ജോജു ജോര്‍ജ് തന്റെ കരിയറിലെ ആദ്യ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് ‘ഇരട്ട’. ടൈറ്റില്‍ അന്വര്‍ഥമാക്കുന്ന തരത്തില്‍ ഇരട്ടകളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമൂട്, അര്‍ജുന്‍ അശോകന്‍ തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. സ്വഭാവത്തില്‍ വ്യത്യസ്തതകളുള്ള ഇരട്ടകളാണ് ജോജുവിന്റെ കഥാപാത്രങ്ങള്‍. ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ ആണ്. അഞ്ജലി, സ്രിന്ധ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.