുതിയുടെ വിപണിമൂല്യം 10,519.95 കോടിയായി ഉയര്‍ന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 3.61 ശതമാനം നേട്ടത്തോടെ 9,994.5 രൂപയിലാണ് മാരുതി ഓഹരികള്‍ വ്യാപാരം അവസാനിച്ചത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കിലേക്ക് മാരുതി ഓഹരി വില ഉയര്‍ന്നിരുന്നു. സെന്‍സെക്സില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് മാരുതിയായിരുന്നു. അതേസമയം, ദേശീയ സൂചിക നിഫ്റ്റിയില്‍ മാരുതി ഓഹരി വില 3.55 ശതമാനമാണ് ഉയര്‍ന്നത്. 9,990.1 രൂപയാണ് നിഫ്റ്റിയിലെ മാരുതി ഓഹരി വില. നേരത്തെ 24.8 മുതല്‍ 28.4 ലക്ഷം വരെ രൂപക്കാണ് മാരുതി ഇന്‍വിക്റ്റോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. 2021-22 വര്‍ഷത്തില്‍ 83,798 കോടിയുടെ വില്‍പനയാണ് മാരുതിക്കുണ്ടായത്. ഇന്‍വിക്റ്റോയിലൂടെ പ്രീമിയം എം.പി.വി സെഗ്മെന്റിലേക്കാണ് മാരുതി ചുവടുവെക്കുന്നത്.

ഇലോണ്‍ മസ്‌കിന്റെ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിനൊരു എതിരാളിയുമായി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ‘ത്രെഡ്‌സ്’ എത്തി. അവതരിപ്പിച്ച് ആദ്യത്തെ ഏഴു മണിക്കൂറില്‍ ഒരു കോടി ഉപഭോക്താക്കളാണ് ത്രെഡ്സില്‍ സൈന്‍ അപ്പ് ചെയ്തത്. അവതരിപ്പിച്ച് ആദ്യത്തെ രണ്ടു മണിക്കൂറില്‍ 20 ലക്ഷം പേര്‍ സൈന്‍ അപ്പ് ചെയ്തു. ഇന്‍സ്റ്റഗ്രാമിന് കീഴിലാണ് ത്രെഡ്സ് എത്തിച്ചിരിക്കുന്നത്. പോസ്റ്റുകള്‍ എഴുതി പങ്കുവെക്കാനും ഒപ്പം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനും സാധിക്കും. പോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കമന്റുകള്‍ പങ്കുവെക്കാനും കഴിയും. 500 കാരക്ടറുകളാണ് ത്രെഡ്സില്‍ പരമാവധി എഴുതാനാകുക. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളും പങ്കുവെക്കാനാകും. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളവര്‍ക്ക്, ത്രെഡ്സില്‍ പുതുതായി അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല, അതേ ലോഗ്-ഇന്‍ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ ആപ്പില്‍ പ്രവേശിക്കാവുന്നതാണ്. ത്രെഡ്സില്‍ എങ്ങനെ സൈന്‍ അപ്പ് ചെയ്യാം? ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ത്രെഡ്‌സ് ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഡൗണ്‍ലോഡ് ചെയ്ത ത്രെഡ്സ് ആപ്പ് തുറക്കുമ്പോള്‍ തന്നെ ‘ലോഗിന്‍ വിത്ത് ഇന്‍സ്റ്റഗ്രാം’ എന്ന ഓപ്ഷന്‍ കാണാനാകും. അവിടെ ഇന്‍സ്റ്റഗ്രാം യൂസര്‍നെയിമും പാസ് വേര്‍ഡും ടൈപ്പ് ചെയ്യുക. ഫോണില്‍ നേരത്തെ തന്നെ നിങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍, സൈന്‍ അപ്പിന് ഒറ്റ ക്ലിക്കിന്റെ ആവശ്യം മാത്രം മതി. ഇന്‍സ്റ്റഗ്രാം വഴി സൈന്‍ അപ്പ് ചെയ്ത് നേരെ പോകുന്നത് നിങ്ങളുടെ പ്രൊഫൈലിലേക്കാകും. ‘ഇംപോര്‍ട്ട് ഫ്രം ഇന്‍സ്റ്റഗ്രാം’ എന്ന ഒരു ടാബ് പേജില്‍ കാണാനാകും. ഇതിലൂടെ നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം ബയോ ത്രെഡ്സിലേക്കും ഇംപോര്‍ട്ട് ചെയ്യാനാകും. കൂടാകെ, ബയോ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. ആപ്പില്‍ ജോയിന്‍ ചെയ്ത ഉടന്‍ തന്നെ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഒരു സന്ദേശം വിന്‍ഡോയില്‍ ദൃശ്യമാകും.

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍’ ടീസര്‍ ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. ഒന്നിലേറെ ഭാഗങ്ങളിലെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമായ സീസ്ഫയറിന്റെ ടീസറാണ് സിനിമാ പ്രേമികള്‍ക്ക് മുന്നിലത്തിയത്. കെജിഎഫ് പോലെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ സലാര്‍ ടീസറില്‍ ഒരു വിഭാഗം ആരാധകര്‍ നിരാശരാണ്. കെജിഎഫ് സംവിധായകനില്‍ നിന്ന് ഇതല്ല പ്രതീക്ഷിച്ചത് എന്നാണ് അവര്‍ പറയുന്നത്. ട്വിറ്ററില്‍ ഡിസപ്പോയ്ന്റഡ് ഹാഷ്ടാഗ് ട്രെന്‍ഡിങ് ആവുകയാണ്. സംവിധായകന്‍ പ്രശാന്ത് നീലും സൂപ്പര്‍ സ്റ്റാര്‍ പ്രഭാസും ആദ്യമായി ഒരുമിപ്പിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് സലാര്‍. ഹോംബാലെ ഫിലിംസിന്റെ വിജയ് കിരഗണ്ടൂര്‍ ആണ് ഈ മെഗാ പ്രോജക്റ്റ് നിര്‍മ്മിക്കുന്നത്. റാമോജി ഫിലിം സിറ്റിയിലും പരിസരങ്ങളിലുമായി 14 കൂറ്റന്‍ സെറ്റുകളിട്ടാണ് ചിത്രം നിര്‍മ്മിച്ചത്. 400 കോടി ബഡ്ജറ്റുള്ള സലാര്‍ പാര്‍ട്ട് 1: ബാഹുബലി, കെജിഎഫ് സീരീസ് തുടങ്ങിയ പ്രശസ്ത ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് സമാന്തരമായി നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാണ്. പ്രശാന്ത് നീലിന്റേത് തന്നെയാണ് തിരക്കഥയും. ഈ വര്‍ഷം സെപ്റ്റംബര്‍ 28ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ ഒരുക്കുന്ന പുതിയ ചിത്രം ‘പദ്മിനി’യുടെ ട്രെയിലര്‍ പുറത്ത്. അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികമാരായി എത്തുന്നത്. രമേശന്‍ എന്ന സ്‌കൂള്‍ മാഷിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ‘തിങ്കളാഴ്ച നിശ്ചയം’ സിനിമയിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡേയുടെ മൂന്നാമത്തെ ചിത്രമാണ് ഇത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. ഈ മാസം ഏഴിനു ചിത്രം തീയേറ്ററുകളില്‍ എത്തും. നേരത്തെ പുറത്ത് വന്ന ടീസറിനും, ലവ് യു മുത്തേ എന്ന ഗാനത്തിനും പ്രേക്ഷകപ്രീതി ലഭിച്ചിരുന്നു. സച്ചിന്‍ വാര്യര്‍ പാടിയ ഈ ഗാനത്തിന് സംഗീതം നല്‍കിയത് ജേക്സ് ബിജോയിയാണ്. ടിറ്റോ പി തങ്കച്ചനാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്.

ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ഫോക്‌സ്വാഗന്റെ ടൈഗണ്‍ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗുകള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ ലാറ്റിന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റി ഇതേ റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ് ഫോക്സ്വാഗന്‍ ടൈഗണ്‍. ലാറ്റിന്‍ എന്‍ക്യാപ് പരീക്ഷിച്ച ടൈഗണില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 92 ശതമാനവും കുട്ടികളുടെ സംരക്ഷണത്തില്‍ 92 ശതമാനവും കാല്‍നട യാത്രികരുടെ സംരക്ഷണത്തില്‍ 55 ശതമാനവും സുരക്ഷാ സഹായ സംവിധാനത്തില്‍ 83 ശതമാനവും ഈ എസ്യുവി സ്‌കോര്‍ ചെയ്തു. ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ച ടൈഗണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. 11.62 ലക്ഷം രൂപയില്‍ തുടങ്ങി 19.46 ലക്ഷം രൂപ വരെയാണ് ടൈഗണിന്റെ ഇന്ത്യയിലെ വില. രണ്ട് വിലകളും എക്സ്-ഷോറൂം ആണ്. ഈ എസ്യുവി നിലവില്‍ ഡൈനാമിക്, പെര്‍ഫോമന്‍സ് എന്നിങ്ങനെ അഞ്ച് കളര്‍ സ്‌കീമുകളിലും രണ്ട് ട്രിം ലെവലുകളിലും വില്‍ക്കുന്നു. ഡൈനാമിക് ലൈനില്‍ കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ടോപ്ലൈന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകള്‍ ഉള്‍പ്പെടുന്നു. പെര്‍ഫോമന്‍സ് ലൈനിന് ജിടി, ജിടി പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകള്‍ ലഭിക്കുന്നു. 113 ബിഎച്ച്പി പരമാവധി കരുത്തും 178 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിനാണ് ഡൈനാമിക് ലൈനിന് കരുത്തേകുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു. പെര്‍ഫോമന്‍സ് ലൈനിന് 148 ബിഎച്ച്പി പരമാവധി കരുത്തും 250 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഇവോ ടിഎസ്ഐ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു.

ഉപരിപഠനത്തിനായി ജര്‍മ്മനിയില്‍ എത്തുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവ വിശേഷങ്ങളുമായി ഒരു നോവല്‍. അവിടേക്കുള്ള യാത്രയും കണ്ടുമുട്ടുന്ന വ്യക്തികളുടെ സ്വഭാവസവിശേഷതകളും അനാവരണം ചെയ്യുന്ന ഈ നോവലില്‍ ഭാഷയുടെ ലാളിത്യം ഒഴുകിപ്പരക്കുന്നു. കേരളത്തിന്റെയും വിദേശജീവിതത്തിന്റെയും ഏടുകളിലൂടെ ഒരു പ്രണയത്തിന്റെ കഥയും നിറഞ്ഞിരിപ്പുണ്ട്. അനായാസം വായിച്ചുപോകാവുന്ന രചന. ‘ഡോയ്ഷ് ലാന്‍ഡ്’. മായ എസ്. ഗ്രീന്‍ ബുക്സ്. വില 128 രൂപ.

പ്രമേഹം വരുന്നതിന്റെ മുന്നോടിയായി ശരീരം നമുക്ക് പല സൂചനകളും നല്‍കാറുണ്ട്. എന്നാല്‍ പലരും അവ അവഗണിക്കാറാണ് പതിവ്. ശരീരം നല്‍കുന്ന മുന്നറിയിപ്പ് സൂചനകള്‍ നിരീക്ഷിക്കുക വഴി ടൈപ്പ് 2 പ്രമേഹത്തെ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കാന്‍ സാധിക്കും. ചര്‍മം വരണ്ടു പോകുന്നതും തൊലിപ്പുറത്ത് തിണര്‍പ്പുകള്‍ പ്രത്യക്ഷമാകുന്നതുമൊക്കെ പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണമാകാം. പ്രമേഹം രൂക്ഷമാകുന്ന വേളയില്‍ കണ്ണുകളിലേക്കുള്ള ഞരമ്പുകളെ ബാധിച്ച് പലര്‍ക്കും കാഴ്ച തന്നെ നഷ്ടപ്പെടാറുണ്ട്. പൂര്‍ണ്ണമായ കാഴ്ച നഷ്ടമല്ല മറിച്ച് മങ്ങിയ കാഴ്ചയുടെയും മറ്റും രൂപത്തിലാണ് ശരീരം രക്തത്തിലെ ഉയരുന്ന പഞ്ചസാരയുടെ തോതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക. നമ്മുടെ വായുടെ ആരോഗ്യം ശരീരത്തിലെ രക്തത്തിന്റെ തോതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എപ്പോഴും വായ വരണ്ടു പോകുന്നതും അടിക്കടി ദാഹം തോന്നുന്നതുമെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. വായ്ക്കൊപ്പം ചുണ്ടുകള്‍ ഉണങ്ങുക, ഭക്ഷണം ചവച്ചിറക്കാന്‍ ബുദ്ധിമുട്ട് തോന്നുക, നാക്കില്‍ അടിക്കടി കുരുക്കളും മുറിവുകളും വരുക തുടങ്ങിയവയെല്ലാം പ്രമേഹ പരിശോധനയ്ക്ക് നേരമായെന്ന സൂചന നല്‍കുന്നു. കൈകാലുകളിലെ വിരലുകള്‍ക്ക് മരവിപ്പും തരിപ്പുമൊക്കെ പ്രമേഹത്തിന് മുന്നോടിയായി വരാറുണ്ട്. രക്തത്തിലെ പഞ്ചസാര നാഡീഞരമ്പുകളെ ബാധിച്ച് തുടങ്ങുന്നതിന്റെ ലക്ഷമാണ് ഇത്. അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നതും രക്തത്തിലെ പഞ്ചസാര ഉയരുന്നതിന്റെ ലക്ഷണമാണ്. രാത്രികാലങ്ങളില്‍ പ്രത്യേകിച്ചും ഇത്തരത്തില്‍ നിരന്തരം മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ രക്തപരിശോധന നടത്താന്‍ വൈകരുത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അത്യധികമായ ക്ഷീണം തോന്നുന്നതും കരുതിയിരിക്കേണ്ട ലക്ഷണമാണ്. ദേഷ്യം, അമിതമായ ഉത്കണ്ഠ തുടങ്ങിയവയെല്ലാം രക്തത്തിലെ പഞ്ചസാരയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലമാകാം. രക്തത്തിലെ പഞ്ചസാര ഉയരുന്നത് മാത്രമല്ല താഴുന്നതും ഇത്തരം ലക്ഷണങ്ങളിലേക്ക് നയിക്കാം. പ്രത്യേകിച്ച് വ്യായാമം ഒന്നും ചെയ്യാതെയും ഭക്ഷണം കുറയ്ക്കാതെയുമൊക്കെ ശരീരത്തിന്റെ ഭാരം കുറയാന്‍ തുടങ്ങിയാല്‍ അത് പ്രമേഹം മൂലമായിരിക്കാം. പ്രമേഹം മൂലം ഭാരം കുറയുന്നവര്‍ക്ക് ഇതെ തുടര്‍ന്ന് കണ്ണുകള്‍ക്കും നാഡീവ്യൂഹത്തിനുമൊക്കെ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.53, പൗണ്ട് – 105.01, യൂറോ – 89.59, സ്വിസ് ഫ്രാങ്ക് – 91.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.04, ബഹറിന്‍ ദിനാര്‍ – 218.90, കുവൈത്ത് ദിനാര്‍ -268.55, ഒമാനി റിയാല്‍ – 214.22, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.47, ഖത്തര്‍ റിയാല്‍ – 22.67, കനേഡിയന്‍ ഡോളര്‍ – 62.08.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *