ഇന്ത്യന്‍ നിര്‍മിത എലിവേറ്റ് ജപ്പാന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട. രാജസ്ഥാനിലെ തപുകാരാ പ്ലാന്റില്‍ നിന്ന് നിര്‍മിക്കുന്ന വാഹനം ജപ്പാനില്‍ ഡബ്ല്യുആര്‍വി എന്ന പേരിലായിരിക്കും വില്‍ക്കുക. ഹോണ്ടയുടെ മിഡ് സൈസ് എസ്‌യുവി എലിവേറ്റ് സെപ്റ്റംബര്‍ ആദ്യമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇന്ത്യയിലെ എലിവേറ്റിന്റെ അതേ രൂപമാണ് ജാപ്പനീസ് മോഡലിനും. എന്നാല്‍ ഇന്റീരിയറില്‍ ചെറിയ മാറ്റങ്ങളുണ്ട്. എലിവേറ്റിന്റെ ഇന്റീരിയര്‍ ബ്ലാക്ക് ആന്‍ഡ് ബീജ് കോമ്പിനേഷനാണെങ്കില്‍ ഡബ്ല്യുആര്‍വിക്ക് ഓള്‍ ബ്ലാക് ഇന്റീരിയറാണ്. കൂടാതെ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനും മാറ്റങ്ങളുണ്ടാകും. നാലു മോഡലുകളിലായി പെട്രോള്‍, മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളിലാണ് വാഹനം എത്തുന്നത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച വാഹനത്തിന് 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 121 എച്ച്പിയാണ് പരമാവധി കരുത്ത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം 7 സ്റ്റെപ് സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമുണ്ട്.