കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ മൂന്നുനിര സീറ്റ് വാഹനമായ സൊറെന്റോ എസ്യുവി 2023 ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറും. 2020ല്‍ ആഗോള വിപണിയില്‍ അരങ്ങേറിയ നാലാം തലമുറ വാഹനമാണ് ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്നത്. സഹോദര ബ്രാന്‍ഡായ ഹ്യുണ്ടേയ്യുടെ സാന്റാഫേ എന്ന മോഡലിന്റെ കിയ സമാന മോഡലാണ് സൊറെന്റോ. ആഗോള വിപണിയില്‍ കിയ സ്‌പോര്‍ടേജ് ഫ്‌ലാഗ്ഷിപ് മോഡലായ ടെല്യുറൈഡ് എസ്യുവി എന്നിവയുടെ മധ്യത്തിലാണ് ഈ വാഹനത്തിന്റെ സ്ഥാനം. കിയ വാഹനങ്ങളുടെ രൂപത്തോടു വളരെയധികം സമാനതകളുള്ള ഡിസൈനാണ് സൊറെന്റോയ്ക്കും. 1.6 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും വാഹനത്തിനെന്നു പ്രതീക്ഷിക്കാം. 44.2കിലോവാട്ട് കരുത്തുള്ള ഇലക്ട്രിക് മോട്ടര്‍ ഉള്‍പ്പെടെയുള്ള സന്നാഹം 230 എച്ച്പി 350 എന്‍എം ടോര്‍ക്ക് ഉള്‍പ്പെടെ ഉല്‍പാദിപ്പിക്കും. 6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും വാഹനത്തിനു ലഭിക്കും. ഹൈബ്രിഡ് ഇല്ലാത്ത കരുത്ത് കൂടിയ കംബസ്റ്റ്യന്‍ മോഡലും വാഹനത്തില്‍ ഉണ്ടാകും. 2.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 191 എച്ച്പി 246 എന്‍എം കരുത്ത് ഉല്‍പാദനമാകും ലഭ്യമാകുക.