yt cover 21

വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കു തടയാന്‍ മികച്ച പഠന, നൈപുണ്യ സൗകര്യവും ശമ്പളവുമുള്ള തൊഴിലവസരങ്ങളും കേരളത്തില്‍ ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ വിദേശത്തേക്കു പോകുകയാണ്. അവിടങ്ങളിലുള്ള മികച്ച സാഹചര്യം ഇവിടേയും ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണല്‍ കോഴ്സുകാര്‍ക്കും ഒരുക്കും. കേരളം യുവാക്കള്‍ക്കു യോജ്യമായ സ്ഥലമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. യുവാക്കള്‍ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ കുടുംബം ആയുര്‍വേദ റിസോര്‍ട്ടില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം അന്വേഷണമെന്ന മാധ്യമങ്ങളുടെ പ്രചാരണം കള്ളമാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുത്തതാണ്. പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു

മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ ഗവര്‍ണറെ മറികടന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതിന്റെ രേഖകള്‍ പുറത്ത്. ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ലാത്ത നിയമ പ്രകാരം അഞ്ചംഗ കമ്മിറ്റി ഉണ്ടാക്കാന്‍ മന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടതിന്റെ ഫയല്‍ വിവരമാണു ചോര്‍ന്നത്. കമ്മിറ്റിയിലേക്കുള്ള സര്‍ക്കാര്‍ നോമിനിയെ നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം മറികടന്നാണ് മന്ത്രിയുടെ നിര്‍ദേശം നല്‍കിയത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

കോന്നി താലൂക്ക് ഓഫീസില്‍നിന്ന് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയത് ക്വാറി ഉടമയുടെ ബസില്‍. യാത്രാ സംഘത്തില്‍ തഹസില്‍ദാര്‍ എല്‍ കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. അവധി അപേക്ഷ നല്‍കാത്തവരും ഉല്ലാസയാത്രയിലുണ്ട്. ദേവികുളം, മൂന്നാര്‍ യാത്ര ഓഫീസ് സ്റ്റാഫ് കൗണ്‍സിലാണ് സംഘടിപ്പിച്ചത്. 3000 രൂപ വീതം പിരിവിട്ടാണ് യാത്ര.

വെള്ളക്കരം അഞ്ചു ശതമാനം വര്‍ധിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കില്ലെന്നു ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ലിറ്ററിന് ഒരു പൈസ നിരക്കില്‍ നിരക്കുവര്‍ധന ഏര്‍പ്പെടുത്തിയിരിക്കേ, പുതിയ വര്‍ധനകൂടി ഏര്‍പ്പെടുത്തില്ലെന്നു കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

അധികയാത്രാ ബത്തയായി കേരള സര്‍ക്കാര്‍ 30 ലക്ഷം രൂപ അനുവദിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യക്തിപരമായി താന്‍ പണം ആവശ്യപ്പെട്ടിട്ടല്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

അങ്കമാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. ബജറ്റിലെ നികുതി വര്‍ദ്ധനവിനെതിരെയാണ് കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്കു ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുപോകും. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ന്യൂമോണിയ ഭേദമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ നിര്‍ദ്ദേശാനുസരണം കെ.സി വേണുഗോപാല്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു.

കഴിഞ്ഞ ദിവസം പിറന്ന കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് രേഖയില്‍ പ്രസവിച്ച അമ്മ സഹദിന്റെ പേര് അച്ഛന്റെ സ്ഥാനത്തും പങ്കാളി സിയയുടെ പേരു അമ്മയുടെ സ്ഥാനത്തും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ആരോഗ്യ മന്ത്രിക്കു കത്തയച്ചു. ആരോഗ്യ വകുപ്പ് പ്രത്യേക ഉത്തരവിറക്കാതെ അങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് തരാനാവില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ നിലപാടെടുത്തതോടെയാണ് കത്തയച്ചത്.

സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ ഓട്ടത്തിനെതിരേ നടപടിയെടുക്കാന്‍ ഗതാഗത മന്ത്രി ഉദ്യോഗസ്ഥരുടേയും ബസുടമകളുടേയും യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കു കൊച്ചിയിലാണു യോഗം.

ആണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. യുക്തിവാദ സംഘടനയായ നോണ്‍ റിലീജിയസ് സിറ്റിസണ്‍സ് ആണ് കോടതിയെ സമീപിച്ചത്. മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കലാണിതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ തുടര്‍ന്ന് വേങ്ങര എ ആര്‍ നഗര്‍ ബാങ്ക് 18 കോടിയിലേറെ രൂപ പിഴയൊടുക്കി. ബാങ്കിലെ നിക്ഷേപങ്ങളില്‍ ക്രമക്കേടില്ലെന്ന് സര്‍ക്കാരും ബാങ്ക് അധികൃതരും അവകാശപ്പെട്ടിരുന്നു. എങ്കിലും വന്‍തുകയാണ് പിഴയൊടുക്കേണ്ടി വന്നത്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ തിരുവനന്തപുരത്ത് അന്തരിച്ചു. 75 വയസായിരുന്നു.

വിറ്റ വാഹനത്തിന്റെ രേഖകള്‍ ശരിയാക്കി കൊടുക്കാത്തതിന് എറണാകുളം നായരമ്പലത്ത് യുവാവിനെ സുഹൃത്ത് കൊലപെടുത്തി. നായരമ്പലം സ്വദേശി സനോജ് (44 ) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അനില്‍കുമാര്‍ പിടിയിലായി.

ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യാ ശ്രമം നടത്തിയ മലപ്പുറം സ്വദേശിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. രണ്ടത്താണി സ്വദേശി സഫ്വാന (23) യാണ് മരിച്ചത്. ഭര്‍ത്താവ് അര്‍ഷാദ് അലിയെ അറസ്റ്റ് ചെയ്തു.

പത്തനംതിട്ട പൂഴിക്കാട് സ്ത്രീയെ കൂടെ താമസിച്ചിരുന്നയാള്‍ തലയ്ക്കടിച്ചു കൊന്നു. മുളക്കുഴ സ്വദേശി സജിത (42) ആണ് മരിച്ചത്. ഷൈജുവിനെ പോലീസ് തെരയുന്നു.

പതിനേഴുകാരന് സ്‌കൂട്ടര്‍ നല്‍കിയ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയുംവരെ തടവും ശിക്ഷ. കൂട്ടിലങ്ങാടി കൂരിവീട്ടില്‍ റിഫാക്ക് റഹ്‌മാന്‍ (33)നെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

ഭിന്നശേഷിക്കാരിയെ തെയ്യം കാണാന്‍ അനുവദിക്കാതെ തിരിച്ചയച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കോറോം മുച്ചിലോട്ട് പെരുംകളിയാട്ട കമ്മിറ്റി. ഭിന്നശേഷിക്കാരിയായ സുനിതയെ വീട്ടിലെത്തി കണ്ട് മുച്ചിലോട്ട് കമ്മറ്റി ഖേദം അറിയിച്ചു. വീല്‍ ചെയര്‍ ഒരു വാഹനമായി കണ്ടാണ് ആചാരക്കാരന്‍ അനുമതി നല്‍കാതിരുന്നതെന്നു വിശദീകരിച്ചു.

അദാനി വിവാദത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ച ആരോപണങ്ങളെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ സഭാരേഖകളില്‍നിന്നു നീക്കി. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എന്നിവരുടെ ചങ്കില്‍ കൊള്ളുന്ന ആരോപണങ്ങള്‍ സഭാ രേഖകളില്‍നിന്നു നീക്കിയതിനു പിറകേ, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉന്നയിച്ച ആരോപണവും നീക്കം ചെയ്തു. അദാനിയുമായി സഹകരിക്കുന്ന കേരളവും രാജസ്ഥാനും പശ്ചിമ ബംഗാളും അടക്കമുള്ള പ്രതിപക്ഷ സര്‍ക്കാരുകളുടെ പട്ടിക ഉയര്‍ത്തി രാഷ്ട്രീയമായി നേരിടാനാണ് ബിജെപിയുടെ തീരുമാനം.

അപേക്ഷിച്ചാല്‍ തമിഴ്നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് അനുമതി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് പൊലീസിനോട് നിര്‍ദ്ദേശിച്ചു. റൂട്ട് മാര്‍ച്ചിന് മൂന്ന് തീയതികള്‍ നിര്‍ദ്ദേശിച്ച് പൊലീസിന് അപേക്ഷ നല്‍കാം. റൂട്ട് മാര്‍ച്ചില്‍ പ്രകോപനങ്ങള്‍ ഒന്നും ഉണ്ടാകരുതെന്നും കോടതി.

നാഗാലാന്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതോടെ ബിജെപി സ്ഥാനാര്‍ത്ഥി കസേതോ കിനിമി എതിരില്ലാതെ ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍ കെകാഷെ സുമിയാണ് പത്രിക പിന്‍വലിച്ചത്.

ഡല്‍ഹി മദ്യനയക്കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി മഗുന്ദ ശ്രീനിവാസലു റെഡിയുടെ മകന്‍ രാഘവ് മഗുന്ദയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു.

രാജസ്ഥാനില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് മാറി വായിച്ച സംഭവത്തില്‍ ധനമന്ത്രികൂടിയായ മുഖ്യമന്ത്രി അശോക് ഗെലോട്ട് എഐസിസി നേതൃത്വത്തിനു വിശദീകരണം നല്‍കി. ഉദ്യോഗസ്ഥര്‍ക്കു സംഭവിച്ച പിഴവെന്നാണ് ഗെലോട്ട് നല്‍കിയ വിശദീകരണം.

ഫേസ്ബുക്ക്, ഗൂഗിള്‍, യൂട്യൂബ് തുടങ്ങിയ വലിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്കു ലഭിക്കുന്ന പരസ്യ വരുമാനം മാധ്യമ സ്ഥാപനങ്ങളുമായി പങ്കിടണമെന്ന് ബിജെപി രാജ്യസഭാംഗം സുശീല്‍ കുമാര്‍ മോദി. പത്രങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും പരസ്യവരുമാനം നഷ്ടപ്പെട്ടതിനാല്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എയര്‍ ഇന്ത്യ പതിനായിരം കോടി ഡോളര്‍ മുടക്കി ഏകദേശം 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. ഇതിനുള്ള കരാറില്‍ ഒപ്പുവച്ചു.

അദാനി ഗ്രൂപ്പ് ഓഹരി ഈട് നല്‍കി കൂടുതല്‍ തുക വായ്പയെടുത്തു. അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്സ്, അദാനി ട്രാന്‍സ്മിഷന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ ഈടായി നല്‍കിയാണ് എസ്ബിഐ അടക്കമുള്ള ബാങ്കുകളില്‍നിന്നു വായ്പ എടുത്തത്. അദാനി എന്റെര്‍പ്രൈസസിന്റെ വായ്പാ തിരിച്ചടവിനായാണ് വീണ്ടും വായ്പയെടുത്തത്.

യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ ഉപദേശിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമയമുണ്ടോയെന്ന് അമേരിക്ക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ ദിവസം മോസ്‌കോയിലെത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടെന്നു വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി.

അമേരിക്കയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാത പേടകത്തെ യുദ്ധവിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തി. അലാസ്‌ക സംസ്ഥാനത്തിനു മുകളില്‍ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകര്‍ത്തത്.

തുര്‍ക്കി സിറിയ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. ദുരിത മേഖലയില്‍ ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിന് ഐക്യ രാഷ്ട്ര സഭ ലോകരാജ്യങ്ങളുടെ സഹായം തേടി.

യാഹൂവും 20 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ പരസ്യ സാങ്കേതിക വിഭാഗത്തിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് പിരിച്ചുവിടല്‍.

ഐഎസ്എല്ലില്‍ പ്ലേഓഫ് ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പതിനെട്ടാം റൗണ്ടില്‍ ബെംഗളുരു എഫ്സിയാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് കളി.

ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം. രണ്ടാമിന്നിംഗ്സില്‍ വെറും 91 റണ്‍സിന് പുറത്തായ ഓസ്ട്രേലിയക്കെതിരെ ഇന്നിംഗിനും 132 റണ്‍സിനുമാണ് ഇന്ത്യന്‍ വിജയം. രണ്ടാമിന്നിംഗ്സില്‍ രവിചന്ദ്ര അശ്വിന്‍ 5 വിക്കറ്റെടുത്തു.

വനിതാ ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നാളെ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്കു പരിക്കുകള്‍ തിരിച്ചടിയായി. കൈവിരലിനു പരിക്കേറ്റ ഓപ്പണര്‍ സ്മൃതി മന്ഥാന പാകിസ്ഥാനെതിരെ കളിച്ചേക്കില്ല. ഓസ്‌ട്രേലിയക്കെതിരായ സന്നാഹമത്സരത്തിലാണ് സ്മൃതിക്കു പരിക്കേറ്റത്. ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തില്‍ സ്മൃതി കളിച്ചില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ചുമലിനേറ്റ പരിക്കില്‍നിന്ന് മുക്തയായിട്ടില്ല.

ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി, ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സേമ, കിലിയന്‍ എംബാപ്പേ എന്നിവരാണ് ഫൈനലിസ്റ്റുകള്‍.

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് മൂന്നാം പാദത്തില്‍ മികച്ച നേട്ടം. കണക്കുകള്‍ പ്രകാരം, ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 6,334.19 കോടി രൂപയുടെ ലാഭമാണ് എല്‍ഐസി നേടിയത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 234.91 കോടി രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ, സെപ്തംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 15,952.49 കോടി രൂപയുടെ വരുമാനമാണ് എല്‍ഐസി നേടിയത്. മൂന്നാം പാദത്തില്‍ അറ്റ പ്രീമിയം വരുമാനം 97,620 കോടി രൂപ വര്‍ദ്ധിച്ച് 1.11 ലക്ഷം കോടി രൂപയായിട്ടുണ്ട്. കൂടാതെ, പുത്തന്‍ പ്രീമിയം വരുമാനം 8,748.55 കോടി രൂപയില്‍ നിന്നും 9,724.71 കോടി രൂപയായാണ് ഉയര്‍ന്നത്. ഇത്തവണ 84,889 കോടി രൂപ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനമായി ലഭിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം 9 മാസക്കാലയളവില്‍ എല്‍ഐസിയുടെ മൊത്തം പ്രീമിയം വരുമാനം 20.65 ശതമാനം വര്‍ദ്ധനവോടെ 3.42 ലക്ഷം കോടി രൂപയായി. അതേസമയം, എല്‍ഐസി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 44.34 ലക്ഷം കോടി രൂപയാണ്.

കൊക്കകോളയുമായി സഹകരിച്ച് റിയല്‍മി അവതരിപ്പിക്കുന്ന റിയല്‍മി 10 പ്രോ കൊക്കകോള എഡിഷന്‍ ഇന്ത്യയില്‍ റിലീസ് ചെയ്തു. രൂപകല്‍പ്പന റിയല്‍മി 10 പ്രോയുടേതിന് സമാനമാണെങ്കിലും ക്രോപ്പ് ചെയ്ത കൊക്കകോള ലോഗോയും ചേസിസില്‍ മാറ്റ് ഇമിറ്റേഷന്‍ മെറ്റല്‍ പ്രോസസ്സും ക്യാമറകള്‍ക്ക് ചുറ്റും ചുവന്ന കളറിലുള്ള റിങ്ങും ചേര്‍ത്തുകൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. ഫോണിന്റെ യൂസര്‍ ഇന്റര്‍ഫേസിലും കാര്യമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. കൊക്കകോള തീമിലുള്ള ആപ്പ് ഐക്കണുകള്‍, ലോക്ക് സ്‌ക്രീന്‍, വാള്‍പേപ്പറുകള്‍, ഒപ്പം ക്ലാസിക് കൊക്കകോള റിംഗ്‌ടോണും ബബ്ലി നോട്ടിഫിക്കേഷന്‍ തീമും ചേര്‍ത്തിട്ടുണ്ട്. ക്യാമറ ആപ്പിള്‍ ചേര്‍ത്ത ഫില്‍ട്ടറും അതോടൊപ്പം, കുപ്പി തുറക്കുന്ന ഷട്ടര്‍ സൗണ്ടും നിങ്ങള്‍ക്ക് ആസ്വദിക്കാം. ഈ പുതിയ ലിമിറ്റഡ് എഡിഷന്‍ ഫോണില്‍ കൊക്കകോള – ഇന്‍സ്പയേര്‍ഡ് സ്റ്റിക്കറുകള്‍, റിയല്‍മിയോ കൊക്കകോള ഫിഗര്‍, കലക്ടേര്‍സ് കാര്‍ഡ്, കൊക്കകോള ബോട്ടില്‍ ക്യാപ് ആകൃതിയിലുള്ള സിം ഇജക്ഷന്‍ പിന്‍ എന്നിവയടങ്ങുന്ന സ്പെഷ്യല്‍ എഡിഷന്‍ ഡീലക്സ് ബോക്‌സിലാണ് ഫോണ്‍ ലഭിക്കുക. 6.72 ഇഞ്ചുള്ള ഫ്ളാറ്റ് എഡ്ജ് ഡിസ്പ്ലേയാണ് റിയല്‍മി 10 പ്രോയ്ക്ക്. 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് കരുത്തേകുന്നത് സ്‌നാപ്ഡ്രാഗണ്‍ 695 സോക് ആണ്. 5,000എംഎഎച്ച് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 33വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുമുണ്ട്. ഹൈപ്പര്‍സ്പേസ് ഗോള്‍ഡ്, ഡാര്‍ക്ക് മാറ്റര്‍, നെബുല ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ ലോഞ്ച് ചെയ്തത്. 20,999 രൂപയാണ് വില, ഫെബ്രുവരി 14 മുതല്‍ ഫ്ലിപ്കാര്‍ട്ട് വഴിയും കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും വാങ്ങാം.

മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ക്രിസ്റ്റിയുടെ ട്രെയിലര്‍ എത്തി. സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍. ഇന്ദുഗോപനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോഹരമായ പ്രണയ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലറില്‍ നിന്നും വ്യക്തം. റോക്കി മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം റൊമാന്റിക്ക് ഫീല്‍ ഗുഡ് സിനിമയാണ്. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാര്‍ എന്ന സ്ഥലവും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍, അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രം ഫെബ്രുവരിയില്‍ 17ന് പ്രദര്‍ശനത്തിനെത്തുന്നു.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചലച്ചിത്ര പരമ്പരയിലെ പത്താമത്തെ ചിത്രമാണ് ‘ഫാസ്റ്റ് എക്‌സ്’. ആഗോള ബോക്സ് ഓഫീസില്‍ ഏറ്റവും ജനപ്രിയവുമായ ഫ്രാഞ്ചൈസികളിലൊന്നിന്റെ ക്ലൈമാക്സിന്റെ അരംഭമാണ് ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. രണ്ട് പാര്‍ട്ട് ആയിട്ടായിരിക്കും ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ അവസാനം. അതില്‍ ആദ്യത്തേതാണ് ഫാസ്റ്റ് എക്‌സ്. 20 വര്‍ഷം മുന്‍പ് ആരംഭിച്ച ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ ഒട്ടുമിക്ക പ്രധാന കഥാപാത്രങ്ങളും ഫാസ്റ്റ് എക്‌സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നിരവധി ത്രില്ലിംഗ് മിഷനുകളിലൂടെ അസാധ്യമായ പ്രതിബന്ധങ്ങള്‍ തട്ടിമാറ്റാറുള്ള വിന്‍ ഡീസല്‍ അവതരിപ്പിക്കുന്ന ഡോം ടൊറെറ്റോയും അയാളുടെ ഫാമിലിയും. പഴയ പ്രതികാരവുമായി എത്തുന്ന ശക്തനായ ഒരു വില്ലനെയാണ് പുതിയ ചിത്രത്തില്‍ നേരിടുന്നത് എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ഡാന്റെ എന്ന വില്ലനെ അവതരിപ്പിക്കുന്നത് ജേസണ്‍ മോമോവയാണ്. ലൂയിസ് ലെറ്റേറിയറാണ് ഫാസ്റ്റ് എക്‌സ് സംവിധാനം ചെയ്യുന്നത്. മിഷേല്‍ റോഡ്രിഗസ്, ടൈറീസ് ഗിബ്‌സണ്‍, ക്രിസ് ബ്രിഡ്ജസ്, നതാലി ഇമ്മാനുവല്‍, ജോര്‍ഡാന ബ്രൂസ്റ്റര്‍, സുങ് കാങ്, ജേസണ്‍ സ്റ്റാതം, ജോണ്‍ ഈസ്റ്റ് വുഡ്, സ്‌കോട്ട് ഈസ്റ്റ് വുഡ് എന്നിവര്‍ ചിത്രത്തിലുണ്ട്. ഓസ്‌കാര്‍ ജേതാക്കളായ ഹെലന്‍ മിറനും, ചാര്‍ലിസ് തെറോണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ടാക്സി വിഭാഗത്തിലേക്ക് ടൂറര്‍ എസുമായി മാരുതി സുസുക്കി. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 6.51 ലക്ഷം രൂപയും സിഎന്‍ജി പതിപ്പിന് 7.36 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ആര്‍ട്ടിക് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്, സില്‍ക്കി സില്‍വര്‍ എന്നീ നിറങ്ങളില്‍ വാഹനം ലഭിക്കും. ഡിസയറിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ചിരിക്കുന്ന ടൂററിന് ചെറിയ മാറ്റങ്ങളുണ്ട്. ഹെക്സഗണല്‍ ഗ്രില്ലും സ്വീപ്ബാക്ക് ഹെഡ്‌ലാംപുമാണ് വാഹനത്തിന്. എല്‍ഇഡി ടെയില്‍ലാംപും ടൂറര്‍ എസ് ബാഡ്ജിങ്ങുമുണ്ട് പിന്നില്‍. സുരക്ഷയ്ക്കായി എബിഎസ് ഇഎസ്പി, ഇബിഡി, ബ്രേക് അസിസ്റ്റ്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ഡ്യുവല്‍ എയര്‍ബാഗ് എന്നിവയുണ്ട്. കൂടാതെ അഡ്ജെസ്റ്റബിള്‍ സ്റ്റിയങ് വീല്‍, ഐഎസ്ഒഎഫ്ഐഎക്സ്, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്കിങ് എന്നീ സംവിധാനങ്ങളും. മാരുതിയുടെ കെ സീരിസ് 1.2 ലീറ്റര്‍ എന്‍ജിനാണ് ടൂറര്‍ എസില്‍. 89 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. സിഎന്‍ജി എന്‍ജിന് 76 ബിഎച്ച്പി കരുത്തും 98.5 എന്‍എം ടോര്‍ക്കും. പെട്രോള്‍ പതിപ്പിന് ലീറ്ററിന് 23.15 കിലോമീറ്ററും സിഎന്‍ജിക്ക് കിലോഗ്രാമിന് 32.12 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

ജീവിതത്തിന്റെ വിജയവും പരാജയവും തീരുമാനിക്കുന്നത് ഓരോരുത്തരുടെ മനോഭാവമാണ്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മനോഭാവമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. പലതരം പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതത്തില്‍ സംഭവിക്കുമ്പോഴും അതില്‍ തളരാതെ മുന്നോട്ടുപോകുന്നവരാണ് തങ്ങളുടെ ലക്ഷ്യം നേടിയവര്‍. ജീവിതത്തെ തുറന്ന മനസ്സോടെ സമീപിക്കാന്‍, പ്രസന്നമായ ചിന്തകളോടെ നോക്കിക്കാണാന്‍ പ്രചോദനം തരുന്ന പുസ്തകം. ‘മനോഭാവം അതല്ലേ എല്ലാം’. ജെഫ് കെല്ലര്‍. പരിഭാഷ – ശ്രീരാജ് കൊളേല്‍. മാതൃഭൂമി ബുക്സ്. വില 275 രൂപ.

വായ വൃത്തിയായി കാത്തുസൂക്ഷിക്കുന്നത് പല്ലുകള്‍ക്കും മോണയ്ക്കും മാത്രമല്ല മസ്തിഷ്‌കത്തിനും ഗുണം ചെയ്യുമെന്ന് ഗവേഷകര്‍. ദന്താരോഗ്യം മോശമാകുന്നത് മസ്തിഷ്‌കാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. ദന്താരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിലൂടെ വിലയിരുത്തിയത്. മോണയ്ക്കുണ്ടാകുന്ന അസുഖവും പല്ലുകൊഴിച്ചിലുമെല്ലാം ദന്താരോഗ്യം മോശമാവുന്നതിന്റെ ലക്ഷണങ്ങളാണ്. പല്ലുകളിലെ പോട്, പല്ലുകൊഴിയുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാമെന്നാണ് ഗവേഷണത്തില്‍ പറയുന്നത്. എം ആര്‍ ഐ സ്‌കാനിങിലൂടെ ഇങ്ങനെയുള്ളവരുടെ തലച്ചോറിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തുകയും ചെയ്തു. 2014 മുതല്‍ 2021 വരെ ഏകദേശം നാല്പതിനായിരം ആളുകളില്‍ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. പുകവലി പോലെയുള്ള ശീലങ്ങള്‍ ദന്താരോഗ്യം വഷളാക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. പ്രമേഹം പോലുള്ള രോഗങ്ങളും അപൂര്‍വ്വമായി മാത്രം വ്യക്തികളുടെ ജനിതകഘടകയും ഇതിന് കാരണമായേക്കാം. കാവിറ്റിയോ പല്ലുകൊഴിച്ചിലോ ഒക്കെ വരാന്‍ സാധ്യതയുള്ളവരില്‍ സെറിബ്രോവാസ്‌കുലര്‍ രോഗങ്ങള്‍ക്കുമുള്ള സാധ്യതയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.52, പൗണ്ട് – 99.52, യൂറോ – 88.11, സ്വിസ് ഫ്രാങ്ക് – 89.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.09, ബഹറിന്‍ ദിനാര്‍ – 219.49, കുവൈത്ത് ദിനാര്‍ -270.54, ഒമാനി റിയാല്‍ – 214.87, സൗദി റിയാല്‍ – 22.04, യു.എ.ഇ ദിര്‍ഹം – 22.47, ഖത്തര്‍ റിയാല്‍ – 22.67, കനേഡിയന്‍ ഡോളര്‍ – 61.63.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *