ഇന്ത്യയിലെ ആദ്യ ടെസ്ല ഡീലര്‍ഷിപ്പ് മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ തന്നെ അതിനുള്ള അവസരം ലഭിക്കുകയാണ്. ടെസ്ലയുടെ ജനപ്രിയ ഇലക്ട്രിക് എസ്യുവികളിലൊന്നായ മോഡല്‍ വൈ ആണ് ആദ്യ വാഹനമായി ടെസ്ല ഇന്ത്യയില്‍ എത്തിച്ചത്. വാഹനത്തിന്റെ ബുക്കിങ് തുടങ്ങി. ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കോട്ടക് മഹീന്ദ്ര പ്രൈം സാമ്പത്തിക സഹായം നല്‍കും. കോട്ടക് ഗ്രൂപ്പിന്റെ ഓട്ടോ ഫിനാന്‍സിങ് വിഭാഗമായ കോട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡാണ് സഹകരണവുമായി എത്തിയത്. ഇന്ത്യയില്‍ ഈ പദവി ലഭിക്കുന്ന, ടെസ്ലയുമായി സഹകരിക്കുന്ന ആദ്യത്തെ ധനകാര്യ സ്ഥാപനമാണിത്. ടെസ്ല ഇവി വാങ്ങുന്നവര്‍ക്കായി കോട്ടക് മഹീന്ദ്ര പ്രൈം പ്രത്യേക കാര്‍ ഫിനാന്‍സ് പ്ലാനുകളാണ് മുന്നോട്ട് വയ്ക്കുന്നത്. രണ്ടു മോഡലുകളുമായി ഇന്ത്യയില്‍ എത്തുന്ന വൈയുടെ റിയര്‍ വീല്‍ ഡ്രൈവ് മോഡലിന് 59.89 ലക്ഷം രൂപയും ലോങ് റേഞ്ച് റിയര്‍വീല്‍ ഡ്രൈവിന് 67.89 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. അടിസ്ഥാന മോഡലിന്റെ ഓണ്‍റോഡ് വില 60.99 ലക്ഷം രൂപയും ലോങ് റേഞ്ച് മോഡലിന് 69.07 ലക്ഷം രൂപയുമാണ്.