സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച നാല് ശതമാനമായി കുറയുമെന്ന് പ്രവചനം. സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനമെന്ന മുന്‍ പ്രവചനത്തിലേക്ക് എത്താന്‍ സമ്പദ്വ്യവസ്ഥക്ക് കഴിയില്ലെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 13.2 ശതമാനം നിരക്കിലും രണ്ടാം പാദത്തില്‍ 6.3 ശതമാനം നിരക്കിലും മൂന്നാം പാദത്തില്‍ 4.4 ശതമാനം നിരക്കിലുമാണ് സമ്പദ്വ്യവസ്ഥ വളര്‍ന്നത്. നാലാം പാദത്തില്‍ വളര്‍ച്ച വീണ്ടും കുറയുമെന്നാണ് പ്രവചനം.ഇന്ത്യന്‍ റേറ്റിങ് അനലിസ്റ്റായ പാരാസ് ജാസരായിയാണ് ഇതുസംബന്ധിച്ച് പ്രവചനം നടത്തിയിരിക്കുന്നത്. അതേസമയം, സമ്പദ്വ്യവസ്ഥയില് ഈ വര്‍ഷം 7.1 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് സ്ഥിതിവിവര കണക്കുമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കടുത്ത ചൂടും കാലാവസ്ഥ മാറ്റങ്ങളും ഇന്ത്യയുടെ കാര്ഷികോല്പാദനത്തെ ബാധിക്കുമെന്ന് വിലയിരുത്തലുണ്ട്. ഇത് ജി.ഡി.പിയേയും സ്വാധീനിക്കും. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നത് ഗ്രാമീണ മേഖലയുടെ ഡിമാന്‍ഡിനെ സ്വാധീനിക്കുന്നുണ്ട്.