ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ കുതിപ്പുമായി കേരളം. പരിവാഹന്‍ രജിസ്‌ട്രേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2022- ല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ 454 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, കഴിഞ്ഞ വര്‍ഷം 39,525- ഓളം ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തുകളില്‍ ഓടിത്തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചത് ഡിസംബര്‍, നവംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളിലാണ്. ഈ മൂന്നു മാസങ്ങളിലും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 4,000 കവിഞ്ഞിട്ടുണ്ട്. അതേസമയം, ഏറ്റവും കുറവ് വില്‍പ്പന നടന്നത് ജനുവരിയിലാണ്. 1,722 യൂണിറ്റുകള്‍. 2021-ലെ കണക്കുകള്‍ പ്രകാരം, ആകെ 8,706 ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന മാത്രമാണ് നടന്നത്. ഇ-വാഹനവില്പന 2022ല്‍ ദേശീയതലത്തിലും കാഴ്ചവച്ചത് ശ്രദ്ധേയ മുന്നേറ്റം. എല്ലാ ശ്രേണികളിലുമായി 2022ല്‍ 9,99,949 ഇ-വാഹനങ്ങള്‍ നിരത്തിലെത്തി. 2021ലെ 3.22 ലക്ഷത്തേക്കാള്‍ 210 ശതമാനം അധികം. മൊത്തം ഇ-വാഹനവില്പനയില്‍ 62 ശതമാനവും ടൂവീലറുകളാണ്. ഒല, ഒകിനാവ, ഹീറോ ഇലക്ട്രിക് എന്നിവയാണ് ടൂവീലറുകളില്‍ മുന്നില്‍. ത്രീവീലറുകളില്‍ വൈ.സി ഇലക്ട്രിക്. 32,853 ഇ-കാറുകളും വിറ്റഴിഞ്ഞു; ഇതില്‍ 25,760 യൂണിറ്റുകളും ടാറ്റയുടേതാണ്.