P24 yt cover

മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ ബസിനു തീ പിടിച്ച് 25 പേര്‍ വെന്തുമരിച്ചു. എട്ടു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സമൃദ്ധി എക്പ്രസ് ഹൈവേയിലാണ് അപകടം ഉണ്ടായത്. നാഗ്പൂരില്‍നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. 33 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ രാജി നാടകത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ബീരേന്‍ സിംഗ് രാജി വയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നെന്നു ബിജെപി നേതൃത്വം വ്യക്തമാക്കി. ബിജെപി നേതാക്കളുടെ നാടകമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. മണിപ്പൂരില്‍ സ്‌കൂളുകള്‍ക്കുള്ള അവധി ഈ മാസം എട്ടു വരെ നീട്ടി. ഒരു പ്രദേശത്തിന്റെ നിയന്ത്രണം ഒരു സേനയ്ക്കു മാത്രമാക്കി മാറ്റാന്‍ തീരുമാനം.

പിറവത്തെ പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണവും. വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയതിനു പിറകേയാണ് ഇഡിയും വിവരണശേഖരണം തുടങ്ങിയത്. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോയെന്നു പരിശോധിക്കും. സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും പരിശോധിക്കും.

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ കള്ളക്കേസില്‍ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രി എം.ബി. രാജേഷ്. കുറ്റക്കാരനായ ഉദ്യോഗസ്ഥനെ ജില്ലയ്ക്കു പുറത്തേക്കു നേരത്തെത്തന്നെ സ്ഥലംമാറ്റിയെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കു മര്‍ദ്ദനം. ഹൗസ് സര്‍ജന്‍ ഹരീഷ് മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനം. മട്ടാഞ്ചേരി സ്വദേശികളായ റോഷന്‍, ജോസനീല്‍ എന്നിവരെ അറസ്റ്റു ചെയ്തു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കള്‍ വിമര്‍ശിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി സര്‍ക്കാര്‍ മൂന്നുമാസം കൂടി നീട്ടി. ജൂണ്‍ 30 നു മുന്‍പ് സ്ഥാപിക്കണമെന്ന നിര്‍ദേശം തിരുത്തി സെപ്റ്റംബര്‍ 30 നകം സ്ഥാപിക്കണമെന്നാക്കി. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ബസുകളിലും ഫെബ്രുവരി 28 നു മുന്‍പ് ക്യാമറകള്‍ സ്ഥാപിക്കണമെന്നായിരുന്നു ആദ്യ തീരുമാനം.

കരിന്തളം ഗവണ്‍മെന്റ് കോളജില്‍ അധ്യാപക ജോലി ലഭിക്കാന്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യയ്ക്ക് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യംനല്‍കി. എല്ലാ ബുധന്‍, ശനി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിനു പുറമെ ഇടുക്കി, പത്തനംതിട്ട, മണ്ഡലങ്ങള്‍കൂടി ആവശ്യപ്പെടുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. അധിക സീറ്റിന്റെ കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ജോസ് കെ മാണി വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കൊല്ലാന്‍ വാടകക്കൊലയാളികളെ അയച്ച പാര്‍ട്ടിയാണു സിപിഎം എന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍. തൊഴിലാളി വര്‍ഗത്തിനൊപ്പം സഞ്ചരിക്കുന്നതിനു പകരം കൊലയാളി സംഘത്തിനൊപ്പം സഞ്ചരിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി. കുടുംബസമേതം നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ച നേതാവ് റഷ്യയില്‍ വാഗ്‌നര്‍ സംഘത്തിനു സമാനമായ സ്വകാര്യ പടയാളിസംഘത്തെ വാടകക്കെടുത്തിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

തന്നെ കൊല്ലാന്‍ സിപിഎം വാടക കൊലയാളികളെ അയച്ചെന്ന ജി. ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുമെന്നു പ്രതീക്ഷയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. താന്‍ മരിക്കണമെങ്കില്‍ ദൈവം വിചാരിക്കണം. ശക്തിധരനെ അറിയില്ലെങ്കിലും ഇന്ന് അദ്ദേഹത്തെ വിളിച്ചു നന്ദി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലം തെക്കുംഭാഗത്ത് അര്‍ദ്ധരാത്രിയില്‍ ടോള്‍ പ്ലാസാ ജീവനക്കാരനായ ഫെലിക്സ് ഫ്രാന്‍സിസിനെ (24) മര്‍ദിച്ച പോലീസുകാര്‍ക്കെതിരേ കേസ്. കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് യുവാവിനെ പൊലീസുകാര്‍ വിവസ്ത്രനാക്കി നടുറോഡില്‍ മര്‍ദ്ദിച്ചെന്നാണ് കേസ്.

ക്വാറി നടത്താന്‍ രണ്ടു കോടി രൂപ ആവശ്യപ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. കോഴിക്കോട് ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. തന്റേയും മറ്റൊരാളുടെയും വീട് കൈമാറാനും പരാതി പിന്‍വലിക്കാനും രണ്ടു കോടി നല്‍കണമെന്ന് ബ്രാഞ്ച് സെക്രട്ടറി വി എം രാജീവന്‍ ക്വാറി കമ്പനി പ്രതിനിധിയോട് ആവശ്യപ്പെട്ടാണു ശബ്ദസന്ദേശം.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം കുന്നത്തുനാട്ടില്‍ എ, ഐ ഗ്രൂപ്പു പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. മണ്ഡലം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഐ വിഭാഗം നേതാവ് സലിം കെ മുഹമ്മദിന് പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എ വിഭാഗം സ്ഥാനാര്‍ത്ഥി പി.എച്ച്. അനൂപിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണ് ആരോപണം.

സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡ്സിട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു. സിയാദ് കോക്കര്‍ മാറുന്ന ഒഴിവിലേക്കാണ് ലിസ്റ്റിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. എവര്‍ഷൈന്‍ മണി ആണ് സെക്രട്ടറി. മുരളി മൂവീസ് ഉടമ വി പി മാധവന്‍ നായര്‍ ട്രഷറര്‍.

റോഡ് ക്യാമറകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന മട്ടന്നൂര്‍ ആര്‍ ടി ഒ ഓഫീസിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെത്തുടര്‍ന്നാണ്്്് നടപടി.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടിലാകുന്ന അവസരങ്ങളില്‍ അന്വേഷണത്തിന് ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു ഭയമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഒളിച്ചുകളി അവസാനിപ്പിക്കണം. ജനങ്ങളെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണം. മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എംവി ഗോവിന്ദനു ഒട്ടകപക്ഷിയുടെ സമീപനമാണ്. മുരളീധരന്‍ പറഞ്ഞു.

കൊച്ചി കോര്‍പറേഷനില്‍ കുടുംബശ്രീയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി ബാങ്കില്‍നിന്ന് വായ്പ തട്ടിപ്പു നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷം ഊര്‍ജ്ജിതമാക്കി. പശ്ചിമ കൊച്ചി സി ഡി എസിന്റേയും കൊച്ചി കോര്‍പ്പറേഷനിലെ രണ്ട് കൗണ്‍സിലര്‍മാരുടേയും ഒപ്പും സീലും വ്യാജമായി ഉണ്ടാക്കിയാണു തട്ടിപ്പ്. ഇവരുടെ പരാതിയില്‍ പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

എഐ ക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റില്‍ ഗ്രീസ് പുരട്ടിയ ഗുഡ്സ് ട്രെയിലര്‍ പിടിയിലായി . ആലപ്പുഴയിലാണ് എംവിഡി വാഹനം പിടികൂടിയത്. കൊമ്മാടി ബൈപ്പാസ് പ്ലാസയില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ട്രെയ്ലര്‍ അമ്പലപ്പുഴ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടിലെ ഹൊസൂരില്‍നിന്നു വാഹനങ്ങള്‍ കയറ്റിവന്ന ട്രെയിലര്‍ ലോറിയില്‍നിന്ന് പിഴ ഈടാക്കി.

വീടിന്റെ മതിലിലെ ഗേറ്റ് മോഷ്ടിച്ചവരെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. ഒളരിക്കര ശാന്തിനഗറില്‍ കോലാടി വീട്ടില്‍ ഷിജോ ( 31), നെല്ലിക്കുന്ന് തുണ്ടപ്പറമ്പില്‍ ബിനോയ് ( 36) എന്നിവരാണ് പിടിയിലായത്. മുളങ്കുന്നത്തുകാവ്, വെളപ്പായ റോഡ് എന്നിവിടങ്ങളില്‍നിന്ന് ഇരുമ്പു ഗേറ്റുകള്‍ മോഷ്ടിച്ച് ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു.

ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ സിഗ്നലിംഗ്, ട്രാഫിക് ഓപ്പറേഷന്‍സ് വിഭാഗത്തിനു വീഴ്ചയെന്ന് റെയില്‍വേ സുരക്ഷ കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. ബെഹനഗ സറ്റേഷനിലെ ഈ രണ്ടു വിഭാഗത്തിലെ ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാക്ക് അറ്റകുറ്റപ്പണിക്കുശേഷം ട്രെയിന്‍ കടത്തി വിടുന്നതിനു മുമ്പു ചെയ്യേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും റെയില്‍വേ ബോര്‍ഡിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരില്‍ 52 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായാല്‍ അഴിമതിയും കുംഭകോണങ്ങളുമാകും ഇന്ത്യയുടെ വിധിയെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ തട്ടിപ്പുകാരെ ജയിലില്‍ അടക്കും. പാറ്റ്നയിലെ ബിജെപി പൊതുയോഗത്തിലാണ് ഇങ്ങനെ പ്രസംഗിച്ചത്. പ്രതിപക്ഷ ഐക്യത്തെ നീക്കം നേതാക്കളുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കാനാണെന്നും അമിത് ഷാ പരിഹസിച്ചു.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ എന്‍ഡിഎയിലും പ്രതിഷേധം. ഇന്ത്യയെന്ന ആശയത്തിനു വിരുദ്ധമാണ് ഏകീകൃത സിവില്‍ കോഡെന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റഡ് സാംഗ്മ പറഞ്ഞു. മണിപ്പൂരിലും എന്‍പിപി ബിജെപിയുടെ സഖ്യകക്ഷിയാണ്.സിവില്‍ കോഡ് നടപ്പാക്കിയാല്‍ എം എല്‍ എ മാരുടെ വീടുകള്‍ക്കും, ഓഫീസുകള്‍ക്കും തീയിടുമെന്ന് നാഗാലാന്‍ഡ് പബ്ലിക് റൈറ്റ്സ് അഡ്വക്കസി ഗ്രൂപ്പ് ഭീഷണി മുഴക്കിയിട്ടുണ്ട്.

തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് ഡിഎംകെ. ബിജെപിയുടെ കുഴലൂത്തുകാരനായ ഗവര്‍ണര്‍ എപ്പോഴും ജനഹിതത്തിനും സംസ്ഥാനത്തിന്റെ താല്പര്യത്തിനും എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡിഎംകെ ഉന്നതധികാരസമിതി അംഗം ടി. കെ. എസ്. ഇളങ്കോവന്‍ ആരോപിച്ചു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. ഉത്തരവ് നടപ്പാക്കുന്നതിന് ഒരു മാസം സാവകാശം നല്‍കണമെന്ന ടീസ്തയുടെ ആവശ്യം തള്ളിയ കോടതി ഉടന്‍ കീഴടങ്ങാനും ഉത്തരവിട്ടു. കേസില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 25 നാണ് ടീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റു ചെയ്തത്. സെപ്റ്റംബറില്‍ സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം കിട്ടി. സ്ഥിര ജാമ്യത്തിനുള്ള അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

അമൃത്സര്‍- ജാംനഗര്‍ ഗ്രീന്‍ എക്‌സ്പ്രസ് ഹൈവേ ജൂലൈ എട്ടിന് രാജസ്ഥാനിലെ ബിക്കാനീറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 20,000 കോടിയിലധികം രൂപ ചെലവഴിച്ചാണ് എക്‌സ്പ്രസ് ഹൈവേ നിര്‍മ്മിച്ചത്. 23 മണിക്കൂര്‍ വേണ്ടിവന്നിരുന്ന അമൃത്സര്‍- ജാംനഗര്‍ യാത്രയ്ക്ക് ഇനി 12 മണിക്കൂര്‍ മതിയാകും. രാജസ്ഥാനിലെ അഞ്ചു ജില്ലകളും ഈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കും.

ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രക്ക് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസാനില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ മത്സരത്തില്‍ ഒന്നാം സ്ഥാനം. 87.66 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര ഒന്നാമതെത്തിയത്.

ഗെയിമിങ് പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍. ഇന്ത്യന്‍ ടീമിന്റെ പ്രധാന സ്‌പോണ്‍സറായിരുന്ന ബൈജൂസുമായുള്ള ബി.സി.സി.ഐയുടെ കരാര്‍ അവസാനിച്ചു. ഡ്രീം ഇലവനുമായുള്ള മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ 358 കോടി രൂപയുടെതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര മുതല്‍ ഡ്രീം ഇലവന്‍ ഇന്ത്യയുടെ സ്‌പോണ്‍സറാകും.

കേന്ദ്ര പൊതുമേഖലാ വളം നിര്‍മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ (ഫാക്ട്) വിപണി മൂല്യം 30,000 കോടി രൂപ കടന്നു. വ്യാപാരത്തിനിടെ ഓഹരി വില 10 ശതമാനത്തിലധികം ഉയര്‍ന്നതോടെയാണ് പ്രവര്‍ത്തന ചരിത്രത്തിലെ നിര്‍ണായക നാഴികകല്ല് കമ്പനി പിന്നിട്ടത്. വ്യാപാരാന്ത്യം 10.92 ശതമാനം നേട്ടവുമായി 464.05 രൂപയിലാണ് ഫാക്ട് ഓഹരി വിലയുള്ളത്. ഫാക്ടിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി 2019 ഫെബ്രുവരിയില്‍ കിഷോര്‍ റുംഗ്ത ചുമതലയേറ്റെടുക്കുമ്പോള്‍ ഫാക്ടിന്റെ ഓഹരികള്‍ 38.8 രൂപയിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. നാലരവര്‍ഷത്തിനുള്ളില്‍ ഓഹരി വില 1,108 ശതമാനം ഉയര്‍ന്ന് 486.6 രൂപയിലെത്തി. ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം മൂന്നു മടങ്ങ് വര്‍ധിക്കുകയും ചെയ്തു. നാല് വര്‍ഷമായി തുടര്‍ച്ചയായി ലാഭത്തിലാണ് കമ്പനി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ലാഭത്തിലും വിറ്റുവരവിലും ഫാക്ട് പുതിയ റെക്കോഡ് കുറിച്ചിരുന്നു. 612.99 കോടി രൂപയുടെ പ്രവര്‍ത്തനലാഭമാണ് കഴിഞ്ഞ വര്‍ഷം നേടിയത്. വിറ്റുവരവ് 4,424.80 കോടി രൂപയില്‍ നിന്ന് എക്കാലത്തെയും ഉയരമായ 6,198.15 കോടി രൂപയുമായി. മികച്ച പ്രവര്‍ത്തനഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരി ഉടമകള്‍ക്ക് ഓഹരിയൊന്നിന് ഒരു രൂപ വീതം ലാഭവിഹിതത്തിനും ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരുന്ന വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ വിവോ എക്സ്90എസ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. വിവോയുടെ എക്സ്90 സീരീസിലെ മികച്ച ഹാന്‍ഡ്സെറ്റാണ് വിവോ എക്സ്90എസ്. ഉപഭോക്താക്കള്‍ക്ക് ജൂണ്‍ 30 മുതലാണ് പ്രീ-ഓര്‍ഡര്‍ നല്‍കാന്‍ സാധിക്കുക. മറ്റു രാജ്യങ്ങളിലെ ലോഞ്ച് തീയതിയെ കുറിച്ചും വില വിവരങ്ങളെ കുറിച്ചും വിവോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. 6.78 ഇഞ്ച് കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആര്‍ പിന്തുണ എന്നിവ സ്മാര്‍ട്ട്ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മീഡിയടെക് ഡെമന്‍സിറ്റി 9200+ ചിപ്സെറ്റാണ് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട്ഫോണുകളുടെ പ്രവര്‍ത്തനം. 50 മെഗാപിക്സല്‍ സോണി ഐഎംഎസ്663 പ്രൈമറി സെന്‍സറും, 12 മെഗാപിക്സല്‍ അള്‍ട്രാവൈഡ് ഷൂട്ടറും, 50എംഎം ഫിക്സഡ് ഫോക്കസ് ഉള്ള 12 മെഗാപിക്സല്‍ പോര്‍ട്രെയ്റ്റ് റിയര്‍ ക്യാമറ അടങ്ങുന്നതാണ് പിന്നിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം. ഹോള്‍-പഞ്ച് ക്യാമറ കട്ട്-ഔട്ടില്‍ 32 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്. 4,810 എംഎഎച്ച് ബാറ്ററി 120 വാട്ട് അള്‍ട്രാ-ഫാസ്റ്റ് ഫ്ലാഷ് പിന്തുണയോടെയാണ് എത്തുന്നത്.

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആള്‍ട്ടോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘പദ്മിനിയേ’ എന്ന് തുടങ്ങുന്ന ഗാനം ഒരു റൊമാന്റിക് ട്രാക്ക് ആണ്. ടിറ്റോ പി തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സച്ചിന്‍ വാര്യര്‍ ആണ് പാടിയിരിക്കുന്നത്. കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. അടുത്ത മാസം ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിലെ നേരത്തേ പുറത്ത് വന്ന ടീസറിനും ലവ് യു മുത്തേ എന്ന ഗാനത്തിനും ഏറെ ആസ്വാദക ശ്രദ്ധ ലഭിച്ചിരുന്നു.

മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന ശ്രദ്ധേയ പ്രോജക്റ്റുകളില്‍ ഒന്നാണ് ‘വൃഷഭ’. പ്രധാനമായും തെലുങ്കിലും തമിഴിലുമായി നിര്‍മ്മിക്കപ്പെടുന്ന പാന്‍ ഇന്ത്യന്‍ ചിത്രം മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പുറത്തെത്തിയത്. ഇപ്പോഴിതാ വൃഷഭ സംബന്ധിച്ച ഒരു പ്രധാന വിവരം പുറത്തെത്തിയിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂറും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി ആയിരിക്കും എന്നതാണ് അത്. ഇത് ഏക്ത കപൂറിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ആയിരിക്കും. മുംബൈയില്‍ യാഷ് രാജ് ഫിലിംസിന്റെ ഓഫീസില്‍ വച്ച് ഏക്തയും മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ച നടന്നു. മുംബൈയിലെ യൈആര്‍എഫ് സ്റ്റുഡിയോസ് ഓഫീസിലേക്ക് വാഹനത്തില്‍ എത്തുന്ന മോഹന്‍ലാലിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. 200 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസ് കൂടാതെ എവിഎസ് സ്റ്റുഡിയോസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുക. ബോളിവുഡ് ചിത്രങ്ങളായ ഡ്രീം ഗേള്‍ 2, ദി ക്രൂ എന്നിവയാണ് ഏക്ത കപൂറിന്റെ നിര്‍മ്മാണത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.

ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും കെടിഎം ബൈക്കിന് മികച്ച ഡിമാന്‍ഡാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 സിസി പെട്രോള്‍ എന്‍ജിന്‍ സെഗ്മെന്റില്‍ കെടിഎം ആര്‍സി 200, കെടിഎം 200 ഡ്യൂക്ക് എന്നിങ്ങനെ രണ്ട് മോഡലുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2023 മെയ് മാസത്തില്‍ കെടിഎം മൊത്തം 6,388 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. അതേ സമയം, ഏപ്രിലില്‍ കമ്പനി 6,651 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തിരുന്നു. ഇന്ത്യയിലും ഈ ബൈക്കുകളുടെ വില്‍പന ഏറെയാണ്. 2023 മെയ് മാസത്തില്‍ കെടിഎമ്മിന്റെ 2,324 യൂണിറ്റുകള്‍ വിറ്റു. അടുത്തിടെ കമ്പനി കെടിഎം 200 ഡ്യൂക്കിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. ഈ കരുത്തുറ്റ ബൈക്കില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സ് ലഭ്യമാണ്. 1.96 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. കെടിഎം 200 ഡ്യൂക്കിന് 199.5 സിസി കരുത്തുള്ള എഞ്ചിനാണ് ലഭിക്കുന്നത്. സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ബൈക്കിലുള്ളത്. റോഡില്‍ ഈ എഞ്ചിന്‍ 10000 ആര്‍പിഎം നല്‍കുന്നു. ഇതുകൂടാതെ, ഈ ശക്തമായ എഞ്ചിന്‍ 24.68 ബിഎച്പി കരുത്തും 19.3 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 13.4 ലിറ്റര്‍ ഇന്ധന ടാങ്കാണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്. മണിക്കൂറില്‍ 142 കിലോമീറ്റര്‍ പരമാവധി വേഗതയാണ് ബൈക്കില്‍ നല്‍കിയിരിക്കുന്നത്. ഈ സൂപ്പര്‍ ബൈക്ക് പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത വെറും 8.51 സെക്കന്‍ഡില്‍ ആര്‍ജ്ജിക്കുന്നു.

എസ് ബി കോളേജില്‍ നിന്നും ബി ഇക്കണോമിക്സും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും നേടി രാഷ്ട്രീയജീവിതം ആരംഭിച്ച ഉമ്മന്‍ചാണ്ടിയെ കുറിച്ച് പ്രതിപാദിക്കുന്ന പി.ടി ചാക്കോ, ഡോ. സി.സി. തോമസ് എന്നിവര്‍ ചേര്‍ന്ന് രചിച്ചിരിക്കുന്ന പുസ്തകമാണ് ‘എ ഗ്രേഷ്യസ് വോയിസ്’. മൂന്നു ഭാഗങ്ങളായി തിരിച്ച പുസ്തകത്തിന് ഏഴ് അധ്യായങ്ങളാണ് ഉള്ളത്. ആദ്യഭാഗം ഉമ്മന്‍ചാണ്ടി എന്ന നേതാവിന്റെ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്ന നിലയിലെ ഔദ്യോഗിക ജീവിതവും രാഷ്ട്രീയ ഇടപെടലുകളും തുറന്നുകാട്ടുന്നു. രണ്ടാം ഭാഗം ഭൂതകാലത്തിലേക്കാണ് സഞ്ചരിക്കുന്നത്. ഒരു യുവനേതാവ് എന്നതില്‍ നിന്ന് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാള്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ചയെ സൂചിപ്പിക്കുന്നു ഈ ഭാഗം. മൂന്നാം ഭാഗം പുതുപ്പള്ളി എന്ന തന്റെ സ്വന്തം നാടിന്റെയും നാട്ടുകാരുടെയും ഇടയിലുള്ള അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചാണ്. കുറഞ്ഞ പേജുകളില്‍ ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കുറിച്ച് വ്യക്തമായ ഒരു ധാരണയാണ് നമുക്ക് ഈ പുസ്തകം നല്‍കുന്നത്. കൊണാര്‍ക്ക്. വില: 395 രൂപ.

പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നതും അത്തരത്തിലുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നതും മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം. ദി ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ദിവസവും അഞ്ചു മിനിറ്റെങ്കിലും പുറത്ത് ഇഷ്ടമുള്ള സ്ഥലത്ത് ചെലവഴിക്കുന്നത് ഒരാളുടെ മാനസിക സന്തോഷത്തെ മെച്ചപ്പെടുത്തുമെന്നാണ് പഠനത്തില്‍ പറയുന്നത്. പ്രകൃതിയെ അടുത്തറിഞ്ഞുള്ള ജീവിതം മനുഷ്യന്റെ ശാരീരിക ആരോഗ്യത്തിനും ഗുണകരമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. മാനസിക ആരോഗ്യത്തിനും ഇതേറെ ഗുണം ചെയ്യുന്നു. ഈ കണ്ടെത്തിലിലേക്കെത്താന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ രണ്ടു പഠനങ്ങളാണ് നടത്തിയത്. ദിവസവും 5 മിനിറ്റെങ്കിലും പ്രകൃതിയെ അടുത്തറിഞ്ഞ് ജീവിക്കുന്നത് മനുഷ്യരെ ഉന്മേഷരാക്കുമെന്നാണ് ആദ്യത്തെ പഠനത്തില്‍ കണ്ടെത്തിയത്. എത്ര സമയം പുറത്ത് ചെലവഴിക്കുന്നതിനെ ആശ്രയിച്ച് മനുഷ്യന്റെ മനോഭാവത്തിലും മാറ്റം വരുന്നതായി രണ്ടാമത്തെ പഠനത്തില്‍ തെളിഞ്ഞു. ദീര്‍ഘ സമയം പുറത്ത് ചെലവഴിക്കുന്നത് മാനസിക സന്തോഷം കൂട്ടുന്നതായും വ്യക്തമായി. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ സമയം ചെലവിടുന്നത് മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്തി സന്തോഷമുള്ള വ്യക്തിയായി ഒരാളെ മാറ്റുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.10, പൗണ്ട് – 104.32, യൂറോ – 89.66, സ്വിസ് ഫ്രാങ്ക് – 91.75, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.70, ബഹറിന്‍ ദിനാര്‍ – 217.99, കുവൈത്ത് ദിനാര്‍ -267.28, ഒമാനി റിയാല്‍ – 213.46, സൗദി റിയാല്‍ – 21.89, യു.എ.ഇ ദിര്‍ഹം – 22.35, ഖത്തര്‍ റിയാല്‍ – 22.55, കനേഡിയന്‍ ഡോളര്‍ – 61.99.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *