ലോകത്തിലെ ഏറ്റവും സമ്പന്നരായവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ പൗരത്വം നേടുന്നവരില്‍ ഇന്ത്യക്കാര്‍ മുന്‍നിരയിലാണെന്ന് റിപ്പോര്‍ട്ട്. ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന് ആന്‍ഡ് ഡെവലപ്മെന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 1,33,000 ഇന്ത്യക്കാര്‍ക്ക് അതി സമ്പന്നരുടെ രാജ്യങ്ങളില്‍ പൗരത്വം ലഭിച്ചുവെന്നാണ്. 2021ല്‍ 4,07,000 ഇന്ത്യക്കാര്‍ ഒ.ഇ.സി.ഡി രാജ്യങ്ങളിലേക്ക് ചേക്കേറിയതായും റിപ്പോര്‍ട്ട് പറയുന്നു. 2020ല്‍ ഇത് 2,20,000 ആയിരുന്നു. അമേരിക്ക (56,000), ഓസ്ട്രേലിയ (24,000), കാനഡ (21,000) എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ നിന്നും കൂടുതല്‍ കുടിയേറ്റം നടന്നത്. ഒ.ഇ.സി.ഡിയിലെ ഇന്ത്യക്കാര്‍ 38 രാജ്യങ്ങളുടെ ഒരു ഗ്രൂപ്പാണ് ഒ.ഇ.സി.ഡി. രാജ്യത്തെ ആകെ പൗരന്മാരില് ഏറ്റവുമധികം പേര് ഉയര്‍ന്ന വരുമാനക്കാരോ ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡക്സില്‍ വളരെ ഉയര്‍ന്ന റാങ്കുള്ളവരോ താമസിക്കുന്ന ഇടമായിട്ടാണ് ഈ 38 രാജ്യങ്ങളെ കണക്കാക്കുന്നത്. 2021ല്‍ 1,33,000 ഇന്ത്യന്‍ പൗരന്മാര് ഒ.ഇ.സി.ഡി രാജ്യങ്ങളില്‍ പൗരത്വം നേടി. ഈ കുടിയേറ്റങ്ങളില്‍ ഭൂരിഭാഗവും യു.എസ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലാണ് നടന്നതെന്ന് മുന്‍ ട്രെന്‍ഡുകള്‍ കാണിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, സമ്പന്ന രാജ്യങ്ങളില്‍ പൗരത്വം നേടുന്ന ഏറ്റവും വലിയ ദേശീയ ഗ്രൂപ്പായി ഇന്ത്യക്കാര്‍ മാറിയപ്പോള്‍ ഏറ്റവുമധികം പേര്‍ക്ക് പൗരത്വം നല്കിയ രാജ്യമായി കാനഡ മാറി. ‘ഗോള്‍ഡന്‍ പാസ്പോര്‍ട്ട്’ അപേക്ഷിച്ചിട്ടുള്ളവരില്‍ 9.4 ശതമാനം പേര് ഇന്ത്യക്കാരാണ്. വിദേശ രാജ്യത്ത് പൗരത്വം നേടുകയും അവിടെ സ്വന്തമായി വീടു വാങ്ങുകയും ചെയ്താലും ഗോള്‍ഡന്‍ പാസ്പോര്‍ട്ടിന് അര്‍ഹരാകും.