◾നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിനെതിരേ എന്തും വിളിച്ചു പറയാമോയെന്നു പൊട്ടിത്തെറിച്ചുകൊണ്ടു ചോദിച്ചു. കരുനാഗപ്പള്ളി ലഹരി മരുന്ന് കേസില്‍ പ്രതികളായ സിപിഎമ്മുകാരെ സര്‍ക്കാര്‍ രക്ഷപ്പെടുത്തുകയാണെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ചു മാത്യു കുഴല്‍നാടന്‍ സംസാരിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. സിപിഎം കൗണ്‍സിലര്‍ ഷാനവാസിനെ പ്രതിയാക്കാന്‍ തെളിവില്ലെന്നു മന്ത്രി രാജേഷ് പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലായി തര്‍ക്കം. എന്തിനും അതിരു വേണമെന്നും അതു ലംഘിക്കരുതെന്നും മുഖ്യമന്ത്രി മാത്യു കുഴല്‍നാടനോട് ക്ഷുഭിതനായി പറഞ്ഞതോടെയാണ് വാക്കേറ്റമുണ്ടായത്.
◾സംസ്ഥാനത്ത് ട്രഷറി സേവനങ്ങള്‍ തടസപെട്ടു. രാവിലെ പതിനൊന്നര മുതല്‍ ട്രഷറികളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ശമ്പള വിതരണം തടസപ്പെട്ടു. ഡാറ്റ ബേസിലും സര്‍വറിലുമുള്ള തകരാറിനെ തുടര്‍ന്നാണ് സേവനങ്ങള്‍ തടസപ്പെട്ടത്.
◾സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് 7,89,623 ഫയലുകള്‍. സെക്രട്ടേറിയറ്റില്‍ മാത്രം 93,014 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതല്‍ ഫയലുകള്‍ മന്ത്രി എം.ബി. രാജേഷിന്റെ തദ്ദേശസ്വയം ഭരണ വകുപ്പിലാണ്. 2,51,769 ഫയലുകള്‍. വനം വകുപ്പില്‍ 1,73,478 ഫയലുകളും മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പില്‍ 44,437 ഫയലുകളും കെട്ടിക്കിടക്കുന്നുണ്ട്. 41,007 ഫയലുകള്‍ വിദ്യാഭ്യാസ വകുപ്പില്‍ കെട്ടിക്കിടക്കുന്നുണ്ട്.
*ഫ്രാങ്ക്‌ലി സ്പീക്കിംഗ്*
സമകാലിക സംഭവ വികാസങ്ങളെ ആധാരമാക്കി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാങ്കോ ലൂയീസ് അവതരിപ്പിക്കുന്ന പ്രതിവാര പംക്തി കേള്‍ക്കാന്‍ : https://youtube.com/playlist?list=PLtul8xTi_mtccPr5iP440mPvk4nTHhfAt
◾കണ്ണൂരില്‍ ഓടുന്ന കാറിനു തീ പിടിച്ച് ഗര്‍ഭിണിയടക്കം രണ്ടു പേര്‍ വെന്തുമരിച്ചു. കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവം. പൂര്‍ണ ഗര്‍ഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോകവേയാണ് കാറിനു തീപിടിച്ചത്. കാറില്‍ ആറു പേരുണ്ടായിരുന്നു. ഗര്‍ഭിണിയായ യുവതിയും കാറോടിച്ച ഭര്‍ത്താവും മുന്‍ സീറ്റിലായിരുന്നു. മുന്നിലെ ഡോര്‍ ജാമായതിനാലാണ് അവര്‍ക്കു രക്ഷപ്പെടാന്‍ കഴിയാതിരുന്നത്.
◾പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 പേര്‍ക്കെതിരേ എടുത്ത ജപ്തി നടപടികള്‍ പിന്‍വലിക്കണമെന്നു ഹൈക്കോടതി ഉത്തരവ്. മലപ്പുറത്തെ ടിപി യൂസഫ് അടക്കമുള്ളവര്‍ക്കെതിരായ നടപടി പിന്‍വലിക്കാനാണ് നിര്‍ദ്ദേശം. ജപ്തി നടപ്പാക്കിയതില്‍ വീഴ്ച പറ്റിയെന്നും ഇത് ബോധമായതോടെ നടപടികള്‍ നിര്‍ത്തിവച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
◾സംസ്ഥാനത്ത് സാമ്പത്തിക വളര്‍ച്ച 12.1 ശതമാനമെന്നു സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2012- 13 നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ്. ബജറ്റിനു മുന്നോടിയായുള്ള റിപ്പോര്‍ട്ട് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പൊതുകടം 2.1 ലക്ഷം കോടിയായി ഉയര്‍ന്നു. കിഫ്ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകള്‍ സംസ്ഥാനത്തിന്റെ പരിധിയിലാക്കിയത് പൊതുകടം ഉയര്‍ത്തിയിട്ടുണ്ട്. റവന്യൂ വരുമാനം 12.86 ശതമാനമായി വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾സംസ്ഥാന ബജറ്റ് നാളെ. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചു. വരുമാനം വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ ഫീസുകള്‍ വര്‍ധിപ്പിച്ചേക്കും.
◾മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് 27 മാസം നീണ്ട ജയില്‍വാസത്തിനുശേഷം കാപ്പന്‍ മോചിതനായത്. തന്റെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു.
◾ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതല്‍ കൈക്കൂലി വാങ്ങിയെന്ന് പോലീസിന്റെ എഫ്ഐആര്‍. കൈക്കൂലി കേസായതിനാല്‍ ഇനി പരിഗണിക്കുക വിജിലന്‍സ് കോടതിയാകും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്.
◾വയനാട്ടിലെ ആനക്കാംപൊയില്‍- കള്ളാടി- മേപ്പാട് തുരങ്കപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വനംവകുപ്പിന്റെ അനുമതിക്കുള്ള അപേക്ഷയിലെ നടപടികളും പാരിസ്ഥിതികാഘാത പഠനവും പുരോഗമിക്കുകയാണെന്ന് മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
◾
◾യമനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. നഷ്ടപരിഹാരം സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ തയാറാകാതെ സനായിലെ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷന്‍ കൗണ്‍സില്‍ രാജ്യാന്തരതലത്തില്‍ ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് തിരിച്ചടി.
◾തൃശൂര്‍ ഗണേശമംഗലത്ത് റിട്ടയേര്‍ഡ് അധ്യാപികയെ കൊന്ന് ആഭരണങ്ങള്‍ തട്ടിയെടുത്തു. വസന്ത എന്ന എഴുപത്താറുകാരിയെ കൊലപ്പെടുത്തിയ പ്രതിയും അതേ നാട്ടുകാരനുമായ ജയരാജനെ (60) അറസ്റ്റു ചെയ്തു. ഇന്നു രാവിലെ ഏഴു മണിക്കാണ് കൊലപാതകം നടന്നത്. റിട്ടയേര്‍ഡ് അധ്യാപികയായ വസന്ത തനിച്ചാണു താമസം.
◾പരിശോധന നടത്താതെ പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒ. ഡോ.വി. അമിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.
◾റാന്നിയില്‍ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങള്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ പരാതിയുമായി രംഗത്ത്. കേസ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നല്‍കി. കിണര്‍മൂടിയ കേസില്‍ ഒരു പ്രതിയെ റിമാന്‍ഡു ചെയ്തത് പൊലീസിന്റെ മുഖം രക്ഷിക്കാനാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
◾സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നല്‍കിയ കാലാവധി അവസാനിക്കുകയാണ്.
◾കെ.ടെറ്റ് ഒക്ടോബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലു കാറ്റഗറികളിലായി 33,138 പേര്‍ യോഗ്യത പരീക്ഷ വിജയിച്ചു. 1,24,996 പേരാണ പരീക്ഷയെഴുതിയത്.
◾നാനോ എക്സല്‍ മണി ചെയിന്‍ തട്ടിപ്പുകേസില്‍ നാനോ എക്സല്‍ കമ്പനി മാനേജിംഗ് ഡയറക്ടറായ ഹൈദരാബാദ് സ്വദേശി ഹരീഷ് മദനേനി അടക്കം അഞ്ചു പ്രതികളെ മഞ്ചേരി ചീഫ് ജഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി വെറുതെ വിട്ടു. 2011 ല്‍ പോലീസില്‍ പരാതി നല്‍കിയവര്‍ കോടതിയില്‍ പരാതിയില്ലെന്നു മൊഴി നല്‍കിയതോടെയാണ് പ്രതികളെ വെറുതെ വിട്ടത്. നിക്ഷേപം ഇരട്ടിയാക്കിത്തരാമെന്നു വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചെന്നായിരുന്നു കേസ്. ഇതുസംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷനു കോടതിക്കു മുന്നില്‍ എത്തിക്കാനായില്ല.
◾കരുനാഗപ്പള്ളി ലഹരി കടത്തു കേസില്‍ രണ്ടു പേരേക്കൂടി പൊലീസ് പ്രതി ചേര്‍ത്തു. സിപിഎം നേതാവായ ഷാനവാസിന്റെ കയ്യില്‍ നിന്നും ലോറി വാടകയ്ക്ക് എടുത്ത ഇടുക്കി സ്വദേശി ജയനേയും മറ്റൊരു ലോറി ഉടമ അന്‍സറിനേയുമാണ് പ്രതി ചേര്‍ത്തത്.
◾പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിലാണ് ആന ഇറങ്ങിയത്. മായാപുരത്ത് ക്വാറിയുടെ മതില്‍ തകര്‍ത്തു. പെരുന്തുരുത്തി കളത്തില്‍ വേലായുധന്റെ പറമ്പിലെ മരങ്ങളും നശിപ്പിച്ചു. അട്ടപ്പാടി നരസിമുക്കില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.
◾ബജറ്റിലെ ജനപ്രിയ നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ബിജെപി ശക്തമായ പ്രചാരണ പരിപാടികള്‍ നടത്തും. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രയോജനകരമായ അനേകം പദ്ധതികള്‍ ഉണ്ടെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനാണു ബിജെപി തീരുമാനം.
◾അദാനി ഗ്രൂപ്പ് ഓഹരി നിരക്കു പെരുപ്പിച്ചു കാണിച്ച് തട്ടിപ്പു നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയോ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലോ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളിലും പ്രതിപക്ഷം നടപടികള്‍ സ്തംഭിപ്പിച്ചു. ചര്‍ച്ചയില്ലെന്ന് ലോക് സഭ സ്പീക്കര്‍ ഓം ബിര്‍ലയും രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറും നിലപാടെടുത്തു. ബഹളം ശക്തമായതോടെ ഇരുസഭകളും പിരിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അദാനിയെ വഴിവിട്ടു സഹായിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
◾സംസ്ഥാനത്തെ സ്വര്‍ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് ഉയര്‍ന്ന് സ്വര്‍ണ വില. ഇന്ന് പവന് 480 രൂപ ഉയര്‍ന്ന് വിപണി വില 42,880 രൂപയായി. ഇന്നലെ നിരക്ക് 42,400 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ ഉയര്‍ന്ന് 5360 രൂപയായി. ജനുവരി 26 ന് രേഖപ്പെടുത്തിയ 42,480 രൂപയിലെ റെക്കോര്‍ഡാണ് വിപണി ഇന്ന് മറികടന്നത്. വെള്ളിയുടെ വിലയും ഇന്ന് ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 77 രൂപയാണ്. രണ്ട് രൂപയാണ് ഇന്ന് ഉയര്‍ന്നത്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതോടെയാണ് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. ഒറ്റ മാസംകൊണ്ട് 7% ആഗോള വിപണിയില്‍ യുഎസ് ഫെഡ് തീരുമാനത്തിനു പിന്നാലെ സ്വര്‍ണം ഔണ്‍സിന് 1925 ഡോളറില്‍ നിന്ന് 1955 ലേക്ക് കയറി. പലിശ നിരക്കില്‍ ഇനി അധികം വര്‍ധന ഉണ്ടാവുകയില്ലെന്ന നിഗമനമാണ് കാരണം. പലിശ അഞ്ചു ശതമാനത്തില്‍ ഒതുക്കി നിര്‍ത്താമെന്നു ഫെഡ് ചെയര്‍മാന്‍ പറഞ്ഞതാണ് സ്വര്‍ണത്തിനു തുണയായത്.
◾സാംസങ്ങ് ഗ്യാലക്സി എസ് 23 സീരിസ് സ്മാര്‍ട്ട് ഫോണുകള്‍ അവതരിച്ചു. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്പിന്റെ കരുത്തിലാണ് ഈ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ എത്തുന്നത്. മൂന്ന് പതിപ്പുകളാണ് ഈ ഫോണിന്റെതായി ഉള്ളത്. ഗ്യാലക്സി എസ് 23, എസ് 23 പ്ലസ്, ഗ്യാലക്സി എസ് 23 അള്‍ട്ര എന്നിവയാണ് അവ. സാംസങ്ങ്.കോം സൈറ്റില്‍ 1999 രൂപ നല്‍കി പ്രീ ഓഡര്‍ നല്‍കുന്നവര്‍ക്ക് ഇപ്പോള്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. സാംസങ് ഗാലക്‌സി എസ് 23 അള്‍ട്രാ ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീന്‍ എന്നീ എക്സ്‌ക്യൂസീവ് നിറങ്ങളില്‍ ലഭ്യമാകും. ഒപ്പം റെഡ്, ഗ്രാഫേറ്റ്, ലൈം, സ്‌കൈ ബ്ലൂ നിറങ്ങളിലും ഫോണ്‍ ലഭ്യമാകും. ഇന്ത്യയില്‍ ഈ ഹൈഎന്റ് ഫോണിന്റെ വിലയിലേക്ക് വന്നാല്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സാംസങ്ങ് ഗ്യാലക്സി എസ്23 അള്‍ട്രയുടെ അടിസ്ഥാന മോഡലിന് 1,24,999 രൂപയാണ് വില. അതുപോലെ ഗ്യാലക്സി എസ് 23 അള്‍ട്രായുടെ 512 ജിബി, 1 ടിബി വേരിയന്റുകള്‍ക്ക് യഥാക്രമം 13,4,999 രൂപയ്ക്കും 15,4,999 രൂപയ്ക്കും ലഭിക്കും. സാംസങ് ഗ്യാലക്‌സി എസ്23+ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 94,999 രൂപയും 8 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഹൈ എന്‍ഡ് മോഡലിന് 10,4,999 രൂപയുമാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഗ്യാലക്‌സി എസ്23 അടിസ്ഥാന മോഡലിന് 74,999 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജ് മോഡലിന് 79,999 രൂപയുമാണ് വില.
◾സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശാകുന്തളം’ എന്ന ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. ‘ഏലേലോ ഏലേലോ’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് മണി ശര്‍മ്മയാണ്. കൈലാസ് ഋഷി വരികള്‍ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ് കുല്‍ക്കര്‍ണിയാണ്. ഇദ്ദേഹം തന്നെയാണ് മലയാളം വെര്‍ഷനും പാടിയിരിക്കുന്നത്. ശാകുന്തളത്തില്‍ മലയാളത്തിന്റെ യുവ താരം ദേവ് മോഹന്‍ ആണ് ‘ദുഷ്യന്തനാ’യി വേഷമിടുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹന്‍. ചിത്രം ഫെബ്രുവരി 17ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസിന് എത്തും. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖര്‍ ആണ്.
◾തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഈ വര്‍ഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കിയിരിക്കുകയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാല്പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. 2022 ഡിസംബര്‍ 30ന് ആയിരുന്നു മാളികപ്പുറത്തിന്റെ റിലീസ്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയായിരുന്നു ചിത്രം പറഞ്ഞത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾പുതുവര്‍ഷത്തില്‍ വന്‍ കുതിച്ചുചാട്ടവുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. കണക്കുകള്‍ പ്രകാരം, 2023 ജനുവരിയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നിട്ടുള്ളത്. 1,47,348 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. 2022 ജനുവരിയില്‍ 1,28,924 യൂണിറ്റ് വാഹനങ്ങള്‍ മാത്രമണ് വില്‍ക്കാന്‍ സാധിച്ചത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 14.29 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. യാത്രാ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉള്‍പ്പെടെ എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് മാരുതി സുസുക്കി കാഴ്ചവെച്ചത്. ഇത്തവണ മാരുതിയുടെ പ്രതിമാസ വില്‍പ്പന 31.55 ശതമാനമായാണ് ഉയര്‍ന്നത്. എന്‍ട്രി ലെവല്‍ കാറുകളായ ഓള്‍ട്ടോ, എസ്- പ്രസ്സോ എന്നീ മോഡലുകളുടെ വില്‍പ്പന 25,446 യൂണിറ്റാണ്. അതേസമയം, കോംപാക്ട് കാറുകളായ സ്വിഫ്റ്റ്, ഡിസയര്‍, സെലേറിയോ, ബലെനോ എന്നീ മോഡലുകളുടെ വില്‍പ്പന 73,480 യൂണിറ്റായി ഉയര്‍ന്നു. ഇത്തവണ എസ്യുവികളുടെ വില്‍പ്പന മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, മാരുതി സിയാസ് വില്‍പ്പന 1,666 യൂണിറ്റില്‍ നിന്നും 1,000 യൂണിറ്റായി കുറഞ്ഞിട്ടുണ്ട്.
◾നമ്മുടെ നോവല്‍സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഇത് വേറിട്ടുനില്‍ക്കുന്ന കൃതിയാണ്. സാധാരണനിലപാടുകള്‍കൊേണ്ടാ പതിവുമാനദണ്ഡങ്ങള്‍കൊണ്ടോ ഇതിനെ അളക്കാനോ ഇതേതു കളത്തില്‍പ്പെടുന്നെന്ന് നിര്‍ണ്ണയിക്കാനോ കഴിയില്ല. അങ്ങനെയൊരു ശ്രമം വാസ്തവത്തില്‍ ഈ കൃതി ആവശ്യപ്പെടുന്നുമില്ല. ഒരു കൃതിയെ സമീപിക്കേണ്ടത് ആ കൃതിക്ക് ഇണങ്ങുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിച്ചു കൊണ്ടാവണം. അല്ലാതെ മുന്‍കൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഒരു കലാസൃഷ്ടിയെ അളക്കാന്‍ ശ്രമിക്കുന്നത് വ്യര്‍ത്ഥമായിരിക്കും. ആ ഒരു സത്യം ഈ നോവല്‍ ഒന്നുകൂടി ഉറപ്പിച്ചുപറയുന്നുണ്ട്. ഇതിന്റെ അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് അത് ഉള്‍ക്കൊള്ളുന്ന ജീവിതപരിണാമത്തെ, മാനവികതയെ അടയാളപ്പെടുത്തുക, മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ് ഈ നോവല്‍ ആവശ്യപ്പെടുന്നത്. ‘നന്ദി ആരോട് ചൊല്ലേണ്ടു’. ഡോ ഇ.കെ ഹരികുമാര്‍. മാതൃഭൂമി ബുക്സ്. വില 570 രൂപ.
◾അടിവയറ്റില്‍ കൊഴുപ്പടിഞ്ഞ് അരവണ്ണം കൂടുന്നത് പ്രമേഹം, ഹൃദ്രോഗം പോലെ ഗുരുതരമായ പല ശാരീരിക പ്രശ്നങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പാണ്. പുരുഷന്മാരില്‍ 90 സെന്റിമീറ്ററും സ്ത്രീകളില്‍ 80 സെന്റിമീറ്ററുമാണ് പരമാവധി ആകാവുന്ന അരവണ്ണം. ഇതിന് മുകളിലേക്കുള്ള അരയുടെ വണ്ണം ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം പോലെ പല ആരോഗ്യ പ്രശ്നങ്ങളുടെയും സാധ്യത വര്‍ധിപ്പിക്കും. ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധം വളരുന്നതിന്റെയും ലക്ഷണമാണ് അടിവയറ്റിലെ കൊഴുപ്പ്. അമിതമായ കൊഴുപ്പ് സൈറ്റോകീനുകള്‍, അഡിപ്പോസൈറ്റോകീനുകള്‍ പോലുള്ള പലതരം കെമിക്കലുകളുടെ സംഭരണിയാണ്. ഇതിലെ അഡിപ്പോസൈറ്റോകീനുകള്‍ ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു. ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്ന മറ്റൊരു കെമിക്കലായ അഡിപ്പോനെക്റ്റിന്റെ തോത് അടിവയറ്റില്‍ കൊഴുപ്പ് അടിയും തോറും കുറഞ്ഞു കൊണ്ടിരിക്കും. ഇന്‍സുലിന്‍ പ്രതിരോധം പ്രമേഹത്തിന് കാരണമാകുക മാത്രമല്ല കൊളസ്ട്രോളിന്റെ ചയാപചയത്തെയും ബാധിക്കും. ഇത് ശരീരത്തില്‍ ചീത്ത കൊളസ്ട്രോളിന്റെ തോത് ഉയരാന്‍ കാരണമാകും. ജീവിതശൈലീ മാറ്റങ്ങളിലൂടെ അരവണ്ണം ഫലപ്രദമായി കുറയ്ക്കാന്‍ സാധിക്കും. ആരോഗ്യപ്രദമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, പുകവലി ഉപേക്ഷിക്കല്‍ എന്നിവ ഗുണം ചെയ്യും. ടൈപ്പ് 2 പ്രമേഹ രോഗികള്‍ മെറ്റ്ഫോര്‍മിന്‍ കഴിക്കുന്നത് അരവണ്ണം കുറയാന്‍ സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.93, പൗണ്ട് – 101.49, യൂറോ – 90.17, സ്വിസ് ഫ്രാങ്ക് – 90.32, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 58.55, ബഹറിന്‍ ദിനാര്‍ – 217.27, കുവൈത്ത് ദിനാര്‍ -268.80, ഒമാനി റിയാല്‍ – 212.79, സൗദി റിയാല്‍ – 21.83, യു.എ.ഇ ദിര്‍ഹം – 22.30, ഖത്തര്‍ റിയാല്‍ – 22.50, കനേഡിയന്‍ ഡോളര്‍ – 61.71.