നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളുടെ അറ്റാദായത്തില്‍ മികച്ച കുതിപ്പ്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക് എന്നിവ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റാദായം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 12.24 ശതമാനം ഉയര്‍ന്ന് 18,155.21 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനം ഇക്കാലയളവില്‍ 5.4 ശതമാനം വര്‍ദ്ധിച്ച് 31,438 കോടി രൂപയായി. ഉപകമ്പനിയായ എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ മികച്ച വരുമാനം നേടാന്‍ ബാങ്കിന് കഴിഞ്ഞിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായം 15.5 ശതമാനം ഉയര്‍ന്ന് 12,768.21 കോടി രൂപയായി. അറ്റ പലിശ വരുമാനം 10.6 ശതമാനം വര്‍ദ്ധനയോടെ 21,635 കോടി രൂപയിലെത്തി. പുതുതലമുറ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായം അവലോകന കാലയളവില്‍ 59 ശതമാനം ഉയര്‍ന്ന് 801 കോടി രൂപയിലെത്തി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൊത്തം വായ്പ 6.7 ശതമാനം ഉയര്‍ന്ന് 26.53 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപം 16.2 ശതമാനം വളര്‍ച്ചയോടെ 27.64 ലക്ഷം കോടി രൂപയായി. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വായ്പ വിതരണത്തില്‍ 12 ശതമാനവും നിക്ഷേപ സമാഹരണത്തില്‍ 11.2 ശതമാനവും വളര്‍ച്ചയുണ്ടായി.