ഇന്ത്യയില്‍ നിന്നുള്ള മാമ്പഴങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ മാമ്പഴം വന്‍ ഹിറ്റായതോടെ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 19 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍, 41 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നും മാമ്പഴം കയറ്റുമതി ചെയ്യുന്നത്. ഈ രാജ്യങ്ങളിലെല്ലാം ആവശ്യക്കാരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 2023 ഏപ്രിലിനും ഓഗസ്റ്റിനും ഇടയില്‍ 4 കോടി ഡോളര്‍ വിലമതിക്കുന്ന 27,330 മെട്രിക് ടണ്‍ മാമ്പഴം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനത്തിന്റെ അധിക വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുളളത്. ഇന്ത്യന്‍ മാമ്പഴത്തിന്റെ ഏറ്റവും വലിയ വിപണി അമേരിക്കയാണ്. ഇക്കാലയളവില്‍ അമേരിക്കയിലേക്ക് മാത്രം 2,000 മെട്രിക് ടണ്‍ മാമ്പഴം കയറ്റുമതി ചെയ്തിട്ടുണ്ട്. രണ്ടാമതായി ന്യൂസിലന്‍ഡിലേക്കാണ് ഏറ്റവും കൂടുതല്‍ മാമ്പഴം കയറ്റി അയച്ചത്. ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളത്.