p10 yt cover

ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികള്‍ക്കും വധശിക്ഷ. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്റഫ് എന്നിവരാണു വധശിക്ഷയ്ക്കു വിധിപ്പക്കപ്പെട്ട പ്രതികള്‍. ഒറ്റ കേസില്‍ ഇത്രയധികം പ്രതികളെ വധശിക്ഷയ്ക്കു വിധിക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്. പ്രതികളില്‍നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ ആറു ലക്ഷം രൂപ കൊല്ലപ്പെട്ട രണ്‍ജിത്തിന്റെ കുടുംബാംഗങ്ങള്‍ക്കു നല്‍കണം. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. 2021 ഡിസംബര്‍ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ അതിക്രമിച്ചു കയറി പ്രതികള്‍ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്.

കേന്ദ്ര ബജിനു മുന്‍പ് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് ഉണ്ടാകില്ല. പകരം പത്തു വര്‍ഷത്തെ സാമ്പത്തിക അവലകോന റിപ്പോര്‍ട്ട് പുറത്തിറക്കി. ഈ സാമ്പത്തികവര്‍ഷം 7.3 ശതമാനം വളര്‍ച്ച നേടുമെന്നും അടുത്ത വര്‍ഷം ഏഴ് ശതമാനത്തിലധികം വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2030 ല്‍ ഏഴ് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും. ഹോങ്കോംഗിനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ സ്റ്റോക്ക് മാര്‍ക്കറ്റായി. റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ ധനപ്രതിസന്ധിക്കു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ പഴിച്ചുകൊണ്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയചര്‍ച്ച. റോജി എം ജോണ്‍ എംഎല്‍എ ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചൂണ്ടിക്കാണിച്ച റോജി എം ജോണ്‍ ധനസ്ഥിതി മോശമാകാന്‍ കാരണം ഇടതുസര്‍ക്കാരിന്റെ ധൂര്‍ത്താണെന്ന് ആരോപിച്ചു. നികുതി പിരിവും കാര്യക്ഷമമല്ല. ഇന്ധനസെസ് പിന്‍വലിക്കണമെന്നും റോജി എം ജോണ്‍ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും റോജി എം ജോണ്‍ പറഞ്ഞു. കേന്ദ്രത്തെ വിമര്‍ശിച്ചു പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യം പിന്‍വലിച്ച് സിപിഎം എംഎല്‍എ എച്ച് സലാം. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളും അവയുടെ രാഷ്ട്രീയ ബന്ധവും വ്യക്തമാക്കണമെന്ന ചോദ്യമാണ് പിന്‍വലിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനു സാധ്യതയെന്നു സിപിഎം സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തില്‍. എന്നാല്‍ ഇടതു മുന്നണിക്ക് 2019 നെക്കാള്‍ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു വൈകുന്നേരം മുതല്‍ രണ്ടു ദിവസം കൊച്ചിയില്‍. സുരക്ഷയ്ക്ക് 65 അംഗ സിആര്‍പിഎഫ് സംഘം കൊച്ചിയില്‍ എത്തും.

ജനപക്ഷം നേതാവ് പി സി ജോര്‍ജ് ബിജെപിയിലേക്ക്. ബിജെപി കേന്ദ്ര നേതൃത്വവുമായി ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും. മുന്നണി എന്ന നിലയില്‍ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബിജെപിയില്‍ ചേരണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ജോര്‍ജ് പറഞ്ഞു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നു പ്രസംഗിച്ച നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ വലയില്‍ ജനങ്ങള്‍ വീഴില്ലെന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പിനു വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമമെന്നും സലാം പറഞ്ഞു.

ഇടുക്കി ശാന്തന്‍പാറ സിപിഎം പാര്‍ട്ടി ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി. പാര്‍ട്ടി തന്നെയാണ് സംരക്ഷണ ഭിത്തി പൊളിച്ചുമാറ്റിയത്. റോഡ് പുറമ്പോക്ക് കൈയേറിയാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു.

ഇടുക്കി പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നു പ്രതികള്‍ക്കും 90 വര്‍ഷം തടവും നാല്‍പതിനായിരം രൂപ പിഴയും ശിക്ഷ. പ്രതികളായ തമിഴ്നാട് സ്വദേശി സുഗന്ദ്, ശിവകുമാര്‍, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെയാണു ദേവികുളം അതിവേഗ കോടതി ശിക്ഷിച്ചത്.

അപൂര്‍വ രോഗം ബാധിച്ച മകനെ വളര്‍ത്താനാകാത്തതിനാല്‍ ദയാവധം ആവശ്യപ്പെട്ട കുടുംബത്തിനു സഹായവുമായി കോട്ടയം ജില്ലാ ശിശുക്ഷേമ സമിതി. കൊഴുവനാലിലെ സ്മിത ആന്റണിയുടെ മക്കളെ ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു. കുട്ടികളുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അടിയന്തര നടപടി എടുക്കുമെന്ന് ശിശുക്ഷേമ സമിതി കുടുംബത്തിന് ഉറപ്പുനല്‍കി.

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനും. കേരളത്തില്‍ ഒന്നാമതാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍. കേസുകള്‍ തീര്‍പ്പാക്കുന്നതിലെ മികവിനാണ് സ്റ്റേഷന് അംഗീകാരം ലഭിച്ചത്. ഫെബ്രുവരി ആറിനു പുരസ്‌കാരം ഏറ്റുവാങ്ങും.

മലപ്പുറം കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്തു വീണ് നാലു വയസുകാരന്‍ മരിച്ചു. മുള്ളമടക്കല്‍ ഷിഹാബുദ്ധീന്‍, റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്.

പാലക്കാട് കോട്ടായിയില്‍ മൂന്നു വയസുള്ള കുഞ്ഞുമായി ആത്മഹത്യക്കു ശ്രമിച്ച അമ്മ മരിച്ചു. കരിയംകോട് മേക്കോണ്‍ സുരേഷിന്റെ ഭാര്യ വിന്‍സി (37) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ മൂന്നു വയസുകാരി മകളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

തിരുവനന്തപുരം നീറമണ്‍കരയില്‍ അലമാര തലയില്‍ വീണ് വയോധിക മരിച്ചു. വിനായക നഗറില്‍ രാജലക്ഷ്മി (83) ആണ് മരിച്ചത്. തനിച്ചു താമസിക്കുന്ന ഇവരെ രണ്ടു ദിവസമായി കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് കട്ടിലിനു മുകളിലേക്ക് അലമാര വീണു കിടക്കുന്നതു കണ്ടെത്തിയത്.

കാസര്‍കോട് പള്ളത്ത് രണ്ടു പേരെ ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിര്‍ (19), നിഹാല്‍ (19) എന്നിവരാണ് മരിച്ചത്. മോഷണക്കേസുകളില്‍ പ്രതികളായിരുന്ന ഇരുവരും മോഷ്ടിച്ചതെന്ന് കരുതുന്ന നാല് മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.

മഹാത്മ ഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം രാജ്യമെങ്ങും ആചരിച്ചു. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് സര്‍വമത പ്രാര്‍ത്ഥനയും നടന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നു.

കുടിശ്ശികയായ 18,000 കോടി രൂപയുടെ കേന്ദ്ര വിഹിതം ഉടനേ തരണമമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പദയാത്ര. ബംഗാളിലെ ചോപ്രയില്‍ ഒന്നരകിലോമീറ്ററാണ് മമത നടന്നത്. ഏഴു ദിവസത്തിനകം കുടിശ്ശികയായ വിഹിതം തന്നില്ലെങ്കില്‍ സമരം തുടങ്ങുമെന്നു മമത പ്രഖ്യാപിച്ചു.

ചൈനയില്‍ കഴിഞ്ഞ വര്‍ഷം 1,10,000 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അഴിമതിക്കു ശിക്ഷിക്കപ്പെട്ടെന്ന് ഉന്നത അഴിമതി വിരുദ്ധ സമിതിയുടെ കണക്കുകള്‍ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കാത്തവരും പണവും സമ്മാനങ്ങളും കൈപ്പറ്റിയവരുമാണ് അച്ചടക്ക നടപടി നേരിട്ടത്.

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പാക് കോടതി പത്തു വര്‍ഷത്തെ തടവു ശിക്ഷയ്ക്കു വിധിച്ചു. ഔദ്യോഗിക രേഖകള്‍ പരസ്യമാക്കിയെന്ന കേസിലാണു ശിക്ഷ.

ആകാശ ചാട്ടത്തിനിടെ പാരച്യൂട്ട് പ്രവര്‍ത്തിച്ചില്ല, സ്‌കൈ ഡൈവര്‍ മരിച്ചു. ബ്രിട്ടീഷ് ബേസ് ജമ്പറായ നതി ഓഡിന്‍സണ്‍ (33) ആണ് തായ്‌ലന്‍ഡിലെ പട്ടായയില്‍ 29 നിലകളുള്ള അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിന്റെ മുകളില്‍നിന്ന് ചാടി മരണത്തിനകപ്പെട്ടത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടനേട്ടത്തിനു പിന്നാലെ റാങ്കിംഗില്‍ ഒന്നാം റാങ്ക് നേടി ഇന്ത്യന്‍ ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണ. ഇതോടെ ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ പുരുഷ താരമെന്ന ചരിത്ര നേട്ടവും 43 കാരനായ ബൊപ്പണ്ണ സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീട നേട്ടത്തോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ ഗ്രാന്‍സ്ലാം ജേതാവാകുന്ന ഏറ്റവും പ്രായമേറിയ പുരുഷ താരമെന്ന റെക്കോഡും ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു.

നവംബറിലും ഡിസംബറിലും വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പുതുവര്‍ഷത്തില്‍ ഇന്ത്യയിയെ കൈവിട്ടു. ഏഷ്യയില്‍ തന്നെ ഈ മാസം ഇതിനകം ഏറ്റവുമധികം വിദേശ നിക്ഷേപ നഷ്ടം നേരിട്ടത് ഇന്ത്യയാണ്. 261.81 കോടി ഡോളറാണ് (ഏകദേശം 22,000 കോടി രൂപ) ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഈ മാസം ഇതിനകം വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യയെ കൂടാതെ വിദേശ നിക്ഷേപം നഷ്ടപ്പെട്ട പ്രമുഖ രാജ്യം ശ്രീലങ്കയാണ്. 58 ലക്ഷം ഡോളറാണ് (4,800 കോടി രൂപ) ശ്രീലങ്കയുടെ നഷ്ടം. പുതുവര്‍ഷത്തില്‍ ഇതിനകം വിദേശ നിക്ഷേപകരുടെ പ്രിയം ഏറ്റവുമധികം ഏറ്റുവാങ്ങിയത് ജാപ്പനീസ് ഓഹരികളാണ്. 1,228.49 കോടി ഡോളര്‍ വിദേശ നിക്ഷേപം ഇതിനകം ജപ്പാന്‍ നേടി. 223.4 കോടി ഡോളര്‍ നേടി ദക്ഷിണ കൊറിയയും 171.91 കോടി ഡോളര്‍ സ്വന്തമാക്കി തായ്വാനും തിളങ്ങി. തായ്‌ലന്‍ഡ് (80.34 കോടി ഡോളര്‍), ഇന്‍ഡോനേഷ്യ (40.70 കോടി ഡോളര്‍) എന്നിവയും ഭേദപ്പെട്ട നിക്ഷേപം നേടി. മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നിവയും വിദേശ നിക്ഷേപത്തില്‍ വളര്‍ച്ചയാണ് ജനുവരിയില്‍ ഇതിനകം കുറിച്ചത്. കോര്‍പ്പറേറ്റ് കമ്പനികളുടെ മോശം ഡിസംബര്‍പാദ പ്രവര്‍ത്തനഫലം, മദ്ധ്യേഷ്യയിലെയും ചെങ്കടലിലെയും യുദ്ധാന്തരീക്ഷം, അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് വര്‍ധന തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയില്‍ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് വഴിവച്ചത്. ഇന്ത്യന്‍ കമ്പനികളുടെ നിയന്ത്രണം വിദേശ നിക്ഷേപകരുടെ കൈവശമെത്താതിരിക്കാനായി സെബി അടുത്തിടെ പുറത്തിറക്കിയ കര്‍ശന മാനദണ്ഡങ്ങളും വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ആക്കംകൂട്ടി.

വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കുണ്ടായിരുന്ന സൗജന്യ സ്റ്റോറേജ് ഉടന്‍ അവസാനിക്കും. 2024 ജനുവരി മുതല്‍, ചാറ്റ് ബാക്കപ്പുകള്‍ക്കായി ഗൂഗിള്‍ ഡ്രൈവിനെ ആശ്രയിക്കേണ്ടിവരുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. ഈ മാസം അവസാനത്തോടെ മാറ്റം നടപ്പിലാകുമെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍, ഈ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഏറ്റവും പുതിയ അപ്ഡേറ്റ് അര്‍ത്ഥമാക്കുന്നത് എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ അവരുടെ ബാക്കപ്പ് ഡാറ്റ സ്വയം മാനേജ് ചെയ്യേണ്ടിവരും എന്നതാണ്. ഗൂഗിളിന്റെ ക്ലൗഡ് സ്റ്റോറേജ് സേവനം സൗജന്യമോ പണമടച്ചുള്ള പ്ലാനോ ആയിക്കോട്ടെ, നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ജിമെയില്‍ സ്റ്റോറേജ് ഉപയോഗപ്പെടുത്തി ഗൂഗിള്‍ ഡ്രൈവിലേക്ക് ചാറ്റ് ബാക്കപ്പുകള്‍ ശേഖരിക്കും. വാട്‌സ്ആപ്പ് അക്കൗണ്ടിന്റെ സെറ്റിങ്സിലെ ചാറ്റ് ബാക്കപ്പ് ഓപ്ഷനില്‍ പോയാല്‍ ക്ലൗഡ് അക്കൗണ്ടിലേക്ക് ബാക്കപ്പ് ചെയ്തിരിക്കുന്ന വാട്ട്സ്ആപ്പ് ഡാറ്റയുടെ സ്റ്റോറേജ് കാണാം. ചാറ്റുകളും മീഡിയയും ഗൂഗിള്‍ അക്കൗണ്ടിന്റെ സ്റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യുക എന്ന ഒപ്ഷന്‍ കാണാം. പുതിയ ഫോണിലും ഇവ പുനഃസ്ഥാപിക്കാം. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.24.3.21 ബാക്കപ്പ് സ്റ്റോറേജിനായി ഈ പുതിയ മാറ്റങ്ങള്‍ കാണിക്കുന്നുണ്ട്.

നടനും സംവിധായകനും നിര്‍മ്മാതാവുമായ ദിലീഷ് പോത്തന്‍ നായകനായെത്തുന്ന ‘മനസാ വാചാ’യുടെ പ്രൊമോ സോംഗ് പുറത്തിറങ്ങി. ‘മനസാ വാചാ കര്‍മ്മണാ’ എന്ന പേരില്‍ എത്തിയ പ്രൊമോ സോംഗ് ജാസി ഗിഫ്റ്റ് ആണ് ആലപിച്ചിരിക്കുന്നത്. സുനില്‍ കുമാര്‍ പി കെ വരികളും സംഗീതവും ഒരുക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായം നേടുകയാണ്. നവാഗതനായ ശ്രീകുമാര്‍ പൊടിയനാണ് മനസാ വാചാ എന്ന ചിത്രത്തിന്റെ സംവിധായകന്‍. മജീദ് സെയ്ദ് തിരക്കഥ രചിച്ച ഈ ചിത്രം ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തും. ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്സാണ്ടര്‍, കിരണ്‍ കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, സായ് കുമാര്‍, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പ്രിയം, ഗോഡ്സ് ഓണ്‍ കണ്‍ട്രി, ഹയ തുടങ്ങിയ സിനിമകള്‍ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ‘അന്ധകാരാ’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിന് എത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലര്‍ ചിത്രമാണ് അന്ധകാരാ. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗര്‍, ആന്റണി ഹെന്റി, മെറീന മൈക്കിള്‍, അജിഷ പ്രഭാകരന്‍, സുധീര്‍ കരമന, കെ ആര്‍ ഭരത് തുടങ്ങിയവരാണ് മറ്റ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഏസ് ഓഫ് ഹേര്‍ട്സ് സിനി പ്രൊഡക്ഷന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ ആണ് അന്ധകാരാ നിര്‍മ്മിക്കുന്നത്. എ എല്‍ അര്‍ജുന്‍ ശങ്കറും പ്രശാന്ത് നടേശനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകന്‍ മനോ വി നാരായണനാണ്. അനന്തു വിജയ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. അരുണ്‍ മുരളീധരനാണ് സംഗീത സംവിധാനം.

ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ബൈവൈഡി, ചൈനീസ് വിപണിയില്‍ ഒരു ചെറിയ ഇലക്ട്രിക് എസ്യുവിയായ ബിവൈഡി അറ്റോ 2 അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ചൈനീസ് ഹോമോലോഗേഷന്‍ ഫയലിംഗില്‍ ഈ ചെറിയ ഇ-എസ്യുവി വെളിപ്പെടുത്തിയിട്ടുണ്ട്. അറ്റോ 2 ഇലക്ട്രിക് എസ്യുവി ആഗോള വിപണിയില്‍ ജീപ്പ് അവഞ്ചറിനും ഹ്യുണ്ടായ് കോന ഇവിക്കും എതിരാളിയാകും. അറ്റോ 3 യ്ക്ക് യുവാന്‍ പ്ലസ് എന്ന് പേരിട്ടിരിക്കുന്നതിനാല്‍ ബിവൈഡി അറ്റോ 2 ചൈനയില്‍ യുവാന്‍ അപ്പ് ആയി വില്‍ക്കും. ഫ്രണ്ട്-വീല്‍-ഡ്രൈവ് ലേഔട്ട് ഫീച്ചര്‍ ചെയ്യുന്ന, പുതിയ ഇലക്ട്രിക് എസ്യുവി ബിവൈഡിയുടെ പുതിയ മൂന്നാം തലമുറ ഇലക്ട്രിക് കാര്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ ഇ-പ്ലാറ്റ്ഫോം 3.0 എന്ന് വിളിക്കുന്നു. ഇത് ഡോള്‍ഫിന്‍ ഹാച്ച്ബാക്കിനും അറ്റോ 3 ക്രോസ്ഓവറിനും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക. ചൈന മാത്രമല്ല, ബിവൈഡി അറ്റോ 2 ഇലക്ട്രിക് എസ്യുവി 2025-ഓടെ യൂറോപ്യന്‍ വിപണികളിലും വില്‍പ്പനയ്‌ക്കെത്തും. ഇലക്ട്രിക് എസ്യുവി ഇടത്-വലത്-ഡ്രൈവ് ഫോമില്‍ വാഗ്ദാനം ചെയ്യും.

ആചാരങ്ങളുടെയെല്ലാം പരിവേഷങ്ങള്‍ അഴിച്ചുവെച്ച് നിസ്സാരതകളോടും ചെറുതുകളോടും ഒപ്പം നില്‍ക്കുന്ന ആത്മീയ ആചാര്യനാണ് ബോബി ജോസ് അച്ചന്‍. തോറ്റവരുടെയും ഉന്മാദികളുടെയും ഏകാകികളുടെയും സൗഹൃദവലയത്തിനുള്ളില്‍ നിലനില്‍ക്കുന്ന ബോബി ജോസ് അച്ചന്റെ ആത്മഗതങ്ങളാണ് ഈ പുസ്തകം. കേരളീയ ബാല്യത്തിന്റെ ഒരു പരിച്ഛേദം, ഒരുപക്ഷേ, നമുക്ക് അതില്‍ വായിക്കാം . നഷ്ടപ്പെട്ടുതുടങ്ങിയ നമ്മുടെ നിഷ്‌കളങ്കതയിലേക്ക് ഒരു മടക്കയാത്രയാണ് ഇത്. ‘വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍’. ബോബി ജോസ് കട്ടികാട്. ഡിസി ബുക്സ്. വില 350 രൂപ.

ശുഭാപ്തി വിശ്വാസം അതിരു കടക്കുന്നത് ജീവിതത്തില്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കാന്‍ കാരണമാകുകയും സാമ്പത്തിക സ്ഥിതിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാം. അമിതമായ ശുഭാപ്തി വിശ്വാസം കുറഞ്ഞ ധാരണശേഷിയുമായും ബന്ധപ്പെട്ടിരിക്കുന്നതായി ബാത് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഉയര്‍ന്ന ധാരണശേഷിയുള്ളവര്‍ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളില്‍ കുറച്ചൊക്കെ യാഥാര്‍ത്ഥ്യ ബോധവും അശുഭപ്രതീക്ഷയും പുലര്‍ത്തുന്നവരായിരിക്കുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. കുറഞ്ഞ ധാരണശേഷിയുള്ളവര്‍ സ്വയംപ്രശംസയുടെ സ്വാധീനശക്തിയില്‍ വീണുപോകാനും യാഥാര്‍ത്ഥ്യബോധമില്ലാത്ത വ്യാമോഹങ്ങള്‍ വച്ചു പുലര്‍ത്താനും സാധ്യതയുണ്ടെന്ന് ബാത് സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ ഡോ. ക്രിസ് ഡൗസണ്‍ ചൂണ്ടിക്കാട്ടി. പരിണാമവഴിയില്‍ പ്രകൃത്യാ ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നവരാണ് മനുഷ്യര്‍. മികച്ചൊരു ഭാവിയെന്ന പ്രതീക്ഷയാണ് മനുഷ്യകുലത്തെ എന്നും മുന്നോട്ട് നയിച്ചിട്ടുള്ളതും. എന്നാല്‍ ഉയര്‍ന്ന ധാരണശേഷിയുള്ളവര്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ ഈ സ്വഭാവിക മനുഷ്യ പ്രതികരണത്തെ കീഴടക്കി കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതായി ഗവേഷണറിപ്പോര്‍ട്ട് പറയുന്നു. അമിതശുഭാപ്തി വിശ്വാസത്തിലൂന്നിയ പദ്ധതികള്‍ മോശം തീരുമാനങ്ങളിലേക്കും മോശം ഫലങ്ങളിലേക്കും നയിക്കാനുള്ള സാധ്യത അധികമാണെന്നും ഡോ. ക്രിസ് കൂട്ടിച്ചേര്‍ക്കുന്നു. തൊഴില്‍, നിക്ഷേപം, സമ്പാദ്യം എന്നിവയെ ചുറ്റിപറ്റിയുള്ള സുപ്രധാനമായ സാമ്പത്തിക വിഷയങ്ങളിലുള്ള തീരുമാനങ്ങളെയും അമിതശുഭാപ്തി വിശ്വാസം ബാധിക്കാം. ധനവുമായി ബന്ധപ്പെട്ട അതിരു കടന്ന ശുഭാപ്തി വിശ്വാസം ഒരാളെ ധാരാളിത്തത്തിലേക്കും അമിത ഉപഭോഗത്തിലേക്കും കടത്തിലേക്കും അപര്യാപ്തമായ സമ്പാദ്യത്തിലേക്കും നയിക്കാവുന്നതാണ്. ബിസിനസ്സ് തകര്‍ച്ചകളിലേക്കും തെറ്റായ നിക്ഷേപത്തിലേക്കുമൊക്കെ ഈ ശുഭാപ്തി വിശ്വാസം നയിക്കാമെന്നും പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.13, പൗണ്ട് – 105.44, യൂറോ – 89.97, സ്വിസ് ഫ്രാങ്ക് – 96.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.91, ബഹറിന്‍ ദിനാര്‍ – 220.51, കുവൈത്ത് ദിനാര്‍ -270.17, ഒമാനി റിയാല്‍ – 215.94, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.63, ഖത്തര്‍ റിയാല്‍ – 22.83, കനേഡിയന്‍ ഡോളര്‍ – 62.01.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *