◾സംസ്ഥാനത്തെ കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അനുമതിയില്ലാതെ വിസ്തീര്‍ണം കൂട്ടിയ കെട്ടിടങ്ങളുടെ പിഴത്തുക നികുതിയുടെ അമ്പതു ശതമാനമായി വര്‍ധിപ്പിക്കും. മൂവായിരം ചതുരശ്രയടിയിലേറെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കു ചുമത്തിയിരുന്ന ലക്ഷ്വറി ടാക്സിന്റെ പേര് അഡീഷണല്‍ ടാക്സ് എന്നാക്കും. ലക്ഷ്വറി ടാക്സ് കേന്ദ്ര സര്‍ക്കാരിനുള്ളതാണ്. അഡീഷണല്‍ ടാക്സ് എന്നു പേരു മാറ്റിയാല്‍ നികുതിത്തുക സംസ്ഥാന സര്‍ക്കാരിനു സ്വന്തമാക്കാം. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാര്‍ക്കു പിഴ ചുമത്തുന്നതിനുള്ള അധികാരപരിധി പതിനായിരം രൂപയില്‍നിന്ന് ലക്ഷം രൂപയായി ഉയര്‍ത്താനും തീരുമാനിച്ചു.
◾ആശ്രിത നിയമനം നേടി ആശ്രിതരെ സംരക്ഷിക്കുമെന്ന ഉറപ്പു പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് 25 ശതമാനം തുക പിടിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പിരിച്ചെടുക്കുന്ന തുക അര്‍ഹരായ ആശ്രിതര്‍ക്കു നല്‍കാന്‍ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും.
◾
◾ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 നാളെ വിക്ഷേപിക്കും. ഉച്ചകഴിഞ്ഞു രണ്ടരയ്ക്ക് ശ്രീഹരിക്കോട്ടയില്‍നിന്നാണു വിക്ഷേപിക്കുക. 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന ദൗത്യത്തിലെ ലാന്‍ഡര്‍ അടുത്ത മാസം 23 നോ 24 നോ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും.
◾കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാരില്‍നിന്ന് സംസ്ഥാനത്തിനു ചില ഫണ്ടുകള്‍ കിട്ടാനുണ്ട്. യുജിസിയില്‍നിന്ന് കിട്ടാനുള്ള 750 കോടി രൂപയും പെന്‍ഷന്‍, ഹെല്‍ത്ത് ഗ്രാന്റ് എന്നിവയ്ക്കുള്ള പണവും അനുവദിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു. കേന്ദ്രനികുതി വിഹിതം നേരത്തെ 3.9 ശതമാനമായിരുന്നതു വെട്ടിക്കുറച്ച് 1.92 ശതമാനമാക്കി. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തിയതും സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതും മൂലമാണു സാമ്പത്തിക പ്രശ്നമെന്നും ബാലഗോപാലന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
◾ഒരു മാസത്തെ ക്ഷേമ പെന്‍ഷനുകളുടെ വിതരണം നാളെ ആരംഭിക്കും. ഇതിനായി 874 കോടി രൂപ അനുവദിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കേരള ഹൈക്കോടതി 2017 ല്‍ നടപ്പാക്കിയ ജില്ലാ ജഡ്ജി നിയമനത്തിലെ നടപടിക്രമങ്ങള്‍ ചട്ടവിരുദ്ധമാണെന്നു സുപ്രീം കോടതി. എഴുത്ത് പരീക്ഷയ്ക്കും, അഭിമുഖത്തിനുംശേഷം നിയമന നടപടികളില്‍ മാറ്റം വരുത്തിയത് തെറ്റാണ്. എന്നാല്‍ നിയമനം ലഭിച്ച ജഡ്ജിമാരെ പിരിച്ചുവിടുന്നില്ല. നിയമനം ലഭിക്കാത്തവര്‍ക്കു മറ്റു തസ്തികളില്‍ ജോലി ചെയ്യാം. ഹൈക്കോടതി നടപടിക്കെതിരെ നിയമനം ലഭിക്കാത്ത പതിനൊന്ന് പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
◾കെ- റെയിലിനു ബദലായി മെട്രോമാന്‍ ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ച പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നടപ്പാക്കാന്‍ കഴിയാത്ത കെ റെയിലിനുവേണ്ടി വാശി പിടിക്കരുത്. ആരേയും കുടിയിറക്കാതെ നടപ്പാക്കാന്‍ കഴിയുന്ന വികസനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരനെ പൊന്നാനിയിലെ വസതിയില്‍ സന്ദര്‍ശിച്ചശേഷമാണ് ഇങ്ങനെ പ്രതികരിച്ചത്.
◾ട്രെയിന്‍ തീവയ്പു കേസിലെ പ്രതിയുടെ ഫോട്ടോയെടുത്തതിന് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ക്കെതിരേ കേസെടുത്ത പോലീസിനെതിരേ ഹൈക്കോടതി. പ്രതിയുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തലാകുമെന്നു കോടതി ചോദിച്ചു. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവര്‍ത്തകന്റെ ജോലിയാണ്. ഫോട്ടോ എടുക്കാതിരിക്കണമെങ്കില്‍ പോലീസ് പ്രതിയുടെ മുഖം മറച്ച് കൊണ്ടുവരണം. ജസ്റ്റിസ് പി,വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ക്യാമറയും ഫോണും പിടിച്ചെടുത്തതു നിയമവിരുദ്ധമാണെന്നും കോടതി.
◾നിത്യോപയോഗ സാധങ്ങളുടെ വിലവിവരം, സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു ലഭ്യത എന്നിവ അന്വേഷിക്കാന്‍ പൊലീസ് സ്പെഷല്‍ ബ്രാഞ്ചിനു നിര്‍ദേശം. പ്രത്യേകം തയ്യാറാക്കിയ പട്ടിക പ്രകാരം മരുന്നുലഭ്യത ശനിയാഴ്ചയ്ക്കു മുമ്പ് അറിയിക്കാനാണ് ഇന്റലിജന്‍സ് മേധാവിയുടെ നിര്‍ദ്ദേശം.
◾കേരളത്തിലെ തെരുവുനായ പ്രശ്നത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് വാക്കാല്‍ പരാമര്‍ശിച്ച് സുപ്രീം കോടതി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സംസ്ഥാന ബാലാവകാശ കമ്മീഷനും നല്‍കിയ ഹര്‍ജി ഓഗസ്റ്റ് 16 ലേക്കു മാറ്റി.
◾റെയില്‍വെ നടപ്പാക്കുന്ന അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഗുരുവായൂര്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ കേരളത്തിലെ 34 റെയില്‍വേ സ്റ്റേഷനുകള്‍. ഈ പദ്ധതിയിലൂടെ ദക്ഷിണ റെയില്‍വേയില്‍ 90 സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്.
◾മണിപ്പൂരില്‍ വര്‍ഗീയ കലാപമല്ല, വംശഹത്യയാണു നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലേക്കു തിരിഞ്ഞുനോക്കുന്നില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസും ബിജിപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ വകുപ്പില്ലാ മന്ത്രിയെ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ പനി മരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരില്ല. മരുന്ന് ക്ഷാമം രൂക്ഷമാണ്. അദ്ദേഹം പറഞ്ഞു.
◾വ്യക്തികളുടെ നിയമത്തില്‍ മാറ്റം വരുത്തണമെന്നും ലിംഗസമത്വ വാദവും ഉന്നയിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട് ശരിയല്ലെന്ന് എസ്എംഎഫ് നേതാക്കള്‍. വ്യക്തി നിയമങ്ങള്‍ സംരക്ഷിക്കാനാണ് ഏക സിവില്‍കോഡിനെ എതിര്‍ക്കുന്നതെന്ന് എസ്എംഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു ഷാഫി ഹാജി പറഞ്ഞു.
◾കൊഴിഞ്ഞാമ്പാറയില്‍ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു രണ്ടു പേര്‍ മരിച്ചു. പെരുവമ്പ് വെള്ളപ്പന സി. വിനു (36), പൊല്‍പ്പുള്ളി വേര്‍കോലി എന്‍.വിനില്‍ (32) എന്നിവരാണ് മരിച്ചത്.
◾താമരശേരി ഐഎച്ച്ആര്‍ഡിയില്‍ റാഗിംഗിനെത്തുടര്‍ന്ന് 15 മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡു ചെയ്തു. റാഗിംഗിന് ഇരയായവരുടെ പരാതിയില്‍ താമരശേരി പൊലീസ് കേസെടുത്തു.
◾തടിപ്പാലം ഒടിഞ്ഞ് വെള്ളത്തില്‍ വീണ അമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഹരിപ്പാട് മഹാദേവികാട് കളത്തില്‍ പറമ്പില്‍ വിനീത പ്രവീണ്‍ (38), മകള്‍ അരുന്ധതി (7) എന്നിവരാണ് രക്ഷപ്പെട്ടത്. ഹരിപ്പാട് ആനിമല്‍ റസ്‌ക്യൂ ടീം അംഗമായ വിനീത വീട്ടിലേക്കു പോകാന്‍ തോടിനു കുറുകെയുള്ള തടിപ്പാലത്തിലൂടെ നടക്കവേയാണ് അപകടമുണ്ടായത്.
◾മലേറിയ ബാധിച്ച് ഒരു മരണം. പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി (43) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സലായിരുന്നു. ആഫ്രിക്കയില്‍ ജോലിക്കു പോയി മടങ്ങിയെത്തിയതായിരുന്നു റാഫി.
◾സ്‌കൂള്‍ വാന്‍ ഇടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. തൃശൂര്‍ വേലൂര്‍ പണിക്കവീട്ടില്‍ രാജന്‍- വിദ്യ ദമ്പതികളുടെ മകളും തലക്കോട്ടുകര ഒ.ഐ.ഇ.ടി സ്‌കുളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ദിയയാണ് മരിച്ചത്.
◾വയനാട് മേപ്പാടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അദ്ധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ താഴംപറമ്പില്‍ ജോണിയാണ് പിടിയിലായത്. നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ സ്റ്റേഷനില്‍ നേരിട്ടത്തി എസ്എച്ച് ഒയോട് പരാതിപ്പെടുകയായിരുന്നു.
◾പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതി ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ പോലീസുകാരനെ ആക്രമിച്ചു. തൊടുപുഴയില്‍ അഭിജിത്ത് എന്ന പ്രതിയാണ് ഭക്ഷണം കണിക്കാന്‍ വിലങ്ങ് അഴിച്ചപ്പോഴാണ് ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്. കൂടെയുള്ള പോലീസുകാരന്‍ പ്രതിയെ കീഴ്പെടുത്തി.
◾മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞ് മൂന്നു പേര്‍ക്കു പരിക്കേറ്റു. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലാാണ് അപകടമുണ്ടായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു രോഗിയുമായി പോയ വാഹനമാണ് മറിഞ്ഞത്. കോട്ടയത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. അപകടത്തില്‍ രോഗിക്കും ആംബലന്‍സ് ഡ്രൈവര്‍ക്കും രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കും പരിക്കേറ്റു.
◾കണ്ണൂര്‍ പയ്യന്നൂരില്‍ ഡോക്ടര്‍ ക്ലിനിക്കില്‍ തൂങ്ങി മരിച്ചു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ കെ. പ്രദീപ് കുമാറാണ് മരിച്ചത്.
◾നിയമസഭാ സെക്രട്ടറിയുടെ വീട്ടില്‍ മോഷണം നടത്തിയ വീട്ടു ജോലിക്കാരിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം സ്വദേശി സരിതയെയാണ് അറസ്റ്റ് ചെയ്തത്. ഒമ്പതു പവന്‍ മോഷ്ടിച്ച് സ്വകാര്യ സ്ഥാപനത്തില്‍ പണയം വയ്ക്കുകയായിരുന്നു.
◾പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മര്‍ദ്ദിച്ച കേസില്‍ അമ്മയ്ക്കും കാമുകനുമെതിരെ കേസ്. പെരുമ്പിലാവ് മുളങ്ങത്ത് വീട്ടില്‍ ഹഫ്സ (38), ഒപ്പം താമസിക്കുന്ന കപ്പൂര്‍ പള്ളംങ്ങാട്ട്ചിറ ചെമ്പലക്കര വീട്ടില്‍ മുഹമ്മദ് ഷബീര്‍ എന്നിവര്‍ക്കെതിരെയാണ് ചാലിശ്ശേരി പോലീസ് കേസെടുത്തത്.
◾വീട് നിര്‍മിക്കാന്‍ വായ്പ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. രാമവര്‍മപുരം ഇമ്മട്ടി ഫിനാന്‍സ് കമ്പനി ഉടമ ഇമ്മട്ടി വീട്ടില്‍ ബാബുവാണ് പിടിയിലായത്.
◾കൊലക്കേസില്‍ പ്രതിയായ ഗുണ്ടാ നേതാവിനെ ജയ്പൂരിലെ ജയിലില്‍നിന്നു കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഒരു സംഘം ആളുകള്‍ അമോലി ടോള്‍ പ്ലാസയ്ക്കു സമീപം വഴിതടഞ്ഞു വെടിവെച്ചു കൊന്നു. ബിജെപി നേതാവ് കൃപാല്‍ ജാഗിനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുല്‍ദീപ് ജഗിന എന്ന ഗുണ്ടാ നേതാവിനെയാണ് ഭരത്പൂരില്‍ പൊലീസ് വാഹനം തടഞ്ഞു വെടിവച്ചു കൊന്നത്. കേസിലെ മറ്റൊരു പ്രതിയായ വിജയ്പാല്‍ എന്നയാള്‍ക്കും വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്.
◾293 പേര്‍ കൊല്ലപ്പെട്ട ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകട കേസില്‍ ഏഴു ജീവനക്കാരെ ഇന്ത്യന്‍ റെയില്‍വെ സസ്പെന്‍ഡ് ചെയ്തു. ഡ്യൂട്ടി സമയങ്ങളില്‍ ജാഗ്രത പാലിക്കാത്തതിന് സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് ഇന്‍സ്‌പെക്ടര്‍, മെയിന്റനര്‍ എന്നിവരുള്‍പ്പെടെ ഉള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
◾അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയില്‍നിന്നു പിടിച്ചെടുത്ത ഏഴു കിലോ സ്വര്‍ണം അടക്കമുള്ള സ്വത്തുക്കള്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ജയരാമന്റെ മക്കളായ ദീപിക്കും ദീപയും സമര്‍പ്പിച്ച ഹര്‍ജി ബെംഗളുരു പ്രത്യേക കോടതി തള്ളി. സ്വത്തിന്റെ അവകാശികള്‍ തങ്ങളാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്ലാം വിട്ടുതരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണു തള്ളിയത്.
◾തക്കാളിയുടെ വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. നാഫെഡും എന്‍സിസിഎഫും പോലുള്ള സഹകരണ സ്ഥാപനങ്ങളോട് തക്കാളി സംഭരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യുഎഇ സന്ദര്‍ശിക്കും. ഫ്രാന്‍സില്‍ നിന്ന് തിരിച്ച് വരും വഴിയാണ് മോദി യുഎഇയിലിറങ്ങുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.
◾ബെംഗളുരുവില്‍ മലയാളിയായ ടെക് കമ്പനി സിഇഒ യെയും എംഡിയെയും വെട്ടിക്കൊലപ്പെടുത്താന്‍ മുന്‍ ജീവനക്കാരനു ക്വട്ടേഷന്‍ കൊടുത്ത മറ്റൊരു കമ്പനി ഉടമ അറസ്റ്റില്‍. എയറോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കമ്പനി സിഇഒ കോട്ടയം പനച്ചിക്കാട് സ്വദേശി വിനുകുമാറും എംഡി ബെംഗളുരു സ്വദേശി ഫണീന്ദ്ര സുബ്രഹ്‌മണ്യയുമാണു കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയതിന് ഇന്‍സ്റ്റഗ്രാം താരം ജോക്കര്‍ ഫെലിക്സും രണ്ടു കൂട്ടാളികളും അറസ്റ്റിലായിരുന്നു. ഇവര്‍ക്കു കൊലപാതകത്തിന് ക്വട്ടേഷന്‍ കൊടുത്ത ജിനെറ്റ് എന്ന ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കമ്പനി ഉടമ അരുണ്‍ കുമാര്‍ ആസാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എയറോണിക്സില്‍നിന്നു പിരിച്ചുവിടപ്പെട്ട ജോക്കര്‍ ഫെലിക്സ് അരുണ്‍കുമാറിന്റെ ജിനെറ്റ് കമ്പനിയില്‍ ജോലിക്കു ചേര്‍ന്നിരുന്നു. ജിനെറ്റ് കമ്പനിക്കു ലഭിക്കുമായിരുന്ന ചില കരാറുകള്‍ എയറോണിക്സിനു ലഭിച്ചതിനുള്ള പ്രതികാരമായാണ് അരുണ്‍കുമാര്‍ ക്വട്ടേഷന്‍ നല്‍കിയതെന്നു പോലീസ്.
◾തിമിരത്തിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം പതിനെട്ടോളം രോഗികള്‍ക്കു കാഴ്ച നഷ്ടപ്പെട്ടു. രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയായ സവായ് മാന്‍ സിംഗ് ആശുപത്രിക്കെതിരെയാണ് രോഗികളും ബന്ധുക്കളും പരാതിപ്പെട്ടിരിക്കുന്നത്.
◾ചെക്ക് സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. 1984 -ല്‍ പ്രസിദ്ധീകരിച്ച പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ‘ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്’ എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്.
◾10 ലക്ഷം ഡോളര്‍ മൂല്യമുള്ള സ്വകാര്യ ജെറ്റ് വില്‍ക്കുകയാണെന്നു കോടീശ്വരനും പാട്രിയോട്ടിക് മില്യണയേഴ്‌സിന്റെ വൈസ് ചെയര്‍മാനുമായ സ്റ്റീഫന്‍ പ്രിന്‍സ്. സ്വകാര്യ ജെറ്റായ സെസ്ന 650 സിറ്റേഷന്റെ കാര്‍ബണ്‍ ബഹിര്‍ഗമനം പരിസ്ഥിതിക്കു ദോഷമായതിനാലാണ് വിമാനം ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പത് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇടത്തരം, ലോംഗ് റേഞ്ച് കോര്‍പ്പറേറ്റ് ജെറ്റാണിത്.
◾മനുഷ്യന്‍ നായയെ കടിച്ചു. വെറുമൊരു നായയെ അല്ല, പൊലീസ് നായയെയാണു കടിച്ചത്. യുഎസിലെ ഡെലാവെയറിലാണ് സംഭവം. പുലര്‍ച്ചെ രണ്ടിന് വില്‍മിംഗ്ടണിലെ പാര്‍ക്കിംഗ് സ്ഥലത്ത് മദ്യപിച്ചു ലക്കുകെട്ട് വാഹനം ഓടിക്കാന്‍ ശ്രമിച്ചയാളെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പോലീസ് നായയെ കടിക്കുകയും രണ്ട് പൊലീസുകാരെ മര്‍ദിക്കുകയും ചെയ്തു. പിന്നീട് ജമാല്‍ വിംഗ് എന്ന 47 -കാരനെ കീഴ്പെടുത്തി കസ്റ്റഡിയിലെടുത്തു.
◾ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് ഒന്നാമിന്നിംഗ്സില്‍ 150 റണ്‍സിന് പുറത്ത്. 47 റണ്‍സെടുത്ത അലിക്ക് അതാന്‍സേയാണ് ടോപ് സ്‌കോറര്‍. രവിചന്ദ്ര അശ്വിന്‍ 5 വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജക്ക് 3 വിക്കറ്റ്. ഒന്നാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 80 റണ്‍സെടുത്തിട്ടുണ്ട്. 40 റണ്‍സെടുത്ത, ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച, യശസ്വി ജയ്സ്വാളും 30 റണ്‍സെടുത്ത രോഹിത്ശര്‍മയുമാണ് ക്രീസില്‍.
◾തക്കാളി ഉള്‍പ്പെടെ നിരവധി പച്ചക്കറികള്‍ക്കും ഭക്ഷ്യോത്പന്നങ്ങള്‍ക്കും വില കത്തിക്കയറിയതോടെ വീണ്ടും കുതിച്ചുയര്‍ന്ന് ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം. മേയില്‍ രണ്ടുവര്‍ഷത്തെ താഴ്ചയായ 4.25 ശതമാനമായിരുന്ന പണപ്പെരുപ്പം ജൂണില്‍ 4.81 ശതമാനത്തിലേക്കാണ് കുതിച്ചെത്തിയത്. മേയില്‍ 2.91 ശതമാനമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം 4.49 ശതമാനമായി കുത്തനെ കൂടിയതാണ് കഴിഞ്ഞമാസം മുഖ്യ തിരിച്ചടിയായത്. ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം 4.17 ശതമാനത്തില്‍ നിന്നുയര്‍ന്ന് 4.72 ശതമാനത്തിലെത്തി. നഗരങ്ങളിലെ പണപ്പെരുപ്പം 4.27ല്‍ നിന്ന് 4.96 ശതമാനമായും ഉയര്‍ന്നത് കനത്ത ആശങ്കയാണ്. ഏപ്രിലില്‍ 5.63 ശതമാനമായിരുന്ന കേരളത്തിലെ റീട്ടെയില്‍ പണപ്പെരുപ്പം മേയില്‍ 4.48 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. എന്നാല്‍, കൃത്യം ഒരുമാസം പിന്നിടുമ്പോഴേക്കും ജൂണില്‍ പണപ്പെരുപ്പം 5.25 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം 4.53 ശതമാനത്തില്‍ നിന്ന് 5.05 ശതമാനത്തിലേക്കും നഗരങ്ങളിലേത് 4.33 ശതമാനത്തില്‍ നിന്ന് 5.46 ശതമാനത്തിലേക്കും കുത്തനെ വര്‍ദ്ധിച്ചു. പണപ്പെരുപ്പം വീണ്ടും കൂടുന്ന ട്രെന്‍ഡ് കാണിക്കുന്നതിനാല്‍ സമീപഭാവിയിലെങ്ങും റിസര്‍വ്ബാങ്ക് പലിശഭാരം കുറയ്ക്കില്ലെന്ന് ഉറപ്പായി. വരുംമാസങ്ങളിലും പണപ്പെരുപ്പം കൂടിയാല്‍ പലിശനിരക്ക് കൂട്ടാനും റിസര്‍വ് ബാങ്ക് മടിച്ചേക്കില്ല.
◾രണ്‍വീര്‍ സിംഗ് നായകനാകുന്ന പുതിയ ചിത്രമാണ് ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ജയാ ബച്ചന്‍, ധര്‍മേന്ദ്ര, ശബാന ആസ്മി തുടങ്ങിയവരും ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യില്‍ വേഷമിടുന്നത്. ‘വാട്ട് ഝുംക’ എന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കരണ്‍ ജോഹറാണ് ചിത്രത്തിന്റെ സംവിധാനം. ജൂലൈ 28നാണ് ചിത്രത്തിന്റെ റിലീസ്. മാനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മദന്‍ മോഹന്‍, പ്രിതം എന്നിവരുടെ സംഗീതത്തില്‍ അമിതാഭ് ബട്ടാചാര്യയുടെ വരികള്‍ പാടിയിരിക്കുന്നത് അരിജിത്ത് സിംഗും ജൊനിത ഗാന്ധിയുമാണ്.
◾ബംഗ്ലാദേശ് ചിത്രം ‘ഹവാ’ സോണി ലിവ്വില്‍ റിലീസിനെത്തി. 95ാമത് ഓസ്‌കറിലേക്കുള്ള ബംഗ്ലാദേശിന്റെ ഔദ്യോഗിക ചിത്രം കൂടിയായിരുന്നു ഇത്. മെജ്ബൗര്‍ റഹ്‌മാന്‍ സുമോന്‍ ആണ് സംവിധാനം. ചഞ്ചല്‍ ചൗരി, നഫിസ തുഷി, സരിഫുള്‍ റാസ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ വലയില്‍ ഒരു പെണ്‍കുട്ടി കുടുങ്ങുന്നു. നടുക്കടലില്‍ ആ പെണ്‍കുട്ടിയും ആറ് മത്സ്യത്തൊഴിലാളികളും മാത്രം. തുടര്‍ന്ന് ആ ബോട്ടില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.
◾ടെസ്ലയില്‍ ടെസ്റ്റ് ഡ്രൈവര്‍മാര്‍ക്ക് അവസരം. മണിക്കൂറില്‍ 18 ഡോളര്‍ (1480 രൂപ) മുതല്‍ 48 ഡോളര്‍ (3950 രൂപ) വരെയാണ് ശമ്പളം. മൂന്നു മാസം നീളുന്ന ടെസ്റ്റ് ഡ്രൈവ് ജോലിയില്‍ ശമ്പളത്തോടൊപ്പം മറ്റു ആനുകൂല്യങ്ങളും ലഭിക്കും എന്നാണ് അമേരിക്കന്‍ വെബ് സൈറ്റുകളില്‍ പറയുന്നത്. ഓസ്റ്റിന്‍, ഡെന്‍വര്‍, ടെക്സസ്, കൊളറാഡോ, ബ്രൂക്ലിന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളിലാണ് ടെസ്റ്റ് ഡ്രൈവര്‍മാരെ ക്ഷണിച്ചിരിക്കുന്നത്. ക്ലീന്‍ ഡ്രൈവിങ് റെക്കോര്‍ഡും സുരക്ഷിതമായ ഡ്രൈവിങ് ശീലവും നാലുവര്‍ഷത്തെ ഡ്രൈവിങ് പരിചയവുമുള്ള ആര്‍ക്കും അപേക്ഷിക്കാം എന്നാണ് ടെസ്ല പറയുന്നത്. ടെസ്ലയുടെ സെല്‍ഫ് ഡ്രൈവിങ് സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതിനായാണ് ടെസ്റ്റ് ഡ്രൈവ്. സെല്‍ഫ് ഡ്രൈവിങ് സോഫ്‌റ്റ്വെയറിന്റെ ഉയര്‍ന്ന പതിപ്പും ഈ ടെസ്റ്റിലൂടെ പരീക്ഷിക്കും. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചായിരിക്കും ടെസ്ലയുടെ വരും കാല മോഡലുകള്‍ പുറത്തിറക്കുന്നത്. എന്നാല്‍ ഏതൊക്കെ വാഹനങ്ങളായിരിക്കും ഓടിക്കേണ്ടിവരിക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
◾ചരിത്രവും രാഷ്ട്രീയവും വ്യക്തി ജീവിതങ്ങളില്‍ സന്നിവേശിപ്പിച്ച് നോവല്‍ എന്ന സാഹിത്യരൂപത്തെ പുതുക്കിപ്പണിഞ്ഞ മിലന്‍ കുന്ദേരയുടെ പ്രശസ്തമായ നോവലായിരുന്നു ‘ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ്സ് ഓഫ് ബീയിങ്’ (ഉയിരടയാളങ്ങള്‍). ഏഴു സ്വതന്ത്രഭാഗങ്ങളായി രചിക്കപ്പെട്ടിരിക്കുന്ന നോവല്‍ പ്രണയവും രതിയും രാഷ്ട്രീയവും ഹാസ്യവും നേിറച്ചുവച്ച ഓര്‍മ്മകളുടെ ചരിത്രപുസ്തകമായി ലോകം മുഴുവന്‍ വായിച്ചു. ഇണങ്ങിച്ചേരാത്ത പ്രേമത്തിന്റെയും വിശ്വാസ വഞ്ചനയുടെയും കഥ. വായനക്കാരനെ സ്വന്തം ജീവിതത്തെയും നിലപാടുകളെയും കുറിച്ച് പുനര്‍ വിചാരണ നടത്താന്‍ പ്രേരിപ്പിക്കുന്ന കൃതി. ആത്മാവിന്റെയും ഉടലിന്റെയും മോഹങ്ങളും മോഹഭംഗങ്ങളും കോര്‍ത്തിണക്കിയിരിക്കുന്ന ഒരപൂര്‍വ്വ നോവല്‍. റഷ്യന്‍ അധിനിവേശം സാധാരണ ചെക്ക് ജനതയുടെ ജീവിതത്തെ, കലയെ, മനുഷ്യബന്ധങ്ങളെ എങ്ങ്നെയല്ലാം കീഴ്മേല്‍ മറിച്ചു എന്ന പരിശോധന കൂടെ നോവലില്‍ കാണാവുന്നതാണ്. ‘ഉയിരടയാളങ്ങള്‍’. പരിഭാഷ – ഡോ അജു കെ നാരായണന്‍. ഡിസി ബുക്സ്. വില 157 രൂപ.
◾അമിതമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ക്യാന്‍സറിനു കാരണമാകുമെന്ന് പഠനം. ലോകാരോഗ്യ സംഘടനയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചൂടുള്ള ഭക്ഷണമോ വെള്ളമോ എന്ത് കിട്ടിയാലും അല്‍പമൊന്ന് തണുത്ത ശേഷം കഴിക്കുന്നതാണ് നല്ലതെന്നാണ് പഠനം പറയുന്നത്. തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്നിട്ട് മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവൂ. ചൂടുള്ള പാനീയങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത് ലെഡ്, പരിസരമലീനീകരണം തുടങ്ങി ക്യാന്‍സറിലേക്ക് നയിച്ചേക്കാവുന്ന ക്ലാസ് 2 എ പട്ടികയിലാണ്. സ്ഥിരമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ക്യാന്‍സര്‍ മൂലം മരിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. 60 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടുള്ള ചായ, കാപ്പി തുടങ്ങിയ ചൂടുള്ള പാനീയങ്ങള്‍ ദിവസവും കുടിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. പഠനമനുസരിച്ച്, ദിവസവും 700 മില്ലി ചൂടുള്ള ചായ കുടിക്കുന്നത് അന്നനാളത്തിലെ ക്യാന്‍സറിനുള്ള സാധ്യത 90 ശതമാനം വര്‍ദ്ധിപ്പിക്കും. ഭക്ഷണ പൈപ്പിലെ (അന്നനാളം) അസാധാരണമായ കോശങ്ങള്‍ അനിയന്ത്രിതമായ രീതിയില്‍ വളരുമ്പോഴാണ് അന്നനാള ക്യാന്‍സര്‍ സംഭവിക്കുന്നത്. ഇപ്പോള്‍ ലോകാരോഗ്യ സംഘടന പറയുന്നത് കാപ്പി, ചായ, മേറ്റ് തുടങ്ങിയ ചൂടുള്ള പാനീയങ്ങളും ആ പട്ടികയില്‍ പെടുന്നു എന്നാണ്. 10 രാജ്യങ്ങളില്‍ നിന്നുള്ള 23 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍, ഉയര്‍ന്ന താപനിലയുള്ള പാനീയങ്ങളും ക്യാന്‍സറുമായുള്ള ബന്ധവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ച 1,000 പഠനങ്ങള്‍ അവലോകനം ചെയ്തു.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരായുസ്സിലെ സമ്പാദ്യം മുഴുവന്‍ എടുത്താണ് അയാള്‍ ആ വീട് പണിതത്. പാലുകാച്ചലിന് രണ്ടു ദിവസം മുമ്പുണ്ടായ ഭൂമികുലുക്കത്തില്‍ ആ വീട് ആകെ തകര്‍ന്നു. പരിസരവാസികളും ബന്ധുക്കളും അവിടേക്ക് ഓടിക്കൂടി. എല്ലാവരും വന്നപ്പോള്‍ അയാള്‍ അവര്‍ക്കെല്ലാം മധുരം വിളമ്പാന്‍ തുടങ്ങി. ഇതുകണ്ട് പിറുപിറുക്കാന്‍ തുടങ്ങിയ പരിസരവാസികളോട് അയാള്‍ പറഞ്ഞു. ഈ വീട് ഇന്ന് തകര്‍ന്നത് നന്നായി. രണ്ടു ദിവസം കഴിഞ്ഞിട്ടാണ് ഈ ഭൂമികുലുക്കം സംഭവിച്ചിരുന്നതെങ്കില്‍ ഞങ്ങളാരും ജീവനോടെ ശേഷിക്കുകയില്ലായിരുന്നു… എന്തെല്ലാം നഷ്ടപ്പെട്ടു എന്നതല്ല, നഷ്ടപ്പെട്ട ശേഷം എന്തെല്ലാം അവശേഷിക്കുന്നു എന്നതാണ് പ്രധാനം. മറിഞ്ഞുവീഴുന്ന മരങ്ങളില്‍ വേരിന്റെ സാധ്യയുണ്ട്. ഏത് വരണ്ട നദിക്കും ഉറവ നല്‍കുന്ന ഒരു പ്രതീക്ഷയുണ്ട്. സംഭവിക്കുന്ന നഷ്ടമല്ല, ആ നഷ്ടം സൃഷ്ടിക്കുന്ന മാനസിക ഭാവമാണ് പ്രധാനം. നഷ്ടപ്പെടുമ്പോഴാണ് നമ്മള്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുക. അപ്രതീക്ഷിതമായി ആപത്തുകള്‍ വരുമ്പോള്‍ പലപ്പോഴും പ്രതികരങ്ങള്‍ അപക്വമായേക്കാം. സംഭവിച്ചുപോയവയില്‍ ഒരു മാറ്റവും വരുത്താന്‍ പ്രതികരണങ്ങള്‍ക്ക് സാധ്യമല്ല എന്ന തിരിച്ചറിവാണ് ഇവിടെ പ്രധാനം. എഴുതിതയ്യാറാക്കിയ തിരക്കഥകള്‍ക്കനുസരിച്ച് ജീവിതം മുന്നോട്ട് പോകാറില്ല. ചിലപ്പോള്‍ തുടക്കം തന്നെ പിഴക്കും, ചിലപ്പോള്‍ തടസ്സംവരിക പാതിവഴിയിലാകും, എല്ലാം ഭംഗിയായി അവസാനിച്ചു എന്ന് കരുതുന്ന അവസാന നിമിഷത്തിലാകാം ചിലപ്പോള്‍ അരുതാത്തത് സംഭവിക്കുക. സ്വയം ക്രമീകരിക്കുക എന്നത് മാത്രമാണ് ഏക പരിഹാരമാര്‍ഗ്ഗം. മുന്നൊരുക്കങ്ങളിലൂടെ മാത്രമല്ല, പരിഹാരമാര്‍ഗ്ഗങ്ങളിലൂടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകാം എന്ന തിരിച്ചറിവ് നമുക്ക് വഴികാട്ടിയാകട്ടെ – ശുഭദിനം.