എംപിവി സെഗ്മെന്റിലേയ്ക്ക് ക്ലാവിസിനെ പുറത്തിറക്കി കിയ. കാരന്‍സിന് അപ്‌ഡേറ്റഡ് മോഡലായാണ് ക്ലാവിസിനെ കിയ എത്തിക്കുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓണ്‍ലൈനായോ കിയ ഡീലര്‍ഷിപ്പുകള്‍ വഴിയോ മെയ് ഒമ്പതു മുതല്‍ പുതിയ വാഹനം ബുക്ക് ചെയ്യാം. വില അടുത്തമാസം പ്രഖ്യാപിക്കുമെന്നാണ് കിയ അറിയിക്കുന്നത്. ആറ് എന്‍ജിന്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഏഴ് വേരിയന്റുകളില്‍ എട്ടു നിറത്തില്‍ പുതിയ എംപിവി ലഭിക്കും. സെഗ്മെന്റിലെ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന പല ഫീച്ചറുകളുമായാണ് കിയ ക്ലാവിസിന്റെ വരവ്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ മോഡലുകളില്‍ വാഹനം ലഭിക്കും. 115 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 160 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനും 116 ബിഎച്ച്പി കരുത്തുള്ള ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളുമുണ്ട് ക്ലാവിസില്‍. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് ആറ് സ്പീഡ് ഐഎംടി, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സും 1.5 ലീറ്റര്‍ ഡീസലിന് ആറ് സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുകളും ലഭിക്കും.