ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിലുള്ള താല്‍പര്യം കുറയുന്നതായി റിപ്പോര്‍ട്ട്. 2022 ല്‍ ഇന്ത്യക്കാരുടെയും ഇന്ത്യന്‍ കമ്പനികളുടെയും നിക്ഷേപം കുത്തനെ കുറഞ്ഞെന്നാണ് കണക്കുകള്‍. ഒരു വര്‍ഷം കൊണ്ട് 11 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 3.42 ബില്യണ്‍ സ്വിസ് ഫ്രാങ്കുകളാണ് (ഏകദേശം 30,000 കോടി രൂപ) ആകെ നിക്ഷേപിച്ച തുക. ഇന്ത്യക്കാര്‍ നിക്ഷേപിച്ച തുകയിലും ഏകദേശം 34 ശതമാനം ഇടിവുണ്ടായി. സെന്‍ട്രല്‍ ബാങ്ക് ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച തുക ഏകദേശം 34 ശതമാനം കുറഞ്ഞ് 394 ദശലക്ഷം ഫ്രാങ്കിലെത്തി. 2021 ല്‍ ഈ തുക 602 ദശലക്ഷം ഫ്രാങ്കായിരുന്നു. ബാങ്കുകളിലെ മൊത്തം നിക്ഷേപത്തില്‍ 110 കോടി ഫ്രാങ്കുകള്‍ മറ്റ് ബാങ്കുകള്‍ വഴി സ്വിസ് ബാങ്കുകളിലേക്ക് മാറ്റി. ഇവ കൂടാതെ, 24 ദശലക്ഷം ഫ്രാങ്കുകള്‍ ട്രസ്റ്റുകള്‍ വഴിയും 1896 ദശലക്ഷം ഫ്രാങ്കുകള്‍ ബോണ്ടുകള്‍, സെക്യൂരിറ്റികള്‍, മറ്റ് സാമ്പത്തിക ഉപകരണങ്ങള്‍ എന്നിവയുടെ രൂപത്തിലും ബാങ്കുകളില്‍ സൂക്ഷിച്ചു. 2006-ല്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ ആകെ തുക 6.5 ബില്യണ്‍ ഫ്രാങ്ക് ആയിരുന്നു. ഇത് റെക്കോര്‍ഡ് തുകയായിരുന്നു. അതിനുശേഷം 2011, 2013, 2017, 2020, 2021 എന്നീ വര്‍ഷങ്ങളിലൊഴികെ മറ്റ് വര്‍ഷങ്ങളില്‍ ഇത് കുറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഡാറ്റ പരിശോധിച്ചാല്‍, 2019 ല്‍ നാല് പാദങ്ങളിലും കുറവുണ്ടായി. അതേസമയം, 2021 വെച്ച് താരതമ്യം ചെയ്താല്‍ 2020-ല്‍, ഉപഭോക്താക്കളുടെ നിക്ഷേപത്തില്‍ വലിയ ഇടിവുണ്ടായി. 2021-ല്‍ എല്ലാ വിഭാഗങ്ങളിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.