◾കൊളിജീയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ആവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രത്തിന് ബാധ്യത ഉണ്ടെന്ന് കൊളീജീയം ഓര്‍മ്മിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
◾കായിക മന്ത്രി അബ്ദുറഹ്‌മാന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനമുന്നയിച്ച് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും.”പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട” എന്ന മന്ത്രിയുടെ പരാമര്‍ശം കാരണമാണ് ഒഴിഞ്ഞ ഗ്യാലറി കളിക്കാരെ സ്വീകരിച്ചതെന്ന് പന്ന്യന്‍ കുറ്റപ്പെടുത്തി. അതേസമയം വിവരക്കേട് പറഞ്ഞ മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാര്‍ ബഹിഷ്‌കരിക്കേണ്ടിയിരുന്നതെന്ന് ശശി തരൂര്‍. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിക്കുന്ന അവസ്ഥ ഉണ്ടായിയെന്നും ഒരു മനുഷ്യന്‍ ചെയ്ത തെറ്റിനാണ് ക്രിക്കറ്റിനേയും സ്റ്റേഡിയത്തേയും ബഹിഷ്‌കരിക്കുന്ന അവസ്ഥ ഉണ്ടായതെന്നും തരൂര്‍ കുറ്റപ്പെടുത്തി.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ലഹരി കടത്തുന്ന കാലമാണിതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍. സിപിഎം നേതാക്കള്‍ ലഹരി കടത്തില്‍ പ്രതി ആയതിനിടയിലാണ് രാഷ്ട്രീയം ദുഷിച്ചുപോയെന്ന ജി.സുധാകരന്റെ കുറ്റപ്പെടുത്തല്‍. ആലപ്പുഴയില്‍ ജൂനിയര്‍ ചേംബര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് സുധാകരന്റെ വിമര്‍ശനം.
◾ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത് ചട്ടങ്ങള്‍ മറികടന്നെന്ന് ആരോപിച്ചും വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കണമെന്ന ആവശ്യവുമായും ഹൈക്കോടതിയില്‍ ഹര്‍ജി. അന്തിമ പട്ടികയിലുണ്ടായിരുന്ന ഉദ്യോഗാര്‍ത്ഥി ഡോ. പ്രവീണ്‍ലാല്‍ കുറ്റിച്ചിറയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
◾തരൂര്‍ വിവാദത്തിന്റെ പേരില്‍ പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് എഐസിസി. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. താരിഖ് അന്‍വറിനെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തി. കെ പി സി സി അധ്യക്ഷനും, പ്രതിപക്ഷനേതാവും പരസ്പരം ചര്‍ച്ചകള്‍ നടത്തി വേണം മുന്‍പോട്ട് പോകാനെന്നും എഐസിസി നിര്‍ദേശമുണ്ട്
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾നരേന്ദ്രമോദിക്ക് കേരളത്തില്‍ 36 ശതമാനം ജനപിന്തുണയുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏഴ് മണ്ഡലങ്ങളില്‍ പ്രതീക്ഷ പങ്കുവെച്ച അദ്ദേഹം ലീഗിനോട് സിപിഎം കാട്ടുന്ന പ്രണയം തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നും പറഞ്ഞു.
◾ശബരിമല മാളികപ്പുറത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി രജീഷ് (35) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ ശബരിമല വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി.
◾കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി സമരത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായ ശങ്കര്‍ മോഹനെ ന്യായീകരിച്ച് സ്ഥാപനത്തിന്റെ ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍.
സ്ഥാപനത്തില്‍ ജാതി വിവേചനം എന്ന ആക്ഷേപം തള്ളിയ അടൂര്‍ ആഷിഖ് അബുവും രാജീവ് രവിയും പ്രശസ്തിക്ക് വേണ്ടിയാണ് തന്നെ വിമര്‍ശിക്കുന്നതെന്നും പറഞ്ഞു. ന്യൂ ജനറേഷന്‍ ഫിലിം മേക്കേര്‍സ് ആയ അവരില്‍ എന്താണ് പുതുതായി ഉള്ളതെന്നും അടൂര്‍ ചോദിച്ചു.
◾അശ്ലീല ദൃശ്യ വീഡിയോ വിവാദത്തിലുള്‍പ്പെട്ട സിപിഎം നേതാവ് എ പി സോണക്കെതിരെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ ഡിജിപി ക്ക് പരാതി നല്‍കി. സോണക്കെതിരെ കേസ് എടുക്കണമെന്നും ചൂഷണം ചെയ്തതില്‍ ഒരു പെണ്‍കുട്ടിയുള്ളതിനാല്‍ പോക്സോ കേസും ചുമത്തണമെന്നാണ് ആവശ്യം. വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
◾കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ തോമസിന് ചികിത്സ നല്‍കുന്നതില്‍ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്ക് വിഴ്ചയെന്ന് പരാതി. തോമസിന്റെ കുടുംബമാണ് ആരോപണവുമായി മന്ത്രി കെ.കൃഷ്ണന്‍ കുട്ടിക്ക് മുന്നിലെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നല്ല ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.
◾വനിതാ ടിക്കറ്റ് പരിശോധകയോട് അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തതിന് സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്. ഇന്നലെ രാത്രി ഗാന്ധി ദാമില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ട്രയിനില്‍ ജനറല്‍ ടിക്കറ്റുമായി സ്ളീപ്പര്‍ കോച്ചില്‍ യാത്ര ചെയ്ത ആയങ്കിയുടെ നടപടി ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. ടിക്കറ്റ് പരിശോധകയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അതേസമയം സംഭവത്തില്‍ മറുവാദവുമായി സ്വര്‍ണ്ണകടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി രംഗത്തെത്തി. നാഗര്‍കോവില്‍ എക്സ്പ്രസ്സിലെ യാത്രക്കിടെ ടിടിഇ എസ് മധു അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് വനിതാ ടിടിഇ വ്യാജ കേസ് നല്‍കിയതെന്നും ആയങ്കി ആക്ഷേപിക്കുന്നു.
◾നയന സൂര്യന്റെ ദുരൂഹ മരണത്തിലെ പ്രത്യേക അന്വേഷണ സംഘത്തില്‍ ആദ്യ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സംഘത്തിലെ ഉദ്യോഗസ്ഥനും. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ക്രിസ്റ്റഫര്‍ ഷിബു വാണ് ആദ്യ സംഘത്തിലും ഇപ്പോഴത്തെ രണ്ടാമത്തെ അന്വേഷണ സംഘത്തിലും ഉള്‍പ്പെട്ടത്.
◾മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനുമുള്ള ക്രിട്ടിക്സ് ചോയിസ് അവാര്‍ഡ് നേടി എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിയതിനു പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുയാണ് ആര്‍ആര്‍ആര്‍.
◾പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. മഥുരയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും പുറത്ത് പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
◾കൊവിഡ് മരണ കണക്കുകള്‍ പുറത്തുവിട്ട ചൈനയെ പ്രശംസിച്ച് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ്. ചൈനയോട് കണക്കുകള്‍ പുറത്തുവിടണമെന്ന് തുടര്‍ച്ചയായി അഭ്യര്‍ഥിച്ചിരുന്നുവെന്നും വിശദമായ വിവരങ്ങള്‍ പുറത്തുവിട്ടതിനെ പ്രശംസിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
◾വനിതാ ഐപിഎല്ലിന്റെ സംപ്രേഷണവകാശം സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18. അഞ്ച് വര്‍ഷത്തേക്ക് 951 കോടി രൂപക്കാണ് വയാകോം 18 സംപ്രേഷണാവകാശം സ്വന്തമാക്കിയത്. വനിതാ ഐപിഎല്ലിലെ ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് വയാകോം ബിസിസിഐക്ക് നല്‍കുക.
◾സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയും നെയ്മറും കിലിയന്‍ എംബാപ്പെയും കളത്തിലിറങ്ങിയിട്ടും ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്ക് തോല്‍വി. റെന്നസിനോടാണ് പി എസ് ജി എതിരില്ലാത്ത ഒരു ഗോളിന് തോറ്റത്.
◾സംസ്ഥാനത്ത് പവന്‍ വില 42,000 ത്തിലേക്ക് അടുക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപ ഉയര്‍ന്നു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായുള്ള നാലാമത്തെ വര്‍ധനവില്‍ സംസ്ഥാനത്തെ സ്വര്‍ണവില 720 രൂപയാണ് ഉയര്‍ന്നത്. ശനിയാഴ്ച 320 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 41,760 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ശനിയാഴ്ച 40 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 5220 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 15 രൂപയാണ് ഉയര്‍ന്നത്. ശനിയാഴ്ചയും 15 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4315 രൂപയാണ്. 2020 ആഗസ്ത് ഏഴിനായിരുന്നു സ്വര്‍ണത്തിന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 42,000 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന്. ഗ്രാമിന് 5250 രൂപയും. ആ വിലക്ക് തൊട്ടടുത്താണ് ഇപ്പോള്‍ സ്വര്‍ണ നിരക്ക് എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്നു. ഇതോടെ വിപണി വില 76 രൂപയായി. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
◾കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഉപയോഗിച്ച 28.3 കോടി സ്മാര്‍ട് ഫോണുകള്‍ വിറ്റതായി റിപ്പോര്‍ട്ട്. ഔദ്യോഗികമായി നവീകരിച്ചതും ഉപയോഗിച്ചതുമായ സ്മാര്‍ട് ഫോണുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഐഡിസിയുടെ കണക്കനുസരിച്ച് 2021 ല്‍ വിറ്റ 25.34 കോടി ഫോണുകളെ അപേക്ഷിച്ച് 11.5 ശതമാനം വര്‍ധനവാണ് 2022 ല്‍ രേഖപ്പെടുത്തിയത്. ഈ വിഭാഗത്തില്‍ 2021 മുതല്‍ 2026 വരെ 10.3 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഡിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 2026 ല്‍ 41.33 കോടി ഉപയോഗിച്ച ഫോണുകളുടെ വില്‍പന വഴി 9990 കോടി ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് പ്രവചനം. ഇത് പരിസ്ഥിതിക്കും വലിയ നേട്ടമാണ്. ഉപയോഗിച്ച ഫോണുകള്‍ വീണ്ടും ഉപയോഗിക്കുന്നതിനാല്‍ ഇമാലിന്യം കുറയ്ക്കാന്‍ സാധിക്കും. ഉപയോഗിച്ച് ഫോണുകളുടെ വിപണിയില്‍ പ്രീമിയം ഹാന്‍ഡ്സെറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇതിനാലാണ് വില്‍പന വഴി ലഭിക്കുന്ന വരുമാനം കുത്തനെ കൂടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഉപയോഗിച്ച ഫോണ്‍ വിപണിയുടെ കുതിപ്പ് പുതിയ ബ്രാന്‍ഡുകള്‍ക്കും ഫോണുകള്‍ക്കും ഭീഷണിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘കര്‍ട്ടന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പാവക്കുട്ടി ക്രിയേഷന്‍സിന്റ ബാനറിലൊരുങ്ങുന്ന ചിത്രം അമന്‍ റാഫിയാണ് സംവിധാനം ചെയ്യുന്നത്. മകള്‍ക്ക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം ഹൊറര്‍ ഇമോഷണല്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ജിനു.ഇ തോമസ് ആണ് നായകന്‍. മെറീന മൈക്കിള്‍, സിനോജ് വര്‍ഗീസ്, അമന്‍ റാഫി, വി.കെ ബൈജു, ശിവജി ഗുരുവായൂര്‍, കണ്ണന്‍ സാഗര്‍, ജെന്‍സണ്‍ ആലപ്പാട്ട്, ശിവദാസന്‍ മാറമ്പിള്ളി, അമ്പിളി സുനില്‍ സൂര്യലാല്‍ ശിവജി തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷിജ ജിനു ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ദുര്‍ഗ വിശ്വനാഥ് ആണ്.
◾നടന്‍ റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്തുവെന്ന പ്രത്യേകതയുള്ള ചിത്രമാണ് ‘വേദ്’. റിതേഷ് ദേശ്മുഖ് തന്നെയാണ് തന്റെ ചിത്രത്തില്‍ നായകനായതും. മികച്ച പ്രതികരണമാണ് ‘വേദ് എന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. റിതേഷ് ദേശ്മുഖ് ചിത്രം 50 കോടി ക്ലബിലേക്ക് എത്തുകയാണ് എന്നാണ് ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്. ‘വേദ്’ ഇതുവരെ 47.66 കോടി രൂപയാണ് നേടിയത്. റിതേഷ് ദേശ്മുഖിന്റെ ഭാര്യയും ഇന്ത്യന്‍ സിനിമയിലെ ഒട്ടേറെ ഹിറ്റുകളില്‍ കേന്ദ്ര കഥാപാത്രവുമായ ജനീലിയ ആണ് ‘വേദി’ലെ നായിക. ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. തെലുങ്കിലെ ഹിറ്റ് ചിത്രമായ ‘മജിലി’യുടെ റീമേക്കാണ് ‘വേദ്’. നാഗ ചൈതന്യയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ‘മജിലി’.
◾ചാണകം ഇന്ധനമാക്കി ഓടിക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ ട്രാക്ടര്‍ പുറത്തിറക്കി ബ്രിട്ടീഷ് കമ്പനി. 100 പശുക്കളെ വളര്‍ത്തുന്ന ഫാമുകളില്‍ പോലും ഈ ലിക്വിഡ് മീഥെയ്ന്‍ ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രാക്ടറിന് ആവശ്യമായ ഇന്ധനം ലഭിക്കും. 276 എച്ച്പി കരുത്തുള്ള ഈ ട്രാക്ടറിന് ഡീസല്‍ ഇന്ധനമാക്കി ഓടുന്ന സമാനശേഷിയുള്ള ട്രാക്ടറുകളുടെ ശേഷിയുണ്ടെന്ന് ഇതിന്റെ നിര്‍മാതാക്കളായ ബെന്നമന്‍ പറയുന്നു. സംസ്‌കരിച്ച മീഥെയ്ന്‍ ട്രാക്ടറില്‍ പ്രത്യേകം ഘടിപ്പിച്ച ടാങ്കില്‍ 162 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവില്‍ ചൂടാക്കുമ്പോഴാണ് അത് ട്രാക്ടറോടിക്കാന്‍ ശേഷിയുള്ള ഇന്ധനമായി മാറുന്നത്. കോണ്‍വാളിലെ ഒരു ഫാമിലാണ് ഈ ട്രാക്ടറിന്റെ പൈലറ്റ് ഓട്ടം നടത്തിയത്. ഈ ഫാമില്‍ നിന്നു പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 2500 ടണ്ണില്‍ നിന്നും ഒരൊറ്റ വര്‍ഷം കൊണ്ട് 500 ടണ്ണാക്കി കുറക്കാന്‍ ഈ മീഥെയ്ന്‍ ട്രാക്ടറിന്റെ വരവോടെ സാധിച്ചു. അമേരിക്കയില്‍ വച്ചു നടന്ന ചടങ്ങിലാണ് ന്യൂ ഹോളണ്ട് ടി7 മീഥെയ്ന്‍ പവര്‍ എല്‍എന്‍ജി (ലിക്വിഫെയ്ഡ് നാച്ചുറല്‍ ഗ്യാസ്) എന്ന ഈ ട്രാക്ടര്‍ പുറത്തിറക്കിയത്. ന്യൂഹോളണ്ടിന്റെ മാതൃ കമ്പനിയായ സിഎന്‍എച്ച് ഇന്‍ഡസ്ട്രിയലും ബെന്നമനുമായി ചേര്‍ന്നാണ് ഈ ട്രാക്ടര്‍ നിര്‍മിച്ചത്.
◾ഒരു രവിവര്‍മ ചിത്രംപോലെ വശ്യമനോഹരിയായവള്‍; ഏതൊരു മനസ്സിലും കവിത നുരപ്പിക്കുന്നവള്‍; ആരും കേള്‍ക്കാത്തൊരു പ്രണയഗാനം മൂളിയവള്‍… കാലം ദയാരഹിതം മായ്ച്ചുകളഞ്ഞ അവളെയോര്‍ത്തുള്ള തപ്തനിശ്വാസങ്ങളാണ് ‘നയോബി’ എന്ന കഥ. നമ്മുടെ കാഴ്ചവട്ടത്തുനിന്നും മങ്ങിയും മാഞ്ഞും പോകുന്ന ജന്മങ്ങളെ തേടിച്ചെല്ലുകയും അവരെ നെഞ്ചോരം ചേര്‍ത്തണയ്ക്കുകയുമാണ് ഈ എഴുത്തുകാരനും ഇതിലെ കഥകളും. അങ്ങനെ, അവര്‍ ഏറ്റുവാങ്ങിയ വേനല്‍ച്ചൂടും മഴത്തണുപ്പും മകരക്കുളിരുമൊക്കെ വായനക്കാരിലേക്കും സംക്രമിക്കുന്നു. സ്വപ്നലോലുപരും സ്‌നേഹാതുരരും വ്രണിതമാനസരും കലഹപ്രേമികളും പശ്ചാത്താപവിവശരുമായി വ്യത്യസ്ത മനോനിലകളില്‍ പുലരുന്ന കഥാപാത്രങ്ങളുടെ ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയങ്ങളെ വായനക്കാര്‍ക്ക് ഇതില്‍ തൊട്ടറിയാം. കെ.എസ് അജിത്കുമാര്‍. എച്ചആന്‍ഡ്സി ബുക്സ്. വില 95 രൂപ.
◾മൈഗ്രേന്‍ തലവേദന കൂടുതലായി അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് പഠനം. ഇരുപതു ശതമാനം സ്ത്രീകളിലും ആറുശതമാനം പുരുഷന്മാരിലും കൊടിഞ്ഞി അഥവാ മൈഗ്രേന്‍ വരുന്നതായി കണക്കുകള്‍ കാണിക്കുന്നു. വെളിച്ചവും ശബ്ദവും ചിലരില്‍ വേദന കൂട്ടുന്നുണ്ട്. പലപ്പോഴും വാതിലും ജനലുമെല്ലാം അടച്ചു ചെവിയില്‍ പഞ്ഞിയും വെച്ച് ഉറങ്ങാന്‍ ചിലര്‍ ശ്രമിക്കും. ചിലരില്‍ ഒന്നോ രണ്ടോ വട്ടം ഛര്‍ദ്ദിച്ചാല്‍ ഈ തലവേദന മാറാറുമുണ്ട്. സ്ത്രീകളില്‍ മാസമുറയുമായി ബന്ധപ്പെട്ടു ചില ദിവസങ്ങളില്‍ തലവേദന കാണാറുള്ളതിനാല്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ചെറിയ ഒരു കാരണമായി കരുതുന്നുണ്ട്. ടെന്‍ഷനും പിരിമുറുക്കവും തലവേദന പ്രവണത കൂടുതലാക്കുന്നുണ്ട്. തലവേദനയുള്ള സമയത്തു തലയ്ക്കു പുറമേയുള്ള രക്തധമനികള്‍ വികസിച്ചു നില്‍ക്കുന്നതായി കാണുന്നു. ഇതും ഹോര്‍മോണ്‍ അധിഷ്ഠിതമാകാം. ചികിത്സയ്ക്കായി വേദനസംഹാരി ഗുളികകള്‍ പലപ്പോഴും മതിയാകും. മാസത്തില്‍ നാലു പ്രാവശ്യത്തില്‍ കൂടുതല്‍ വരുന്നുണ്ടെങ്കില്‍ തടയുവാന്‍ തുടര്‍ച്ചയായി ചില മരുന്നുകള്‍ ദീര്‍ഘനാള്‍ കഴിക്കേണ്ടി വരും. പ്രഷറിനുള്ളചില മരുന്നുകള്‍ വളരെ ചെറിയ അളവില്‍ പ്രയോജനപ്പെടാറുണ്ട്. വിഷാദ രോഗത്തിനു കൊടുക്കുന്ന ചില മരുന്നുകളും കൊടുക്കാറുണ്ട്. ചോക്ലേറ്റ്, ചീസ്, വൈന്‍ മുതലായവ വര്‍ജിക്കാന്‍ ചിലര്‍ ഉപദേശിക്കാറുണ്ട്. കുറച്ചുനാള്‍ പരീക്ഷിച്ചു നോക്കുക. ടെന്‍ഷനും പിരിമുറുക്കവും മൈഗ്രേന്‍ കൂടുതലാക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.70, പൗണ്ട് – 99.61, യൂറോ – 88.32, സ്വിസ് ഫ്രാങ്ക് – 88.13, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.76, ബഹറിന്‍ ദിനാര്‍ – 216.74, കുവൈത്ത് ദിനാര്‍ -267.57, ഒമാനി റിയാല്‍ – 212.51, സൗദി റിയാല്‍ – 21.75, യു.എ.ഇ ദിര്‍ഹം – 22.24, ഖത്തര്‍ റിയാല്‍ – 22.44, കനേഡിയന്‍ ഡോളര്‍ – 60.89.