◾ഇന്ന് റിപ്പബ്ലിക് ദിനം. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ റിപ്പബ്ലിക് ദിനാശംസകള്‍.
◾കിഴക്കന്‍ ലഡാക്കില 65 പട്രോളിംഗ് പോയിന്റുകളില്‍ 26 ഇടങ്ങളിലെ നിയന്ത്രണം ഇന്ത്യക്കു നഷ്ടപ്പെട്ടെന്നു റിപ്പോര്‍ട്ട്. ഇത്രയും മേഖലയില്‍ ചൈന കൈയേറിയെന്നാണ് വിവരം. കാരക്കോറം പാസ് മുതല്‍ ചുമൂര്‍വരെയുള്ള 3,500 കിലോമാറ്റര്‍ പ്രദേശത്താണ് 65 പട്രോളിംഗ് സ്റ്റേഷനുകളുള്ളത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.
◾കണ്ണൂര്‍ ഗാന്ധി വി.പി അപ്പുക്കുട്ടന്‍ പൊതുവാള്‍, ചരിത്രകാരന്‍ സി.ഐ ഐസക്, കളരി ഗുരുക്കള്‍ എസ്.ആര്‍.ഡി പ്രസാദ്, വയനാട്ടിലെ നെല്ല് വിത്ത് സംരക്ഷകനായ ചെറുവയല്‍ കെ രാമന്‍ എന്നിവരടക്കം 91 പേര്‍ക്കു പദ്മശ്രീ. സംഗീത സംവിധായകന്‍ എം.എം കീരവാണി, നടി രവീണാ ടണ്ഡന്‍, രത്തന്‍ ചന്ദ്ര ഖര്‍, ഹിരാഭായ് ലോ, അന്തരിച്ച വ്യവസായി രാകേഷ് ജുന്‍ജൂന്‍വാല എന്നിവരും പദ്മശ്രീക്ക് അര്‍ഹരായി. ഒആര്‍എസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസ് ഉള്‍പ്പടെ ആറു പേര്‍ക്കു പദ്മവിഭൂഷന്‍. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി, ഗായിക വാണി ജയറാം, വ്യവസായ പ്രമുഖന്‍ കുമാര്‍ മംഗളം ബിര്‍ള ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കാണ് പത്മഭൂഷന്‍.
◾സൈനിക മെഡലുകള്‍ 412 പേര്‍ക്ക്. മലയാളിയായ ലഫ്. ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ക്ക് പരം വിശിഷ്ട സേവാ മെഡലുണ്ട്. ക്യാപ്റ്റന്‍ അരുണ്‍കുമാര്‍, ക്യാപ്റ്റന്‍ ടി ആര്‍ രാകേഷ് എന്നിവര്‍ക്ക് ശൗര്യചക്ര. ഏഴുപേര്‍ക്ക് ശൗര്യചക്രയും രണ്ടു പേര്‍ക്ക് കീര്‍ത്തിചക്രയും. 19 പേര്‍ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾എഴുപത്തിനാലാമത് റിപ്പബ്ളിക് ദിനാഘോഷം ഇന്ന്. ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ 901 പോലീസ് ഉദ്യോഗസ്ഥര്‍ക്കു രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു. കേരള പോലീസിലെ എസ്പി അമോസ് മാമന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. കേരളത്തിലെ പത്തു പോലീസ് ഉദ്യോഗസ്ഥര്‍ക്കും അഞ്ച് അഗ്നിശമന സേനാംഗങ്ങള്‍ക്കും മെഡലുണ്ട്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍സിസിയാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി.
◾ഭവന നിര്‍മാണ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തിനിതെിരേ മന്ത്രിസഭാ യോഗത്തില്‍ വിമര്‍ശനം. റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ കെ. രാജനാണ് നിശിതമായി വിമര്‍ശിച്ചത്. ഇത്തരം സുപ്രധാന തീരുമാനങ്ങള്‍ ഒറ്റയ്ക്കെടുക്കരുതെന്ന് മന്ത്രി പറഞ്ഞു.
◾വിവാദ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പലയിടത്തും സംഘര്‍ഷം. കോഴിക്കോട് ഫ്രറ്റേണിറ്റി പ്രദര്‍ശനം നടത്തിയ കോഴിക്കോട് ബീച്ചിലും ഡിവൈഎഫ്ഐ നടത്തിയ വൈക്കത്തും യൂത്ത് കോണ്‍ഗ്രസ് നടത്തിയ തിരുവനന്തപുരം വെള്ളായണിയിലും സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പോലീസും എത്തിയിരുന്നു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾വധശ്രമ കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഇന്നലെ രാത്രി ജയില്‍ മോചിതനായി. റിലീസിംഗ് ബോണ്ടിന്റെ കോപ്പി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത് രാത്രിയോടെയാണ്. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപ് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്‍ കത്തയച്ചു.
◾പോസ്റ്റ്‌മോര്‍ട്ടത്തിനു മുമ്പു മൃതദേഹങ്ങള്‍ക്കുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണം കോവിഡ് ബാധയെ തുടര്‍ന്നാണെന്ന് ശക്തമായ ക്ലിനിക്കല്‍ സംശയം തോന്നിയാല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയാകും. പോസ്റ്റ്‌മോര്‍ട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ അടിസ്ഥാന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
◾ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന സൈബി ജോസ് കിടങ്ങൂര്‍ അഭിഭാഷക സംഘടനാ ഭാരവാഹിത്വം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക സംഘടനകള്‍. സൈബി അഡ്വക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവക്കണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് ആവശ്യപ്പെട്ടു. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്തും ആവശ്യപ്പെട്ടു.
◾രാജ്യസ്നേഹികള്‍ക്കു കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമാണെന്നതിന്റെ ഉദാഹരണമാണ് അനില്‍ ആന്റണിയുടെ രാജിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും നേരെയുള്ള വിദേശശക്തികളുടെ കടന്നുകയറ്റത്തെ എതിര്‍ത്തതാണ് അനില്‍ ആന്റണി കോണ്‍ഗ്രസിന് അനഭിമതനാവാന്‍ കാരണമെന്നും കെ സുരേന്ദ്രന്‍.
◾
◾ചലച്ചിത്ര നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനകയറ്റം. വയനാട് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയായാണ് നിയമനം. നിലവില്‍ കാസര്‍കോട് വിജിലന്‍സ് ഇന്‍സ്പെക്ടറാണ്.
◾കെഎസ്എഫ്ഇയുടെ വിവിധ ശാഖകളില്‍ ചിട്ടിക്ക് ഈടായി വ്യാജ രേഖ ചമച്ച സംഘം അറസ്റ്റിലായി. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ തട്ടിപ്പു നടത്തിയ സംഘത്തിലെ എട്ടു പേരാണു പിടിയിലായത്. നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കല്‍ കോളേജ് കിഴക്കെ ചാലില്‍ ടി കെ ഷാഹിദ, ആയഞ്ചേരി പൊന്‍മേരി പറമ്പില്‍ മംഗലാട് കളമുള്ളതില്‍ പോക്കര്‍, കിനാലൂര്‍ കൊല്ലരുകണ്ടി പൊയില്‍ കെപി മുസ്തഫ എന്നിവരെ കൂടിയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
◾എറണാകുളം കാലടിയില്‍ സമാന്തര പാലത്തിന്റെ പണി ഉടന്‍ തുടങ്ങും. നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അഞ്ചു മീറ്റര്‍ മാറി 499 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണു 42 കോടി രൂപ മുടക്കി പുതിയ പാലം നിര്‍മിക്കുന്നത്. രണ്ടു വര്‍ഷംകൊണ്ടു പണി പൂര്‍ത്തിയാക്കുമെന്നാണു കരാര്‍. പൈലിംഗ് ജോലികള്‍ ഈ ആഴ്ച തുടങ്ങും.
◾ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 351 കോടിയുടെ വരുമാനം ലഭിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ. എസ്. അനന്തഗോപന്‍. 20 കോടിയോളം രൂപ വരുന്ന നാണയങ്ങള്‍ എണ്ണിത്തീരാനുണ്ട്. ജീവനക്കാര്‍ക്ക് വിശ്രമം അനുവദിച്ചു. നാണയങ്ങള്‍ ഫെബ്രുവരി അഞ്ചു മുതല്‍ എണ്ണും.
◾കാട്ടാന ആക്രമണത്തില്‍ മരിച്ച വനപാലകന്‍ ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഇടുക്കി ജില്ലയിലെ കാട്ടാന ശല്യം ഉള്‍പ്പെടെ മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ അടിയന്തര യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
◾മരിച്ച സംവിധായിക നയന സൂര്യന്റെ മുറിയില്‍നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് കാണാതായിരുന്ന വസ്തുക്കള്‍ കണ്ടെത്തി. ബെഡ് ഷീറ്റും തലയണയും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സാധനങ്ങള്‍ കൂട്ടിയിട്ടിരുന്നിടത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. നയനയുടെ മൃതദേഹത്തില്‍ നിന്നെടുത്ത വസ്ത്രങ്ങള്‍ ഇപ്പോഴും കണ്ടെത്തിയില്ല.
◾സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എംപിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരി സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി.
◾കൊച്ചിയിലെ പ്രധാന സ്ഥലങ്ങളില്‍നിന്ന് മെട്രോ സ്റ്റേഷനുകളിലേക്ക് കെഎസ്ആര്‍ടിസി- മെട്രോ ഫീഡര്‍ സര്‍വ്വീസ് ആരംഭിച്ചു. എംജി റോഡ്, മഹാരാജാസ്, ടൗണ്‍ ഹാള്‍, കലൂര്‍ എന്നീ മെട്രോ സ്റ്റേഷനുകളിലേക്കാണ് ഫീഡര്‍ ബസ്. നേവല്‍ ബേസ്, ഷിപ്പ് യാര്‍ഡ്, മേനക ഹൈക്കോര്‍ട്ട്, ബോട്ട് ജെട്ടി, കലൂര്‍ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വ്വീസ്. തോപ്പുംപടി, ബാനര്‍ജി റോഡ് ഭാഗത്തേക്കും രാവിലെ 6.30 മുതല്‍ വൈകിട്ട് ഏഴുവരെ 15 മിനിറ്റ് ഇടവിട്ട് സര്‍വ്വീസുണ്ട്.
◾കോട്ടയത്ത് ഹോട്ടലില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഹോട്ടലുടമ അടക്കം രണ്ടു പേര്‍ കൂടി അറസ്റ്റില്‍. കോട്ടയം സംക്രാന്തിയിലുളള പാര്‍ക്ക് മലപ്പുറം കുഴിമന്തി ഹോട്ടലിന്റെ ഉടമകളില്‍ ഒരാളായ എം.പി. നൗഷാദ് (47), ഹോട്ടല്‍ മാനേജര്‍ അബ്ദൂള്‍ റയിസ് (21) എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
◾കളമശ്ശേരി ഗെയില്‍ ലിമിറ്റഡിനു സമീപത്തെ സാംസംഗ് ഗോഡൗണില്‍ ലിഫ്റ്റ് തകര്‍ന്ന് അഞ്ചു ജീവനക്കാരെ പരിക്കുകളോടെ എറണാകുളം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നാലു പേരുടെ കാലൊടിഞ്ഞു.
◾കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. വയനാട് ചേകാടിയില്‍ വിലങ്ങാടി കോളനിയിലെ ബാലന്‍, സഹോദരന്‍ സുകുമാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പിതാവിന്റെ മൃതദേഹം മറവു ചെയ്യാന്‍ കാട്ടിനകത്തെ ശ്മശാനത്തില്‍ കുഴിയെടുക്കവേയാണ് ആന ആക്രമിച്ചത്.
◾കാട്ടാന പ്രശ്നത്തില്‍ ജനങ്ങള്‍ക്ക് ഒപ്പമെന്ന് എം.എം മണി എംഎല്‍എ. കുഴപ്പക്കാരായ കാട്ടാനകളെ പ്രദേശത്തു നിന്ന് മാറ്റണം. ഇല്ലെങ്കില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വഴി നടക്കാന്‍ അനുവദിക്കില്ല. പടയപ്പയെ പ്രകോപിപ്പിച്ചെന്ന് പറഞ്ഞ് നാട്ടുകാര്‍ക്കെതിരേ കേസെടുത്ത വനപാലകര്‍ക്കെതിരെ അധികാര ദുര്‍വിനിയോഗത്തിനു കേസെടുക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു.
◾തിരുവനന്തപുരത്തെ അധോലോക നേതാവ് ഓം പ്രകാശിന്റെ നാല് ബാങ്ക് അക്കൗണ്ടും പുത്തന്‍ പാലം രാജേഷിന്റെ രണ്ട് ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു. പൊലിസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇവരുടെ സ്വത്ത് വിവരം തേടി രജിസ്ട്രേഷന്‍ ഐജിക്ക് കത്തു നല്‍കിയിട്ടുണ്ട്. ഒളിവിലുള്ള ഇവരെ വലയില്‍ കുരുക്കാനാണ് ഈ നീക്കം. ഇതിനിടെ ഓം പ്രകാശിന്റെ കൂട്ടാളികളായ പാറ്റൂര്‍ ആക്രമണക്കേസിലെ പ്രതികളായ മൂന്നു ഗുണ്ടകള്‍ കീഴടങ്ങി. ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്.
◾കല്‍പ്പറ്റ നഗരത്തില്‍ കഴിഞ്ഞദിവസം കാല്‍നടയാത്രക്കാരന്‍ വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കി നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ യാത്രക്കാരനെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചു സ്‌കൂട്ടര്‍ ഓടിച്ച പാലക്കാട് സ്വദേശി അജീഷിനെയാണ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ സ്വദേശിയായ ജിജിമോന്‍ (പാപ്പന്‍-43) ആണ് അപകടത്തില്‍ മരിച്ചത്.
◾സ്‌കൂള്‍ വാര്‍ഷികാഘോത്തിനിടെ സ്‌കൂള്‍ കാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ പുറത്തുനിന്നെത്തിയ സംഘം മര്‍ദ്ദിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് വേങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഘര്‍ഷം. മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പൊലീസ് കേസെടുത്തിട്ടില്ല.
◾തിരുവനന്തപുരത്ത് വ്യാജ ഐ ഫോണ്‍ വിറ്റ നാലു കടകള്‍ക്കെതിരെ കേസ്. തകരപ്പറമ്പിലുള്ള നാല് കടകള്‍ക്കെതിരെയാണ് ഫോര്‍ട്ട് പൊലീസ് കേസെടുത്തത്.
◾വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചതും ബലക്ഷയംമൂലം ഉപയോഗിക്കാതെ ഉപേക്ഷിച്ചതുമായ വാട്ടര്‍ ടാങ്ക് ജീവനു ഭീഷണിയാണെന്നും പൊളിച്ചുനീക്കണമെന്നും എറണാകുളം കാഞ്ഞൂര്‍ നിവാസികള്‍. ടാങ്ക് ഏത് നിമിഷവും തങ്ങളുടെ മേലെ തകര്‍ന്നു വീഴുമെന്നാണ് തിരുനാരായണപുരത്തെ കോളനിയിലെ ജനം പരാതിപ്പെടുന്നത്.
◾ഈ മാസം 30, 31 തിയതികളില്‍ ബാങ്ക് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
◾ബിജെപിയുമായി ചര്‍ച്ചയില്ലെന്ന് ത്രിപുരയിലെ തിപ്ര മോത പാര്‍ട്ടി നേതാവ് പ്രത്യുദ് ദേബ് ബര്‍മന്‍. പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യത്തിനു പിന്തുണ എഴുതിത്തരാത്ത ആരുമായും സഖ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
◾ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിന് എഐസിസി ആഹ്വാന പ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍’ ജസമ്പര്‍ക്ക പരിപാടിക്ക് റിപ്പബ്ലിക് ദിനമായ ഇന്നു തുടക്കമാകുമെന്ന് എഐസിസി വക്താവും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയുമായ നെറ്റ ഡിസൂസ അറിയിച്ചു.
◾ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഈറോഡിനടുത്ത് സത്യമംഗലം കാട്ടില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. ബെംഗളൂരുവില്‍ നിന്ന് തിരുപ്പൂരിലേക്ക് പോകുകയായിരുന്നു രവിശങ്കറും സംഘവും. കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഹെലികോപ്റ്ററില്‍ തന്നെ രവിശങ്കറും സംഘവും തിരുപ്പൂരിലേക്ക് തിരിച്ചു.
◾സ്ത്രീകള്‍ ഇനിയും ശാക്തീകരിക്കപ്പെടണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ രാജ്യം ഒന്നിച്ച് ആഘോഷിക്കുകയാണ്. വികസന യാത്രയിലാണ് രാജ്യം. ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്റെ കടമയാണെന്നും രാഷ്ട്രപതി റിപ്പബ്ളിക് ദിന സന്ദേശത്തില്‍ പറഞ്ഞു.
◾ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുമെന്നു പ്രഖ്യാപിച്ച ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. പോലീസ് നടപടിക്കെതിരേ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സര്‍വകലാശാലയിലെ എല്ലാ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതോടെ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം മാറ്റിവച്ചതായി എസ്എഫ്ഐ നേതാക്കള്‍ അറിയിച്ചു.
◾മധ്യപ്രദേശില്‍ 18 ദേശീയപാതാ പദ്ധതികള്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. 6,800 കോടി രൂപയും മൊത്തം 550 കിലോമീറ്റര്‍ ദൈര്‍ഘ്യവുമുള്ളതാണ് പദ്ധതികള്‍. ആറു മാസത്തിനുശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടാണ് പുതിയ പദ്ധതികള്‍.
◾ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യം സീറ്റു ധാരണയിലെത്തി. സിപിഎം 43 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസിനു 13 സീറ്റ്. ആകെ 60 സീറ്റുകളിലേക്കാണ് മത്സരം. നാലു സീറ്റുകളില്‍ ഒരിടത്ത് ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി മല്‍സരിക്കും. മൂന്നിടത്ത് സിപിഐ, ഫോര്‍വേഡ് ബ്ലോക്, ആര്‍എസ്പി എന്നീ പാര്‍ട്ടികള്‍ മത്സരിക്കും.
◾ഗുജറാത്തിലെ മോര്‍ബി തൂക്കുപാല ദുരന്തത്തില്‍ മരിച്ച 135 പേരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കാമെന്ന് നിര്‍മാണ കരാറുകാരായ ഒറെവ ഗ്രൂപ്പ് ഗുജറാത്ത് ഹൈക്കോടതിയില്‍. നഷ്ടപരിഹാരം നല്‍കിയതുകൊണ്ടുമാത്രം ബാധ്യതകളില്‍ നിന്ന് ഒഴിവാകാനാകില്ലെന്നു കോടതി വ്യക്തമാക്കി.
◾മഹാരാഷ്ട്രയിലെ പുനെയില്‍ കുടുംബത്തിലെ ഏഴു പേര്‍ നദിയില്‍ മരിച്ച സംഭവം കൊലപാതകം. അപകടത്തില്‍ മരിച്ച യുവാവിനെ കൊലപ്പെടത്തിയതാണെന്നു ധരിച്ച് മരിച്ച യുവാവിന്റെ അച്ഛനും കൂട്ടാളികളുമാണ് ഒരു കുടുംബത്തെ ഒന്നാകെ കൊന്നു പുഴയില്‍ തള്ളിയത്. ഖംഗാവ് സ്വദേശികളായ മോഹന്‍ ഉത്തം പവാര്‍ (50), ഭാര്യ സംഗീത (40), മരുമകന്‍ ഷാംറാവു പണ്ഡിറ്റ് ഫുലാവെയര്‍ (28), മകള്‍ റാണി ഫുലാവെയര്‍ (24), മക്കള്‍ റിതേഷ് ( 7), ചോട്ടു (5), കൃഷ്ണ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ അഞ്ച് പേരാണ് അറസ്റ്റിലായത്. അഹമ്മദ്‌നഗര്‍ ജില്ലയിലെ നിഘോജ് സ്വദേശികളായ അശോക് കല്യാണ്‍ പവാര്‍ (39), ശ്യാം കല്യാണ്‍ പവാര്‍ (35), ശങ്കര്‍ കല്യാണ് പവാര്‍ (37), പ്രകാശ് കല്യാണ് പവാര്‍ (24), കാന്താഭായ് സര്‍ജെറാവു ജാദവ് (45) എന്നിവരാണ് അറസ്റ്റിലായത്.
◾അദാനി എന്റര്‍പ്രൈസസ് ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗിലൂടെ ധനസമാഹരണത്തിന് ശ്രമിച്ചതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. 46,000 കോടി രൂപയുടെ ഇടിവാണുണ്ടായത്. ഇന്നലെ അഞ്ചു ശതമാനത്തോളം ഇടിവാണുണ്ടായത്. യുഎസിലെ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഓഹരികള്‍ ഇടിഞ്ഞിരുന്നു. റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.
◾◾2019 ലെ ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്നത്തില്‍ അമേരിക്ക ഇടപെട്ടപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജല്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതെന്ന് യുഎസ് നയതന്ത്ര വിദഗ്ധനായിരുന്ന മൈക്ക് പോംപിയോ. അദ്ദേഹം പുറത്തിറക്കിയ പുസ്തകത്തിലാണ് ഈ വിവരം. മന്ത്രിയല്ല, അജിത് ഡോവലുമായാണ് കൂടുതല്‍ ഇടപെട്ടതെന്നാണ് പോംപിയോ പുസ്തകത്തില്‍ എഴുതിയത്.
◾നായാട്ടിനിടെ അബദ്ധത്തില്‍ വളര്‍ത്തുനായയുടെ കാല്‍ തട്ടി തോക്ക് പൊട്ടി മുപ്പതുകാരന്‍ മരിച്ചു. അമേരിക്കയിലെ കാന്‍സാസിലാണ് സംഭവം. നായാട്ടിനായി ഒരു പിക്കപ്പ് വാഹനത്തില്‍ കാട്ടിലൂടെ പോവുകയായിരുന്നു യുവാവും നായയും. വാഹനത്തിന്റെ പിറകുവശത്തായിരുന്നു നായ. എങ്ങനെയോ അബദ്ധത്തില്‍ നായയുടെ കാലില്‍ തട്ടി തോക്ക് പൊട്ടുകയായിരുന്നു.
◾ഫിലിപ്പീന്‍സിലെ മനിലയില്‍ വ്യോമസേനാ വിമാനം പാടത്തു തകര്‍ന്നു വീണ് രണ്ടു പേര്‍ കൊല്ലപ്പെട്ടു. സാംഗ്ലേ വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട പരിശീലന വിമാനമാണ് തകര്‍ന്നത്.
◾ഇന്ത്യയുടെ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ബ്രിട്ടന്റെ നിയാല്‍ സ്‌കപ്‌സ്‌കി-അമേരിക്കയുടെ ഡെസീറെ ക്രോസിക് സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ ജോഡി ഫൈനലിലെത്തിയത്.
◾സെര്‍ബിയയുടെ ഇതിഹാസതാരം നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമി ഫൈനലില്‍. ലോക അഞ്ചാം നമ്പര്‍ താരമായ ആന്ദ്രെ റുബലേവിനെ തകര്‍ത്താണ് ജോക്കോവിച്ച് സെമിയില്‍ പ്രവേശിച്ചത്. നിലവില്‍ ഒന്‍പത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ കൈവശമുള്ള ജോക്കോവിച്ചിന്റെ കരിയറിലെ 10-ാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനല്‍ പ്രവേശനമാണിത്.
◾കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ട്വന്റി 20 ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സിയുടെ പുരസ്‌കാരം ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന്. 2021 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ സൂര്യകുമാര്‍ യാദവ് രണ്ട് വര്‍ഷത്തിനുള്ളിലാണ് ഐസിസിയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. നിലവില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് സൂര്യകുമാര്‍ യാദവ്.
◾അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി യു.എസിലെ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ നേരിട്ടത് കനത്ത ഇടിവ്. 46,000 കോടി രൂപയുടെ ഇടിവാണ് അദാനി കമ്പനികളുടെ ഓഹരികള്‍ക്ക് സംഭവിച്ചത്. അംബുജ സിമന്റ്‌സ് ഓഹരി വില ഏഴ് ശതമാനം താഴ്ന്നു. എ.സി.സി (7.14%), അദാനി പോര്‍ട്ട്‌സ് (6.13%), അദാനി പവര്‍ (4.95%), അദാനി ട്രാന്‍സ്മിഷന്‍ (8.08%), അദാനി വില്‍മര്‍ (4.99%), അദാനി ഗ്രീന്‍ എനര്‍ജി (2.34%), അദാനി എന്റര്‍പ്രൈസ് (1.07%) എന്നിങ്ങനെയും താഴ്ന്നു. ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. ഓഹരികള്‍ പ്ലെഡ്ജ് ചെയ്ത് വലിയ തോതില്‍ കടം വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, റിപ്പോര്‍ട്ട് വസ്തുത വിരുദ്ധമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. ആരോപണങ്ങളെല്ലാം നുണയാണെന്നും അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗിന്റെ സമയത്ത് റിപ്പോര്‍ട്ട് വന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടെന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.
◾സല്‍മാന്‍ ഖാന്‍ നായകനാകുന്ന ‘കിസി കാ ഭായ് കിസി കി ജാന്‍’ ടീസര്‍ റിലീസ് ചെയ്തു. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ബിഗ് ബോസ് താരം ഷെഹ്നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. സല്‍മാന്‍ ഖാന്റെ ഒരു റൊമാന്റിക് ആക്ഷന്‍ എന്റര്‍ടെയ്നറാകും ഈ ചിത്രം. ഫര്‍ഹാദ് സാംജിയാണ് സംവിധാനം. തെലുങ്ക് താരങ്ങളാ വെങ്കടേഷ്, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രാം ചരണ്‍ അതിഥി വേഷത്തിലെത്തുന്നു. ഈദ് ദിനമായ ഏപ്രില്‍ 21ന് ചിത്രം റിലീസ് ചെയ്യും. നാല് വര്‍ഷത്തിന് ശേഷമാണ് ഈദിന് ഒരു സല്‍മാന്‍ ചിത്രം ബിഗ് സ്‌ക്രീനില്‍ റിലീസാകുന്നത്. സല്‍മാന്‍ ഖാന്‍ തന്നെയാണ് നിര്‍മാണം.
◾മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന ‘ബൂമറാംഗ്’ എന്ന ചിത്രത്തിന്റെ തീം സോങ് പുറത്ത്. അടിയടിയടി ബൂമറാംഗ് എന്ന ഗാനമാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. അജിത് പെരുമ്പാവൂരിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സുബീര്‍ അലി ഖാന്‍. ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഡെയിന്‍ ഡേവിസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. കോമഡിക്ക് പ്രധാന്യം നല്‍കി കൊണ്ടുള്ള ഫാമിലി എന്റര്‍ടെയ്നര്‍ ആയി ഒരുക്കുന്ന ചിത്രം ഫെബ്രുവരി 3ന് തിയറ്ററുകളില്‍ എത്തും. അഖില്‍ കവലയൂര്‍, ഹരികൃഷ്ണന്‍, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്.
◾ബുക്കിങ് റദ്ദാക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് അമേരിക്കന്‍ കമ്പനിയായ ഫോഡ്. ഫോഡിന്റെ എസ്യുവിയായ ബ്രോങ്കോയുടെ ബുക്കിങ് റദ്ദാക്കുന്നവര്‍ക്കാണ് രണ്ട് ലക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് ലക്ഷം കിട്ടാന്‍ പാലിക്കേണ്ട നിബന്ധനകളും ഫോഡ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2021ല്‍ പുറത്തിറങ്ങിയ ബ്രാങ്കോ എസ്യുവിക്ക് ഫോഡിനെ പോലും അതിശയിപ്പിക്കുന്ന സ്വീകര്യതയാണ് ലഭിച്ചത്. കമ്പനി പ്രതീക്ഷിച്ചിനേക്കാളും ബുക്കിങ് കുതിച്ചുയര്‍ന്നതിനൊപ്പം നിര്‍മാണത്തിലെ വെല്ലുവിളികള്‍ കൂടിയായപ്പോള്‍ ബ്രോങ്കോയുടെ വിതരണം വൈകി. ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ ആഴ്ച്ചകളും മാസങ്ങളും കാത്തിരിക്കേണ്ടി വന്നതോടെ പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ് ഫോഡ് തന്ത്രപരമായ ഓഫറുമായി എത്തിയിരിക്കുന്നത്. ബുക്കിങ് വെറുതേയങ്ങ് റദ്ദാക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ലഭിക്കില്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ബുക്കിങ് ചാര്‍ജായ 100 ഡോളര്‍ മാത്രമാണ് തിരിച്ചു നല്‍കുക. അതേസമയം 2023 മോഡല്‍ ബ്രോങ്കോയുടെ ബുക്കിങ് റദ്ദാക്കി ഫോഡിന്റെ തന്നെ മറ്റൊരു വാഹനം വാങ്ങുന്നവര്‍ക്കാണ് 2,500 ഡോളര്‍ (ഏകദേശം 2.04 ലക്ഷം രൂപ) ലഭിക്കുക. ഇങ്ങനെയൊരു ഓഫറിന് ഏപ്രില്‍ മൂന്നു വരെ സമയപരിധിയും ഫോഡ് വെച്ചിട്ടുണ്ട്.
◾മരങ്ങള്‍ ആരെയും അടിമകളാക്കാനോ അടിമയാവാനോ ശ്രമിക്കുന്നില്ല; അവ ഉള്ളതത്രയും നമുക്കായി സമര്‍പ്പിക്കുന്നു; അവ ദൈവങ്ങളുടെ പ്രവാചകന്മാരാണ്. തന്റെ കൈകളിലൂടെ കടന്നുപോയ സൃഷ്ടികളിലെല്ലാം തന്റെ രഹസ്യങ്ങളെ ദൈവം പല ഭാവങ്ങളില്‍ നിറച്ചു; എന്നാല്‍ വൃക്ഷങ്ങള്‍ക്ക് ആ രഹസ്യത്തിന്റെ താക്കോല്‍കൂടി സമ്മാനിച്ചു. പ്രപഞ്ചത്തില്‍ മറ്റെന്തിനെക്കാളും സംവേദനശക്തിയുള്ള മരങ്ങളുടെ മാസ്മരികഗുണങ്ങളെ നമുക്ക് നിഷേധിക്കാനാവില്ല എന്ന പാരിസ്ഥിതികപാഠം എലനോര്‍ ഫാര്‍ജന്റെ ഈ കൃതി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ‘മരങ്ങള്‍’. പുനരാഖ്യാനം – ദീപേഷ് കെ. രവീന്ദ്രനാഥ്. ചിത്രങ്ങള്‍ – ഗിരീഷ്‌കുമാര്‍ ടി.വി. മാതൃഭൂമി ബുക്സ്. വില 85 രൂപ.
◾ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. പ്രായം കൂടുന്തോറും മറ്റ് അവയവങ്ങളെ പോലെ തന്നെ ശ്വാസകോശവും ദുര്‍ബലമാകാറുണ്ട്. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ പലപ്പോഴും തുടക്കത്തില്‍ തിരിച്ചറിയാറില്ല. എന്നാല്‍, ശ്വാസകോശത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന നെഞ്ചുവേദന ഒരിക്കലും അവഗണിക്കാന്‍ പാടില്ല. ഒരു മാസമോ അതിനു മുകളിലോ നീണ്ടു നില്‍ക്കുന്ന നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ഈ വേദന രൂക്ഷമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ കഫം ശ്വാസകോശ രോഗത്തിന്റെ ലക്ഷണമാണ്. അണുബാധകള്‍ക്കും ശരീരത്തില്‍ പ്രവേശിക്കുന്ന അന്യവസ്തുക്കള്‍ക്കും എതിരെയുള്ള പ്രതിരോധമെന്ന നിലയിലാണ് വായുനാളിയില്‍ കഫം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. പെട്ടെന്നുതന്നെ ശരീരഭാരം കുറയുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇത് ശ്വാസകോശത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നതിന്റെ ലക്ഷണമാകാം. ഭാരക്കുറവ് അനുഭവപ്പെടുമ്പോള്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം. ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്നങ്ങളും അപകടസൂചനയായി എടുക്കണം. അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയോ ശ്വാസകോശത്തില്‍ ദ്രാവകം കെട്ടിക്കിടക്കുന്നതോ ശ്വാസംമുട്ടലിന് കാരണമാകാം. തുടര്‍ച്ചയായ ചുമ ശ്വാസകോശ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ആഴ്ചകളിലധികം നീണ്ടുനില്‍ക്കുന്ന ചുമ, ചുമക്കുമ്പോള്‍ ഉണ്ടാകുന്ന രക്തം എന്നിവയെല്ലാം ശ്വാസകോശ രോഗങ്ങള്‍ സങ്കീര്‍ണമായതിന്റെ സൂചനകളാണ്. അതിനാല്‍, ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ ഉടനടി വൈദ്യസഹായം തേടേണം.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ വലിയ ധനികനായിരുന്നു. പക്ഷേ മനസമാധാനമില്ല. ഏത് അസുഖത്തിനും ചികിത്സനല്‍കുന്ന ഒരു വൈദ്യര്‍ അടുത്ത ഗ്രാമത്തിലുണ്ടെന്ന് അറിഞ്ഞ് അയാള്‍ അങ്ങോട്ടെത്തി. കാര്യങ്ങളെല്ലാം വൈദ്യരോട് പറഞ്ഞു. അദ്ദേഹം തന്റെ കൂടെ താമസിക്കാന്‍ അയാളെ ക്ഷണിച്ചു. ആദ്യദിവസം അയാളെ പകല്‍മുഴുവന്‍ വെയിലില്‍ ഇരുത്തുകയും വൈദ്യര്‍ തന്റെ മുറിയില്‍ വിശ്രമിക്കുകയും ചെയ്തു. അയാള്‍ക്ക് നന്നേ ദേഷ്യം വന്നെങ്കിലും പ്രതികരിച്ചില്ല. രണ്ടാം ദിവസം അയാള്‍ക്ക് ഒന്നും നല്‍കാതെ അയാളുടെ മുന്നിലിരുന്ന് വയറുനിറയെ ഭക്ഷണം കഴിച്ചു. ദേഷ്യപ്പെട്ട് പോകാനിറങ്ങിയ അയാള്‍ പറഞ്ഞു: ഇവിടെ നിന്ന് എനിക്ക് ഒന്നും കിട്ടിയില്ലെന്ന് മാത്രല്ല, താങ്കള്‍ എന്നെ വല്ലാതെ കഷ്ടപ്പെടുത്തുകയും ചെയ്തു. വൈദ്യന്‍ പറഞ്ഞു: ഞാന്‍ തന്നെങ്കിലും താങ്കള്‍ ഒന്നും എടുക്കാത്തത് എന്റെ കുഴപ്പമല്ല. താങ്കളെ വെയിലത്ത് നിര്‍ത്തിയപ്പോഴും പട്ടിണിക്കിട്ടപ്പോഴും ഒരു കാര്യം ഞാന്‍ പറയാന്‍ ശ്രമിച്ചിരുന്നു. എന്റെ തണലോ ഭക്ഷണമോ താങ്കള്‍ക്ക് ഉപകരിക്കില്ല.. താങ്കളുടെ സമ്പത്ത് താങ്കള്‍ തന്നെ ഉണ്ടാക്കിയതാണ്. അതുപോലെ മനസ്സമാധാനവും താങ്കള്‍ തന്നെ കണ്ടെത്തണം. സമാധാനം വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒന്നും തന്നെ വിപണിയില്‍ ലഭ്യമല്ല. സ്വത്തും സൗകര്യങ്ങളും സ്വന്തമാക്കിയതുപോലെ ശാന്തിയും സമാധാനവും കൈവശമാക്കാം എന്നു കരുതുന്നതാണ് സമ്പാദ്യശീലത്തിലെ അടിസ്ഥാന തെറ്റ്. പുറത്ത് നിന്ന് ലഭിക്കുന്ന പ്രതിഫലങ്ങളും അകമേ നിന്നും രൂപപ്പെടുന്ന പ്രതിഫലങ്ങളുമുണ്ട്. വിയര്‍ത്തൊഴുകുന്നവനാണ് കുളിര്‍ക്കാറ്റ് ആസ്വദിക്കാനാകൂ.. ശീതീകരിച്ച മുറിയിലിരിക്കുന്നവന് കാറ്റ് ഒരു അനുഭൂതിയേ അല്ല. വെയിലുകൊണ്ടവനാണ് തണലിന്റെ ആശ്വാസം മനസ്സിലാകുക. ചെയ്യുമ്പോള്‍ മാത്രല്ല, ചെയ്തതിന് ശേഷവും സന്തോഷം നിലനിര്‍ത്തുന്ന കര്‍മ്മങ്ങള്‍ കൂടി നമ്മുടെ ജീവിതചര്യയെ സമ്പന്നമാക്കട്ടെ – ശുഭദിനം.