കോംപാക്റ്റ് എസ്.യു.വി വിഭാഗത്തില്‍ മത്സരം ശക്തമാക്കാന്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ടയുടെ എലിവേറ്റ് എത്തി. 10,99,900 രൂപ മുതലാണ് ഡല്‍ഹി എക്സ്ഷോറൂം വില. ഉയര്‍ന്ന വിഭാഗത്തിന് 16 ലക്ഷം രൂപയും. നാല് വേരിയന്റുകളില്‍ മാനുവല്‍ സി.വി.ടി ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുകളില്‍ വാഹനം ലഭ്യമാണ്. ഹോണ്ട സിറ്റിയില്‍ ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എലിവേറ്റിന്റേയും ശക്തി. 119 എച്ച് കരുത്തും 145.1 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ പ്രദാനം ചെയ്യുന്നു. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ വാഹനം ലഭ്യമാണ്. പെട്രോള്‍ മാനുവല്‍ വേരിയന്റിന് ലിറ്ററിന് 15.31 കിലോമീറ്ററും പെട്രോള്‍ സി.വി.റ്റി വേര്‍ഷന് 16.92 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 4,312 മില്ലിമീറ്റര്‍ നീളവും 1,790 മില്ലിമീറ്റര്‍ വീതിയും 1,650 മില്ലിമീറ്റര്‍ ഉയരവുമാണ് വാഹനത്തിനുള്ളത്. 2,650 മില്ലിമീറ്റര്‍ വീല്‍ ബേസുള്ള വാഹനത്തിന് 220 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. ഈ വിഭാഗത്തിലെ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സാണിത്. ആറ് എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാംപ്സ്, റെയിന്‍ സെന്‍സിംഗ് വൈപേഴ്സ്, സെന്‍സറുകളോടു കൂടിയ റിവേഴ്സ് പാര്‍ക്കിംഗ് കാമറ, എ.ഡി.എ.എസ് സ്യൂട്ട് തുടങ്ങിയ നിരവധി നൂതന സവിശേഷതകളും എലിവേറ്റിലുണ്ട്. ഇതിനകം തന്നെ ബുക്കിംഗ് ആരംഭിച്ച എലിവേറ്റ് ഉടമകള്‍ക്ക് ലഭ്യമായി തുടങ്ങി.