കേരളത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. മാൻഡസ് പ്രഭാവത്തിൽ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ് .
കേരളത്തിൽ ഒമ്പത് ജില്ലകളിൽ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തലസ്ഥാനമടക്കമുള്ള അഞ്ച് ജില്ലകളിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മാൻഡസ് പ്രഭാവത്തിൽ കേരളത്തിൽ ഈ മാസം 13 വരെ മഴക്ക് സാധ്യതയെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തമിഴ്നാട്ടിൽ കര തൊട്ട മാൻഡസ് ചുഴലിക്കാറ്റ് ദുർബലമായി ചക്രവാത ചുഴിയായി മാറിയതിന്‍റെ ഫലമായാണ് കേരളത്തിൽ മഴ കനക്കുന്നത്. ചക്രവാതചുഴി വടക്കൻ കേരള – കർണാടക തീരം വഴി തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ച് ഡിസംബർ 13 ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത.