yt cover 43

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറു വയസ് നിര്‍ബന്ധമെന്നു കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു വീണ്ടും നല്‍കിയ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം അടക്കം പല സംസ്ഥാനങ്ങളും നിര്‍ദ്ദേശം നടപ്പാക്കിയിട്ടില്ല. കേരളത്തില്‍ അഞ്ചാം വയസിലാണു ഒന്നാം ക്ലാസ് പ്രവേശനം. കേന്ദ്രീയ വിദ്യാലായങ്ങളില്‍ മാത്രമാണ് ആറാം വയസില്‍ ഒന്നാം ക്ലാസ് പ്രവേശനം. 2020 ല്‍ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ 5+ 3+ 3+ 4 എന്ന വിദ്യാഭ്യാസ രീതി പിന്തുടരണമെന്നാണു നിര്‍ദേശം. മൂന്നാമത്തെ വയസില്‍ കെജി വിദ്യാഭ്യാസം. ആറാം വയസില്‍ ഒന്നാം ക്ലാസ് എന്നാണ് പുതിയ വിദ്യാഭ്യാസ നയം.

പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. സംസ്‌കാരം നാളെ രണ്ടിനു ചേരാനെല്ലൂരില്‍. കരള്‍ രോഗം മൂലം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം. നിയമതടസങ്ങള്‍മൂലം ദാതാവിനെ കണ്ടെത്താനായിരുന്നില്ല. അണുബാധ കരളിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനത്തെ ബാധിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്രി രംഗത്ത് സ്ത്രീകള്‍ ഇല്ലാതിരുന്ന കാലത്ത് ജനപ്രിയ താരമായിരുന്നു സുബി. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയാണു സ്വദേശം. അവിവാഹിതയാണ്. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍ : എബി സുരേഷ്.

നിയമത്തിന്റെ നൂലാമാലകള്‍മൂലം അവയവദാനം വൈകിപ്പോയതുകൊണ്ടാണു നടി സുബി സുരേഷിന്റെ ജീവന്‍ നഷ്ടമായതെന്ന് സുരേഷ് ഗോപി. കഴിഞ്ഞ പത്ത് ദിവസമായി സുബിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പിറകേയായിരുന്നു. അനേകം അധികാര കേന്ദ്രങ്ങളില്‍നിന്നു രേഖകളും അനുമതികളും നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ചില രേഖകളില്‍ ഒപ്പിടാന്‍ ഹൈബി ഈഡന്‍ എംപിയോട് ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം എത്തി ഒപ്പിട്ടിരുന്നു. അവയവദാന കച്ചവടം തടയാന്‍ ബന്ധുക്കളുടെ അവയവങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നാണു നിയമം. സമയബന്ധിതമായി ഒരു കരള്‍ ദാതാവിനെ ലഭിച്ചിരുന്നെങ്കില്‍ സുബിയെ രക്ഷിക്കാമായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു വ്യാജരേഖകളുണ്ടാക്കി തട്ടിപ്പ് നടത്തിയതായി വിജിലന്‍സ്. ഏജന്റുമാര്‍ മുഖേനെയാണ് തട്ടിപ്പ്. കളക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പണം തട്ടിയെടുക്കുന്നതെന്നാണു വിജിലന്‍സ് കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷന്‍ സിഎംആര്‍ഡിഎഫ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നു.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനു മൂന്നു പേരുടെ പാനല്‍ തന്ന സര്‍ക്കാര്‍ നടപടിക്കു നിയമസാധുതയില്ലെന്നു രാജ്ഭവന്‍. ഹൈക്കോടതി വിധി കെടിയു ചട്ടത്തിനും യുജിസി ചട്ടത്തിനും വിരുദ്ധമാണ്. നിയമ വിദഗ്ധരുമായി ആലോചിച്ച് സുപ്രീംകോടതിയെ സമീപിക്കും. സര്‍ക്കാര്‍, നിയമനത്തില്‍ ഇടപെടരുതെന്ന് മുന്‍ കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്ഭവന്‍ അറിയിച്ചു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിനു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രങ്ങളണിഞ്ഞ് ക്ലിഫ് ഹൗസിലേക്കു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് ബാരിക്കേഡുവച്ച് മാര്‍ച്ച് തടഞ്ഞു. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തിച്ചാര്‍ജു നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. നിരവധി പേര്‍ക്കു പരിക്കുണ്ട്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ലഹരിക്കടത്തില്‍ ആരോപണ വിധേയനായ ആലപ്പുഴയിലെ സിപിഎം കൗണ്‍സിലര്‍ എ ഷാനാവാസിനെതിരെയുള്ള സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ആലപ്പുഴ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ജേക്കബ് ജോസിനെ സസ്പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ അന്വേഷണം നടത്തിയത്. കരുനാഗപ്പള്ളി ലഹരിക്കടത്തില്‍ പിടിയിലായ ഇജാസ് ഷാനവാസിന്റെ ബിനാമി ആണെന്നും ഷാനവാസിന് ക്രിമിനല്‍ ബന്ധങ്ങളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യ അന്വേഷണ സംഘം തെളിവുകള്‍ നശിപ്പിച്ചെന്നു ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഫോണ്‍ രേഖകളും കയ്യെഴുത്തു പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളുമാണ് നഷ്ടമായത്. വീഴ്ചകളെ കുറിച്ച് ക്രൈം ബ്രാഞ്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കും.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പൊതുജനങ്ങളില്‍നിന്ന് പരാതിയും നിര്‍ദേശങ്ങളും നേരിട്ട് സ്വീകരിക്കും. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കും. പ്രീ പ്രൈമറി, പ്രൈമറി സ്‌കൂള്‍ ഘട്ടത്തില്‍ ഏകീകൃത പാഠ്യപദ്ധതി വേണമെന്നും മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിനു മുന്നിലേക്കു ചാടി ആത്മഹത്യ ചെയ്യാനാണ് യൂത്തു കോണ്‍ഗ്രസുകാരുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. അതുകൊണ്ടാണ് അവരെ ചാവേര്‍ സംഘമെന്നു വിശേഷിപ്പിക്കുന്നത്. അവരുടെ ആത്മഹത്യാശ്രമം തടയാനാണ് പൊലീസ് ശ്രമിക്കുന്നത്. സിപിഎം ജാഥയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കും. ആര്‍എസ്എസ് – സിപിഎം സംഘര്‍ഷം ഇല്ലാതാക്കാനാണ് ഇരുവിഭാഗത്തിന്റേയും നേതാക്കള്‍ തമ്മില്‍ അഞ്ചു വര്‍ഷം മുമ്പു ചര്‍ച്ച നടത്തിയതെന്നും ഗോവിന്ദന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തു സംഘത്തില്‍നിന്നും ലാഭവിഹിതമായി സ്വര്‍ണം കൈപ്പറ്റിയെന്നും ആകാശ് തില്ലങ്കേരിക്കു പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നുമുള്ള പരാതികളില്‍ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം. ആകാശും ഷാജറും സംസാരിക്കുന്ന ഓഡിയോ സഹിതം ജില്ല കമ്മറ്റിയംഗം മനു തോമസ് നല്‍കിയ പരാതിയിലാണ് അന്വേഷണം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സുരേന്ദ്രനാണ് അന്വേഷിക്കുന്നത്.

ഇസ്രയേലിലെ വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കാന്‍ പോയ തീര്‍ത്ഥാടക സംഘത്തിലെ അഞ്ചു വനിതകള്‍ ഉള്‍പെടെ ആറു മലയാളികള്‍ ഇസ്രയേലില്‍ മുങ്ങിയെന്ന് പരാതി. യാത്രയ്ക്കു നേതൃത്വം നല്‍കിയ നാലാഞ്ചിറയിലെ ഫാ. ജോര്‍ജ് ജോഷ്വയാണു ഡിജിപിക്കു പരാതി നല്‍കിയത്. തിരുവല്ല കേന്ദ്രമാക്കിയുള്ള ഒരു ട്രാവല്‍ ഏജന്‍സി വഴിയാണ് യാത്ര സംഘടിപ്പിച്ചത്.

ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ ഇസ്രയേലിലേക്കു പോയ സംഘത്തില്‍നിന്ന് മുങ്ങിയ ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുഖേന ആവശ്യപ്പെടും. ഇസ്രയേലിലെ ഇന്ത്യന്‍ എംബസിക്കും കത്തു നല്‍കും.

മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് അനുവദിച്ച ഫര്‍ണിച്ചറുകളും ഇലട്രിക് , ഇലക്ടോണിക് ഉപകരണങ്ങളും നിസാര തുകയ്ക്ക് സ്വന്തമാക്കാനുള്ള ശ്രമത്തില്‍നിന്നു വൈസ് ചാന്‍സലര്‍ പിന്മാറി. ചൊവ്വാഴ്ച വിരമിക്കാനിരിക്കേയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇനങ്ങള്‍ നിസാര വില നിശ്ചയിച്ച് മൊത്തം എഴുപത്തയ്യായിരത്തോളം രൂപ അടച്ചു കൈക്കലാക്കാന്‍ ശ്രമിച്ചത്. സംഭവം വിവാദമാകുമെന്നു കണ്ടതോടെ വിസിതന്നെ ഉത്തരവ് തിരുത്തി. സാധനങ്ങളെല്ലാം സര്‍വകലാശാലയ്ക്ക് തന്നെ തിരിച്ചു നല്‍കാനും അടച്ച പണം തിരിച്ചു തരണമെന്നും കത്തു നല്‍കിയിരിക്കുകയാണ്.

ബെംഗളുരുവില്‍ ചികിത്സയിലുള്ള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ മാറി. ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യറൗണ്ട് പൂര്‍ത്തിയായി. രണ്ടാം റൗണ്ട് ഇമ്മ്യൂണോതെറാപ്പി മാര്‍ച്ച് ആദ്യവാരം തുടങ്ങുമെന്ന് ബെംഗളുരുവിലെ എച്ച്സിജി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ലഹരി മാഫിയ ലഹരി കടത്തിന് ഉപയോഗിച്ച പെണ്‍കുട്ടിക്ക് സ്‌കൂള്‍ അധികൃതര്‍ തുടര്‍ പഠനം നിഷേധിക്കുന്നെന്ന് കുടുംബം. സ്‌കൂളിലെത്താന്‍ അനുവദിക്കുന്നില്ലെന്നും പരീക്ഷ എഴുതാന്‍ മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ അനുമതി നല്‍കിയതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

ബിജെപിയുടെ നാലു ശതമാനം വോട്ടു നേടിയാണ് പിണറായി വിജയന്‍ തുടര്‍ ഭരണം നേടിയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശ്രീ എമ്മിന്റെ മധ്യസ്ഥതയിലാണ് വോട്ടു കച്ചവടം നടന്നത്. ഈ കച്ചവടം മറച്ചുവയ്ക്കാനാണ് യുഡിഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കൈയെഴുത്തു രചനകളുടെ വിപുലമായ ശേഖരം കണ്ടെത്തി. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സദസ്സിലെ പണ്ഡിതന്‍ ആയിരുന്ന ഗോമതീദാസന്‍ എന്നു പേരെടുത്ത ഇലത്തൂര്‍ രാമസ്വാമി ശാസ്ത്രികളുടെ കൈയെഴത്തു ശേഖരമാണ് കണ്ടെത്തിയത്. തിരുവനന്തപുരം നീറമണ്‍കര ഗായത്രി നഗറിലെ അദ്ദേഹത്തിന്റെ ഏഴാം തലമുറാംഗമായ ഗീതാ രവിയുടെ വീട്ടില്‍നിന്നാണ് 26 താളിയോലക്കെട്ടുകളിലായി അമ്പതോളം ഗ്രന്ഥങ്ങള്‍ കണ്ടെത്തിയത്. സാഹിത്യം, സൗന്ദര്യശാസ്ത്രം, വേദാന്തം, ന്യായം, തന്ത്രം, ഗണിതം, വേദലക്ഷണം, മന്ത്രശാസ്ത്രം, ആചാരം, സ്തോത്രം തുടങ്ങി വിവിധ ശാഖകളിലുള്ള ഗ്രന്ഥങ്ങളുണ്ട്.

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തില്‍ വീണ്ടും വാദം കേള്‍ക്കണമെന്നാണു പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിക്കു ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

തേനീച്ചകളുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു. പാലക്കാട് ജില്ലയിലെ കരിമ്പ ഇടക്കുറുശ്ശി തമ്പുരാന്‍ചോല പറപ്പള്ളി വീട്ടില്‍ പികെ രാജപ്പന്‍ (65) ആണ് മരിച്ചത്.

അന്തരിച്ച സിനിമാ താരം സുബി സുരേഷിന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സീനിയര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും സഹതാരങ്ങളായ രമേഷ് പിഷാരടി അടക്കമുള്ളവര്‍ അനുശോചിച്ചു. അമ്പരപ്പോടെയാണു സിനിമാ ലോകം സുബിയുടെ മരണവിശേഷം ശ്രവിച്ചത്.

ഇടുക്കിയില്‍ വീണ്ടും കാട്ടാന രണ്ടു വീടുകള്‍ തകര്‍ത്തു. മയക്കുവെടിവയ്ക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയ അരിക്കൊമ്പന്‍ എന്ന ആനയാണ് ശാന്തന്‍പാറ ചുണ്ടലില്‍ മാരി മുത്തുവിന്റെയും ആറുമുഖന്റെയും വീടുകള്‍ തകര്‍ത്തത്. ആക്രമണ സമയത്ത് വീടുകളില്‍ ആളില്ലായിരുന്നു.

മൂന്നു വര്‍ഷമായി അല്‍ഷിമേഴ്സ് രോഗിയായി ഓര്‍മയും ബുദ്ധിയുമില്ലാതെ കഴിയുന്ന ഭര്‍ത്താവിന്റെ കഴുത്തു മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടാണ് സംഭവം. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. അല്‍ഷിമേഴ്സ് രോഗിയായ സുകുമാരനെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. മനീഷ് സിസോദിയയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ വിനയ് കുമാര്‍ സ്‌ക്‌സേന അനുമതി നല്‍കിയിരുന്നു.

ഡല്‍ഹി കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്രോയി ജയിച്ചു. ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത 10 അംഗങ്ങള്‍ക്കു സുപ്രീം കോടതി വോട്ടവകാശം നിഷേധിച്ചിരുന്നു.

ലോകം അടക്കി ഭരിക്കാമെന്ന വ്യാമോഹം തകര്‍ന്നതാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ ആരോപണങ്ങള്‍ക്കു പിറകിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രെയ്ന്‍ യുദ്ധം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണ് ആളിക്കത്തിച്ചതെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ കഴിഞ്ഞ ദിവസം ആരോപിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിമാനയാത്ര ചെയ്തവരുടെ എണ്ണത്തില്‍ വീണ്ടും കുതിച്ചുചാട്ടം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2023 ജനുവരിയില്‍ 1.25 കോടി ആളുകളാണ് വിമാനയാത്ര നടത്തിയത്. 2021 ജനുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 95.72 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ജനുവരിയില്‍ 64.08 ലക്ഷം ആളുകളാണ് രാജ്യത്ത് വിമാനയാത്ര നടത്തിയത്. ഇത്തവണ സര്‍വീസുകളില്‍ 80 ശതമാനം മുതല്‍ 90 ശതമാനം സീറ്റുകളിലും യാത്രക്കാരെ നേടാന്‍ വിമാന കമ്പനികള്‍ക്ക് സാധിച്ചിട്ടുണ്ട്. സര്‍വീസുകളില്‍ ഏറ്റവും അധികം പേരെ ഉള്‍ക്കൊള്ളിച്ചത് സ്പൈസ് ജെറ്റാണ്. 91 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ സ്പൈസ് ജെറ്റിന് സാധിച്ചിട്ടുണ്ട്. തൊട്ടുപിന്നിലായി ഗോ ഫസ്റ്റ് (90.9 ശതമാനം), എയര്‍ ഇന്ത്യ (87.5 ശതമാനം), ഇന്‍ഡിഗോ (82 ശതമാനം) എന്നിങ്ങനെയാണ് ലോഡ് ഫാക്ടര്‍. അതേസമയം, 2022- ല്‍ പ്രവര്‍ത്തനമാരംഭിച്ച പുത്തന്‍ കമ്പനിയായ ആകാശ എയറിന്റെ ലോഡ് ഫാക്ടര്‍ 82.8 ശതമാനമാണ്.

ആപ്പിള്‍ ആദ്യമായി പുറത്തിറക്കിയ ഐഫോണ്‍ 16 വര്‍ഷത്തിനുശേഷം ഓണ്‍ലൈന്‍ ലേലത്തില്‍ വിറ്റുപോയത് 52.47 ലക്ഷം (63,356 ഡോളര്‍) രൂപക്ക്. 2007ല്‍ ആപ്പിള്‍ ഇറക്കിയ ഒന്നാം തലമുറ ഐഫോണാണ് അന്നത്തേക്കാള്‍ 105 മടങ്ങ് തുകക്ക് വിറ്റുപോയത്. ഞായറാഴ്ച നടന്ന ലേലത്തില്‍ യു.എസുകാരനാണ് ഫോണ്‍ സ്വന്തമാക്കിയത്. 2007ല്‍ 49,225 രൂപയായിരുന്നു ഫോണിന്റെ വില. എന്നാല്‍, ഫെബ്രുവരി രണ്ടിന് ആരംഭിച്ച ഓണ്‍ലൈന്‍ ലേലത്തില്‍ രണ്ടുലക്ഷം രൂപയായിരുന്നു ഫോണിന്റെ പ്രാഥമിക വില നിശ്ചയിച്ചിരുന്നത്. 10 പേര്‍ ലേലത്തില്‍ പങ്കെടുത്തു. 3.5 ഇഞ്ച് സ്‌ക്രീന്‍, 2 മെഗാപിക്സല്‍ കാമറ, എട്ട് ജി.ബി സ്റ്റോറേജ് ശേഷി, 2ജി നെറ്റ്വര്‍ക് എന്നിവയാണ് സവിശേഷതകള്‍. എല്‍സിജി എന്ന ലേല സൈറ്റിലാണ് വില്‍പ്പന നടന്നത്. സീല്‍ പൊട്ടിക്കാത്ത ആദ്യ തലമുറ ഐഫോണ്‍ 63,356.40 യുഎസ് ഡോളറിന് വിറ്റുവെന്നാണ് ഈ സൈറ്റ് പറയുന്നത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 52 ലക്ഷം രൂപ വരും ഇത്. 2023 വിന്റര്‍ പ്രീമിയര്‍ ലേലത്തിലാണ് പഴയ ഐഫോണ്‍ ലേലത്തില്‍ പോയത്. കാരെന്‍ ഗ്രീന്‍ യുഎസിലെ ന്യൂജേഴ്സിയില്‍ ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന വനിതയുടെ ഫോണാണ് ലേല സൈറ്റ് വിറ്റത്. ഫാക്ടറി സീല്‍ പോലും പൊളിക്കാത്ത ഐഫോണ്‍ എന്ന നിലയിലാണ് ഇതിന് ഇത്രയും വില കിട്ടിയത് എന്നാണ് വിവരം. ഇത്തരത്തില്‍ ഉപയോഗിക്കാത്ത ഒന്നാം തലമുറ ഐഫോണ്‍ ലഭിക്കുന്നത് തീര്‍ത്തും വിരളമാണ്. ലേലത്തിലൂടെ ലഭിക്കുന്ന തുക തന്റെ ടാറ്റൂ സ്റ്റുഡിയോ നവീകരിക്കാനാണ് ഗ്രീന്‍ ഉദ്ദേശിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കിങ് ഓഫ് കൊത്ത’ കാരൈക്കുടിയിലെ ചിത്രീകരണം പൂര്‍ത്തിയായി. കാരൈക്കുടിയിലെ 95 ദിവസത്തെ നീണ്ട ഷെഡ്യൂളിനാണ് അവസാനമായത്. ചിത്രം അതിന്റെ അവസാന പണിപ്പുരകിലാണെന്നും ഓണം റിലീസ് ആയി തിയറ്ററുകളിലെത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു പാക്കപ്പ് വിഡിയോയിലൂടെയാണ് അവര്‍ ഇക്കാര്യം പങ്കുവച്ചത്. ”തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ” എന്ന ദുല്‍ഖറിന്റെ ഡയലോഗും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണിത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അഭിലാഷ് എന്‍. ചന്ദ്രനാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ്, ചെമ്പന്‍ വിനോദ്, പ്രസന്ന, ഷമ്മി തിലകന്‍, ഷബീര്‍ കല്ലറക്കല്‍, സെന്തില്‍ കൃഷ്ണ, നൈല ഉഷ, സുധികോപ്പ, ശാന്തി കൃഷ്ണ, ശരണ്‍, രാജേഷ് ശര്‍മ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.

‘മലൈക്കോട്ടൈ വാലിബന്‍’ എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്ത് നടന്‍ മണികണ്ഠന്‍ ആചാരി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. എല്‍ജെപിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ മണികണ്ഠന്‍ പങ്കുവച്ചു. ആട് 2 ലെ ചെകുത്താന്‍ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ഹരി പ്രശാന്തും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇദ്ദേഹത്തിന്റേതായി അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം, കമല്‍ ഹാസനും റിഷഭ് ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു. ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാല്‍ പുതിയ സിനിമയുടെ പണിപ്പുരയില്‍ ആയതിനാല്‍ അഭിനയിക്കാന്‍ സാധിച്ചില്ലെന്നും റിഷഭ് അടുത്തിടെ അറിയിച്ചിരുന്നു. പി എസ് റഫീക്കിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍, ജനപ്രിയ മോഡലായ മാഗ്‌നൈറ്റ് സബ്-4 മീറ്റര്‍ എസ്യുവിയുടെ 2023 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2023 നിസ്സാന്‍ മാഗ്നൈറ്റ് ക്രോസ്ഓവറില്‍ ഇപ്പോള്‍ നിരവധി പുതിയ സുരക്ഷാ ഫീച്ചറുകളും ആര്‍ഡിഇ കംപ്ലയിന്റ് എഞ്ചിനുകളും നല്‍കുന്നു. ആറ് ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ ഈ വാഹനം ഇപ്പോള്‍ ലഭ്യമാണ്. അത് 10.58 ലക്ഷം രൂപ എക്സ്-ഷോറൂം വില വരെ ഉയരുന്നു. അഞ്ച് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. മാഗ്‌നൈറ്റിന്റെ ടോപ്പ്-ഓഫ്-ലൈന്‍ വേരിയന്റില്‍ 360-ഡിഗ്രി ക്യാമറയും സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റിയ്‌ക്കൊപ്പം കണക്റ്റുചെയ്ത 50ല്‍ അധികം കാര്‍ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. 1.0-ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ 1.0-ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നിങ്ങനെ ഈ സബ്-4 മീറ്റര്‍ എസ്യുവി രണ്ട് പെട്രോള്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. ആദ്യത്തേത് 72 ബിഎച്ച്പിയും 91 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുമ്പോള്‍ ടര്‍ബോ യൂണിറ്റ് 99 ബിഎച്ച്പിയും 160 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുപ്പുകളില്‍ അഞ്ച് സ്പീഡ് മാനുവലും ഒരു സിവിടി ഓട്ടോമാറ്റിക് ഉള്‍പ്പെടുന്നു.

മലയാളിയുടെ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് അടിത്തറയിട്ട ഏറ്റവും പ്രശസ്തമായ ഗ്രന്ഥത്തിന്റെ ഏറ്റവും പുതിയ പതിപ്പ്. പ്രസിദ്ധീകരിച്ച് ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് കോപ്പികളാണ് ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുലയുടേതായി വിറ്റഴിഞ്ഞത്. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ വിചക്ഷണര്‍ ഒരുപോലെ ശ്ലാഘിച്ച അപൂര്‍വ്വകൃതി. ഒരു കുറ്റാന്വേഷണ നോവലിന്റെ ഘടനയില്‍ ലളിതമായ ശൈലിയില്‍ രൂപീകരിച്ചിക്കുന്ന ഈ കൃതി ആദ്യന്തം ആവേശജനകവുമാണ്. ‘ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല’. പി വി രവീന്ദ്രന്‍. മാതൃഭൂമി ബുക്സ്. വില 1250 രൂപ.

വേനല്‍ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ കാര്യത്തില്‍ ജാഗ്രത പാലിക്കുന്നതാണ് ഉചിതം. ചൂട് കൂടുമ്പോള്‍ പല തരത്തിലുളള ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടാകാം. അവയെ തടയാന്‍ പ്രത്യേകം മുന്‍കരുതലുകളെടുക്കണം. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വെള്ളം ധാരാളം കുടിക്കാം. എന്നാല്‍ നല്ല വെയിലത്ത് പുറത്തുപോയിട്ട് വരുമ്പോള്‍ തണുത്ത വെളളം കുടിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. ശരീരത്തിലെ ചൂട് തണുപ്പിക്കാനായിരിക്കും പലരും ഇങ്ങനെ തണുത്ത വെള്ളം കുടിക്കുന്നത്. ഇത് പക്ഷേ തൊണ്ട വേദനയുണ്ടാക്കാനും ദഹനത്തെ ബാധിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് ഉത്തമം. വേനല്‍ക്കാലത്ത് കഫൈന്‍ അധികം കുടിക്കുന്നത് നല്ലതല്ല. അത് നിങ്ങളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണമുണ്ടാക്കും. അതിനാല്‍ ചായ, കോഫി എന്നിവ അധികം കുടിക്കരുത്. ശരീരത്തിലെ ചൂട് മാറാനായി തണുത്ത ജ്യൂസും പഴച്ചാറുകളും കൂടുതലായി കുടിക്കുന്നവരുണ്ട്. അതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുമെങ്കിലും ആരോഗ്യത്തിന് ഗുണകരമല്ല. അതിനാല്‍ പഞ്ചസാര ഉപയോഗിക്കാതെ ജ്യൂസുകള്‍ തയ്യാറാക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. പഴങ്ങള്‍ പച്ചയ്ക്ക് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. അതുപോലെ തന്നെ ജ്യൂസിന് പകരം ഇളനീര് കുടിക്കുന്നതാണ് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ കൂടുതല്‍ നല്ലത്. മുട്ട, മത്സ്യം, ചിക്കന്‍ എന്നിവ ഈ വേനല്‍ക്കാലത്ത് അധികം കഴിക്കരുത്. ഇത് ശരീരത്തിലെ ചൂട് കൂട്ടും. പരമാവധി കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലത്. വേനല്‍ക്കാലത്ത് സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും, തളര്‍ച്ചയകറ്റി ശരീരത്തിന് ഊര്‍ജം പകരാനും മോര് കുടിക്കുന്നത് ഗുണം ചെയ്യും. അസിഡിറ്റി, ദഹനക്കേട്, നിര്‍ജ്ജലീകരണം, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും മോര് നല്ലൊരു മരുന്നാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.83, പൗണ്ട് – 100.28, യൂറോ – 88.25, സ്വിസ് ഫ്രാങ്ക് – 89.42, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.53, ബഹറിന്‍ ദിനാര്‍ – 219.74, കുവൈത്ത് ദിനാര്‍ -270.23, ഒമാനി റിയാല്‍ – 215.15, സൗദി റിയാല്‍ – 22.08, യു.എ.ഇ ദിര്‍ഹം – 22.55, ഖത്തര്‍ റിയാല്‍ – 22.75, കനേഡിയന്‍ ഡോളര്‍ – 61.12.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *