സിംബാബ്വെക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളെടുക്കുകയും 38 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും ചെയ്ത മലയാളി താരം സഞ്ജു സാംസണാണ് മാന്‍ ഓഫ് ദി മാച്ച്. ഈ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.
സമുദായ ക്വാട്ട ഹൈക്കോടതി പുനസ്ഥാപിച്ചു. എന്‍എസ്എസ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് പത്തു ശതമാനം സമുദായ ക്വാട്ടയില്‍ നായര്‍ സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാമെന്നു ഹൈക്കോടതി. പിന്നാക്ക ന്യൂനപക്ഷ മാനേജുമെന്റുകള്‍ അല്ലാത്ത മറ്റു സമുദായങ്ങളുടെ പത്തു ശതമാനം കമ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ റദ്ദാക്കിയ ജൂലൈ 27 ലെ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേ എന്‍എസ്എസ് നല്‍കിയ അപ്പീലിലാണ് ഈ വിധി.
പാലക്കാട് സിപിഎം നേതാവ് ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ ബിജെപി ബൂത്ത് ഭാരവാഹി ഉള്‍പ്പെടെ നാലു പേര്‍കൂടി അറസ്റ്റിലായി. പോലീസ് കസ്റ്റഡിയിലെടുത്ത് കാണാനില്ലെന്ന പരാതിയില്‍ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് കണ്ടെത്താനാകാത്ത രണ്ടു പേരില്‍ ഒരാളേയും അറസ്റ്റു ചെയ്തിട്ടുണ്ട്. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാര്‍ഥന്‍, ചേമ്പനയിലെ ബിജെപി ഭാരവാഹി ജിനീഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരാണ് അറസ്റ്റിലായത്. ആവാസിനെ കാണാനില്ലെന്ന പരാതിയുമായി അമ്മ കോടതിയെ സമീപിച്ചിരുന്നു. കാണാതായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന ജയരാജിനെ അറസ്റ്റു ചെയ്തിട്ടില്ല. ആകെ പന്ത്രണ്ട് പേരെയാണ് അറസ്റ്റു ചെയ്തത്.
ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയ രണ്ടു പേരെ കാണാനില്ലെന്ന് പരാതി. കണ്ടെത്താന്‍ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ പാലക്കാട്ടെ പോലീസ് സ്റ്റേഷനുകളില്‍ പരിശോധന നടത്തി. കുന്നങ്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് ഇരുവരുടേയും അമ്മമാരാണു കോടതിയില്‍ പരാതി നല്‍കിയത്. കസ്റ്റഡിയിലുണ്ടായിരുന്ന ആവാസിന്റെ അറസ്റ്റ് രാത്രി പോലീസ് രേഖപ്പെടുത്തി. ജയരാജനെക്കുറിച്ച് പോലീസ് മൗനംപാലിക്കുകയാണ്.
അട്ടപ്പാടി മധു കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നു കോടതി. പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള വിധിയിലാണ് പ്രതിഭാഗം അഭിഭാഷകനെതിരേ പരാമര്‍ശങ്ങള്‍. പ്രതികളുടെ ജാമ്യം റദ്ദാക്കിയാല്‍ ജഡ്ജി പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ജഡ്ജിക്കെതിരേ ഫോട്ടോ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്ത വരുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞെന്ന് ഉത്തരവില്‍ പറയുന്നു.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. നിയമസഭാ സമ്മേളനം നാള ആരംഭിക്കും. ബില്ലിന്റെ കരട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ലോകായുക്തയുടെ വിധി പുനപരിശോധിച്ചു തള്ളിക്കളയാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി.
കേരള സര്‍വകലാശാലയുടെ വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ എപ്പോള്‍ വേണമെങ്കിലും സര്‍വകലാശാല പ്രതിനിധിക്കു നടപടിക്രമങ്ങളുടെ ഭാഗമാകാമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്തിയില്ല എന്നതുകൊണ്ട് നടപടികള്‍ നിര്‍ത്തിവയ്ക്കില്ല. തനിക്കെതിരെ സര്‍വകലാശാല സിന്‍ഡിക്കറ്റ് പ്രമേയം പാസാക്കിയത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പിഎസ് സി നിയമനങ്ങള്‍ സമയബന്ധിതമായി നടത്താന്‍ സംവിധാനം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ് സി എംപ്ളോയീസ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിരമിച്ചശേഷം ഒഴിവു റിപ്പോര്‍ട്ടു ചെയ്താല്‍ പോരാ. ജോലിയില്‍ പ്രവേശിക്കുമ്പോള്‍തന്നെ വിരമിക്കുന്നത് എന്നാണെന്ന് അറിയാം. അതനുസരിച്ച് ക്രമീകരണങ്ങള്‍ ഒരുക്കാനാകും. കഴിഞ്ഞ ആറു വര്‍ഷം രണ്ടു ലക്ഷം പേര്‍ക്കു നിയമനം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണത്തിന് മൂവായിരം രൂപ അഡ്വാന്‍സ് നല്‍കുമെന്നു കെഎസ്ആര്‍ടിസി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്കാണ് അഡ്വാന്‍സ്. സെപ്തംബര്‍ ആദ്യ വാരം പണം വിതരണം ചെയ്യും. ഈ തുക പിന്നീട് ശമ്പളത്തില്‍നിന്ന് തിരിച്ചു പിടിക്കും. എന്നാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ ഇനിയും തീരുമാനമായില്ല.